ഭാവന: എന്റെ വീടിനും രക്ഷയോ??? | ഡെല്ല ജോൺ ഡേവിസ്

ക്ലോക്കിൽ മണി രണ്ടടിച്ചു. ഉറക്കം വരാതെ സക്കായിച്ചൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. കുറെ ദിവസമായി വിചാരിക്കുന്നു… നസറയാനായ യേശുവിനെ ഒന്നു കാണണമെന്ന്. നാളെ യെരീഹോവിൽ നിന്ന് മടങ്ങുന്നത് ഈ വഴിയാണെന്ന് ഓഫീസിൽ ആരോ പറയുന്നതു കേട്ടു. എന്തു തന്നെ ആയാലും കണ്ടിട്ടു തന്നെ കാര്യം. സക്കായിച്ചൻ ഉറപ്പിച്ചു. ഓഫിസിലെ മത്തായിക്കുണ്ടായ മാറ്റം പറയാതെ വയ്യ. ആളുകളെ പിഴിഞ്ഞ് ചുങ്കം വാങ്ങിയിരുന്ന മത്തായി യേശുവിന്റെ കൂടെ പോയതിൽ പിന്നെ മര്യാദക്കാരൻ ആയില്ലേ.കഴിഞ്ഞ ദിവസം രാജിക്കത്ത് കൊടുത്തെന്നു കേട്ടു. ഇത്ര നല്ല വരുമാനമുള്ള ജോലിയൊക്കെ രാജിവെച്ച് മത്തായി പോയെങ്കിൽ യേശു ഒരു സാധാരണക്കാരൻ അല്ല. അതു തീർച്ച.നേരം ഒന്നു പുലർന്നാൽ മതിയായിരുന്നു.. ചിന്തകൾക്കൊടുവിലെപ്പോഴോ സക്കായി ഉറക്കത്തിലേക്ക് മെല്ലെ വഴുതി വീണു.
പതിവിലും നേരത്തെയുണർന്ന് പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് ഒരുങ്ങി നിൽക്കുന്ന സക്കായിച്ച നെ കണ്ട് ഭാര്യ സ്തംഭിച്ചു.” ഇതെങ്ങോട്ടാ ഇത്ര രാവിലെ ‘? ഓഫിസിൽ പോകാൻ നേരം ആയില്ലല്ലോ”? അവൾ ചോദിച്ചു. ”എടീ… ഞാനൊന്നു പോയി ആ യേശുവിനെ കാണാൻ പറ്റോന്നു ഒന്നു നോക്കട്ടെ. കുറച്ചു ദിവസമായി അങ്ങനൊരു തോന്നൽ തുടങ്ങിയിട്ട്. മനസ്സിന് ഒരു സ്വസ്തതയുമില്ല… ഓഫിസിലെ പ്രശ്നങ്ങൾ, വസ്തുവിന്റെ പ്രശ്നങ്ങൾ അങ്ങനെ എന്തൊക്കെ… ഒന്നു കണ്ടാൽ ഒരാശ്വാസം കിട്ടിയാലോ ” ???
” അച്ചായാ… പോകുന്നതൊക്കെ കൊള്ളാം.പക്ഷേ അദ്ദേഹത്തെ കാണാൻ നിങ്ങൾക്കു പറ്റുമെന്ന് എനിക്കു തോന്നുന്നില്ല. എപ്പോഴും അദ്ദേഹത്തിന്റ ചുറ്റും ഒരുപാട് പേരുണ്ടെന്നാ അങ്ങേ വീട്ടിലെ മോളിമ്മാമ പറഞ്ഞത്. നിങ്ങക്കാണേൽ ഒട്ടും പൊക്കവും ഇല്ല.പിന്നെ എങ്ങനെ കാണാൻ “??
