“കൊരിന്ത്യർ” ഇത് ഒരാൾക്ക് ഇടാൻ പറ്റിയ പേരാണോ?

റോജിൻ പൈനുംമൂട്, ദുബായ്

“കൊരിന്ത്യർ” ഇത് ഒരാൾക്ക് ഇടാൻ പറ്റിയ പേരാണോ?

എങ്കിൽ അങ്ങനെയൊരു പേര് ഒരാളിന് ലഭിച്ചിരിക്കുന്നു .മലയാള മനോരമയിലെ അസിസ്റ്റന്റ് എഡിറ്ററായ പ്രിയ സുഹൃത്ത് നോവലിസ്റ്റ് രവിവർമ തമ്പുരാന്റെ പുതിയ നോവലായ “പൂജ്യത്തിലെ” ഒരു പ്രധാന കഥാപാത്രമാണ് കൊരിന്ത്യർ .

ആധുനിക ലോകത്തു അസമാധാനവും അസാന്മാർഗികതയും കൂടിയത് കൊണ്ടായിരിക്കാം ഇങ്ങനെയൊരു പേര് തന്റെ കഥാപാത്രത്തിന് നൽകാൻ എഴുത്തുകാരനെ പ്രേരിപ്പിച്ചത് എന്ന് കരുതുന്നു.
വേദപുസ്തകത്തിലെ പുതിയ നിയമത്തിൽ അപ്പോസ്തലനായ പൗലൊസ്‌ എഴുതിയ രണ്ടു ലേഖനങ്ങളാണ് കൊരിന്ത്യർക്കുള്ളത് എന്ന് പറയുന്നത്. ഗ്രീസിലെ പുരാതന നഗരമായ കൊരിന്ത് ബൗദ്ധികമായി ഗർവ്വുള്ളതും ഭൗതികമായി ഉയർന്നതും സന്മാർഗികമായി തകർന്നതുമായിരുന്നു . ദുർമാർഗത്തിൽ വ്യക്തികൾ ചരിച്ചിരുന്ന ഈ നഗരത്തിൽ സർവവിധ പാപങ്ങളും നടമാടിയിരുന്നു . ഇന്നത്തെ ലോകത്തിന്റെ അതേ അവസ്ഥ , ഈ ലേഖനത്തിൽ സഭാപ്രശ്നങ്ങളും പരിഹാര നിർേദശങ്ങളുമാണ് മുഖ്യമായും പറഞ്ഞിരിക്കുന്നത്.

കാര്യമിതൊക്കെയാണെങ്കിലും ഈ നോവലിലെ കഥാപാത്രമായ കൊരിന്ത്യർ അത്ര പ്രശ്നക്കാരനല്ല. പൂജ്യത്തിലെ കഥാപാത്രങ്ങളുടെ പേരുകൾ മിക്കതും വ്യത്യസ്തമാണ് അര്ണോജനേത്രൻ , പുരന്ദരൻ , അക്രൂരൻ, പിംഗളൻ , ബബ്ബർ , യെശയ്യാവ്‌… അങ്ങനെ നമ്മൾ അധികം കേൾക്കാത്ത വിളി പേരുകൾ.

പേരുകൾ ഇടുന്ന കാര്യത്തിൽ നോവലിസ്റ്റ് വ്യത്യസ്‌തനാണ്‌ മുൻപെഴുതിയ കൃതികളായ “ചെന്താമരക്കൊക്ക” , “ഭയങ്കരാമുടി” , “ശയ്യാനുകമ്പ” എന്നീ പേരുകൾ അതിനു ഉദാഹരണം. ഈ കൃതികളൊക്കെ ആവേശപൂർവ്വം സ്വീകരിച്ച വായനക്കാർക്കു കിട്ടിയ ഒരു പുതിയ പരീക്ഷണ നോവലാണ് “പൂജ്യം” എന്ന കാര്യജത്തിൽ സംശയം വേണ്ട.

ഒരു പ്രത്യേക തരം ആഖ്യായന രീതിയാണ് നോവലിസ്റ്റ് ഈ നോവലിൽ ഉപയോഗിച്ചിരിക്കുന്നത് . ലോക നോവൽ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പരീക്ഷണം. ഈ നോവലിന് മൂന്ന് ഭാഗങ്ങളാണ് , ഒന്നാം ഭാഗത്തു +1 ,+2 … എന്ന് തുടങ്ങി 16 അധ്യായങ്ങൾ , രണടാം ഭാഗത്തു -16 ,-15 … എന്ന് തുടങ്ങി -1 വരെ 16 അധ്യായങ്ങൾ . മൂന്നാം ഭാഗത്തിൽ (-16 + +16 = 0 ) പൂജ്യം എന്ന അവസാന ഭാഗം.

