സുനാമി: ഇന്തോനേഷ്യയില്‍ മരണസംഖ്യ ആയിരത്തോടടുക്കുന്നു; ആയിരങ്ങള്‍ ഭക്ഷണവും വെള്ളവുമില്ലാതെ നരകിക്കുന്നു
ജക്കാര്‍ത്ത: സുനാമിയെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ മരിച്ചവരുടെ എണ്ണം 832 കവിഞ്ഞു. സുലവേസി ദ്വീപില്‍ വെള്ളിയാഴ്ചയുണ്ടായ സുനാമിയില്‍ ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും മരണസംഖ്യ 832 കവിഞ്ഞതായും നാഷനല്‍ ഡിസാസ്റ്റര്‍ മൈഗ്രേഷന്‍ ഏജന്‍സി വക്താവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച രാത്രിയിലെ കണക്കു പ്രകാരം മരണസംഖ്യ 384 ആയിരുന്നു. നേരത്തേ കരുതിയിരുന്നതിനേക്കാളും കൂടുതല്‍ ഭാഗങ്ങളില്‍ സുനാമി ആഞ്ഞടിച്ചിട്ടുണ്ട്.
7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തിനു പിന്നാലെയാണ് 20 അടി വരെ ഉയരത്തില്‍ കൂറ്റന്‍ തിരകളുയര്‍ത്തി സുലവേസിയില്‍ സൂനാമിയുണ്ടായത്. ഭൂകമ്ബത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കു താഴെ ഇപ്പോഴും ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു കരുതുന്നത്. പല കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും സഹായം അഭ്യര്‍ഥിച്ചുള്ള നേര്‍ത്ത നിലവിളികള്‍ കേട്ടതായും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. രക്ഷാപ്രവര്‍ത്തനവും ശക്തമാക്കിയിട്ടുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം നേരിടുന്നത് ദുരിതം രൂക്ഷമാക്കിയിട്ടുണ്ട്.
തെക്കന്‍ പ്രവിശ്യാ തലസ്ഥാനമായ പാലുവിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഇവിടെയാണ് കൂടുതല്‍ മരണം. പലരെയും ടെന്റുകളിലും തുറസ്സായ സ്ഥലത്തും കിടത്തിയാണു ചികിത്സ നടത്തുന്നത്. നിരത്തില്‍ മൃതദേഹങ്ങള്‍ നിരത്തിയിട്ടിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്.
വെള്ളിയാഴ്ച രാവിലെ ആദ്യ ഭൂചലനം ഉണ്ടായപ്പോള്‍ സൂനാമി മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും അര മണിക്കൂറിനുശേഷം ഇതു പിന്‍വലിച്ചു. പിന്നാലെ സുനാമി ആഞ്ഞടിക്കുകയും ചെയ്തു. അതിന് പിന്നാലെ ആഞ്ഞടിച്ച മരണത്തിരകള്‍ മൂന്നുമീറ്റര്‍ വരെ ഉയര്‍ന്നു.
ആദ്യം രണ്ട് മീറ്റര്‍വരെ പൊങ്ങിയ തിരമാലകള്‍ക്ക് മുന്നില്‍ പരിഭ്രാന്തരായി ഓടുന്ന ജനങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ടിരുന്നു. സുനാമി പിന്നീട് ശക്തമാവുകയായിരുന്നു. ആദ്യ ഭൂചലനത്തിന് ശേഷമുണ്ടായ തുടര്‍ ചലനത്തിന്റെ തീവ്രതയാണ് സുനാമിയിലേക്ക് നയിച്ചത്. പലരും ഒഴിഞ്ഞുപോകാതെ തീരത്തുതന്നെ തുടര്‍ന്നതായി ദുരന്തനിവാരണ ഏജന്‍സി വക്താവ് പറഞ്ഞു.
3.5 ലക്ഷമാണു പാലുവിലെ ജനസംഖ്യ. 16,700 പേരെ ഒഴിപ്പിച്ചിരുന്നു. ഒട്ടേറെ വീടുകളും കാറുകളും ഒഴുകിപ്പോയി. ഹോട്ടലുകള്‍, ഷോപ്പിങ് മാള്‍ തുടങ്ങിയവ തകര്‍ന്നു. റോഡുകളും നഗരത്തിലെ പ്രധാന പാലവും തകര്‍ന്നതോടെ ഗതാഗതം നിലച്ചു.
വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മുടങ്ങിക്കിടക്കുന്നതു രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഭക്ഷണവും മരുന്നുമടക്കം എത്തിക്കാന്‍ കഴിയുന്നില്ല. വെള്ളിയാഴ്ച അടച്ച വിമാനത്താവളത്തില്‍, അവശ്യസാധനങ്ങളെത്തിക്കുന്ന വിമാനങ്ങള്‍ക്കു മാത്രം ഇറങ്ങാന്‍ അനുമതി നല്‍കി.
300 കിലോമീറ്ററോളം തീരമേഖലയില്‍ നാശനഷ്ടങ്ങളുണ്ട്. മൂന്നു ലക്ഷം ജനങ്ങളുള്ള സമീപ നഗരമായ ഡൊങ്കാലയിലെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വെള്ളിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനം ഓഗസ്റ്റില്‍ മറ്റൊരു ദ്വീപായ ലോംബോക്കിലുണ്ടായതിനെക്കാള്‍ ശക്തമായിരുന്നു. പ്രകൃതിക്ഷോഭ സാധ്യത ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്തൊനീഷ്യ.