നിങ്ങളുടെ ദൈവം മഹാനാണെങ്കിൽ എന്തുകൊണ്ട് ഞങ്ങളുടെ ഭാഷയിൽ സംസാരിക്കുന്നില്ല?” ആ മഹത്തായ ചോദ്യത്തിന് 100 വയസ്സ്

സാം കൊണ്ടാഴി

“നിങ്ങളുടെ ദൈവം മഹാനാണെങ്കിൽ എന്തുകൊണ്ട് ഞങ്ങളുടെ ഭാഷയിൽ സംസാരിക്കുന്നില്ല?”
കാമറോൺ ടൌൺസെൻഡ് എന്ന യുവ സുവിശേഷകൻറെ മനസ്സ് ഉലച്ച ആ ചോദ്യത്തിന് 100 വയസ്സ് തികയുന്നു. ന്യൂനപക്ഷഭാഷകളിലെ ബൈബിൾ പരിഭാഷയുടെ ആവശ്യകതയിലേക്ക് വെളിച്ചം വീശിയ ആ ചോദ്യമാണ് ലോകമെങ്ങും വിക്ലിഫ് ബൈബിൾ പരിഭാഷകരുടെ പ്രവർത്തനത്തിന് വഴിതെളിച്ചത്.
ഒരു ചോദ്യം ലോകത്തെ ഇത്രത്തോളം മാറ്റിമറിയ്ക്കുമോ? സമൂഹത്തിലെ താഴെക്കിടയിലുള്ള ഒരാള്‍ ഇരുപത്തൊന്നുകാരനായ ചെറുപ്പക്കാരനോടു ചോദിച്ച ആ ചോദ്യം വളരെ നിസ്സാരമായിരുന്നു. എന്നാല്‍ ആ ചോദ്യം മഹാനായ ദൈവത്തെ ബന്ധപ്പെട്ട ചോദ്യമായിരുന്നു. ദൈവം തന്നെ
ആ ചോദ്യത്തിന് മറുപടി നല്‍കി. ഇപ്പോഴും മറുപടി നല്‍കികൊണ്ടിരുന്നു. അങ്ങനെ ലോകത്തെ മാറ്റിമറിക്കുന്ന ഒരു മഹത്തായ ചോദ്യമായി അത് മാറി.
നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് 1917 നവംബറില്‍ ഗ്വാട്ടിമലയിലെ ഒരു ഉള്‍ഗ്രാമത്തില്‍ കാമറോണ്‍ ടൗണ്‍സെന്‍ഡ് എന്ന ഇരുപത്തൊന്നുകാരന്‍ സ്പാനിഷില്‍ സുവിശേഷം അറിയിക്കുകയായിരുന്നു. ബൈബിള്‍ കോളേജ് പഠനകാലത്ത് ഹ്രസ്വകാല മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ആ അമേരിക്കന്‍ യുവാവ് ഗ്വാട്ടിമലയിലെത്തിയത്. അവിടുത്തെ ഔദ്യാഗികഭാഷയായ സ്പാനിഷിലുള്ള ബൈബിളുകളും സുവിശേഷപ്രതികളും ആ ഗ്രാമത്തില്‍ വിതരണം ചെയ്യുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തു. അതിനിടയിലാണ് ആ മഹത്തായ ചോദ്യം ഒരു ഗോത്ര മൂപ്പനില്‍ നിന്നും വരുന്നത്: “നിങ്ങള്‍ പറയുന്ന ദൈവം ഇത്ര മഹാനെങ്കില്‍, എന്തുകൊണ്ട് ഞങ്ങളുടെ ഭാഷയില്‍ സംസാരിക്കുന്നില്ല?” ഈ ചോദ്യം ടൗണ്‍സെന്‍ഡിനെ വളരെ ചിന്തിപ്പിച്ചു. ഉത്തരം നല്‍കുവാനാവാതെ ആ യുവാവ് ഗോത്രമൂപ്പന്‍റെ മുമ്പില്‍ നിസ്സഹായനായി. കക്ചിക്കല്‍ എന്ന ഗോത്രജനതയായിരുന്നു ആ ഗ്രാമത്തില്‍ താമസിച്ചിരുന്നത്.
