ചെറുകഥ: അരിയെത്രാ സാറേ??? പയറ് മുന്നാഴി… | ജോമോൻ കുര്യൻ

ഒരിടത്തൊരിടത്ത് അവറാച്ചൻ എന്ന ഒരു നല്ല മനുഷ്യൻ താമസിച്ചിരുന്നു. അദ്ദേഹം ഒരുപാട് കച്ചവടങ്ങൾ ചെയ്ത് എല്ലാം നഷ്ടങ്ങളായിമാറി, അപ്പോഴെല്ലാം അദ്ദേഹത്തിന്റെ ഭാര്യപറയും അവറാച്ചായാ… നമ്മള് ദൈവമക്കളല്ലേ..? അതുകൊണ്ട് ഈ നാട്ടുകാരെ പറ്റിക്കുന്ന കച്ചവടം നമ്മൾക്ക് വേണ്ട… അത് നിർത്തച്ചായാ…
നിഷ്കളങ്കയായ തന്റെ ഭാര്യപറഞ്ഞപ്പോൾ അവറാച്ചന് തെല്ലും ദേഷ്യമുണ്ടായി… എടി ത്രേസ്യാ… നമ്മുടെ കർത്താവ് വായിലോട്ട് ഉരുട്ടിത്തെരത്തില്ല ഇന്നാ അവറാച്ചാ നീയും നിന്റെ ഭാര്യയും കഴിച്ചോന്നുംപറഞ്ഞ്..? ജീവിക്കാനായി ഞാൻ മോഷണം ഒഴികെ എന്ത്പണിയും ചെയ്യും… അതുകേട്ടതും ത്രേസ്യ ചിന്തിച്ചു ഇനിയും ഈ മനുഷ്യനോട് പറഞ്ഞിട്ട് കാര്യമില്ല എല്ലാം കർത്താവിന് വിട്ടുകൊടുത്തേക്കാം എന്നു കരുതി… ദിവസങ്ങൾ കഴിഞ്ഞു അവറാച്ചന് ഒരു കോളുകിട്ടി… അവറാച്ചന്റെ അയൽവാസി അന്നച്ചേടത്തി മക്കളുടെ അടുത്തേക്ക് പോകുകയാണ്. ഇളയമരുമകളുടെ പ്രസവമാണ്… അന്നച്ചേടത്തിക്ക് അമേരിക്കയും കാണാം മരുമോൾക്ക് വേലക്കാരിയുമായി.. അതായത് പശുവിന്റെ കടിയും തീരും കാക്കയുടെ വയറും നിറയും… രണ്ടായാലും ലാഭം…. അയലത്ത്കാരി അന്ന ചേടത്തി അവറാച്ചനെ വിളിച്ചുപറഞ്ഞു അവറാച്ചാ എന്റെ ആടിനെ ഞാൻ വിൽക്കാൻ പോവാ അവറാച്ചന് വേണേൽ എടുത്തോ.. അതുകേട്ടതും അവറാച്ചൻ ചാടി വീണു, ഒരു തരത്തിൽ ചേടത്തിയെ പാട്ടിലാക്കി ആടിനെ കച്ചോടം ഉറപ്പിച്ചു നേരെ വീട്ടിൽ വന്ന് പൈസയെടുക്കുന്നേരം തന്റെ ഭാര്യയോട് കാര്യങ്ങൾ അവറാൻ വിശദമാക്കി, ഉടൻ ഭാര്യയുടെ ഉപദേശം വന്നു നിങ്ങൾ വരുന്നവഴി പാഴ്സനേജിൽ കയറി നമ്മുടെ പാസ്റ്ററെ ആടിനെയൊന്ന് കാണിക്കണം പാസ്റ്ററിന് എല്ലാകാര്യത്തിലും നല്ലയറിവാ. ഇതു കേട്ടപ്പോൾ അവറാനും തീരുമാനിച്ചു പാസ്റ്ററിനെയൊന്ന് കാണിച്ചേക്കാം.. കാരണം കഴിഞ്ഞ ഞായറാഴ്ച സഭാ യോഗത്തിൽ പാസ്റ്റർ പശുവിന്റെ ഉദാഹരണം പറയുന്നത്കേട്ടു, അങ്ങനെ അന്നച്ചേടത്തിയുടെ അടുക്കൽ നിന്നും ആടിനെയും മേടിച്ച് പാസ്റ്ററിന്റെ അടുത്തേക്ക് അവറാൻ വെച്ചു പിടിച്ചു… പാസ്റ്ററിനോട് ചോദിക്കാം ലാഭമാണോ അല്ലിയോയെന്ന്… പാഴ്സനേജിന്റെ മുൻപിൽ പതിവില്ലാത്തൊരു ശബ്ദം ഉംമേമേമേ… പാസ്റ്റർ ചിന്തിച്ചു എന്റെ കോളിങ്ബെൽ ഈ സൗണ്ട് അല്ലല്ലോ ഇതെന്താ ഇങ്ങനെ? ബാറ്ററി