ദുരുപദേശങ്ങളെ വളരുവാന്‍ അനുവദിക്കുന്ന മുഖ്യധാരാ പെന്തകോസ്ത് സഭകൾ

പെന്തകോസ്ത് സമൂഹത്തിന് ഭീഷണിയായികൊണ്ടിരിക്കുന്ന ദുരുപദേശ- കള്‍ട്ട് പ്രസ്ഥാനങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന കാരണക്കാര്‍ മുന്‍നിര പെന്തകോസ്ത് സഭകളാണ് എന്ന് പറയാതിരിക്കുവാന്‍ തരമില്ല. മറ്റൊരര്‍ത്ഥത്തില്‍  മുന്‍നിര പെന്തകോസ്ത് സഭകളുടെ മൌനമാണ് ഇത്തരം ആഭാസ- പ്രതിഭാസങ്ങള്‍ ആത്മീയ ഗോളത്തില്‍ ആഴമായി വേരുറപ്പിക്കുവാന്‍ കാരണമായി ഭവിച്ചത്.

സഭകളിലെ ആത്മീയ ശോഷണം

മുഖ്യ ധാരാ പെന്തകോസ്ത് സഭകളിലെ ആത്മീയ മൂല്യശോഷണം കൂടുതല്‍ ദുരുപദേശകരെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. കൂടുതല്‍ പണത്തിനും  സ്ഥാനമാനങ്ങള്‍ക്കും പ്രശസ്തിക്കും പുറകെ പോകുന്ന നേതൃത്വത്തിന്‍റെ പിടിപ്പുകേടിന് വിലകൊടുക്കേണ്ടിവന്നത് പാവം വിശ്വസികളാണ്. ഇത്തരം ചെയ്തികള്‍ കണ്ട് മടുത്ത വിശ്വാസികള്‍ ചെന്നുപെട്ടത് ആത്മീയതയെ  കൂടുതല്‍  ഉയര്‍ത്തികാണിക്കുന്ന ദുരുപദേശകസമൂഹങ്ങളിലാണ്‌. ഇന്നത്തെ ന്യൂ ജനറേഷന്‍ ദുരുപദേശക സംഘങ്ങളെ നയിക്കുന്നവരില്‍ ഭൂരിഭാഗവും മുഖ്യധാരാ പെന്തകോസ്ത് സഭകളിലെ വിശ്വാസികകളാണ് എന്നതാണ് യാഥാര്‍ത്ഥ്യം.    പെന്തകോസ്ത് സഭകളിലെ കസേരകളികളും വൃത്തികെട്ട രാഷ്ട്രീയവും കണ്ട് മടുത്ത ജനങ്ങള്‍ ഇത്തരം നവ പ്രതിഭാസങ്ങളുടെ പുറകെ പോകുന്നതില്‍ ആരെയാണ് പഴിചാരുവാന്‍ കഴിയുന്നത്‌?

 

