സമകാലികം: ഇറാന്റെ പ്രവാസികള്‍ മടങ്ങിവരുന്നു(?) | പാസ്റ്റർ സണ്ണി പി. സാമുവൽ

ആധുനിക ഇറാന്‍ 16,48,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ലോകത്തിലെ 17-ാമത്തെ വലിയ രാജ്യമാണ്. ബിബ്ലിക്കല്‍ എസ്‌ക്കറ്റോളജിയില്‍ ഇറാനു ചരിത്രപ്രസിദ്ധമായ സ്ഥാനം ഉണ്ടെന്നു ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. ബൈബിളില്‍ വിവിധയിടങ്ങളില്‍ പേര്‍ പറഞ്ഞിരിക്കുന്ന ഏലാം, മേദ്യ, പാര്‍സ്യ, പാര്‍ത്ഥിയ എന്നീ പ്രധാന രാജ്യങ്ങളെ കൂടാതെ മറ്റു അനേകം പ്രോവിന്‍സസും ടെറിറ്ററീസും ചേര്‍ന്നതാണു ഇറാന്‍. 1925-ല്‍ Qajar രാജവംശത്തെ അട്ടിമറിച്ചു പഹ്ലവി രാജവംശത്തിനു റിസ ഖാൻ ആരംഭം കുറിച്ചതോടെയാണു ആധുനിക ഇറാന്റെ ആരംഭം. വടക്കു കാസ്‌പിയന്‍ കടലും തെക്കു പടിഞ്ഞാറു പേര്‍ഷ്യന്‍ ഉള്‍ക്കടലും അതിര്‍ത്തികളായി ഉള്ളതു വ്യാപാരത്തെ ഏറെ സഹായിക്കുന്നു. 1908 മെയ് 26-നു മസ്ജെദ് സൊലെയ്മാനില്‍ ആദ്യത്തേതും ഏറ്റവും വലുതുമായ എണ്ണനിക്ഷേപം കണ്ടെത്തിയതോടെ രാജ്യം സാമ്പത്തികമായി കുതിച്ചു.

പുരാതന ഏലാം അബ്രഹാമിന്റെ കാലം മുതല്‍ നിലനിന്നിരുന്നു (ഉല്പത്തി 14:1). ശേമിന്റെ പുത്രനായിരുന്നു ഏലാം (ഉല്പത്തി 10:22). അവൻ സ്ഥാപിച്ച രാജ്യമാണു ഏലാം. ശേം വംശജനായിരുന്ന ഏബെര്‍ ഏലാമിന്റെ രാജാവായിരുന്നുവെന്നും നിമ്രോദ് അവനെ തോല്പിച്ചു പാലായിതനാക്കി വിശാല ബാബിലോണ്‍ സാമ്രാജ്യം സ്ഥാപിച്ചുവെന്നും എവിടെയോ വായിച്ചതു ഓര്‍ക്കുന്നു. പില്ക്കാലത്തു ഏലാമിലെ അധീശപ്രഭുവര്‍ഗ്ഗം ആയിരുന്ന കുഡൂറീഡെസ് (Kuduridos) മെസോപ്പൊട്ടോമ്യ പിടിച്ചടക്കിയെന്നു ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഏലാമ്യ ഭാഷയില്‍ ‘ദാസന്‍’ എന്നര്‍ത്ഥം വരുന്ന Kudur എന്ന പദവും ഏലാമ്യരുടെ ദേവതാസങ്കല്പമായിരുന്ന Lagamar എന്ന വാക്കും കൂടിച്ചേര്‍ന്നാണു കെദൊര്‍ലായോമെര്‍ എന്ന പേരു ഉരുത്തിരിഞ്ഞുവന്നതെന്നു ഭാഷാശാസ്ത്രജ്ഞര്‍ പറയുന്നു. ഏലാം, ദില്‍ബത്തി എന്നിവിടങ്ങളില്‍ ഈ ദേവസങ്കല്പം ദേവനും Terqa-പ്രവിശ്യയില്‍ ദേവിയും ആയിരുന്നു.

