ദേഷ്യപ്പെടരുത് കോപം മറികടക്കാം

ജീവിതത്തില്‍ കാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ നടക്കാതെ വരുമ്പോഴും ഒരാള്‍ ഇഷ്ടപ്പെടാത്ത തരത്തില്‍ പെരുമാറുമ്പോഴും ഒക്കെ ദേഷ്യം മനസില്‍ നിന്ന് മറനീക്കി പുറത്തു വരുന്നു. മനസിനെ മുറിപ്പെടുത്തിയ സംഭവം ചിലപ്പോള്‍ വളരെ നിസാരമായ ഒന്നാകാം. അല്ലെങ്കില്‍ ഗൗരവതരമായ പ്രശ്‌നമാകാം.

മനസിന് അപ്രിയമാകുന്ന സംഭവങ്ങളോടുള്ള സ്വാഭാവിക പ്രതികരണമാണ് കോപം. ജീവിതത്തില്‍ കാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ നടക്കാതെ വരുമ്പോഴും ഒരാള്‍ ഇഷ്ടപ്പെടാത്ത തരത്തില്‍ പെരുമാറുമ്പോഴും ഒക്കെ ദേഷ്യം മനസില്‍ നിന്ന് മറനീക്കി പുറത്തു വരുന്നു.

മനസിനെ മുറിപ്പെടുത്തിയ സംഭവം ചിലപ്പോള്‍ വളരെ നിസാരമായ ഒന്നാകാം. അല്ലെങ്കില്‍ ഗൗരവതരമായ പ്രശ്‌നമാകാം.

എന്തുതന്നെയായാലും അതിന്റെ പേരില്‍ കോപിക്കുമ്പോള്‍ ആ വേദന ഇല്ലാതാകുന്നില്ല. മറിച്ച് ചുറ്റുമുള്ളവരിലേക്കു കൂടി ആ വേദനയുടെ ഒരംശം പ്രസരിക്കുന്നു. ദേഷ്യം തണുത്ത് മനസ് സ്വസ്ഥമാകുമ്പോള്‍ മനസിനെ കുറ്റബോധം വേട്ടയാടും.

പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കാന്‍ കഴിയില്ലല്ലോ എന്ന വിഷമം മനസിനെ അലട്ടും. ജീവിതത്തില്‍ ഇത്തരത്തില്‍ ഒരവസ്ഥയിലൂടെ കടന്നു പോകാത്തവര്‍ ചുരുക്കമാണ്. ദേഷ്യം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബന്ധങ്ങള്‍ മുറിഞ്ഞു പോകുകയും ജീവിതം സംഘര്‍ഷഭരിതമാകുകയും ചെയ്യും.

ഒരു പൊതുമേഖലാസ്ഥാപനത്തില്‍ ഉദ്യോഗസ്ഥനാണ് പ്രദീപ്. കുടുംബവുമൊത്ത് തിരുവനന്തപുരത്ത് താമസിക്കുന്നു. ജോലിയില്‍ മിടുക്കനായ, സത്യസന്ധനായ ഒരു ചെറുപ്പക്കാരന്‍. നല്ല സാമ്പത്തികനിലയിലുള്ള കുടുംബം.

പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നും ആ കുടുംബത്തില്‍ ഇല്ലെങ്കിലും ഒരു ദിവസം അദ്ദേഹത്തിന്റെ ഭാര്യ എന്നെ കാണാന്‍ വന്നു. പ്രദീപ് വെറുതെ ആളുകളുമായി വഴക്കിടുന്നുവെന്നായിരുന്നു അവരുടെ പരാതി.

പല ബന്ധുക്കളും പ്രദീപിന്റെ സ്വഭാവത്തെ പറ്റി മുന്‍പും പരാതിപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ അത് കാര്യമായെടുത്തിരുന്നില്ല. എന്നാല്‍ അടുത്തിടെ നടന്ന ഒരു വിവാഹച്ചടങ്ങിനിടെ പ്രദീപ് ഒരാളോട് കയര്‍ത്തു സംസാരിക്കുകയും അത് കുടുംബത്തിനകത്ത് ചര്‍ച്ചാവിഷയമാകുകയും ചെയ്തപ്പോഴാണ് അവര്‍ എന്റെ അടുക്കലെത്തിയത്.

എന്നാല്‍ പ്രദീപുമായി സംസാരിച്ചപ്പോള്‍ അയാള്‍ ഇക്കാര്യം അംഗീകരിച്ചില്ല. പകരം തന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാനാണ് അയാള്‍ ശ്രമിച്ചത്.

കൂടുതല്‍ സംസാരിച്ചപ്പോള്‍ താന്‍ മനഃപൂര്‍വം ഒരു പ്രശ്‌നം ഉണ്ടാക്കുന്നതല്ലെന്നും ദേഷ്യം വരുമ്പോള്‍ ആ സമയത്തെ മനോനില അനുസരിച്ച് പ്രതികരിക്കുന്നതാണെന്നും അയാള്‍ പറഞ്ഞു. ദേഷ്യത്തിന്റെ പുറത്ത് പറഞ്ഞതൊക്കെ തെറ്റായി പോയെന്ന് പിന്നീട് തോന്നാറുണ്ട്.

