പ്രതിസന്ധിയിൽ തളരാതെ – ഗ്ലാഡിസ് സ്റ്റെയിൻസ്
ബിനു ജോസഫ് വടശേരിക്കരയുമായുള്ള അഭിമുഖം
ടൗൺസ്‌വിൽ, ഓസ്ട്രേലിയ: സുവിശേഷ വിരോധികൾ കശക്കി എറിഞ്ഞ രണ്ട് ജീവിതങ്ങൾ. ഇന്ത്യൻ ക്രൈസ്തവരുടെ ഉള്ളിൽ ഇന്നും ഒരു കറുത്ത പൊട്ടായി ശേഷിക്കുന്നവർ. കഴിഞ്ഞ 17-ലധികം വർഷങ്ങളായി ദൈവം അവരെ നടത്തുന്ന അത്ഭുത വഴികൾ. ഇന്ത്യൻ മണ്ണിൽ എരിഞ്ഞടങ്ങിയ ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും വേർപ്പാടിൽ പകച്ചുപോയ ഗ്ലാഡിസിനെയും മകൾ എസ്തേറിനെയും കുറിച്ചുള്ള ചില കുറിപ്പുകൾ.
1999 ജനുവരി 23 ഇന്ത്യൻ ക്രിസ്ത്യൻ ചരിത്രത്തിലെ ഒരു കറുത്ത ദിനമാണ്.- ഏകദേശം 17 – വർഷങ്ങൾക്ക് മുമ്പുള്ള അന്നാണ് ഒറിസയിലെ മയൂർ ബഞ്ച് കേന്ദ്രമാക്കി സുവിശേഷ പ്രവർത്തനങ്ങൾക്കും കുഷ്ഠരോഗ ആശുപത്രിക്കും നേതൃത്വം നൽകിയിരുന്ന ആസ്ത്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസും മക്കളായ ഫിലിപ്പും തിമൊത്തിയും സുവിശേഷ വിരോധികളാൽ കത്തിച്ച ചാമ്പലാക്കപ്പെട്ടത്. അവശേഷിച്ചത് ഭായ്യയായ ഗ്ലാഡിസ് സ്റ്റെയിൻസും മകൾ എസ്ഥേറും ഒപ്പം ഒരു മിഷനറിയുടെ ഭാവി സ്വപ്നങ്ങളും.
ചില നാളുകൾ പത്രവാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ഗ്രഹാം കൊലപാതക വാർത്തകൾ കെട്ടടങ്ങി. എന്നാൽ ഇന്നും ഒരു നെരിപ്പോടു പോലെ കത്തുന്ന ഓർമ്മകളുമായി രണ്ട് പേർ ഓസ്ട്രേലിയയിലെ ടൗൺസ് വിലയിൽ ഉണ്ട്. അത് ഭാര്യ ഗ്ലാഡിസും മകൾ എസ്തേറുമാണ്.
2016 ജൂൺ മാസത്തിൽ ഞാൻ ഓസ്ട്രേലിയയിലേക്ക് യാത്ര തിരിക്കുമ്പോൾ എന്റെ ഓർമ്മയിൽ വന്ന ആദ്യ വ്യക്തിത്വവും ഇന്ത്യൻ മണ്ണിൽ കത്തിയമർന്ന ഗ്രഹാം തന്നെയായിരുന്നു. പാസ്റ്റർ എബ്രഹാം തോമസ് നേതൃത്യം നൽകുന്ന സിഡ്‌നി പെന്തക്കോസ്തൽ ചർച്ചിന്റെ വി. ബി. എസ്സും ക്യാമ്പുമായിരുന്നു എൻ്റെ ലക്ഷ്യം. സിഡ്നിയിൽ നിന്ന് 3 മണിക്കൂർ വിമാനമാർഗ്ഗം യാത്ര ചെയ്ത് ടൗൺസ്‌വില്ലിൽ എത്തിയപ്പോൾ ഇമ്മാനുവേൽ പെന്തക്കോസ്ത് ചർച്ച് പാസ്റ്റർ സജി മോൻ എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹമാണ് ഗ്രഹാം സ്റ്റെയിൻസിന്റെ ഭാര്യ ഗ്ലാഡിസ് അവിടെ സമീപത്താണ് താമസിക്കുന്നത് എന്ന് പറഞ്ഞത്. അപ്പോൾ തന്നെ അവരെ നേരിൽ കാണാനുള്ള ആഗ്രഹം ഞാൻ പ്രകടിപ്പിച്ചു. അങ്ങനെയാണ് ജൂലൈ 7 ന് ആ മഹത് വനിതയെ നേരിൽ കാണുവാൻ ഇടയായത്. ആ കൂടി കാഴ്ച ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നതായിരുന്നു.
