ഏലിയാവും മുഴങ്കാലും വന്മഴയും

ജെ പി വെണ്ണിക്കുളം

പ്രാർത്ഥന ഏതൊരു മനുഷ്യനെയും മാറ്റിമറിക്കുവാൻ ശക്തിയുള്ളതാണ്. പ്രാർത്ഥിക്കുന്നവന് സ്വർഗത്തെ ചലിപ്പിക്കാൻ കഴിയും. സ്വർഗത്തെ തുറക്കുന്ന താക്കോലാണു പ്രാർത്ഥന എന്ന് സാധു സുന്ദർ സിംഗ് പറഞ്ഞിട്ടുണ്ട്. സ്വർഗത്തെ ചലിപ്പിക്കുന്ന കരത്തെ ചലിപ്പിക്കുവാൻ കഴിവുള്ളതാണ് പ്രാർത്ഥനയെന്നു ഡി എൽ മൂഡി അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രാർത്ഥനയെക്കുറിച്ചു ഇങ്ങനെ പല നിർവചനങ്ങളും കാണാം. പ്രാർത്ഥിക്കുന്നവന് ശക്തിയുണ്ട്. പ്രാർത്ഥിക്കാത്തവൻ ദുർബലനായിരിക്കും.

കർമേലിൽ ബാലിന്റേയും അശേരയുടെയും പ്രവാചകന്മാരെ വെല്ലുവിളിച്ചു ഒറ്റ പ്രാർത്ഥനയിലൂടെ സ്വർഗ്ഗത്തിൽനിന്നു തീ ഇറക്കി ജീവിക്കുന്ന ദൈവത്തെ വെളിപ്പെടുത്തിയവനാണ് ഏലിയാവ്. അധികം മുഖവുരകൾ ഇല്ലാത്ത ഏലിയാവ് നമ്മെപ്പോലെ സമസ്വഭാവമുള്ളവൻ എങ്കിലും അസാധാരണ പ്രവർത്തികൾക്ക് വേണ്ടി ദൈവം ഉപയോഗിച്ച മനുഷ്യൻ ആയിരുന്നു. ആഹാബ് രാജാവിന്റെ മുഖത്തുനോക്കി ‘ഞാൻ പറഞ്ഞല്ലാതെ ഈ ആണ്ടുകളിൽ മഞ്ഞും മഴയും പെയ്യുകയില്ല’ എന്ന് വിളിച്ചുപറഞ്ഞ ഏലീയാവിനെ ദൈവം സുരക്ഷിത മേഖലകളിൽ പാർപ്പിച്ചു. എന്നാൽ ക്ഷാമകാലം തീരാറായപ്പോൾ വീണ്ടും ഒരു അരുളപ്പാടിനായി ഏലിയാവ് കാത്തിരിക്കുകയാണ്.

