ഫ്രാന്‍സിസ് പാപ്പക്കെതിരെ ഐ.എസ്സിന്റെ വധഭീഷണി വീണ്ടും

 

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പാക്കെതിരെ വധ ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുബന്ധ സംഘടന രംഗത്ത്. ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണക്കുന്ന അല്‍-അബ്ദ് അല്‍-ഫക്കിര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഫ്രാന്‍സിസ് പാപ്പാക്കെതിരെ പുതിയ വധഭീഷണികള്‍ മുഴക്കിയിരിക്കുന്നത്. വരുന്ന ക്രിസ്തുമസ് സീസണില്‍ ഫ്രാന്‍സിസ് പാപ്പാക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തുമെന്നാണ് ഭീഷണികളുടെ സാരം.

2016-ല്‍ ഫ്രാന്‍സിസ് പാപ്പ യൂറോപ്പിലെ നാസികളുടെ ഏറ്റവും വലിയ തടങ്കല്‍ പാളയമായ പോളണ്ടിലെ ഓഷ്വിറ്റ്‌സ് തടങ്കല്‍പ്പാളയം സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രങ്ങളാണ് പോസ്റ്ററുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓഷ്വിറ്റ്‌സിലെ ‘മരണത്തിന്റെ മതിലിന്’ അഭിമുഖമായി നില്‍ക്കുന്ന ഫ്രാന്‍സിസ് പാപ്പാക്ക് നേരെ വരകളുള്ള പോളോ ഷര്‍ട്ടും, ഖാക്കിയും, മുഖംമൂടിയും ധരിച്ച തോക്ക്ധാരി പതുങ്ങി നടക്കുന്നതാണ് ചിത്രത്തോട് കൂടിയ പോസ്റ്ററാണ് കഴിഞ്ഞയാഴ്ച പുറത്തുവിട്ട ആദ്യ ഭീഷണി. “കുരിശിന്റെ അടിമകള്‍” എന്ന മുന്നറിയിപ്പും ഭീഷണിക്കൊപ്പമുണ്ടായിരുന്നു.

ഈ ആഴ്ച്ച പുറത്തുവന്ന പുതിയ ഭീഷണിയില്‍, ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ റിസ്റ്റ് ബാന്‍ഡ് ധരിച്ചിട്ടുള്ള അക്രമി ഫ്രാന്‍സിസ് പാപ്പാക്ക് നേരെ കൈത്തോക്ക് ചൂണ്ടി നില്‍ക്കുന്ന ചിത്രമാണുള്ളത്. ‘ഞങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും നിങ്ങള്‍ ദൂരെയാണെന്ന്‍ ചിന്തിക്കരുത്’ എന്ന് പോസ്റ്ററില്‍ പ്രിന്റ്‌ ചെയ്തിട്ടുമുണ്ട്. ഫ്രാന്‍സിസ് പാപ്പാക്ക് നേരെ വധഭീഷണികള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ നവംബറില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണക്കുന്ന വാഫാ മീഡിയ ഫൗണ്ടേഷന്‍ എന്ന സംഘടന വത്തിക്കാന് നേരെ നീങ്ങുന്ന ആയുധങ്ങള്‍ നിറച്ച വാഹനത്തിന്റെ ചിത്രത്തോട് കൂടിയ പോസ്റ്റര്‍ ഭീഷണി പുറത്തിറക്കിയിരുന്നു. “ക്രിസ്തുമസ്സ് രക്തം” എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റര്‍ പുറത്തുവിട്ടത്. “കാത്തിരിക്കൂ” എന്ന മുന്നറിയിപ്പും പോസ്റ്ററില്‍ ഉണ്ടായിരുന്നു. ഓറഞ്ച് നിറത്തിലുള്ള സ്യൂട്ട് ധരിച്ച ശിരസ്സറ്റ മൃതദേഹത്തിനരികില്‍ നില്‍ക്കുന്ന ജിഹാദിയുടെ ചിത്രവുമായിട്ടാണ് വാഫാ മീഡിയയുടെ തന്നെ മറ്റൊരു ഭീഷണി പുറത്ത് വന്നത്.

വേര്‍തിരിഞ്ഞു കിടക്കുന്ന ശിരസ്സിനരികില്‍ ‘ജോര്‍ഗെ മാരിയോ ബെര്‍ഗോഗ്ലിയോ’ എന്ന പാപ്പയുടെ പേര് എഴുതിയിട്ടുണ്ടായിരുന്നു. ‘കുരിശ് യുദ്ധക്കാരുടെ വിരുന്ന് ആരംഭിച്ചു കഴിഞ്ഞു’ എന്ന സന്ദേശത്തോട് കൂടി ഗ്രനേഡ് ലോഞ്ചറും, റൈഫിളുമായി നില്‍ക്കുന്ന ജിഹാദിയുടെ ചിത്രവും ഇതേ ഗ്രൂപ്പ് തന്നെയാണ് പുറത്തുവിട്ടത്. ആഗോളതലത്തില്‍ ഫ്രാന്‍സിസ് പാപ്പക്കുള്ള ജനസമ്മതി ഇസ്ളാമിക തീവ്രവാദികളെ ചൊടിപ്പിക്കുന്നുവെന്നാണ് ഈ ഭീഷണികള്‍ സൂചിപ്പിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.