ഫാ. ടോമിന് പിന്നാലെ ഫിലിപ്പീന്‍സില്‍ ബന്ധിയാക്കപ്പെട്ട വൈദികനും മോചനം

മനില: ഫാ. ടോം മോചിതനായി ഒരാഴ്ച കഴിയും മുന്‍പ് ക്രൈസ്തവര്‍ക്ക് പുതിയ പ്രത്യാശ നല്‍കികൊണ്ട് ഫിലിപ്പീന്‍സ് വൈദികൻ ഫാ. ചിട്ടോ സുഗനോബും മോചിതനായി. ഐസിസ് അനുകൂല തീവ്രവാദി സംഘടനയായ അബുസയ്യഫ് മെയ് അവസാനവാരത്തിലാണ് വൈദികനെ തട്ടിക്കൊണ്ട് പോയത്. ഞായറാഴ്ച (17/09/2017) ഫിലിപ്പീന്‍സ് പട്ടാളം തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിന് ഒടുവിലാണ് ഫാ. ചിട്ടോ മോചിതനായത്.

വൈദികന്‍ സുരക്ഷിതനായിരിക്കുന്നുവെന്നും മാറാവിയില്‍ ജിഹാദികള്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും ഫിലിപ്പീന്‍സ് പ്രസിഡന്‍റ് വക്താവ് മാധ്യമങളോട് പറഞ്ഞു. നേരത്തെ യെമനില്‍ ബന്ധിയാക്കപ്പെട്ടിരിന്ന ഫാ. ടോമിന് സമാനമായി ഫാ. ചിട്ടോ സുഗനോബിന്റെയും സഹായമഭ്യർത്ഥിക്കുന്ന വീഡിയോ ഭീകരർ പുറത്തുവിട്ടിരിന്നു. തീവ്രവാദികൾക്കു നേരെയുള്ള സൈനികാക്രമണം അവസാനിപ്പിക്കാത്ത പക്ഷം താനടക്കമുള്ള തടവുകാരെ വധിക്കുമെന്നാണ് ഫാ. ചിട്ടോ അന്നു പറഞ്ഞത്.

മാറാവി നഗരത്തിലെ സെന്‍റ് മേരീസ് കത്തോലിക്ക കത്തീഡ്രൽ ദേവാലയം കൈയടക്കിയാണ് ഫാ. ചിട്ടോയേയും പത്തോളം ക്രൈസ്തവ വിശ്വാസികളെയും തീവ്രവാദികളുടെ സംഘം തട്ടിക്കൊണ്ട് പോയത്. നൂറ് ദിവസത്തോളം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ഇക്കഴിഞ്ഞ മാസാവസാനമാണ് കത്തീഡ്രല്‍ ദേവാലയം ഫിലിപ്പീന്‍സ് സൈന്യം തിരിച്ചുപിടിച്ചത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.