പ്രോസ്പിരിറ്റി പ്രസംഗകരുടെ വളര്‍ച്ച 

മുഖ്യ ധാരാ പെന്തകോസ്ത് സഭകള്‍ പണവും പത്രാസും ഉള്ളവരുടെ പുറകെ മാത്രം പോയപ്പോള്‍ ഒറ്റപെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്തത് ഭൂരിഭാഗം വരുന്ന സാധാരണ വിശ്വാസികളാണ്. പണക്കാര്‍ കൂടുതലും പണക്കാരായി മാറി.  ഇവരുടെ പാവകളായി  പെന്തകോസ്ത് നേതാക്കള്‍ മാറി. സഭകളുടെ പൂര്‍ണ്ണ നിയന്ത്രണം പൂര്‍ണ്ണമായും ഈ വിഭാഗത്തില്‍ അതിഷ്ട്ടിതമായി. പാവപെട്ടവരുടെ ധീനരോദനങ്ങള്‍ക്ക് വിലയില്ലാതായി.മാത്രമല്ല ജാതിയുടെ പേരില്‍ ഒറ്റപെടലുകള്‍ ഏറ്റുവാങ്ങിയ സമൂഹം മറ്റൊരു വശത്ത്‌. ഈ സാഹചര്യമാണ് ന്യൂ ജനറേഷന്‍ ദുരുപദേശക സംഘങ്ങളുടെ വളര്‍ച്ചയ്ക്ക് നിലം ഒരുക്കികൊടുത്തത്. നിങ്ങള്‍ വന്നാല്‍ മതി അനുഗ്രഹം നിങ്ങളുടെ പുറകെ വരും എന്ന് വാഗ്ദാനം നല്‍കി പ്രോസ്പിരിറ്റി പ്രസംഗകര്‍ ഇത്തരം പാവപെട്ട വിശ്വാസികളെ തങ്ങളിലേക്ക് അടുപ്പിച്ചു. ആഡംബര കാറുകളില്‍ വന്നിറങ്ങി പ്രസംഗിച്ചിട്ട് പോകുന്ന മുഖ്യധാരാ പെന്തകോസ്ത് നേതാക്കളെക്കാള്‍ വിശ്വാസികളുടെ ഇടയിലേക്ക് ഇറങ്ങിചെന്ന് അവരെ ആലിംഗനം ചെയ്തും അവരില്‍ ഒരാളെ പോലെ ആയി തീരാനും  ന്യൂ ജനറേഷന്‍ ദുരുപദേശക നേതാക്കള്‍ക്ക് കഴിഞ്ഞത് പാവപെട്ട വിശ്വാസികളുടെ ഇടയില്‍ ഇവരുടെ മതിപ്പ് വര്‍ധിപ്പിച്ചു. കടങ്ങള്‍ മാറിയ അനുഭവങ്ങളും രോഗങ്ങള്‍ മാറിയ പ്രസംഗങ്ങളും സാധാരക്കരെ  ന്യൂ ജനറേഷന്‍ ദുരുപദേശക കൂട്ടങ്ങളിലേക്ക് വലിച്ചടുപ്പിച്ചു. പണക്കാരും പാവപ്പെട്ടവനും ഒരേപോലെ അവര്‍ പരിഗണന കൊടുത്തതുകൊണ്ട്‌ രണ്ടുകൂട്ടര്‍ക്കും ഒരുപോലെ മാനസിക സംതൃപ്തി നേടികൊടുത്തു.

 

വചനം ശരിയായി പഠിപ്പിക്കുവാന്‍ കഴിയാത്തത്

മുഖ്യധാരാ പെന്തകോസ്ത് സഭകളില്‍ വചനം ശരിയായി പഠിപ്പിക്കുവാന്‍ കഴിയാത്തതാണ് ഇന്നത്തെ ദുരുപദേശകര്‍ക്ക് വളരുവാന്‍  മറ്റൊരു സാഹചര്യം ഒരുക്കപെട്ടത്‌. സഭകളില്‍ യഥാര്‍ത്ഥ  വചനം പഠിപ്പിക്കേണ്ടവര്‍ക്ക് എന്നും  ദര്‍ശനം അമേരിക്കയും ലണ്ടനും ഒക്കെ ആയി പോകുന്നു. ‘” മണി മേക്കിംഗ് പ്രീച്ചിംഗ് ” എന്ന ഒരു ലക്ഷ്യം മാത്രമായി മുഖ്യധാരാ പെന്തകോസ്ത് സഭകളിലെ പ്രസംഗകര്‍ തരംതാണ് പോകുന്നത് വളരെ വേദനാജനകമാണ്. പുതുതായി സഭകളില്‍ ആരും വിശ്വാസത്തിലേക്ക്  കടന്നു വരുന്നില്ല.. വരുന്നുണ്ട് എങ്കില്‍ തന്നെ ശരിയായ ഉപദേശങ്ങള്‍ അവരെ പഠിപ്പിക്കുന്നില്ല.അനുഗ്രഹവും ഉയര്‍ച്ചയും മാത്രം കേട്ട് ദൈവത്തെ ” റിസര്‍വ് ബാങ്ക്” എന്ന നിലയില്‍ ആളുകള്‍ വിലയിരുത്തുന്നു. ശരിയായ വചനം അറിയാത്ത സഭാ ശുശ്രൂഷകരുടെ അഭാവമാണ് ന്യൂ ജനറേഷന്‍ ദുരുപദേശക കൂട്ടായ്മയ്ക്ക് പച്ചപിടിച്ചു വളരുവാന്‍ കാരണമായി മാറുന്നത്.