ഒമ്പതാം നൂറ്റാണ്ടു ബി.സി.യില്‍ Persis എന്ന സ്ഥലത്തേക്കു കുടിയേറിയ പുരാതന ഇറാനിയന്‍ ജനതയാണു പേര്‍ഷ്യന്‍സ്. പില്ക്കാലത്തു ഇവര്‍ ബൈബിള്‍ ചരിത്രത്തിലെ ഏറ്റവും പ്രബലമായ സാമ്രാജ്യത്വശക്തിയായി മാറി. ഇവര്‍ ബാബിലോന്യരെപ്പോലെ ക്രൂരന്മാരും നിഷ്ഠൂരന്മാരും അല്ലായിരുന്നു. തങ്ങള്‍ കീഴടക്കിയ രാജ്യത്തെ ജനതയുടെ അസ്തിത്വം ഇല്ലായ്മ ചെയ്യുവാനായി ബാബിലോന്യര്‍ Deportation Policy കൊണ്ടു വന്നു അടിമകളെയും പ്രവാസികളെയും ദേശത്തുനിന്നു കുടിയൊഴിപ്പിക്കുകയും പകരം മറ്റു ജനതയെ അവിടേക്കു പറിച്ചു നടുകയും ചെയ്തുവെങ്കില്‍; പേര്‍ഷ്യന്‍ ഭരണാധികാരികള്‍ കടകവിരുദ്ധമായിരുന്നു. അങ്ങനെയാണു യെഹൂദ്യര്‍ പ്രവാസം കഴിഞ്ഞു മടങ്ങിവന്നതു. ബാബിലോണ്‍ വാഴ്ചയെ മെസോപ്പൊട്ടോമ്യയില്‍ നിന്നു തുടച്ചു നീക്കാന്‍ മേദ്യര്‍ പാര്‍സികളെ സഹായിച്ചു എന്നു മാത്രമല്ല ഭരണക്രമത്തില്‍ തുല്യസ്ഥാനം പ്രാപിക്കുകയും ചെയ്തു.

ഇന്നത്തെ ഇറാന്റെ വടക്കു-പടിഞ്ഞാറു ഭാഗത്തു പാര്‍ത്തിരുന്ന മറ്റൊരു ജനതതിയായിരുന്നു മേദ്യര്‍. ഇവര്‍ വംശീയമായി യാഫേത്തിന്റെ മകന്‍ മാദായിയുടെ പരമ്പരയാണെന്നു ഒരു വാദം ഉണ്ടു (ഉല്പത്തി 10:2). അശൂര്‍ രാജാവായ ശല്‍മനേസേര്‍ യിസ്രായേലിനെ കീഴടക്കി ജനത്തെ വിവിധയിടങ്ങളിലേക്കു കുടിയിറക്കി മാറ്റിപ്പാര്‍പ്പിച്ചപ്പോള്‍ മേദ്യരുടെ പട്ടണങ്ങളിലും പാര്‍പ്പിച്ചു (2 രാജാ: 17:6). അന്നു മേദ്യര്‍ അശൂരിന്റെ സഖ്യകക്ഷിയായിരുന്നുവെന്നു കാണാം. എന്നാല്‍ അധികാരത്തിനുവേണ്ടി കാലുവാരുന്ന കരിങ്കാലികള്‍ ആയിരുന്നു മേദ്യര്‍. ബാബിലോന്യര്‍ പ്രബലപ്പെടുന്നുവെന്നു കണ്ടപ്പോള്‍ മേദ്യര്‍ അവരുമായി ചേര്‍ന്നുവെന്നു മാത്രമല്ല തങ്ങളുടെ മകളായ അമിറ്റീസിനെ നെബൂഖദ്‌നേസറിനു ഭാര്യയായി നല്കുകയും ചെയ്തു. Hanging Garden അതിന്റെ തിരുശേഷിപ്പും ബാക്കിപത്രവും ആണല്ലോ.