അവരില്‍ ഭൂരിപക്ഷം പേര്‍ക്കും സ്പാനിഷ് ഭാഷ വശമല്ലായിരുന്നു. ഈ ചോദ്യം, ന്യൂനപക്ഷമെന്നോ, ഗോത്രഭാഷകളെന്നോ, ചെന്നെത്തുവാന്‍ കഴിയാത്ത സ്ഥലമെന്നോ കണ്ട് അവഗണിക്കാതെ എല്ലാ ഭാഷയിലും ദൈവവചനം പരിഭാഷപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ടൗണ്‍സെന്‍
ഡിനെ ബോദ്ധ്യപ്പെടുത്തി. ബൈബിള്‍ കോളേജിലെ പഠനാനന്തരം 1920-ല്‍ കക്ചിക്കല്‍ ഭാഷാക്കാരുടെ ഇടയില്‍ ദീര്‍ഘവര്‍ഷം താമസിച്ച് അദ്ദേഹം ആ ഭാഷയില്‍ ബൈബിള്‍ വിവര്‍ത്തനം ചെയ്തു.
1929-ല്‍ തന്‍റെ 33-ാമത്തെ വയസ്സില്‍ കക്ചിക്കല്‍ ഭാഷയില്‍ പുതിയനിയമവും, സാക്ഷരതാബുക്കുകളും അദ്ദേഹം പ്രസിദ്ധീകരിച്ചു. അഞ്ചുസ്കൂളുകളും ഒരു പ്രിന്‍റിംഗ് പ്രസ്സും, കക്ചിക്കല്‍ക്കാരുടെ ശിഷ്യത്വപഠനത്തിനായി ഒരു ബൈബിള്‍സ്കൂളും അദ്ദേഹം അവരുടെ ഇടയില്‍ സ്ഥാപിച്ചു.
തിരുവചനത്തിലെ ഒരു വാക്യംപോലും ലഭ്യമല്ലാത്ത ലോകത്താകമാനമുള്ള വ്യത്യസ്ത ഭാഷാസമൂഹങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാന്‍ 1932-ല്‍ ‘വിക്ലിഫ് ബൈബിള്‍ ട്രാന്‍സ്ലേറ്റേഴ്സ്’ എന്ന ബൈബിള്‍ പരിഭാഷാസംഘടന രൂപീകരിക്കുവാന്‍ ദൈവം അദ്ദേഹത്തിന് ദര്‍ശനം നല്‍കി. ഇന്ന് നിരവധി വിക്ലിഫ് പ്രവര്‍ത്തകര്‍ ലോകമെമ്പാടുമുള്ള നൂറുകണക്കിനു ഭാഷകളില്‍ ബൈബിള്‍ പരിഭാഷാപ്രവര്‍ത്തനങ്ങളില്‍ കഠിനപ്രയത്നം ചെയ്തുവരുന്നു.
അങ്കിള്‍ കാം എന്നറിയപ്പെടുന്ന കാമറോണ്‍ ടൗണ്‍സെന്‍ഡ് ഓര്‍മ്മിക്കപ്പെടുന്നത്, ലോകമെമ്പാടുമുള്ള നൂറു കണക്കിനുഭാഷകളില്‍ ദൈവവചനം ലഭ്യമാക്കുവാന്‍ കാരണക്കാരന്‍ എന്ന നിലയിലാണ്. സംസ്കാരപരമായും ഭാഷാപരമായും ഭൂമിശാസ്ത്രപരമായും ഒറ്റപ്പെട്ടതും എ
ല്ലാവരാലും തിരസ്കരിക്കപ്പെട്ടതുമായ ജനവിഭാഗങ്ങളെ അദ്ദേഹം സ്നേഹിച്ചു. ദൈവത്തിന്‍റെ സ്നേഹസന്ദേശം അവര്‍ക്ക് പൂര്‍ണ്ണമായി മനസ്സിലാകുന്ന, അവരുടെ ഹൃദയഭാഷയായ മാതൃഭാഷയില്‍ത്തന്നെ നല്‍കുവാന്‍ അദ്ദേഹം യത്നിച്ചു.
