സൗദിയിൽ പലയിടങ്ങളിലും മഴ; മൂന്ന് മരണം
ദമ്മാം: സൗദിയിൽ പലയിടങ്ങളിലും മഴപെയ്തു. ഇതേ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചതായി സഊദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഹായിലില്‍ അസ്ബതര്‍ എന്ന പ്രദേശത്തുണ്ടായ ഒഴുക്കില്‍ പെട്ട് ഷായിം അല്‍ഇന്‍സി എന്ന സ്വദേശിയും അല്‍ബാഹയില്‍ വെള്ളക്കെട്ടില്‍ വീണു സ്വദേശി ബാലനും മരിച്ചു. ഖര്‍യാത്തില്‍ ഇന്നലെ അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റില്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു. പൊടിക്കാറ്റ് മൂലം വ്യക്തമായി റോഡും വാഹനങ്ങളും കാണാന്‍ കഴിയാത്തതാണ് അപകട കാരണം.
അതേസമയം സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ പെടുന്ന സബത്ത് അല്‍ഉലാ പ്രദേശത്തു ഒരു ഇന്ത്യക്കാരന്‍ അധികൃതരുടെയും പൊതുജനങ്ങളുടെയും പ്രശംസയ്ക്ക് പാത്രമായി.
കലുഷിത കാലാവസ്ഥയും മഴയും തുടരുന്ന അസീര്‍ പ്രവിശ്യയില്‍ പെടുന്ന സബത്ത് അല്‍ഉലയില്‍ രൂപപ്പെട്ട വെള്ളപ്പൊക്കത്തില്‍ നിന്ന് ഒരു സ്വദേശിയെ രക്ഷപ്പെടുത്തിയതിനാണ് ഇന്ത്യക്കാരന്‍ ഏവരുടെയും പ്രിയങ്കരനായത്.
വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടു പോയ കാറിലെ ഡ്രൈവറെയാണ് ഇന്ത്യക്കാരന്‍ കണ്‍സ്ട്രക്ഷന്‍ ഉപകരണം ഉപയോഗിച്ച് പൊക്കിയെടുത്തു സുരക്ഷിത സ്ഥാനത്തു എത്തിച്ചത്.