സ്വന്തം ജീവിതത്തെ കുറിച്ച് ചില വാക്കുകൾ.
പoനശേഷം ഇന്ത്യയിലെ സുവിശേഷ പ്രവർത്തനങ്ങൾക്കായി എത്തുമ്പോൾ 20-വയസായിരുന്നു പ്രായം. ഇന്ത്യയിൽ വെച്ചാണ് ഗ്രഹാമിന് കണ്ടുമുട്ടുന്നത് അദ്ദേഹം 1986- മുതൽ ഒറിസയിലെ ലെപ്രസി ആശുപത്രിയിൽ പ്രവർത്തിച്ച് സുവിശേഷീകരണ പ്രവർത്തനങ്ങളിൽ വ്യാപ്യതനായിരുന്നു. 1983-ലാണ് ഗ്രഹാം സ്റ്റെയിൻസുമായുള്ള വിവാഹം നടക്കുന്നത്. തുടർന്നുള്ള നാളുകളിൽ മയൂർബഞ്ചിലെ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. 20 വർഷം കൊണ്ട് ഒറിയ ഭാഷയും അല്പം സന്താളിയും പഠിച്ചു. ഇൻഡ്യൻ സംസ്കാരവും ആഹാരരീതികളും ജീവിത ഭാഗമായി. കൂടുതൽ സമയങ്ങളിലും ആശുപത്രിയിലെ രോഗികളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തി.
ജീവിതത്തിൽ നേരിട്ട അത്യാഹിതത്തെക്കുറിച്ച് ചിലവാക്കുകൾ.
17 വർഷങ്ങൾക്ക് മുമ്പ് ഒരു രാത്രിയിലാണ് സുവിശേഷികരണ പ്രവർത്തനങ്ങൾക്ക് ശേഷം സ്വന്തം വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്ന എന്റെ ഭർത്താവിനെയും മക്കളെയും ചില സുവിശേഷ വിരോധികൾ അഗ്നിക്ക് ഇരയാക്കിയത്. കാലം മുറിവിനെ ഉണക്കും എന്നാണ് പറയാറുള്ളതെങ്കിലും എന്റെ ഹൃദയത്തിന്റെ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. ഓരോ ദിവസങ്ങൾ കഴിയുതോറും ദുഃഖം ഏറി വരികയാണ്. നിത്യതയുടെ പ്രത്യാശയാണ് ഹൃദയത്തിൽ ഉള്ളത്.
ഇപ്പോൾ എന്തു ചെയ്യുന്നു?
മകൾ എസ്തേറിനും കുടുംബത്തിനുമൊപ്പം താമസിച്ച് ക്വിൻസ്ലാൻഡിലെ ഒരു ആശുപത്രിയിൽ നേഴ്സായി ജോലി നോക്കുകയും ഒറിസയിലെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ കണ്ടെത്തുകയും മറ്റുള്ളവർക്ക് ഇത് പരിചയപ്പെടുത്തുകയും ചെയ്യുന്നു.
മകളുടെ കുടുംബത്തെക്കുറിച്ച്?
