ചിരിയിലെ ചിന്ത: ഇതെനിക്കുള്ളതല്ല | ജസ്റ്റിൻ കായംകുളം
“പാസ്റ്ററേ പ്രസംഗം വളരെ നന്നായിരുന്നു. ദൈവവചനത്തിൽ നിന്നും കൃത്യമായ ദൂതല്ലേ ഇന്നു പറഞ്ഞത്. നമ്മുടെ തേക്കുവീട്ടിലെ ശോശാമ്മയ്ക്കും, ചാക്കോച്ചായനും ഉള്ള ദൂതായിരുന്നു.അവരു വരേണ്ടതായിരുന്നു ഇന്ന്” . ഞായറാഴ്ച ആരാധനയ്ക്കു ശേഷം സഭയിലെ മൂത്ത അമ്മാമ്മ പാസ്റ്ററോട് പറഞ്ഞതാണിത്.
വചനത്തിന്റെ ആഴത്തിൽ കൃത്യമായ വചനം പ്രസംഗിച്ചു കേൾക്കുമ്പോൾ സ്വയമായി ഏറ്റെടുക്കാതെ മറ്റുള്ളവരെ വിധിക്കുന്ന ഇന്നിന്റെ ആത്മീയരുടെ കപട വിശുദ്ധിയുടെ ഒരു മാതൃകയാണ് ഈ അമ്മാമ്മ. ദൈവവചനം കേൾക്കുമ്പോൾ അതു എന്നോടാണ് സംസാരിക്കുന്നതെന്നു ചിന്തിച്ചു ഏറ്റെടുത്താൽ തന്നെ പല ‘വിശുദ്ധരുടെയും’ മാനസാന്തരത്തിനു അതു വഴിയൊരുക്കുവാൻ ഇടയാകും. പ്രിയപ്പെട്ടവരേ നമ്മുടെ കണ്ണിലെ കോലെടുക്കാതെ അന്യന്റെ കണ്ണിലെ കരട് കാണുന്ന നമ്മുടെ കാഴ്ചപ്പാടുകൾക്കു വ്യത്യാസം വന്നേ തീരു. ദൈവവചനം നമ്മുടെ ആന്തരീക സൗഖ്യത്തിനും ദൈനംദിന മാനസാന്തരത്തിനും നിദാനമായി മാറുമ്പോൾ അനുഗ്രഹങ്ങളും, ദൈവപ്രസാദവും നമ്മോടൊപ്പം വരും. ചാക്കോച്ചായനും ശോശാമ്മയ്ക്കുമുള്ളതു ദൈവം കൊടുത്തു കൊള്ളും, നാം അതിനു വക്കാലത്തു പിടിക്കേണ്ട ആവശ്യമില്ല. ‘ആദ്യം ഞാൻ നന്നാകുക പിന്നീട് മറ്റുള്ളവരെ നന്നാക്കുക’ വിജയത്തിന്റെ മൂലമന്ത്രം ഇതാകട്ടെ!
– ജസ്റ്റിൻ കായംകുളം


- Advertisement -