ജെറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമെന്ന് ട്രമ്പിന്റെ പ്രഖ്യാപനം; ലോകവ്യാപക പ്രതിഷേധം
റോജി ഇലന്തൂർ
വാഷിങ്‌ടൺ: ജെറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് പ്രഖ്യാപിച്ചു. എന്നാൽ ലോകരാജ്യങ്ങൾ ഈ നിർണ്ണായക തീരുമാനത്തിനെതിരെ രംഗത്ത് വന്നു. പ്രഖ്യാപനത്തിനെതിരെ ലോകരാജ്യങ്ങളും ഫ്രാൻസിസ് മാർപാപ്പയും മറ്റിതര നേതാക്കളും രംഗത്ത് എത്തി. തീരുമാനത്തിൽ നിന്നു പിന്മാറണമെന്ന് സൗദി ഉൾപ്പടെയുള്ള അറബ് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
ജെറൂസലേം തീരുമാനം അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും അമേരിക്കയുടെ നീക്കം തീക്കളിയെന്നും പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി. പലസ്തീന്റെ എന്നത്തെയും തലസ്ഥാനമായും ജെറൂസലേം തുടരുമെന്നും, പലസ്തീൻ വിഷയത്തിൽ അമേരിക്കയ്ക്ക് ഇനിമുതൽ മധ്യസ്ഥത വഹിക്കാനുള്ള അവകാശമില്ലെന്നും താൻ കൂട്ടിച്ചേർത്തു. കിഴക്കൻ ജെറൂസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പലസ്തീനി സംഘടനകൾ പ്രതിഷേധസൂചകമായി രോഷത്തിന്റെ ദിനങ്ങൾ ആചരിക്കാൻ ആഹ്വാനം ചെയ്തു കഴിഞ്ഞു.
പലസ്തീനികളും തങ്ങളുടെ തലസ്ഥാനമായി ജെറൂസലേമിനെ കാണുന്നതിനാൽ മധ്യസ്ഥ ചർച്ചകളിൽ ജറൂസലേം നഗരം ഒരു സുപ്രധാന അജണ്ടയായി തുടരുന്നതിനിടെയാണ് ഏവരെയും ഞെട്ടിക്കുന്ന ട്രമ്പിന്റെ നീക്കം.
ഏഴു പതിറ്റാണ്ടായി അമേരിക്ക സ്വീകരിച്ച നയതന്ത്ര സൗഹൃദം അട്ടിമറിച്ച് തെൽഅവീവിലെ യു.എസ്. എംബസി ജെറൂസലേമിലേക്ക് മാറ്റാൻ അംഗീകാരം നൽകും എന്നുമാണ് ഇപ്പോൾ അറിയുന്നത്.