മേദ്യാ-പാര്‍സ്യ സാമ്രാജ്യം സ്ഥാപിച്ച കോരേശു അര്‍ദ്ധമേദ്യന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മതാമഹന്‍ അസ്റ്റിയാഗസ് മേദ്യ രാജാവായിരുന്നു. അദ്ദേഹത്തെ 550 ബി.സി.,യില്‍ തോല്പിച്ചാണു പാര്‍സ്യന്‍ ആയിരുന്ന കോരേശു രണ്ടാം ലോകസാമ്രാജ്യം സ്ഥാപിച്ചതു. മേദ്യര്‍ ബാബിലോണിനെ തോല്പിക്കുന്നതു വെള്ളിയും പൊന്നിനും വേണ്ടിയല്ലെന്നും പ്രതികാരം മാത്രമാണു ലക്ഷ്യമെന്നും ഈ സംഭവം നടക്കുന്നതിനു ഏകദേശം 150 വര്‍ഷം മുമ്പു യെശയ്യാവു പ്രവചിച്ചു (13:17, യിരെ:51:11,28). ഈ ദൗത്യത്തില്‍ ഏലാമും അവരെ പിന്തുണയ്ക്കുമെന്നു പ്രവചനം (യെശയ്യാ:21:2). ഈ സാമ്രാജ്യത്തിന്റെ മൂന്നു തലസ്ഥാനനഗരികളില്‍ രണ്ടും മേദ്യ പട്ടണങ്ങള്‍ ആയിരുന്നു. 4000 ബി.സി.യില്‍ സ്ഥാപിക്കപ്പെട്ടുവെന്നു കരുതുന്ന (?) ശൂശന്‍ പട്ടണം പ്രധാനഭരണസിരാകേന്ദ്രം ആയിരുന്നു. മഹാനായ ദാര്യാവേശു ശൂശന്‍പട്ടണത്തെ വിപുലീകരിക്കുകയും അതിബൃഹത്തായ ഒരു കൊട്ടാരസമുച്ചയം തീര്‍ക്കുകയും ചെയ്തു. പ്രഥമമേദ്യ രാജാവായിരുന്ന ഡയസീസ് (Deioces) 678 ബി.സി.യില്‍ സ്ഥാപിച്ച അഹ്‌മെഥാ (Ecbatana) രാജധാനി രണ്ടാം സാമ്രാജ്യത്തിന്റെ വേനല്കാല തലസ്ഥാനനഗരി ആയിരുന്നു. ഈ രണ്ടു പട്ടണങ്ങളിൽ പ്രവാസത്തിലായിരുന്ന യെഹൂദന്റെ ചരിത്രഗതി തിരിച്ചുവിട്ട സംഭവങ്ങള്‍ നടന്നിരുന്നു. അഹ്‌മെഥാ രാജധാനിയിലെ ലൈബ്രറിയില്‍ നിന്നു ലഭിച്ച ‘കോരേശിന്റെ തീട്ടൂരം” യെരൂശലേമിലെ ആലയത്തിന്റെ മുടങ്ങിപ്പോയ പണി പുനഃസ്ഥാപിച്ചുവാന്‍ കാരണമായി. 522-486 ബി.സി., കാലയളവില്‍ ഭരിച്ച മഹാനായ ദാര്യാവേശു ആണു രേഖാശാല പരിശോധിക്കുവാന്‍ കല്പന പുറപ്പെടുവിച്ചത്. അദ്ദേഹം പണി ആരംഭിച്ചു അഹശ്വേരോശിലൂടെ അര്‍ത്ഥഹാശഷ്ടാവ് ഒന്നാമന്‍ പൂര്‍ത്തീകരിച്ച പേര്‍സെപോലിസ് മേദ്യാപാര്‍സ്യയുടെ മൂന്നാം തലസ്ഥാനനഗരി ആയിരുന്നു. 150 വര്‍ഷം കൊണ്ടു പണിത ഈ നഗരം സാമ്രാജ്യത്തിന്റെ സാമ്പത്തിക-മതപര തലസ്ഥാനം ആയിരുന്നു. ആധുനിക കുര്‍ദ്ദിഷ്‌വംശം മേദ്യരുടെ പിന്‍ഗാമികള്‍ ആണെന്നു ഒരു വാദമുണ്ടു. എ.ഡി. 180-242 കാലയളവില്‍ സസ്സാനിഡു രാജാവായിരുന്ന അര്‍ദാഷിര്‍ ഒന്നാമന്‍ കുര്‍ദ്ദിഷ് രാജാവായിരുന്ന Madig-നെ തോല്പിച്ചു എന്ന രേഖയില്‍ നിന്നാണു Madig എന്ന പേരിനെ മേദ്യയുമായി ബന്ധിപ്പിച്ചു വാദിക്കുന്നതു. 7-ാം നൂറ്റാണ്ടു ബി.സി., യില്‍ മേദ്യര്‍ സ്ഥാപിച്ച അതേ മേഖലയിലാണു ഇന്നു കുര്‍ദ്ദ്‌സ് താമസിക്കുന്നതു. കുര്‍ദ്ദിഷ് ഭാഷയും മേദ്യഭാഷയും ഒരേ കുടുംബത്തില്പെട്ടതാണ്. മാത്രമല്ല കുര്‍ദ്ദുകള്‍ മേദ്യരുടെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പിന്തുടര്‍ച്ചക്കാരും ആണെന്നാണു വാദം.

