എഡിറ്റോറിയൽ:’കുമ്പനാട് വിഷയ’ത്തിൽ മൗനമായിരുന്നവർ ‘മധു വിഷയ’ത്തിൽ പ്രതികരിക്കുമ്പോൾ | ആഷേർ മാത്യു

മധു എന്ന യുവാവിനെ ആൾക്കൂട്ടം മോഷണക്കുറ്റമാരോപിച്ച് കൈയ്യേറ്റം ചെയ്ത് കൊലപ്പെടുത്തിയ വാർത്ത അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല.
സോഷ്യൽ മീഡിയയിൽക്കൂടി ആളിക്കത്തിയ പ്രതിഷേധം, സമൂഹം ഒന്നായി ഏറ്റെടുത്തു കഴിഞ്ഞു.
അനീതിക്കെതിരെ പ്രതികരിക്കുന്ന സമൂഹം രാഷ്ട്രത്തിന്റെ നട്ടെല്ലാണ്.
ആശാവഹമായ കാര്യം തന്നെ.

മധുവിന്റെ മരണത്തിൽ ശക്തമായ പ്രതിഷേധവുമായി പെന്തക്കോസ്ത് സമൂഹവും വിശ്വാസികളും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്.
എന്നാൽ ചില ആഴ്ചകൾക്ക് മുമ്പ് , കുമ്പനാട് കൺവൻഷൻ സമയത്ത് മാനസിക വൈകല്യമുള്ള ഒരു യുവാവിനെ കൺവൻഷൻ പന്തലിന് സമീപം (അകത്തല്ല) ആൾക്കൂട്ടം ( നാട്ടുകാരല്ല, കൺവൻഷന് വന്ന വിശ്വാസികൾ ഉൾപ്പെടുന്ന ആൾക്കൂട്ടം ) ആൾമാറാട്ട കുറ്റം ചുമത്തി കൈയ്യേറുകയും , ലൈവ് വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ‘ക്രോസ്സ് ഡ്രസ്സിംഗ്’ ഇഷ്ടപ്പെട്ടിരുന്ന ,ആ മാനസികാവസ്ഥ ഉണ്ടായിരുന്ന ഒരു യുവാവ് ആയിരുന്നു അത്.

മധു നേരിട്ട അതേ അനുഭവം ആ യുവാവിനും ഉണ്ടായി. ഏക വ്യത്യാസം മധു കൊല്ലപ്പെട്ടു, ആ യുവാവ് മാനസികമായി കൊല്ലപ്പെട്ടു എന്നതാണ്.
ക്രൈസ്തവ എഴുത്തുപുര ഈ സംഭവത്തിൽ അപലപിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ ഒരു വിഭാഗം ആ വാർത്തയെ തള്ളിക്കളഞ്ഞു. സഭയെയും വിശ്വാസ സമൂഹത്തെയും ആക്ഷേപിക്കുന്ന വാർത്തയാണെന്ന് അഭിപ്രായപ്പെട്ടു.
ചിലർ അങ്ങനെയൊരു വാർത്ത കണ്ടില്ല എന്ന് നടിച്ചു.
ലേഖകന് എതിരെ ഭീഷണി വരെയുണ്ടായി.

അന്ന് മൗനമായിരുന്നവർ ഇന്ന് മധുവിന് വേണ്ടി ഘോരം ഘോരം വാദിക്കുന്നു. നല്ല കാര്യം.
അന്ന് , പെന്തക്കോസ്തിന്റെ ഈറ്റില്ലമായ കുമ്പനാട് നടന്ന അതിദാരുണമായ സംഭവത്തിൽ ഒരു വാക്ക് പോലും പ്രതികരിക്കാത്തവർ ഓർക്കുക…
നിങ്ങളുടെ മൗനം വലിയ തെറ്റായിരുന്നു.
നിങ്ങളുടെ കാഴ്ചപ്പാടുകൾ മാറട്ടെ.

ക്രൈസ്തവ എഴുത്തുപുര എന്നും സത്യത്തിന്റെയും നീതിയുടെയും ഭാഗത്താണ്. ക്രിസ്തു പഠിപ്പിച്ചതു പോലെ മറ്റുള്ളവരെ സ്നേഹിക്കുക, കരുതുക. കഴിഞ്ഞ നാളുകളിൽ പ്രവർത്തിച്ചത് പോലെ തന്നെ, എന്നും പീഡിതർക്കും അശരണർക്കുമൊപ്പം ഞങ്ങൾ ഉണ്ടാകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.