പൊതുവെ പരുക്കനായാണ് കഥയുടെ കുലപതിയായ ടി.പത്മനാഭൻ അറിയപ്പെടുന്നത്, അതിനേക്കാൾ ഉപരി മറ്റുള്ളവരെ ശ്‌ളാഘിക്കുന്നതിൽ ലുബ്ധനാണെന്ന കാര്യവും എല്ലാര്ക്കും അറിയാവുന്നതാണല്ലോ . ഈ നോവലിന്റെ പ്രകാശന കർമം നിർവഹിച്ചത് അദ്ദേഹമാണ് , പ്രകാശന ശേഷം അദ്ദേഹം നടത്തിയ പ്രസംഗം ഇങ്ങനെ ആയിരുന്നു ‘ഇത്തരം പുസ്തകങ്ങൾ മലയാള നോവൽ ചരിത്രത്തിൽ അധികം ഉണ്ടാവുകയില്ല. നോവൽ വഴിയിൽ മുമ്പേ പലരും സഞ്ചരിച്ച് കല്ലും മുള്ളുമൊക്കെ തെളിച്ചിട്ടുണ്ടാവും. അതിലെ പോകാൻ എളുപ്പമാണ്. പക്ഷേ ചില പ്രതിഭാശാലികൾ അതിലെ പോകാതെ സ്വന്തം വഴി വെട്ടിത്തുറക്കും. അത്തരം ഒരു പുസ്തകമാണ് പൂജ്യം. ഇതു വായിക്കുമ്പോൾ ഇത്തിരി ബുദ്ധിമുട്ട് നിങ്ങൾക്ക് അനുഭവപ്പെടാം. പക്ഷേ, നിങ്ങൾ വായിക്കണം. ലോക നോവൽ സാഹിത്യ ചരിത്രത്തിൽ ചിലരൊക്കെ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അവർ സാഹിത്യ ലോകത്ത് വളരെ പ്രശസ്തരായി വിരാജിക്കുന്നുണ്ട്. നോവൽ സാഹിത്യം ഇങ്ങനെയും വളരാം, ഇങ്ങനെയും എഴുതാം എന്നതിന് ഉദാഹരണമാണ് പൂജ്യം. ഒരു എഴുത്തുകാരന് ഇതിൽ പരം എന്ത് അംഗീകാരം വേണം. ഒരു നൂറു അവാർഡുകൾ നേടുന്നതിലും വലിയകാര്യമാണല്ലോ ഇത്തരത്തിൽ ഉള്ള അഭിനന്ദനങ്ങൾ.

ആധുനിക ലോകം ഇന്ന് മതിലുകളാൽ വേർതിരിക്കപ്പെട്ടിരിക്കുകയാണ് , വീടുകൾ തമ്മിൽ മതിൽ, രാജ്യങ്ങൾ തമ്മിൽ മതിൽ, മതങ്ങൾ തമ്മിൽ മതിൽ,സഭകൾ തമ്മിൽ മതിൽ, സമൂഹങ്ങൾ തമ്മിൽ മതിൽ സർവോപരി മനുഷ്യർ തമ്മിൽ മതിൽ.

അഞ്ചു വ്യക്തികൾ ചേർന്ന് ഒരു പഴയ തേയിലതോട്ടത്തിൽ മതിലുകളില്ലാത്ത വീടുകൾ നിർമിക്കാൻ നടത്തുന്ന ശ്രമത്തിനിടയിൽ കടന്നു വരുന്ന വിവിധ സംഭവങ്ങൾ , അതിനിടയിലുണ്ടാകുന്ന പോസിറ്റീവും നെഗറ്റീവും ആയ കാര്യങ്ങൾ വായനക്കാരന് മനസിലാകുന്ന രീതിയിൽ വരച്ചുകാട്ടാൻ പ്രകൃതി സ്നേഹിയും പരിസ്ഥിതിവാദിയുമായ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു.

അതിരുകളില്ലാത്ത ആകാശത്തിന്റെയും നമ്മൾ അധിവസിക്കുന്ന ഭൂമിയുടെയും കഥ , മതിലുകളില്ലാത്ത വീടുകളും അതിൽ താമസിക്കുന്ന മനുഷ്യരും അങ്ങനെയൊരു ഭൂമിയുടെ കഥയാണ് “പൂജ്യം” .

ലോകത്തിലെ ചില സത്യങ്ങളെക്കുറിച്ചു നോവലിൽ പ്രത്യേക പരാമർശമുണ്ട് . പ്രതികൂല ശക്തി(നെഗറ്റീവ് ചാർജ്) അനുകൂല ശക്തിയുമായി (പോസിറ്റീവ് ചാർജ്) ചേരുമ്പോൾ നിർമ്മമം (ന്യൂട്രൽ) ആകുന്നുവെന്നു വൈദ്യുതി സത്യം. തുല്യ സംഖ്യയുടെ പോസിറ്റീവും നെഗറ്റീവും കൂടി ചേരുമ്പോൾ പൂജ്യം ഉണ്ടാവും എന്നത് ഗണിത സത്യം.

