കുവൈറ്റിൽ വാഹനാപകടം; നിരവധി മരണം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വഫ്ര- കബ്ദ് റോഡില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കുകള്‍പറ്റി. ഇന്ന് ഉച്ചയ്ക്ക് ശേഷം തൊഴിലാളികളുമായി എതിര്‍ദിശയില്‍ നിന്നും വേഗത്തില്‍ എത്തിയ ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ത്യാക്കാരടക്കം രണ്ടു മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മരിച്ചവരില്‍ അധികവും വിദേശികളാണ്.
ശ്രീകണ്ഠപുരം സ്വദേശി സനീഷ്, കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. ഇന്ത്യാക്കാരനായ ഒരു ബസ്സിന്റെ ഡ്രൈവര്‍ പരിക്കുകളോടെ അദാന്‍ ആശുപത്രിയിലാണ്. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്.
ബുര്‍ഗാന്‍ ഡ്രില്ലിംഗ് കമ്പനിയുടെ ബസും ഹിസ്‌കോയുടെ ബസ്സുമായാണ് കൂട്ടിയിടിച്ചത്. ബുര്‍ഗാന്‍ എണ്ണപ്പാടത്തിന് സമീപത്തെ പെട്രോളിയം കമ്പനിയിലെ കരാര്‍ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
ബുര്‍ഗാന്‍ ഡ്രില്ലിങ് കമ്പനിയുടെ വാഹനത്തിന്റെ മുന്‍ഭാഗത്തെ ടയര്‍ പൊട്ടി മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടം ഉണ്ടായത്. അഗ്നിശമനസേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളും സംഭവസ്ഥലം സന്ദര്‍ശിച്ചു.