മകൾ എസ്തേറും ഭർത്താവും മെഡിക്കൽ ഡോക്ടറുമാരാണ്. നാലും രണ്ടും വയസ്സുള്ള രണ്ട് കുട്ടികൾ അവർക്കുണ്ട്. എസ്തേർ ഇന്ത്യയിൽ ജനിച്ചതിനാൽ അവൾക്ക് ഇന്ത്യൻ പൗരത്വം ഉണ്ട്.
എങ്ങനെയാണ് ദുഃഖകരമായ സാഹചയ്യങ്ങൾ നേരിട്ടത്?
മാനസികമായി തകർന്ന സാഹചയ്യങ്ങളിൽ ദൈവമാണ് എന്നെ നിലനിർത്തിയത്.ആ ദൈവം കൂടെയുള്ളതിനാൽ നാളെയെക്കുറിച്ച് ഭാരം തെല്ലുമില്ല. ഭർത്താവിന്റെയും മക്കളുടെയും മരണശേഷം അഞ്ചര വർഷം കൂടെ ഒറിസയിലെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. പ്രായമായ മാതാവിനെ ശുശ്രൂഷിക്കാൻ ആണ് ഓസ്ട്രേലിയയിലേക്ക് മടങ്ങിപോന്നത്.
(കുറ്റക്കാരനായ ധാരാ സിംഗിനെ കോടതി ശിക്ഷിച്ചപ്പോൾ ഗ്ലാഡിസ് പറഞ്ഞത് തന്റെ ഭർത്താവിന്റെയും മക്കളുടെയും ഘാതകരോട് ഹൃദയംഗമായി ക്ഷമിക്കുന്നു എന്നാണ്. ഇത് പലരുടെയും ഹൃദയങ്ങളെ കീറിമുറിച്ചു, ഒപ്പം ഈ സ്ത്രീരത്നത്തിന്റെ അംഗീകാരവും ഉയർന്നു.)
ഇന്ത്യയിലേക്ക് മടങ്ങി വരുന്നതിനെക്കുറിച്ച്?
എന്റെ മാത്യരാജ്യം പോലെയാണ് എനിക്ക് ഇന്ത്യ. ഇൻഡ്യയെയും ഇന്ത്യക്കാരെയും ഞാൻ വളരെ സേനഹിക്കുന്നു. 20 വർഷം കൊണ്ട് ഞാൻ ഇന്ത്യയിലെ പലതും പഠിച്ചു. ഇന്ത്യയിൽ വന്ന് തുടർ സേവനം ചെയ്യുവാൻ പല നിയമ തടസങ്ങൾ മുന്നിലുണ്ട്. ഞാൻ ഒരു ഓസ്ട്രേലിയൻ പൗരയാണ് .
ഭർത്താവിനെക്കുറിച്ചുള്ള ചില ഓർമ്മകൾ
24 വയസ്സുള്ളപ്പോഴാണ് ഗ്രഹാം ഇൻഡ്യയിലേക്ക് സുവിശേഷ പ്രവർത്തനങ്ങൾക്കായി കടന്നു വന്നത്. ഒറീസയിലെ മയൂർബഞ്ചിലെ കുഷ്ഠരോഗാശുപത്രി 1896-ൽ ഓസ്ട്രേലിയൻ മിഷനറിമാർ ആരംഭിച്ചതാണ് . അവിടേക്കാണ് താൻ ആദ്യമായി എത്തിയത് . കൂടാതെ IEM പ്രവർത്തനവുമായി ചേർന്ന് സുവിശേഷ പ്രവർത്തനങ്ങളിലും താൻ വ്യാപൃതനായിരുന്നു. കർത്താവിനായി തന്നാലാവോളം ഓടിയ ഒരാളായിരുന്നു ഗ്രഹാം.
ഫിലിപ്പ് ,തിമൊത്തി എന്നീ മക്കളെക്കുറിച്ച്?