പാര്‍ത്ഥിയര്‍ കാസ്പിയന്‍ കടലിന്റെ പ്രാന്തപ്രദേശങ്ങളില്‍ പാര്‍ത്തിരുന്ന ദേശാന്തരികളായ ഗോത്രവര്‍ഗ്ഗം ആയിരുന്നു. ഇവര്‍ക്കു അക്കെമെനിഡ്-സെലൂക്യകാലം മുതല്‍ ശകവംശവുമായി (Scythians) ബന്ധമുണ്ടായിരുന്നു. പാര്‍ത്ഥിയര്‍ സെലൂക്യരെ തോല്പിച്ചു ഇന്നത്തെ ഖോറസാന്‍, വടക്കു കിഴക്കന്‍ ഇറാന്‍ പ്രവിശ്യയായ ഘാലഡ്രാമ എന്നിവ പിടിച്ചടക്കി 40,000 സെലൂക്യ പടയാളികളെ കൊന്നു പാര്‍ത്ഥിയന്‍ രാജ്യം സ്ഥാപിച്ചു. പിന്നോട്ടു അമ്പെയ്തു ശത്രുവിനെ തകര്‍ക്കുന്ന ഗറില്ലായുദ്ധമുറയാണു ഇവര്‍ പയറ്റിയതു. Parthian Shot എന്ന പഴഞ്ചൊല്ലു ഇങ്ങനെയാണുണ്ടായതു. യൂഫ്രട്ടീസ്നദി മുതല്‍ സിന്ധുനദി വരെ വ്യാപിച്ച പാര്‍ത്ഥിയന്‍ സാമ്രാജ്യത്തിനു AD ഒന്നാം നൂറ്റാണ്ടില്‍ 28 ലക്ഷം ചതുരശ്രകിലോമീറ്റര്‍ വിസ്തൃതി കൈവന്നു. 247 ബി.സി., മുതല്‍ എ.ഡി. 224 വരെ 471 വര്‍ഷം ഈ സാമ്രാജ്യം റ്റെസിഫോണ്‍ (Ctesiphone) തലസ്ഥാനനഗരിയാക്കി വാണു.

ഇറാന്‍ എന്ന പേരു ബൈബിളില്‍ ഇല്ല എങ്കിലും ബിബ്ലിക്കല്‍ എസ്‌കറ്റോളജിയില്‍ അതിനു വലിയ പ്രാധാന്യമുണ്ടു. ആധുനിക ഇറാനെക്കുറിച്ചു ഒരു പ്രവചനം സിദെക്കിയാവിന്റെ വാഴ്ചയുടെ ആരംഭത്തില്‍, അതായതു 597 ബി.സി., യില്‍ യിരെമ്യാവിന്റെ വായില്‍ നിന്നു പുറപ്പെട്ടു (49:34-39). അതു ഏലാമിനു എതിരായ പ്രവചനമാണ് (49:35-39). 39-ാം വാക്യത്തില്‍ ‘ഒടുക്കം’ എന്നു മലയാളം ബൈബിളില്‍ കാണുന്നതു ‘അന്ത്യകാലത്തു’ എന്നായിരുന്നു മൊഴിമാറ്റം നടത്തേണ്ടിയിരുന്നതു. Latter Days എന്ന ഇംഗ്ലീഷിലെ പ്രയോഗം ഈ കാലത്തെ കുറിക്കുന്നു. ഏലാമിന്റെ മുഖ്യബലമായ വില്ലു (മിസൈല്‍ വിക്ഷേപിണികള്‍) തകര്‍ത്തു ഒടിച്ചുകളയും. ദൈവം തന്റെ ആധിപത്യം ഏലാമില്‍ സ്ഥാപിക്കും. രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചുകളയും. ഏലാമില്‍ നിന്നു ചിതറിപ്പോയ പ്രവാസികള്‍ സ്വദേശത്തേക്കു മടങ്ങിവരും

ഇവിടെ പ്രതിപാദാച്ചിരിക്കുന്ന പ്രവാസികള്‍ ആരാണ്? യെഹൂദന്മാര്‍ ആണെന്നാണു പൊതുവെ വ്യാഖ്യാനിക്കുന്നതു. എന്നാല്‍ അതു ശരിയല്ല ഇതു പുതിയനിയമസഭയെയാണു കുറിക്കുന്നതു.

