ഭാവന:റിപ്പ് വാന്‍ വിങ്കിള്‍

ജോഷി കുര്യന്‍

റിപ്പ് വാന്‍ വിങ്കിളിന്‍റെ കഥ നമുക്കേവര്‍ക്കും അറിയാവുന്നതാണ്. വനത്തില്‍ വെച്ച് കണ്ടു മുട്ടിയ കള്ളന്മാര്‍ നല്‍കിയ വീഞ്ഞു കുടിച്ചു റിപ്പ് വാന്‍ വിങ്കിള്‍ 20 വര്‍ഷം നീണ്ട ഉറക്കത്തിലേക്ക് വഴുതി വീണു. 20 വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ നാട്ടില്‍ തിരികെ എത്തുമ്പോള്‍ അവിടമാകെ മാറിപ്പോയിരുന്നു. (https://en.wikipedia.org/wiki/Rip_Van_Winkle) റിപ്പ് വാന്‍ വിങ്കിള്‍ ഒരു വിശ്വാസിയായിരുന്നെങ്കില്‍ ആ കഥ എങ്ങനെയിരുന്നേനെ എന്നുള്ളൊരു നര്‍മ്മ ഭാവനയാണിത്‌.

20 വര്‍ഷങ്ങള്‍ക്കു മുന്‍പ് സഭായോഗത്തില്‍ ഒരു പാസ്റ്റര്‍ പ്രസംഗിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ സഭയിലിരുന്ന്‍ ഉറങ്ങിപ്പോയ റിപ്പ് വാന്‍ വിങ്കിള്‍, ഉറക്കത്തില്‍ നിന്നുണര്‍ന്നു ചുറ്റുപാടും നോക്കി. സഭാഹാളിനു കുറെയേറെ മാറ്റം സംഭവിച്ചിരിക്കുന്നു. എ.സിയില്‍ നിന്നുള്ള തണുപ്പ്‌ മുറിയില്‍ അരിച്ചിറങ്ങുന്നുണ്ട്. എല്ലാ കസേരകളുടെ അടുത്തും മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യുവാനുള്ള പ്ലഗും മൈക്ക് സ്റ്റാന്റും ഉണ്ടായിരുന്നു.

ഒരാള്‍ പുള്‍പിറ്റില്‍ നിന്നു കൊണ്ട് പ്രസംഗിക്കുന്നുണ്ടായിരുന്നു. അത് ഒരു പാസ്റ്ററാണെന്ന്‍ റിപ്പ് വാന്‍ വിങ്കിള്‍-ന് മനസ്സിലായി.പക്ഷേ ആ പ്രസംഗം കേള്‍ക്കാന്‍ ഹോളിനുള്ളില്‍ ആരും തന്നെ ഇല്ലായിരുന്നു.

“വിശ്വാസികളെല്ലാം എവിടെ?”പ്രസംഗം തീര്‍ന്നപ്പോള്‍ റിപ്പ് വാന്‍ വിങ്കിള്‍ പാസ്റ്ററോടു ചോദിച്ചു. “അവര്‍ പുറത്തുള്ള വീടുകളിലുണ്ട്.”പാസ്റ്ററിന്‍റെ മറുപടി കേട്ട് പുറത്തേയ്ക്ക് നോക്കിയ റിപ്പ് വാന്‍ വിങ്കിള്‍ അവിടെ ഒരു വലിയ ഫ്ലാറ്റ് കണ്ടു. “ഇതേതാണീ കെട്ടിടം?”അയാള്‍ ചോദിച്ചു.

“സഭയ്ക്കു കുറച്ചു സ്ഥലമുണ്ടായിരുന്നതു കൊണ്ട് വിശ്വാസികള്‍ അവിടെയൊരു ഫ്ലാറ്റ് പണിതു താമസമാരംഭിച്ചു.” പാസ്റ്റര്‍ പറഞ്ഞു. “എന്നിട്ടും ആരും സഭായോഗത്തിനു ഇതു വരെ വരാത്തതെന്താ?” അയാള്‍ ചോദിച്ചു. “അരമണിക്കൂറിന് ശേഷം ജനറല്‍ ബോഡിയ്ക്ക് കുറച്ച് പേര്‍ വരും.” പാസ്റ്റര്‍ പറഞ്ഞു.