“അതിനൊക്കെ എന്തേലും വഴി കാണും.ഞാനൊന്നു പോയി നോക്കട്ടെ.” സക്കായിച്ചൻ മറുപടി പറഞ്ഞു. “എന്നാ പോയി വാ”…അവരൊന്നു അമർത്തി മൂളി. വീട്ടിൽ നിന്നിറങ്ങിയ സക്കായിച്ചന്റ ഉള്ളിലൂടെ വിവിധ ചിന്തകൾ മിന്നി മറഞ്ഞു.അവളു പറഞ്ഞതു ശരിയാ… ഈ ഉയരമില്ലാത്ത ഞാൻ പുരുഷാരത്തിനിടയിലൂടെ എങ്ങനെ യേശുവിനെ കാണാൻ? അവിടം വരെ പോകുന്നത് വെറുതെ ആവുമോ എന്തോ.. ഊം… വരുന്നതു വരട്ടെയെന്ന് കരുതി സക്കായിച്ചൻ രണ്ടും കല്പിച്ചിറങ്ങി. വഴിയിലെത്തിയപ്പോൾ സംഗതി വിചാരിച്ച പോലെത്തന്നെയാ.റോഡിനിരുവശത്തും ആളുകൾ തിങ്ങി നിറഞ്ഞു നിൽക്കുകയാണ്.. ഇനി എന്ത് ചെയ്യും? ഇവിടെ നിന്നാൽ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. പിന്നൊന്നും ചിന്തിച്ചില്ല.തന്റെ സ്ഥാനമാനമോ പ്രൗഢിയോ ഒന്നും നോക്കാതെ അടുത്തു കണ്ട കാട്ടത്തി മേൽ അയാൾ വലിഞ്ഞുകയറി. ആളുകൾ നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.അതൊന്നും കാര്യമാക്കാതെ കാട്ടത്തിയുടെ ഒരു കൊമ്പിൻമേൽ ഇരുപ്പുറപ്പിച്ചു.അധികം വൈകിയില്ല.. പുരുഷാരത്തിന്റെ ആരവം കേട്ടപ്പോഴേ മനസിലായി യേശുവാണ് വരുന്നതെന്ന്. ഇലകൾ വകഞ്ഞകറ്റി താഴോട്ടു നോക്കി. ദൂരെ നിന്നു തന്നെ ആൾക്കൂട്ടത്തിനിടയ്ക്ക് ആ തേജസ്സുള്ള മുഖം കണ്ടു. എന്തൊരു പ്രഭ!ശാന്തത !അയാൾക്ക് കണ്ണു പറിക്കാൻ തോന്നിയില്ല. യേശുവിന്റെ ഓരോ ചലനങ്ങളും സസൂക്ഷ്മം വീക്ഷിച്ച് സക്കായി കൊമ്പിലൊന്നമർന്നിരുന്നു. യേശു മെല്ലെ നടന്ന് കാട്ടത്തിയുടെ ചുവട്ടിലെത്തി. സാവധാനം മിഴികൾ മോലോട്ടുയർത്തി. ശാന്തനായി സക്കായിയെ വിളിച്ചു.” സക്കായീ…. വേഗം ഇറങ്ങി വാ.. ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു.” അപ്രതീക്ഷിത വിളി കേട്ട് സക്കായിയൊന്നു ഞെട്ടി. സ്വപ്നമല്ലെന്നുറപ്പു വരുത്തി. ബദ്ധപ്പെട്ട് ഇറങ്ങി. ഒന്നു കാണാൻ പറ്റുമെന്ന്തന്നെ കരുതിയതല്ല. ഇപ്പോഴിതാ ഗുരു തന്റെ വീട്ടിലേക്ക് വരുന്നുവെന്ന്.. സക്കായിയുടെ ഉള്ളം പിടച്ചു. കണ്ണു നിറഞ്ഞു. സന്തോഷത്തോടെ ഗുരുവിനെ വീട്ടിലേക്ക് ആനയിച്ചു.കൂടെയുള്ള ജനം അവൻ പാപിയായ മനുഷ്യനോടുകൂടെ പാർപ്പാൻ പോയി എന്നു പറഞ്ഞ് പിറുപിറുത്തു. യേശു അത് ഗൗനിച്ചില്ല.
വീട്ടിലെത്തിയ സക്കായിയുടെ മനസിലൂടെ തന്റെ അരുതാത്ത ചെയ്തികളൊക്കെ തിരശീലയിലെന്നപോലെ തെളിഞ്ഞു വന്നു. അയാൾ ഗുരുവിന്റെ മുമ്പിൽ മുട്ടുകുത്തി. കണ്ണുനീർ ധാരധാരയായി ഒഴുകി.” കർത്താവേ.. എന്റെ വസ്തു വകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ട്. വല്ലതും ചതിവായി വാങ്ങിച്ചിട്ടുണ്ടെങ്കിൽ നാലു മടങ്ങ് മടങ്ങി കൊടുക്കുന്നു എന്നു പറഞ്ഞു. യേശു അവനോട്… ” നീയും അബ്രഹാമിന്റെ മകൻ ആകയാൽ ഇന്ന് ഈ വീടിനു രക്ഷ വന്നു” എന്നു പറഞ്ഞു. തന്റെ വീടിനും രക്ഷ എന്നു കേട്ടപ്പോൾ സക്കായിച്ചന്റെ ഉള്ളം തണുത്തു. ദീർഘനാളുകൾക്കു ശേഷം അന്ന് അവൻ സമാധാനത്തോടെ കിടന്നുറങ്ങി…..
” കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നത്.”

– ഡെല്ല ജോൺ ഡേവിസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.