കാരണങ്ങള്‍ പലതാണ്. ഒന്നാം നൂറ്റാണ്ടില്‍ തന്നെ ഇറാനില്‍ ക്രിസ്ത്യാനിത്വം സ്ഥാപിക്കപ്പെട്ടിരുന്നു. പെന്തക്കോസ്തുനാളില്‍ മാളിക മുറിയിലേക്കു ഓടിക്കൂടിയ ജനസമൂഹങ്ങളില്‍ പാര്‍ത്ഥ്യരും മേദ്യരും ഏലാമ്യരും പിന്നെ മെസോപ്പൊത്തമ്യയിലും പാര്‍ത്തിരുന്നവര്‍ ഉണ്ടായിരുന്നു (അ.പ്രവൃ:2:9). മേല്പറഞ്ഞ രാജ്യങ്ങളെ കൂടാതെ അഡിയാബീനെ, ഹത്ര, ഒസ്‌റോയെനെ എന്നീ രാജ്യങ്ങളാണു അന്നു മെസൊപ്പൊത്താമ്യയിൽ ഉണ്ടായിരുന്നതു. ഇവര്‍ എല്ലാവരും പെന്തക്കോസ്തു കണ്ടു അനുഭവിച്ചു ക്രിസ്ത്യാനികളായിട്ടാണു സ്വദേശത്തേക്കു മടങ്ങിയതു. ഒസ്‌റോയെനെ എന്ന എഡേസ്സ പില്ക്കാലത്തു സിറിയാക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്ന യാക്കോബായ സഭയുടെ ആസ്ഥാനമായി മാറുകയും ചെയ്തു.

എന്നാല്‍ ക്രമേണ ക്രിസ്ത്യാനിത്വം ഇറാനില്‍ നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. 1979-ലെ ഇസ്ലാമിക് വിപ്ലവത്തോടെ അതു പാരമ്യത്തിലെത്തി. ക്രിസ്ത്യാനികള്‍ പാലായിതരും പ്രവാസികളുമായി. പ്രൊട്ടെസ്റ്റന്‍ഡ്/ പെന്തക്കോസ്തു സഭകള്‍ അടച്ചുപൂട്ടി. അസംബ്ലീസ് ഓഫ് ഗോഡിന്റെയും അസ്സീറിയന്‍ പെന്തക്കോസ്തു സഭകളുടെയും നാമമാത്രകൂടി വരവുകള്‍ കടുത്ത ഗവണ്‍മെന്റു നിയന്ത്രണത്തിലും നിരീക്ഷണത്തിലും പ്രവര്‍ത്തിച്ചു വരുന്നു. പേര്‍ഷ്യന്‍ ഭാഷയിലുള്ള പെന്തക്കോസ്തു ആരാധനകളും ഇസ്ലാമില്‍നിന്നുള്ള പരിവര്‍ത്തനവും നിരോധിച്ചിരിക്കുന്നു. എന്നിരുന്നാലും പെന്തക്കോസ്തു ഇറാനില്‍ വളരുകയാണ്. അമേരിക്കയില്‍ പാര്‍ത്തുകൊണ്ടു Iran Alive Ministries എന്ന സാറ്റെലൈറ്റ് പ്രോഗ്രാം മിനിസ്ട്രി ചെയ്യുന്ന ഹോര്‍മൊസ് ഷരിയത്ത് എന്ന സുവിശേഷകനാണു ഇറാനിലും സമീപരാജ്യങ്ങളിലും ഏറ്റവുമധികം സ്വാധീനമുള്ള വ്യക്തി. ‘ഇറാനിലെ ബില്ലിഗ്രഹാം’ എന്നു വിശേഷിക്കപ്പെടുന്ന പ്രവാസിയായ ഷരിയത്തു തന്റെ പ്രവാസം മാറി ഇറാനില്‍ നേരിട്ടു ചെന്നു സുവിശേഷം പ്രസംഗിക്കണം എന്നാഗ്രഹിക്കുന്നു. ഇറാനിലെ ജനതയുടെ പ്രവാസം മാറി പെന്തക്കോസ്തലിസത്തിലേക്കുള്ള പാതയിലാണു. യിരെമ്യാവു 49:39 -ന്റെ സമ്പൂര്‍ത്തിക്കായി നമുക്കും പ്രാര്‍ത്ഥിക്കാം.

 

പാസ്റ്റർ സണ്ണി പി. സാമുവൽ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.