തീർന്നോ കർത്താവേ… പാസ്റ്റർ നീട്ടിയൊരു വിളി കർത്താവിനെ… അപ്പോ വെളിയിൽ നിന്നും ഒരു പരുക്കൻ ശബ്ദം പാസ്റ്ററേ… പാസ്റ്റർ ആ സൗണ്ട് കേട്ടിട്ട് പേടിച്ചുപോയി… കാരണം കർത്താവിനെ വിളിച്ചപ്പോഴേ വിളി കേട്ടിരിക്കുന്നു… പാസ്റ്റർ തെല്ലുഭയത്തോടെ മുകളിലോട്ടു നോക്കി പറഞ്ഞു കർത്താവേ ചതിക്കല്ലേ… ഇപ്പോഴെങ്ങും കാഹളമൂദല്ലേ… എന്റെ വീടിന്റെ രണ്ടാമത്തെ നില പണിഞ്ഞോണ്ടിരിക്കുവാ, പിന്നേ നീയെങ്ങാണം ആ കുഴലൂതിയാൽ പിന്നെ ഇവിടുള്ളയെല്ലാം പറന്നങ്ങോട്ടുവരും പിന്നെ എന്റെ വീടുപണി സ്വാഹ… അതോണ്ട് ചതിക്കല്ലേ കർത്താവേ… പാസ്റ്റർ പറഞ്ഞു തീർന്നതും പിന്നെയും വന്നു വിളി പാസ്റ്ററേ… പാസ്റ്ററിന് മനസിലായി ഇത് ദൈവമല്ല മറിച്ച് ഇത് നമ്മുടെ സഭയിലെ അവറാൻ ആണ്, ദൈവദാസൻ വെളിയിലിറങ്ങി വന്നു… എന്നിട്ട് ഭവ്യമായി മൊഴിഞ്ഞു അവറാച്ചായാ… എന്താ പതിവില്ലാതെ രാവിലെ? അത് പാസ്റ്ററെ ഞാനൊരു ആടിനെ മേടിച്ചു ഇതിനെന്തു കൊടുക്കണം?പാസ്റ്ററു പറ..? പാസ്റ്റർ കുറേ ആലോചിച്ചു എന്നിട്ട് പറഞ്ഞു അത്പിന്നെ അവറാച്ചായാ ആടിന് പരുത്തിക്കുരു പിന്നെ പിണ്ണാക്ക് അതുമല്ലെങ്കിൽ ഇത്തിരി പുല്ലും കൂടി കൊടുക്കണം… അത് കേട്ടതും അവറാന് ദേഷ്യംവന്നു… അവറാൻ ദേഷ്യം അടക്കിപ്പിടിച്ചു പിന്നെയും ചോദിച്ചു പാസ്റ്റർ… ഞാൻ ചോയിച്ചത് ഈ ആടിന് എന്ത്കിട്ടും എന്നാണ്.. ? പിന്നെയും പാസ്റ്റർ ആലോചിച്ചുപറഞ്ഞു ആടിന് കിട്ടുന്നത് പാലു കിട്ടും പിന്നെ അതിന്റെ ചാണകം കിട്ടും… അതുകേട്ടതും അവറാൻ തന്റെ തനിസ്വഭാവം പുറത്തെടുത്തു ദേഷ്യത്തോടെ ചോദിച്ചു ഞാൻ ചോദിച്ചത് അതിനെന്താകും എന്നാണ്? ഉടനെ പാസ്റ്ററിന്റ മറുപടി വന്നു… ഈ ചോദ്യം താനങ്ങുനേരത്തെ ചോദിച്ചാൽ പോരാരുന്നോ..? എന്താകും എന്ന്ചോദിച്ചാൽ അതിന് കുളമ്പ് രോഗമാകും അവസാനമതു ചാകും.. അതന്നെ.. പിന്നീട് പാസ്റ്ററിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു… ഈ കാല ഘട്ടത്തിൽ പ്രവചിക്കുന്ന പ്രവാചകനും അറിയില്ല എന്താ പ്രവചിക്കുന്നത് എന്ന്, കേൾക്കുന്ന വിശ്വാസിക്കുമറിയില്ല എന്താ പറയുന്നത് എന്ന്, സുഖ സൗകര്യം നോക്കിയാണ് പലപ്പോഴും ഇപ്പോഴത്തെ പ്രവചനങ്ങൾ… ഈ നാളുകളിൽ ദൈവജനങ്ങൾ നെല്ലിനെയും പതിരിനെയും തിരിച്ചറിയാൻ സമയമായി.
.
ജോമോൻ കുര്യൻ, ഓക്ലഹോമ

-ADVERTISEMENT-

-ADVERTISEMENT-

You might also like