“എല്ലാ ആഴ്ചയിലും ജനറല്‍ ബോഡി മീറ്റിംഗ് ഉണ്ടോ?എന്താണ് അജണ്ട?” അത്ഭുതത്തോടെ റിപ്പ് വാന്‍ വിങ്കിള്‍ ചോദിച്ചു. “സഭയുടെ ഏതൊക്കെ വസ്തുവകകള്‍ അടുത്തയാഴ്ച വില്‍ക്കണമെന്നും, ആ പണം ആരൊക്കെ വീതിച്ചെടുക്കണമെന്നും തീരുമാനിക്കാന്‍.” പാസ്റ്റര്‍ പറഞ്ഞു. അപ്പോഴേക്കും സഭാഹാളിലേക്ക് ഒരു സഹോദരി കയറി വന്നു.

“പാസ്റ്റര്‍. ഞാനും ഭര്‍ത്താവും അടുത്തയാഴ്ച മുതല്‍ ഈ സഭയില്‍ ചേരുകയാണ്.” അവര്‍ പറഞ്ഞു. “നിങ്ങള്‍ ഇത്രയും നാള്‍ വേറെ സഭയില്‍ അല്ലായിരുന്നോ? എന്ത് കൊണ്ട് ഇപ്പോള്‍ ഈ സഭയിലേക്കു വരുന്നത്?”പാസ്റ്റര്‍ ചോദിച്ചു. “എന്‍റെ ഭര്‍ത്താവിനെ ആ സഭയില്‍ നിന്നു മുടക്കി.” അവര്‍ പറഞ്ഞു.

“എന്താ കാരണം?” പാസ്റ്റര്‍ ചോദിച്ചു. “പൊതുയോഗം കഴിഞ്ഞപ്പോള്‍ സഭയിലെ ഒരു കസേര തള്ളിയിട്ടതിന്.” അവര്‍ പറഞ്ഞു. “ഒരു കസേര തള്ളിയിട്ടതിനോ?” പാസ്റ്റര്‍ അത്ഭുതത്തോടെ ചോദിച്ചു. “അതു പിന്നെ പാസ്റ്റര്‍, മറിച്ചിട്ട ആ കസേരയില്‍ സഭയുടെ സെക്രട്ടറി ഇരിപ്പുണ്ടായിരുന്നു.”

അപ്പോഴേക്കും സഭാഹാളിന്‍റെ കവാടത്തിലൂടെ എട്ടുപത്തു പേര്‍ ഉള്ളിലേക്കു വന്നു. “പൊതുയോഗം തുടങ്ങാറായി. വരൂ.നമുക്ക് പുറത്തേയ്ക്കിറങ്ങാം.”പാസ്റ്റര്‍ റിപ്പ് വാന്‍ വിങ്കിളിനോടു പറഞ്ഞു. “അവരാരാണ്?” റിപ്പ് വാന്‍ വിങ്കിള്‍ ചോദിച്ചു. “മുന്‍പില്‍ വരുന്നത് ബിഷപ്പ്. കൂടെ ഉള്ളത് ബില്‍ഡിംഗ്‌ കമ്മിറ്റി കണ്‍വീനറും, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറുമാണ്. മറ്റുള്ളവര്‍ കമ്മിറ്റിയംഗങ്ങള്‍.” പാസ്റ്റര്‍ പറഞ്ഞു. “താങ്കള്‍ ഈ കമ്മിറ്റിയില്‍ അംഗം അല്ലെ?” അദ്ദേഹം പാസ്റ്ററോട് ചോദിച്ചു. “അല്ല.” പാസ്റ്റര്‍ പറഞ്ഞു.

“പാസ്റ്റര്‍.” ബിഷപ്പ് ദേഷ്യത്തോടെ വിളിച്ചു. “ജനറല്‍ ബോഡി തുടങ്ങാന്‍ പോവുകയാണ്. നിങ്ങളും കൂട്ടുകാരനും ഇവിടെ നിന്നു ഇറങ്ങണം.”

