പാസ്റ്റർ ഏബ്രഹാം മാത്യു റ്റി.പി.എം 14മത് ചീഫ് പാസ്റ്ററായി ചുമതലയേറ്റു

 


ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ 14 മത് ചീഫ് പാസ്റ്ററായി (സഭാധ്യക്ഷൻ) പാസ്റ്റർ ഏബ്രഹാം മാത്യു ചുമതലയേറ്റു. ചീഫ് പാസ്റ്ററായിരുന്ന പാസ്റ്റർ എൻ സ്റ്റീഫൻ മഹത്വത്തിൽ പ്രവേശിച്ചതിനെ തുടർന്നാണ് നിയമനം.
ഡെപ്യൂട്ടി ചീഫ് പാസ്റ്ററായി പാസ്റ്റർ എം റ്റി തോമസ് നിയമിതനായി. തൃശ്ശൂർ ആൽപ്പാറ സ്വദേശിയാണ്. ശ്രീലങ്കൻ സ്വദേശിയായ പാസ്റ്റർ ജി.ജെയം അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്ററായി തുടരും.
ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു ആലപ്പുഴ പള്ളിപ്പാട് ആളൂര്‍ പരേതനായ എ കെ മാത്യു – തങ്കമ്മ ദമ്പതികളുടെ മകനായി 1966 ൽ സിംഗപ്പൂരിൽ ജനിച്ചു.
1934 ൽ റ്റിപിഎം സഭ സ്ഥാപകൻ പാസ്റ്റർ പോളും സഹപ്രവർത്തകരും കായംകുളത്തു നിന്നും കൊല്ലത്തേക്കുള്ള ബോട്ട് യാത്രയിൽ ആയിരംതെങ്ങു ജെട്ടിയിൽവെച്ചു ബോട്ട് കേടായി യാത്ര തടസ്സം നേരിട്ടപ്പോൾ പാസ്റ്റർ പോളിന്റെ പ്രാർത്ഥനക്ക് ഉത്തരമായി ‘പള്ളിപ്പാട്ടേക്ക്‌ പോക’ എന്ന് ദൈവാത്മാവ് സംസാരിച്ചു. അങ്ങനെ മയ്യനാട്ടേക്കുള്ള യാത്ര ഉപേക്ഷിച്ചു കാൽനടയായി പാസ്റ്റർ പോളും സഹപ്രവർത്തകരും പള്ളിപ്പാട്ട് എത്തി വഴിയരികിൽ ക്ഷീണിതരായി വയലിൻ, ടാമാറിൻ തുടങ്ങിയ സംഗീതോപകരണങ്ങൾ ഉപയോഗിച്ച് പാട്ട് പാടിക്കൊണ്ടിരിക്കുമ്പോൾ ആളൂര്‍ വീട്ടിലിരുന്നു കൊച്ചുകുഞ്ഞ് ഇത് കാണുകയും മകൻ എ.കെ ഫിലിപ്പോസിനെ വിട്ട് തന്റെ വീട്ടിലേക്ക് ക്ഷണിച്ചു സ്നേഹപൂർവം പാസ്റ്റർ പോളിനേയും സഹപ്രവർത്തകരെയും സൽക്കരിച്ചു. പാസ്റ്റർ പോൾ പള്ളിപ്പാട്ട് ആദ്യമായി കാൽവെച്ച ആളൂര്‍ കുടുംബം പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് കടന്നുവരികയും ചിലർ കർത്താവിന്റെ മഹനീയ ശുശ്രൂഷയ്‌ക്കായി വേർതിരിക്കപ്പെടുകയും ചെയ്തു. പാസ്റ്റർ ഏബ്രഹാം മാത്യു ആളൂര്‍ കുടുംബാംഗമാണ്.
പാസ്റ്റർ ഏബ്രഹാം മാത്യുവിന്റെ പിതാവ് സിംഗപ്പൂർ പോലീസിലും മാതാവ് നഴ്സിംഗ് മേഖലയിലുമായിരുന്നു. ചെറുപ്രായം മുതൽ ദൈവിക കാര്യങ്ങളിലും സുവിശേഷ വേലയിലും താൽപ്പരനായ അദ്ദേഹം 1986 ൽ മലേഷ്യയിൽ വെച്ചു ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ പൂർണ സമയ സുവിശേഷ പ്രവർത്തകനായി പ്രവർത്തനം ആരംഭിച്ചു. ലണ്ടൻ സഭയുടെ പ്രധാന ശുശ്രൂഷകനായിരിക്കെ 2015 ൽ ചീഫ് പാസ്റ്ററായിരുന്ന പാസ്റ്റർ വെസ്ലി പീറ്റർ മഹത്വത്തിൽ പ്രവേശിച്ചതിനെത്തുടർന്നാണ് ഡെപ്യൂട്ടി ചീഫ് പാസ്റ്ററായി നിയമിതനായത്.

(ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി .തോമസ് )

post watermark60x60

(അസ്സോസിയേറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി. ജയം)

ദി പെന്തെക്കൊസ്ത് മിഷൻ സഭ 1924 ൽ സിലോൺ പെന്തെക്കൊസ്ത് മിഷൻ എന്ന പേരിൽ ശ്രീലങ്കയിൽ സ്ഥാപിതമായി. 1928 മുതൽ ഇന്ത്യയിൽ സഭയുടെ പ്രവർത്തനം ആരംഭിച്ചു. 1984 ൽ ദി പെന്തെക്കൊസ്ത് മിഷൻ എന്ന് ഇന്ത്യയിൽ പുനർ നാമകരണം ചെയ്തു റ്റി.പി.എം എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്നു. സഭയുടെ സ്ഥാപകനും ആദ്യത്തെ ചീഫ് പാസ്റ്ററുമായ പാസ്റ്റർ പോൾ (1924 – 1945), പാസ്റ്റർ ആൽവിൻ ആർ.ഡി ആൽവിസ് (1945 – 62), പാസ്റ്റർ ഫ്രഡി പോൾ (പാസ്റ്റർ പോളിന്റെ മകൻ) (1962 – 73), പാസ്റ്റർ എ.സി തോമസ് (1973 – 76), പാസ്റ്റർ ജേക്കബ് രത്നസിംഗം (1976 – 90), പാസ്റ്റർ വി.ജി ശാമുവേൽ (1990 – 91), പാസ്റ്റർ ഹെൻട്രി ഏണസ്റ്റ് പോൾ (1991 – 94), പാസ്റ്റർ സി.കെ ലാസറസ് (1994 – 99), പാസ്റ്റർ പി.എം തോമസ് (1999 – 01), പാസ്റ്റർ റ്റി.യു തോമസ് (2001 – 06), പാസ്റ്റർ വിൽ‌സൺ ജോസഫ് (2006 – 14), പാസ്റ്റർ വെസ്ലി പീറ്റർ (2014 – 15), പാസ്റ്റർ എൻ സ്റ്റീഫൻ (2015-18) എന്നിവരാണ് സഭക്ക് നേതൃത്വം നൽകിയ മുൻ ചീഫ് പാസ്റ്റർമാർ.

ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, മഹത്വത്തിൽ ചേർക്കപ്പെട്ട മുൻ ചീഫ് പാസ്റ്റർ വെസ്‌ലി പീറ്ററിനു  ഒപ്പം (ഫയൽ ചിത്രം)

 

-ADVERTISEMENT-

-ADVERTISEMENT-

You might also like