ലേഖനം: ദൈവകൃപ നഷ്ടമാക്കി കളയരുതേ | പാ. നൈനാൻ പി. മാത്യൂസ്, അബുദാബി
ദൈവത്തിൻറെ തിരുഹൃദയത്തിലെ ഏറ്റവും പരമപ്രധാനവും ഏറ്റവും വിലയേറിയതുമായ രണ്ട് സ്ഥാപനങ്ങളാണ്
1. ദൈവസഭ
2. കുടുംബം
ഇതിൽ രണ്ടിനോടും എപ്പോഴും ശത്രുവിൻറെ, അതായത് ഇരുട്ടിൻറെ അധികാരത്തിൻറെ ആക്രമണങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്.
എന്നാൽ ഇതിനെ ജയിക്കുവാൻ നമ്മെ സഹായിക്കുന്നതാണ് ദൈവത്തിൻറെ കൃപ എന്ന് മനസ്സിലാക്കി, ദൈവകൃപ നമ്മളോട് കൂടെ എപ്പോഴും ഉണ്ട് എന്ന് ഓരോ ദൈവപൈതലും ഉറപ്പുവരുത്തേണ്ടതാണ്.
ആരും ദൈവകൃപ വിട്ട് പിന്മാറുകയും, വല്ല കൈപ്പുള്ള വേരും മുളച്ചിട്ട് കലക്കമുണ്ടാക്കി, അതിനാൽ അനേകർ മലിനപ്പെടുകയും, ആരും ദുർനടപ്പുകാരനോ, ഒരു ഊണിന് ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ യേശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊള്ളുവിൻ.( എബ്രായർ 12:15-16)
ദൈവകൃപ നഷ്ടപ്പെട്ടാൽ നാം അപകടകരമായ ഒരു സാഹചര്യത്തിലാണ് എന്നുള്ളത് എല്ലാവരും മനസ്സിലാക്കുക.
ദൈവകൃപ നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ :
1. നിഗളം (Pride)
രണ്ട് ദിനവൃത്താന്തങ്ങൾ 26:16 മുതൽ 19 വരെയുള്ള വാക്യങ്ങളിൽ ഉസ്സീയാവിനെ കുറിച്ചുള്ള ഒരു ഉദാഹരണം നമുക്ക് കാണുവാൻ കഴിയും.
എന്നാൽ ഉസ്സീയാവ് പ്രബലനായപ്പോൾ അവൻറെ ഹൃദയം നാശത്തിനായിട്ട് നിഗളിച്ചു എന്ന് കാണുന്നു.
വ്യക്തികളിൽ വരുന്ന കൃപ നഷ്ടപ്പെടുത്തി കളയുന്ന നിഗളം, അത് കുടുംബങ്ങളിലേക്ക് വ്യാപരിക്കും,അത് ദേശങ്ങളിലേക്ക്, രാജ്യങ്ങളിലേക്ക് വ്യാപരിക്കും,അപകടകരമായ അവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിക്കാൻ സാധ്യതയുണ്ട്.ഈ വചനങ്ങൾ അതിന് തെളിവായി നമുക്ക് എടുക്കാവുന്നതാണ്.ദൈവം വെച്ചിരിക്കുന്ന വ്യവസ്ഥകൾ തകർക്കുന്ന നിഗളം നമ്മിൽ ഉണ്ടോ എന്ന് സ്വയം ശോധന ചെയ്യേണ്ടത് ആവശ്യമാണ്.സ്ത്രീയുടെ തല പുരുഷൻ, പുരുഷൻറെ തല ക്രിസ്തു. (1 കൊരിന്ത്യർ 11:3:) വീട്ടിൽ പുരുഷനേക്കാൾ കാര്യപ്രാപ്തിയും ധനം സമ്പാദിക്കുന്നവരുമായ സ്ത്രീകൾ ഉണ്ടാകാം,എന്നാൽ ദൈവം വെച്ചിരിക്കുന്ന വ്യവസ്ഥ പ്രകാരം അവർ പുരുഷനെ ബഹുമാനിച്ച് കീഴടങ്ങി ഇരിക്കുക എന്നത് വചനാടിസ്ഥാനത്തിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്ന ഓരോ കുടുംബത്തിലും ദൈവം വെച്ചിരിക്കുന്ന അലംഘനീയമായ വ്യവസ്ഥയാണ് എന്ന് തിരിച്ചറിയുക.