ഒരു മാതാവിനും താങ്ങാൻ കഴിയാത്ത ദുഃഖമാണ് എനിക്ക് ഇന്നും ഫിലിപ്പിനെയും തിമൊത്തിയെയും ഓർക്കുമ്പോൾ. അവർക്ക് കേവലം 7, 10 വയസായിരുന്നു വേർപ്പെട്ടുമ്പോൾ. പിതാവിനെ പോലെ ഒരു സുവിശേഷ വേലക്കാരൻ ആകാൻ ആയിരുന്നു ഫിലിപ്പിന്ആഗ്രഹം. സ്ക്കൂളിൽ പോകുമ്പോഴും ലഘുലേഖ വിതരണം ചെയ്യുന്നത് ഫിലിപ്പിന് താല്പര്യം ആയിരുന്നു. തിമൊത്തിയും ഫിലിപ്പും ജീവിച്ചിരുന്നെങ്കിൽ 30 നടുത്ത് പ്രായം കണ്ടേനേം. പേർ വിളിക്കുന്ന നേരത്തിൽ ഇവരെയും കാണാം എന്ന പ്രതീക്ഷയാണ് ഈ മാതാവിന്റെ നുറുങ്ങുന്ന ഹൃദയത്തിലുള്ളത്.
പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരോടുള്ള സന്ദേശം?
ദൈവം അറിയാതെെ ഒന്നും സംഭവിക്കുന്നില്ല എന്ന ചിന്ത നമുക്ക് ആശ്വാസം പകരുന്നതാണ്. അതു കൊണ്ട് നാം ധൈര്യം ഏറ്റെടുക്കാം. (ഭർത്താവിന്റെയും രണ്ടു മക്കളുടെയും മൃതശരീരത്തിൻ മുമ്പിൽ നിന്നു കൊണ്ട് കർത്താവ് കരംപിടിച്ചിരിക്കുന്നതിനാൽ, നാളെയെക്കുറിച്ച് ആകൂലം ഇല്ല എന്നർത്ഥം ഉള്ള “because he lives I can face tomorrow” എന്ന ഇംഗ്ലീഷ് ഗാനം പാടിയ ധീരവനിതയാണ് ഗ്ലാഡിസ്.)
ഇന്ത്യയിലെ ക്രിസ്ത്യാനികളോടുള്ള സന്ദേശം.
പീഡനങ്ങളും പ്രതിസന്ധികളും ആദിമകാലം മുതലെ സഭയിൽ ഉണ്ടായിരുന്നു. പീഡനങ്ങളാണ് സഭയെ വളർത്തിയത്. ഇന്നും സഭ വളരുമ്പോൾ പീഡനങ്ങൾ വർദ്ധിക്കും. എന്നാൽ നാം ഭയപ്പെടേണ്ടതില്ല. കാരണം സഭ ദൈവത്തിന്റെതാണ്. പ്രതിസന്ധികളുടെ നടുവിലാണ് ഇന്ത്യൻ സഭ കടന്നു പോകുന്നത്., എന്നാൽ ആശങ്ക വേണ്ട, ദൈവമാണ് സകലത്തെയും നിയന്ത്രിക്കുന്നത്. ഇന്ത്യയിൽ ഞാൻ പ്രവർത്തിച്ച സമയങ്ങളിലും ഭീഷണിയും എതിർപ്പുകളും നേരിട്ടിടുണ്ട്. എന്നാൽ എനിക്ക് വിലപ്പെട്ട മക്കളെയും ഭർത്താവിനെയും ഇന്ത്യയിൽ ബലി അർപ്പിക്കേണ്ടി വന്നത് എന്നെ വളരെ തളർത്തി. എനിക്കറിയാം അവരുടെ മരണം അനേകർക്ക് ജീവൻ പകരാൻ മുഖാന്തിരമായി.