“നിങ്ങള്‍ പോയികൊള്ളൂ പാസ്റ്റര്‍. ഞാന്‍ എന്‍റെ കസേരയില്‍ പോയിരുന്നു ഒരു 20 വര്‍ഷം കൂടി ഉറങ്ങട്ടെ.” റിപ്പ് വാന്‍ വിങ്കിള്‍ പറഞ്ഞു.

റിപ്പ് വാന്‍ വിങ്കിളും പാസ്റ്ററും സഭയില്‍ നിന്നിറങ്ങി പുറത്തേക്കു നടന്നു. എതിരെ ഒരാള്‍ തലയില്‍ ഒരു കസേരയും ചുമന്നു കൊണ്ട് വരുന്നുണ്ടായിരുന്നു. “ജനറല്‍ ബോഡി തുടങ്ങിയോ?” അയാള്‍ പാസ്റ്ററോട് ചോദിച്ചു. “ഇല്ല, തുടങ്ങാന്‍ പോകുന്നതേയുള്ളൂ.” പാസ്റ്റര്‍ പറഞ്ഞു. അയാള്‍ നടന്നു നീങ്ങി. “ഇതെന്താ പാസ്റ്റര്‍?” റിപ്പ് വാന്‍ വിങ്കിള്‍ ചോദിച്ചു. “അദ്ദേഹത്തിന് സഭയില്‍ ഒരു സ്ഥാനം വേണം. സ്വന്തം കസേരയാകുമ്പോള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി മാറി കൊടുക്കേണ്ട ആവശ്യം വരില്ലല്ലോ.” പാസ്റ്റര്‍ പറഞ്ഞു.

“താങ്കള്‍ എന്‍റെ കൂടെ പോരൂ.” പാസ്റ്റര്‍ പറഞ്ഞു. “അല്ല, ഈ ഹാളിനെന്താ കുഴപ്പം?” റിപ്പ് വാന്‍ വിങ്കിള്‍ ചോദിച്ചു. “അവര്‍ ഈ സഭാ ഹാള്‍ വില്‍ക്കുവാന്‍ പോവുകയാണ്.” പാസ്റ്റര്‍ പറഞ്ഞു. “നിങ്ങള്‍ കുറച്ചു മുന്‍പ് കേട്ടത് എന്‍റെ അവസാനത്തെ പ്രസംഗമാണ്. അടുത്ത ആഴ്ച ഇവിടെ ഒരു ഷോപ്പിംഗ്‌ കോംപ്ലക്സിന്‍റെ പണി ആരംഭിക്കുകയാണ്.” പാസ്റ്റര്‍ പറഞ്ഞു. “ദൈവം ഇതെല്ലാം കാണുന്നുണ്ടോ?”

“ഉവ്വ്, പാസ്റ്റര്‍.” റിപ്പ് വാന്‍ വിങ്കിള്‍ പറഞ്ഞു. “യെശയ്യാവ്, യിരെമ്യാവ്, യെഹെസ്ക്കേല്‍ തുടങ്ങിയവരുടെ വചനങ്ങള്‍ ശ്രദ്ധിക്കുക.”

“ആരാണാവര്‍?” പാസ്റ്റര്‍ ചോദിച്ചു. “പ്രവാചകന്മാര്‍, ദൈവത്തിനു മനുഷ്യര്‍ ഈ കാണിക്കുന്നതിനോടെല്ലാം എന്ത് തോന്നുന്നു എന്ന് പറയുന്നവര്‍.”

പാസ്റ്റര്‍ റിപ്പ് വാന്‍ വിങ്കിള്‍നോട് ചോദിച്ചു – “താങ്കളും ഒരു പ്രവാചകന്‍ ആണോ?” അപ്പോഴേക്കും റിപ്പ് വാന്‍ വിങ്കിള്‍ വീണ്ടും ഉറങ്ങാന്‍ തുടങ്ങിയിരുന്നു.

 

— പി.വൈ.പി.എ കോട്ടയം നോര്‍ത്ത് സെന്റര് ക്യാമ്പ്‌ Revive 2007-ല്‍ അവതരിപ്പിച്ച ഭാവന.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.