 

വിരസമായ “ആരാധന” രീതികള്‍ 

എല്ലാ ഞായറാഴ്ചകളിലും ആവര്‍ത്തിച്ചു വരുന്ന വിരസമായ ആരാധനക്രമങ്ങള്‍ , ദാവീദിന്‍റെ പാപവും ഗോലിയാത്തിന്‍റെ കല്ലും മാത്രം കേട്ട് വിരസമായവര്‍ , ആത്മമാരിയുടെയും മഴയുടെയും തീയുടെയും പുകയുടെയും പിന്നാലെ പോയാല്‍ അതിശയിക്കാനില്ല. ന്യൂ ജനറേഷന്‍ ദുരുപദേശക കൂട്ടായ്മകള്‍  ആധുനിക സംഗീത ഉപകരങ്ങളിലൂടെ ഇന്നത്തെ തലമുറയെ പ്രൈയിസ് ആന്‍റ് വര്‍ഷിപ്പ് എന്നാ ഓമന പേരോട് കൂടി ഒരു “ഹിപ്നോട്ടിക്കല്‍”  തലത്തിലേക്ക് നയിച്ച്‌  “ആത്മവിവശത” എന്ന ബ്രാന്‍ഡില്‍ യുവസമൂഹത്തില്‍ എത്തിക്കുമ്പോള്‍ അതിനു ജനസമ്മതി വര്‍ധിക്കുന്നു. മുഖ്യ ധാരാ പെന്തകോസ്ത് സഭകളിലെ യുവജനങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സഭായോഗങ്ങളില്‍ എന്താണ് കിട്ടുന്നത്? ഒരു സാക്ഷ്യം മാത്രം പറയാനാണ്ഇവര്‍ സഭയില്‍ വരുന്നത് എന്ന് തോന്നിപോകുന്നു. പായ കീറാനോ റോക്കറ്റ് ഉണ്ടാക്കി കളിക്കുവനാണോ മുന്‍ നിരയിലുള്ള കുഞ്ഞുങ്ങള്‍ ? ഒരു റോളും ഇല്ലാതെ യുവജനങ്ങളും തൊട്ടടുത്ത നിരയില്‍ ഉണ്ടാകും. പഴയ സാധനം പുതിയ പായ്ക്കറ്റില്‍ ലഭിക്കുമ്പോള്‍ ഇന്നത്തെ തലമുറ പുത്തന്‍ പ്രവണതകളില്‍ ആകൃഷ്ടരായി പോകുന്നു.കണ്ട് പരിചയിച്ച അപ്പച്ചന്‍ രീതികളില്‍ നിന്നും  യുവജനങ്ങളെ ആധുനിക രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ ന്യൂ ജനറേഷന്‍ ദുരുപദേശക കൂട്ടായ്മകകള്‍ക്ക് കഴിയുന്നു.

 