എങ്കിലും ആ വ്യക്തിയെ പിന്നെ അഭിമുഖീകരിക്കാന്‍ മടി തോന്നും. അതിനാല്‍ അയാളില്‍ നിന്ന് അകലം പാലിക്കും-ഇതായിരുന്നു പ്രദീപ് ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ ജോലിസ്ഥലത്തും കുടുംബത്തിലും അയാള്‍ക്ക് സുഹൃത്തുക്കള്‍ കുറവായിരുന്നു.

ദേഷ്യം വരുമ്പോള്‍ മനസിന്റെ നിയന്ത്രണം കൈവിട്ടു പോകുകയും അപ്പോള്‍ അരുതാത്തതൊക്കെ വിളിച്ചു പറയുകയും ചെയ്യുന്നതായിരുന്നു അയാളുടെ രീതി. അതു മനസിലാക്കിയിട്ടും തിരുത്താന്‍ യാതൊരു ശ്രമവും അയാളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല.

ഇക്കാര്യം അയാളെ പറഞ്ഞു ബോധ്യപ്പെടുത്തി. ഇതോടെ അറ്റുപോയ ബന്ധങ്ങള്‍ പുതുക്കാനും പറ്റിയ തെറ്റില്‍ ക്ഷമ പറയാനും പ്രദീപ് ഉത്സാഹം കാണിച്ചു. ദേഷ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ മനസിനെ നിയന്ത്രിക്കാന്‍ അയാള്‍ ശീലിച്ചു. അതോടെ പ്രദീപിന്റെ സുഹൃത്തുക്കളുടെ പട്ടികയിലെ എണ്ണം വര്‍ധിച്ചു.

എടുത്തുചാട്ടം വേണ്ട

ക്രോധം മനസിനെ കീഴടക്കുമ്പോള്‍ ഒരു വ്യക്തിക്ക് വിവേകപൂര്‍ണമായി ചിന്തിക്കാനുള്ള കഴിവ് തീര്‍ത്തും നഷ്ടപ്പെടുന്നു. മനസ് പൂര്‍ണമായും ദേഷ്യത്തിന് കാരണമായ സംഗതിയില്‍ അല്ലെങ്കില്‍ വ്യക്തിയില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്നു. ഈ മനോനിലയിലൂടെ കടന്നു പോകുന്ന വ്യക്തി ഏതുതരത്തില്‍ പ്രതികരിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല.

ചിലപ്പോള്‍ അരുതാത്ത വാക്കുകള്‍ വിളിച്ചു പറഞ്ഞെന്നിരിക്കാം. അല്ലെങ്കില്‍ ക്രോധത്തിന്റെ പാരമ്യത്തില്‍ ശാരീരിക ആക്രമണത്തിന് മുതിര്‍ന്നേക്കാം. എന്നാല്‍ ഇതൊന്നും ആ വ്യക്തി കരുതിക്കൂട്ടി ചെയ്യുന്നതല്ല. ദേഷ്യം മനോനില തെറ്റിക്കുമ്പോള്‍ ഉള്ളില്‍ നിന്ന് അയാള്‍ പോലും അറിയാതെ ഉണ്ടാകുന്ന പ്രതികരണമാണ് ഇത്.

എന്നാല്‍ ദേഷ്യത്തിന് അടിമപ്പെട്ട വ്യക്തിയുടെ പ്രതികരണത്തിന് ഇരയാകുന്ന ആള്‍ക്ക് ഇത് മനസിലാക്കാനോ ക്ഷമിക്കാനോ ഉള്ള മാനസികാവസ്ഥ ഉണ്ടാകണമെന്നില്ല. അയാള്‍ അതേ നാണയത്തില്‍ തിരിച്ചു മറുപടി കൊടുക്കാന്‍ തുനിഞ്ഞെന്നിരിക്കാം.

അങ്ങനെ വരുമ്പോള്‍ പിന്നീടൊരിക്കലും കൂട്ടിയിണക്കാന്‍ കഴിയാത്ത വിധം ആ ബന്ധം മുറിഞ്ഞു പോകുന്നു. കോപം മനസിനെ കീഴടക്കുമ്പോള്‍ എടുത്തുചാടി പ്രതികരിക്കാതെ ഇരിക്കുക എന്നതു മാത്രമാണ് ഇതില്‍ നിന്ന് രക്ഷപെടാനുള്ള പോംവഴി. ഒരു നിമിഷം മനസിനെ ശൂന്യമാക്കുക. എന്താണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് ചിന്തിക്കാന്‍ ശ്രമിക്കുക.

മനസിനെ പഴയ അവസ്ഥയിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുക. മനസ് ശാന്തമാകുന്നില്ലെന്നു കണ്ടാല്‍ മൗനം പാലിക്കുക. എല്ലാ കാര്യങ്ങളോടും ഉടനടി പ്രതികരിക്കണമെന്ന് നിര്‍ബന്ധമില്ല.

എടുത്തുചാടി പ്രതികരിച്ച് പിന്നീട് ജീവിതകാലം മുഴുവന്‍ ഒരു കുറ്റബോധം മനസില്‍ കൊണ്ടുനടക്കുന്നതിലും എത്രയോ നല്ലതാണ് ഒരു നിമിഷത്തെ മൗനമെന്ന് തിരിച്ചറിയുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading