കർത്താവിന്റെ വരവ് ഏത് നിമിഷവുമാകാം; വിശ്വാസികൾ ഒരുക്കമുള്ളവരായിരിക്കണം: പാസ്റ്റർ രാജു പൂവക്കാല
കാൻബറ: കർത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം വരവ് ഏത് നിമിഷവും സംഭവിക്കാമെന്ന ബോധ്യത്തോടെ വിശ്വാസികൾ ആത്മീയമായി ഉണർന്നും ജാഗ്രതയോടെയും ഒരുക്കമുള്ളവരായും ജീവിക്കണമെന്ന് പാസ്റ്റർ രാജു പൂവക്കാല ആഹ്വാനം ചെയ്തു. മണവാളനായ യേശുക്രിസ്തുവിനെ എതിരേൽക്കാൻ വിശ്വാസികൾ ആത്മീയമായ ഒരുക്കം നിലനിർത്തണമെന്നും ലോകത്തിന്റെ ആകർഷണങ്ങളിൽപ്പെട്ട് ആത്മീയജീവിതത്തിൽ അലസത കാണിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഓസ്ട്രേലിയയിലെ കാൻബറ പെന്തക്കോസ്തൽ ചർച്ചിൽ ഒക്ടോബർ 4-ന് നടന്ന യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബൈബിളിലെ പത്തു കന്യകമാരുടെ ഉപമയെ ആസ്പദമാക്കിയായിരുന്നു സന്ദേശം. മണവാളനെ എതിരേൽക്കാൻ പത്തു കന്യകമാരും വിളക്കുകളുമായി പുറപ്പെട്ടെങ്കിലും അഞ്ചുപേർ മാത്രമാണ് ആവശ്യമായ ഒരുക്കങ്ങളോടെ കാത്തിരുന്നത്. മണവാളൻ വരാൻ വൈകിയപ്പോൾ എല്ലാവരും മയങ്ങിക്കിടന്ന് ഉറങ്ങിയെങ്കിലും, മണവാളൻ എത്തിയെന്ന വിളി കേട്ടപ്പോൾ ഒരുക്കമുള്ളവർ അവനോടൊപ്പം കല്യാണവിരുന്നിലേക്ക് പ്രവേശിച്ചു. എന്നാൽ ആവശ്യമായ ഒരുക്കമില്ലാതിരുന്ന അഞ്ചുപേർ പുറത്താകുകയായിരുന്നു.
ഈ ഉപമ വിശ്വാസികൾക്ക് നൽകുന്ന ആത്മീയ പാഠം ഗൗരവത്തോടെ ഉൾക്കൊള്ളണമെന്ന് പാസ്റ്റർ രാജു പൂവക്കാല പറഞ്ഞു. ക്രിസ്തീയ വിശ്വാസജീവിതത്തിൽ ആരംഭം കുറിക്കുന്നതുകൊണ്ടുമാത്രം മതിയാകില്ലെന്നും അവസാനത്തോളം വിശ്വസ്തതയോടെയും ആത്മീയ ജാഗ്രതയോടെയും മുന്നേറണമെന്നും അദ്ദേഹം വ്യക്തമാക്കി. പുറമേയുള്ള വിശ്വാസപ്രകടനങ്ങൾക്കപ്പുറം ഹൃദയത്തിലെ ആത്മീയ ഒരുക്കത്തിനും ദൈവവുമായുള്ള വ്യക്തിബന്ധത്തിനും പ്രാധാന്യം നൽകണം. ആത്മീയജീവിതത്തിൽ ഉണർവും വിശുദ്ധിയും പ്രാർത്ഥനയും നിലനിർത്തിക്കൊണ്ട് കർത്താവിന്റെ വരവിനായി കാത്തിരിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
പാസ്റ്റർ ഷിബു വർഗീസ് യോഗങ്ങൾക്ക് നേതൃത്വം നൽകി.
വാർത്ത: ഈശോ ജേക്കബ് കല്ലുമല

- Advertisement -


Comments are closed.