ശരിയായ അവബോധം ലഭിക്കുന്നില്ല

തെറ്റേത് ശരിയേത് എന്ന് ശരിയായ അവബോധം ഇന്നത്തെ ആത്മീയ സമൂഹത്തിന് ലഭിക്കുന്നില്ല. എല്ലാം ശരിയാണ്, ദൈവവചനത്തില്‍ അതിഷ്ടിതമാണ്, പരിശുദ്ധമാവിന്‍റെ പ്രവര്‍ത്തിയാണ് എന്ന് ചിന്തിച്ച് ജനങ്ങള്‍ ന്യൂ ജനറേഷന്‍ ദുരുപദേശക കൂട്ടായ്മകളിലേക്ക് ആകൃഷ്ടാരാകുന്നു. രോഗത്തില്‍ നിന്നും വിടുതല്‍ ലഭിച്ചതും, കടഭാരങ്ങള്‍ മാറിയതും വീഡിയോ പിടിച്ചു നവ മാധ്യമ കൂട്ടായ്മകളില്‍ പോസ്റ്റ്‌ ചെയ്തും മറ്റും ന്യൂ ജനറേഷന്‍ ദുരുപദേശക കൂട്ടായ്മകള്‍ ആളുകളെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നു. സ്വന്തം സഭകളില്‍ ലഭിക്കാത്തത് മറ്റ് സ്ഥലങ്ങളില്‍ കാണുമ്പോള്‍ അതിന്‍റെ പുറകെ പോകുന്നവര്‍ പിന്നീട് അതിനു അടിമകളായി മാറുന്നു.

മീഡിയ

പെന്തകോസ്ത് സമൂഹത്തില്‍  ന്യൂ ജനറേഷന്‍ ദുരുപദേശകന്മാരെ ഏറ്റവും കൂടുതല്‍ വളരാനുള്ള പ്ലാറ്റ് ഫോം ഒരുക്കിയത് പെന്തകോസ്ത് സമൂഹത്തിലെ ഒരു പ്രമുഖ  ചാനല്‍ ആണ്. കണ്ട ദുരുപദേശക്കന്മാരില്‍ നിന്നും പണം വാങ്ങി ആവശ്യത്തിന് സ്ലോട്ടുകള്‍ കൊടുത്ത് നല്ല നിലത്തു കളവാരി എറിഞ്ഞതിന്‍റെ ധാര്‍മീകമായ ഉത്തരവാദിത്വത്തില്‍ നിന്നും ഈ ചാനലിനും അതിന്‍റെ നടത്തിപ്പുകര്‍ക്കും ഒഴിഞ്ഞിരിക്കുവാന്‍ കഴിയില്ല. ഭാരത സുവിശേഷികരണം ലക്ഷ്യമാക്കി ആരംഭിച്ച ഇത്തരം മീഡിയകള്‍ സാത്താന്‍റെ  ആയുധമായി മാറുന്നത് വേദനാജനകമായ വസ്തുതയാണ്. സഭാശുശ്രൂഷകന്‍ പറയുന്നതിനേക്കാള്‍ കേള്‍വിക്കാര്‍ വിലകല്പിക്കുന്നത് കൊട്ടും സൂട്ടും ധരിച്ചു ടാബ് കൈയില്‍ പിടിച്ചു ദുരുപദേശം പ്രസംഗിക്കുന്നവര്‍ക്കാണ്. ഇന്നലെ വരെ ദുരുപദേശകന്മാരെ പ്രൊമോട്ട് ചെയ്യ്തു പണം വാങ്ങിച്ച  ചിലര്‍ ഇന്നു അവര്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്നത് കാണുമ്പോള്‍ അവരോടു സഹതാപം മാത്രമാണ് തോന്നുന്നത്. അവസരവും പണവും  തരുമ്പോള്‍ ഏതു ദുരുപദേശകന്മാരും  മിത്രവും അല്ലാത്തപ്പോള്‍ ശത്രുവും ആയി പരിഗണിക്കപ്പെടുകയും ചെയ്യുന്ന ആത്മീയ ലോകത്തെ ഇരട്ടത്താപ്പ് സാമാന്യം വിവരമുള്ളവര്‍ക്ക് മനസിലാക്കാന്‍ സമയം അധികം വേണ്ട. മനുഷ്യനെ കളിപ്പിക്കാം ദൈവത്തെ കളിപ്പിക്കാന്‍ കഴിയില്ല.