കേരളത്തിൽ ഒരു മീറ്റിംഗിനായി ക്ഷണിച്ചാൽ വരുമോ?
ഞാൻ ഒരു പ്രസംഗകയല്ല. കേരളത്തിൽ ചില മീറ്റിംഗികളിൽ ഞാൻ പ്രസംഗിച്ചിട്ടുണ്ട്. വരാനുള്ള നിയമ തടസ്സങ്ങൾ ഏറെയാണ്.
ധാരാസിംഗ് രക്ഷിക്കപ്പെട്ടു എന്ന വാർത്തയെ പറ്റി?
എന്റെ ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തുവാൻ മുമ്പിൽ നിന്ന ധാരാസിംഗ് രക്ഷിക്കപ്പെട്ടു എന്ന വാർത്ത എന്റെ കാതിലും എത്തിയപ്പോ ൾ സന്തോഷം തോന്നി. എന്നാൽ അത് വ്യാജമായിരുന്നു എന്ന് പിന്നീട് മനസിലാക്കി. അഥവ രക്ഷിക്കപ്പെട്ടിരുന്നെങ്കിൽ ആദ്യമേ വിളിച്ച് മാപ്പ് പറയേണ്ടതും എന്നോടല്ലേ? അദ്ദേഹം ജയിലിൽ തന്നെയാണെന്നാണ് ഞാൻ അറിഞ്ഞത്.
(സാമൂഹിക പ്രവർത്തനത്തിലും സുവിശേഷീകരണത്തിലും മുന്നിട്ട് നിന്ന ഗ്ലാഡിസ് സ്റ്റെറ്റയിൻസിന് ഇൻഡ്യ ഗവൺമെൻറ് പത്മശ്രീ അവാർഡ് നൽകി ആദരിച്ചു. 2015- ൽ മദർ തെരേസ മെമൊറിയൽ അവാർഡ് ഏറ്റുവാങ്ങി. അവസാനമായി ഇന്ത്യയിൽ എത്തിയതും ഇതിനായിട്ടാണ്).
ഏകദേശo 60- വയസിനു മുകളിൽ പ്രായം ഉണ്ടെങ്കിലും നേഴ്സായി ജോലി ചെയ്യുന്നതോടൊപ്പം ഒറിസയിലെ കുഷ്ഠരോഗാശുപത്രി പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്തുന്നു. ഒഴിവുവേളകളിൽ കൊച്ചു മക്കളോടൊപ്പം സമയം ചിലവഴിക്കുന്നു. പാസ്റ്റർ സജിമോന്റെ വീട്ടിൽ നിന്ന് പൂരിയും കറിയും കഴിച്ചപ്പോൾ പഴയ ഇന്ത്യൻ ഭക്ഷണത്തിന്റെ രുചി ഒന്നുകൂടെ ഓർത്തു. മാത്രമല്ല മകൾ എസ്തേറിനായി അനു ആൻറി നൽകിയ ഭക്ഷണ പൊതിയുമായി നടന്നു നീങ്ങുമ്പോൾ ഞങ്ങളുടെ കണ്ണുകൾ ഈറനഞ്ഞിരുന്നു.
വാൽക്കഷ്ണം:
“ജീവിതത്തിൽ നേരിട്ട പ്രതിസന്ധിയെ സധൈര്യം അതിജീവിച്ച ഒരു ധീരവനിതയാണ് ഗ്ലാഡിസ് സ്റ്റയിൻസ്. അവരുമായുള്ള കൂടിക്കാഴ്ച്ച ഞങ്ങൾക്ക് പുത്തനുണർവ്വ് പകർന്നു.
ജീവിതത്തിലെ നല്ലൊരു ആയുസ് ഇന്ത്യയിലെ സുവിശേഷീകരണത്തിന് മാറ്റി വെച്ച ഗ്ലാഡിസ് ഇന്നും തിരക്കിട്ട ജീവിതത്തിനുടമയാണ്”.