സന്ധ്യാപ്രാർഥന വീടുകളിൽ തിരികെ കൊണ്ടുവരണം: പി.സി. ജോർജ്
കൊല്ലം: യുവാക്കളെ മോശമായ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നതിന് പിന്നിൽ ദൈവ വിശ്വാസമില്ലായ്മയാണെന്ന് പി.സി.ജോർജ് എം.എൽ.എ. പണ്ട് നമ്മുടെ വീടുകളിൽ അമ്മമാർ കുട്ടികളോടൊപ്പം നടത്തുന്ന സന്ധ്യാപ്രാർഥന ഇന്ന് പല വീടുകളിലും ഇല്ലാത്തതാണ് ഇതിന് കാരണമെന്നും എല്ലാ മതവിഭാഗങ്ങളിലും പെട്ട അമ്മമാർ നിർബന്ധമായും തങ്ങളുടെ മക്കളുമായി ചേർന്ന് വീടുകളിൽ സന്ധ്യാ പ്രാർഥനകൾ നടത്തുന്നതിന് തയാറാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച സമൂഹത്തെ വാർത്തെടുക്കുവാൻ ബാല്യം മുതലുള്ള പരിശീലനം ഭവനങ്ങൾക്കുള്ളിൽ നിന്നാണ് ആരംഭിക്കേണ്ടത്. ലക്ഷ്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന് ഏറെ സംഭാവനകൾ നൽകുവാൻ അമ്മമാർക്ക് കഴിയും. അങ്ങനെ വളരുന്ന കുട്ടികൾ ഒരു തരത്തിലുമുള്ള തെറ്റുകളിലും വഴുതി വീഴില്ലെന്നും പി.സി. ജോർജ് പറഞ്ഞു.