 

അവസാനമായി ഒരു വാക്ക് :

ന്യൂ ജനറേഷന്‍ ദുരുപദേശകരെ വിമര്‍ശിക്കുമുന്‍പ് അവരുടെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും കാരണമായി മാറിയത് ആരാണ് എന്ന് സ്വയ ശോധന ചെയ്യുന്നത് നന്നായിരിക്കും. ഇത്തരം പ്രസ്ഥാനങ്ങളിലെ നേതാക്കന്മാരെ വിളിച്ചു വേദികള്‍ കൊടുത്തും  പ്രസംഗം കഴിയുമ്പോള്‍ സ്തോത്രകാഴ്ച കൊടുത്ത് പോത്സാഹിപ്പിച്ചതും ഇപ്പോള്‍ പോത്സാഹിപ്പിക്കുന്നവരും മുഖ്യ ധാരാ പെന്തകോസ്ത് സഭകളില്‍ ഉണ്ട്. ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത്തരം ദുരുപദേശകര്‍ക്ക് വേദി കൊടുക്കരുത് എന്ന് സര്‍ക്കുലര്‍ പുറത്തിറക്കിയ പ്രമുഖ പെന്തകോസ്ത് സഭയുടെ  മറ്റ് രാജ്യങ്ങളിലെ വേദികളില്‍ ഇവര്‍ക്ക് അവസരം കൊടുക്കുകയും ചെയ്തത് വിരോധാഭാസം എന്നല്ലാതെ എന്ത് പറയാന്‍?   ശക്തമായി ദുരുപദേശത്തിനെതിരെ പ്രതികരിക്കുകയും അതിനെതിരെ ശബ്ദം ഉയര്‍ത്തുകയും ചെയ്യുന്ന ചില നേതാക്കള്‍ ഉണ്ട് എന്നത് അല്പം ആശ്വാസകരമായ വസ്തുതയാണ്. എന്നാല്‍ ഭൂരിഭാഗവും ന്യൂ ജനറേഷന്‍ ദുരുപദേശകരോടോത്ത്  വേദികള്‍ പങ്കിട്ടും   അവരുടെ പ്രീണങ്ങള്‍ ഏറ്റു വാങ്ങിയും ഒരു കുറ്റബോധവും ഇല്ലാതെ മുന്‍പോട്ട് നീങ്ങുന്നത്‌ പരിതാപകരം തന്നെ.   ദുരുപദേശത്തിനെതിരെ ശക്തമായി പ്രതികരിക്കുന്നവരെ അടിച്ചൊതുക്കുവാനും അവര്‍ക്കെതിരെ എഴുതി ഒറ്റപ്പെടുത്തുവാനും ഭീഷണിപെടുത്തുവാനും  ശക്തമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.  ദുരുപദേശങ്ങള്‍ക്കെതിരെ  ശക്തമായ ഭാഷയില്‍ ദൈവജനങ്ങള്‍ക്ക്  അവബോധം പകര്‍ന്നു കൊടുക്കാന്‍ വ്യക്തികള്‍ക്കും ദൈവദാസന്മാര്‍ക്കും  മാധ്യമങ്ങള്‍ക്കും കഴിയട്ടെ. പെന്തകോസ്ത് തെറ്റായ പഠിപ്പിക്കലുകളില്‍ നിന്നും  ദുരുപദേശങ്ങളില്‍ നിന്നും ദൈവസഭയെ രക്ഷിക്കുവാന്‍ ഒരു തലമുറ ആവശ്യമായിരിക്കുന്നു. ഇല്ലയെങ്കില്‍ ഇത്തരം ഇത്തിള്‍ കണ്ണികള്‍ ദൈവസഭ എന്ന വൃക്ഷത്തെ പാടെ ഉണക്കികളയുവാന്‍ സാധ്യതയുണ്ട്. വീട്ടില്‍ കടിക്കുന്ന പട്ടിയെ വാങ്ങി തീറ്റി പോറ്റിയിട്ട് എനിക്ക് കടി കിട്ടി എന്ന് നിലവിളിച്ചിട്ടു കാര്യം ഇല്ല….   ഇവരെ വളര്‍ത്തിയത് നമ്മള്‍ തന്നെയല്ലേ എന്ന് ദുരുപദേശ- കള്‍ട്ട് പ്രസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നതിന് മുന്‍പ് സ്വയശോധന ചെയ്യണം.

– ഫിന്നി കാഞ്ഞങ്ങാട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.