മിഷിഗണ്‍ സര്‍വകലാശാലയിലെ ഭാഷാശാസ്ത്ര വകുപ്പിന്‍റെ മുന്‍ ചെയര്‍മാനായ ഡോ. കെന്നെത് എല്‍. പൈക് പറഞ്ഞത് ഇപ്രകാരമാണ്, “ധാരാളം സ്വപ്നം കാണുകയും അവയെല്ലാം പ്രാവര്‍ത്തികമാക്കുകയും ചെയ്ത മഹാനാണ് കാമറോണ്‍ ടൗണ്‍സെന്‍ഡ്. അദ്ദേഹത്തെപ്പോലുള്ള ഒരു മനുഷ്യനെ മൂന്നാം നൂറ്റാണ്ടിനുശേഷം ആര്‍ക്കും കാണുവാന്‍ സാധിക്കില്ല.”
ബൈബിള്‍ വിവര്‍ത്തനത്തിനായി അര്‍പ്പണമനസ്സോടെ ജീവിതകാലം മുഴുവന്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ലോക പ്രശസ്ത സുവിശേഷകന്‍ ബില്ലിഗ്രഹാം കാമറോണ്‍ ടൗണ്‍സെന്‍ഡിനെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്, “എനിക്ക് ഒരിക്കലും കഴിയാതെയിരുന്ന പ്രവൃത്തി ടൗണ്‍സെന്‍ഡ് ചെയ്തിരിക്കുന്നു. ലോകത്തെ അദ്ദേഹം സ്പര്‍ശിച്ചിരി
ക്കുന്നു.”
അങ്കിള്‍ കാമിന്‍റെ ദര്‍ശനം ഉള്‍ക്കൊണ്ട് 34 രാജ്യങ്ങളില്‍ 4,500 പേര്‍ ബൈബിള്‍ പരിഭാഷ ചെയ്യുന്നത് അദ്ദേഹത്തിന്‍റെ ജീവിതകാലത്തു തന്നെ തനിക്കു കാണുവാന്‍ കഴിഞ്ഞു. ഭാഷാപഠനത്തിനായി SIL(Summer Institute of Linguistics) എന്ന സ്ഥാപനം 1934-ല്‍ സ്ഥാപിച്ചു. ബൈബിള്‍ പരിഭാഷയുടെ ത്വരിതപ്രവര്‍ത്തനങ്ങളായി വ്യോമ-കര-കടല്‍ യാത്രാക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായും ഐടി സഹായത്തിനും JAARS എന്ന സംഘടന 1948-ല്‍ അദ്ദേഹം സ്ഥാപിച്ചു.
ഇന്ന് ലോകമെമ്പാടും നടന്നുവരുന്ന 2584 ഭാഷകളിലെ പരിഭാഷാപ്രവര്‍ത്തനങ്ങളില്‍ 2,125 ഭാഷകളിലും വിക്ലിഫ് ബൈബിള്‍ പരിഭാഷാപ്രവര്‍ത്തനങ്ങളാണ്. ലോകത്താകമാനം ഇനി 1,636 ഭാഷകളിലുംകൂടി പരിഭാഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങേണ്ടിയിരിക്കുന്നു. റവ. ജേക്കബ് ജോര്‍ജ്ജും ഈ ദര്‍ശനം പങ്കുവയ്ക്കപ്പെട്ട മറ്റു ചിലരും ചേര്‍ന്ന് 1980ല്‍ ഇന്ത്യയിലും ബൈബിള്‍ പരിഭാഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2008-ല്‍ വിക്ലിഫ് ഇന്ത്യ എന്ന പേരില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയിലെ 25 ഭാഷകളില്‍ ദൈവവചന പരിഭാഷ നിര്‍വഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
465 ഇന്ത്യന്‍ ഭാഷകളില്‍ 90 ഭാഷകളില്‍കൂടി പരിഭാഷാ പ്രവര്‍ത്തനം അവശേഷിക്കുന്നു. 100 വര്‍ഷങ്ങള്‍ക്കുമുമ്പ് മുഴങ്ങിയ ആ മഹത്തായ ചോദ്യത്തിന്‍റെ ഉത്തരം ഇന്ത്യയിലും പൂര്‍ത്തിയാകുവാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കുമോ?

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.