കാർമേലിന്റയെ മുകളിലേക്ക് പ്രാർത്ഥനയ്ക്കായി കയറും മുന്നേ ഏലിയാവ് ആഹാബിനോട് പറഞ്ഞു; ഒരു മഴയുടെ മുഴക്കം ഉണ്ട്. നീ വേഗം ഭക്ഷിച്ചു പണം ചെയ്ക. ഇത് കേട്ട മാത്രയിൽ ആഹാബ് ഭക്ഷിക്കാനായി പോയി. എന്നാൽ ഭക്തൻ പ്രാർത്ഥനയിൽ സമയം ചിലവഴിച്ചു. 1 രാജാ. 18- ആം അധ്യായത്തിൽ മുഴങ്കാലുകൾക്കിടയിൽ തലവച്ചു പ്രാർത്ഥിക്കുന്ന ഏലീയാവിനെ നാം കാണുന്നു. പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കും വരെ ഏലിയാവ് എഴുന്നേറ്റില്ല. ഇന്നലെകളിൽ പ്രാർത്ഥന കേട്ടവൻ വേഗം മറുപടിയുമായി വരുമെന്ന് ചിന്തിച്ചുകാണും. തന്നോടൊപ്പം ഉണ്ടായിരുന്ന ബാല്യക്കാരനെ കടൽക്കരയിലേക്കു അയക്കുന്ന ഏലിയാവ് പ്രാർത്ഥനയിൽ തുടർന്നു. ഒന്നും രണ്ടും മൂന്നും ഇങ്ങനെ 6 തവണ പോയ ബാല്യക്കാരൻ ഒന്നും കണ്ടില്ല. പോയതുപോലെ മടങ്ങി വന്നു. വരുമ്പോഴെല്ലാം നിരാശയുടെ വാക്കുകളാണ് ബാല്യക്കാരന് പറയാൻ ഉള്ളതെങ്കിലും പ്രാർത്ഥിക്കുന്ന ഏലിയാവ് നിരാശപ്പെടുന്നവൻ അല്ല. ബാല്യക്കാരനെ ധൈര്യപ്പെടുത്തി വീണ്ടും അയയ്ക്കുന്നു. മടികൂടാതെ ഓരോതവണയും പോയി വരുന്ന ബാല്യക്കാരനെ നാം കണ്ടുപഠിക്കണം. യജമാനന് വിധേയപ്പെടുന്നവനാണ് ഇവൻ. ഇതിനിടയിൽ ബാല്യക്കാരനെ നിരാശപ്പെടുത്താതെ പ്രതീക്ഷയുടെ വാക്കുകൾ നൽകി ഏലിയാവ് ധൈര്യപ്പെടുത്തി.

പ്രാർത്ഥിക്കുന്ന ഏലീയാവിനാണ് ദർശനം ഉള്ളത്. അതുകൊണ്ടുതന്നെ മഴയുടെ മുഴക്കം അവൻ തിരിച്ചറിഞ്ഞു. വരാൻ പോകുന്ന വന്മഴയെ കുറിച്ച് അറിഞ്ഞ ഏലിയാവ് പ്രാർത്ഥനയ്ക്കായി കർമ്മേലിൽ മുട്ടുമടക്കി. ഒരു മറുപടി കാണുംവരെ പ്രാർത്ഥന തുടർന്നു. ഏഴാം തവണ ബാല്യക്കാരൻ നോക്കിയപ്പോൾ കാണുന്ന കാഴ്ച അത്ഭുതാവഹം ആയിരുന്നു. മനുഷ്യന്റെ കൈ പോലെ ഒരു മേഘം പൊങ്ങുന്നതായി കണ്ടു. സന്തോഷവാനായ ബാല്യക്കാരൻ ഈ വിവരം ഏലീയാവിനെ ധരിപ്പിച്ചു. രഥം പൂട്ടി വേഗം പോകാനായി ഏലിയാവ് ആഹാബിനു നിർദേശം നൽകി. മഴ തടുക്കുവാൻ സാധ്യതയുണ്ടെന്ന് പ്രാർത്ഥിക്കുന്ന ഏലിയാവ് തിരിച്ചറിഞ്ഞു. കൊട്ടാരത്തിലെ പ്രത്യേക പരിശീലനം സിദ്ധിച്ച കുതിരകളുടെയും രഥങ്ങളുടെയും മുന്നിൽ ഏലിയാവ് ഓടി യിസ്രായേലിൽ എത്തി എന്ന് പറയുമ്പോൾ പ്രാർത്ഥിക്കുന്നവനിൽ വ്യാപരിക്കുന്ന ശക്തിയുടെ വലിപ്പം ചെറുതല്ല എന്ന സന്ദേശം കൂടി ലഭിക്കുന്നു.

പ്രിയ സ്നേഹിതരെ, നിങ്ങൾ പ്രാർത്ഥിക്കുന്ന വ്യക്തി എങ്കിൽ പ്രാർത്ഥന നിങ്ങളെ വ്യത്യസ്തരാക്കും. അസാധാരണ പ്രവർത്തികൾ നിങ്ങളിലും വെളിപ്പെടുവാനായി ദൈവകരങ്ങളിൽ ഏല്പിച്ചുകൊടുക്കുക. പ്രാർത്ഥന കേൾക്കുന്നവൻ ഇന്നും ജീവിക്കുന്നു.  

– ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.