പൂജ്യം എന്നാൽ ശൂന്യം എന്നായിരുന്നു ചിന്ത എന്നാൽ പൂജ്യം എന്നാൽ ശൂന്യത എന്ന ചിന്തയ്ക്കു അന്തമായി. പൂജ്യം എന്നാൽ പൂര്ണതയാണ്. വൃത്തത്തിനു തുടക്കമോ ഒടുക്കമോ ഇല്ലാത്തതു പോലെ പൂജ്യത്തിനും ആരംഭമോ അവസാനമോ ഇല്ല , പൂജ്യത്തിനു ചതുരം പോലെയോ ത്രികോണം പോലെയോ നേർരേഖകളിലുള്ള അതിരുകളോ വിഷമിപ്പിക്കുന്ന മൂലകളോ ഇടിച്ചു നിൽക്കുന്ന ബിന്ദുക്കളോ ഇല്ല. അരികുകൾ ചതുരമല്ലാത്തതു കൊണ്ട് പൂജ്യത്തിനു ചുറ്റും ആർക്കുമൊരു മതിൽ കെട്ടി ഉയർത്താൻ കഴിയില്ല എന്ന് എഴുത്തുകാരൻ നമ്മെ ഓർമിപ്പിക്കുന്നു.

“പൂജ്യമദ: പൂജ്യമിദം
പൂജ്യാൽ പൂജ്യമുദച്യതേ
പൂജസ്യ പൂജ്യമാദായ
പൂജ്യമാവശിഷ്യതേ ”

അത് പൂജ്യമാണ് ഇതും പൂജ്യമാണ്, പൂജ്യത്തിൽ നിന്ന് പൂജ്യം ഉണ്ടാകുന്നു. പൂജ്യത്തിൽ നിന്ന് പൂജ്യം എടുത്താലും പൂജ്യം തന്നെ അവശേഷിക്കുന്നു.

പൂജ്യത്തിൽ ഇല്ലാത്തത് :
പണ്ട് മധ്യ തിരുവിതാംകൂറിലെ ഒരു ക്രൈസ്തവ ഭവനത്തിൽ നടന്ന പ്രാർത്ഥനയോഗത്തിൽ വചനപ്രസംഗത്തിനടിയിൽ ഒരു ഉപദേശി കേഴ്വിക്കാരോട് വേദപുസ്തകത്തിലെ ഒരു വാക്യം വായിക്കുവാൻ ആവശ്യപ്പെട്ടു. 2 കൊരിന്ത്യർ പന്ത്രണ്ടാം അദ്ധ്യായം പതിനൊന്നാം വാക്യം ആയിരുന്നു ആ വാക്യം. ഉപദേശിയുടെ പ്രസംഗത്തിന്റെ മേന്മ കൊണ്ടാണോ എന്നറിയില്ല കേഴ്വിക്കാരിൽ മിക്കവാറും സുഖസുഷുപ്തിയിൽ ആയിരുന്നു. ഉറക്കച്ചുവടോടെ ഒരാൾ അന്നേരം ഇങ്ങനെ മൊഴിഞ്ഞു “കൊരിന്ത്യർക്കു ലേഖനം എഴുതിയിട്ട് കോഴഞ്ചേരിക്കാർക്കു എന്ത് പ്രയോജനം” എന്ന്. നിർദോഷമായ ഈ നസ്രാണി ഫലിതം സന്ദർഭരൂപേ പറഞ്ഞു എന്ന് മാത്രം.
“ഞാൻ ഭോഷനായിത്തീർന്നു; നിങ്ങളാണ് അതിനു കാരണക്കാർ. നിങ്ങൾ എന്നെ പുകഴ്ത്തേത്തേണ്ടതായിരുന്നു. ഞാൻ നിസ്സാരനെങ്കിലും അതിശ്രേഷ്ഠനായ അപ്പോസ്തലന്മാരെക്കാൾ ഒട്ടും താഴ്ന്നവനല്ല” എന്നതായിരുന്നു മുകളിൽ പറഞ്ഞ വാക്യം.

വേദപുസ്തകത്തിന്റെ ക്രമത്തിൽ കൊരിന്ത്യർക്കു ശേഷം വരുന്ന ലേഖനം ഗലാത്യർ ആണ്. അതിനാൽ രവിവർമ്മത്തമ്പുരാന്റെ അടുത്ത നോവലിൽ ഗലാത്യർ എന്ന കഥാപാത്രത്തെ നമുക്ക് പ്രതീക്ഷിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.