യെശയ്യാ പ്രവാചകൻറെ പുസ്തകം 14:13-ൽ ബാബേൽ രാജാവിനെക്കുറിച്ച് അല്ലെങ്കിൽ ലൂസിഫർ എന്ന് വ്യാഖ്യാനിക്കപ്പെടുന്ന ആ വ്യക്തിയെക്കുറിച്ച് പറയുന്നുണ്ട്, അവൻറെ ഹൃദയം നിഗളിച്ചു ആ നിഗളം തന്നിൽ വീഴ്ചയ്ക്ക് കാരണമാകുവാൻ ഇടയായി.ഹൃദയത്തിൽ പറഞ്ഞ കാര്യം, ആ ഹൃദയത്തിൽ വന്ന നിഗളം തന്നെ വെട്ടേറ്റ് നിലംപതിക്കുവാൻ ഇടവരുത്തിയെങ്കിൽ, നിഗളത്തിന്റെ ആ അപകടകരമായ അവസ്ഥ ഓരോ ദൈവപൈതലും തിരിച്ചറിയുക, മനസ്സിലാക്കുക. നിഗളം നമുക്ക് കാണാൻ പറ്റുന്നതല്ല, നമുക്ക് അതിനെ കേൾക്കാൻ പറ്റുന്നതല്ല ബാഹ്യമായ ഒരു ലക്ഷണങ്ങളും പ്രകടമായി ഒരു വ്യക്തിയിൽ നിഗളം ഉണ്ട് എന്ന് പ്രതിഫലിപ്പിക്കുന്നത് ഒന്നും നമുക്ക് കാണുവാനോ കേൾക്കുവാനോ കഴിഞ്ഞെന്ന് വരികയില്ല. എന്നാൽ ഈ നിഗളം തിരിച്ചുവരവില്ലാത്ത വീഴ്ചയിലേക്ക് നമ്മെ നയിക്കാൻ സാധ്യതയുണ്ട് എന്ന് തിരിച്ചറിഞ്ഞ് മനസാന്തരപ്പെട്ട് മടങ്ങി വരുവാനാണ് ദൈവം ആഗ്രഹിക്കുന്നത്.
1 പത്രോസ് 5:5-ൽ നിഗളം വിട്ട് കീഴടങ്ങുക അല്ലെങ്കിൽ ദൈവസന്നിധിയിൽ താഴുക, എന്നാൽ അധികം ദൈവകൃപ അനുഭവിക്കാം. യാക്കോബ് 4:6 – ദൈവം നിഗളികളോട് എതിർത്തു നിൽക്കുകയും, താഴ്മയുള്ളവർക്ക് കൃപ നൽകുകയും ചെയ്യുന്നു അതുകൊണ്ട് നിങ്ങൾ ദൈവത്തിന് കീഴടങ്ങുവിൻ.
അപ്പോൾ ദൈവം എതിർത്തുനിൽക്കുന്ന ഒന്നാണ് നിഗളം എന്നുള്ളത്, അത് തിരിച്ചറിഞ്ഞ് ഈ ദിവസങ്ങളിൽ ദൈവസന്നിധിയിൽ താഴുവാൻ നമുക്ക് കഴിയട്ടെ.
ദൈവകൃപയ്ക്ക് മുന്നിൽ നമ്മിൽ നിഗളം ഉണ്ടോ എന്ന് തിരിച്ചറിയാൻ ചില അടയാളങ്ങൾ:
1. ദൈവസന്നിധിയിൽ താഴുവാൻ കഴിയുന്നില്ലെങ്കിൽ.
2. ദൈവം വെച്ചിരിക്കുന്ന വ്യവസ്ഥകൾക്ക് മുന്നിൽ അതായത് ദൈവം വെച്ചിട്ടുള്ള ആത്മീയ അധികാരങ്ങൾക്ക് കീഴ്പ്പെടുവാൻ കഴിയുന്നില്ലെങ്കിൽ.
3. എനിക്ക് തിരുത്തൽ ആവശ്യമില്ല എന്ന തോന്നൽ ഉണ്ടെങ്കിൽ.
4. എനിക്ക് എല്ലാം അറിയാം, ആരും എന്നെ ഉപദേശിക്കേണ്ടതില്ല എന്ന ഭാവം ഉണ്ടെങ്കിൽ.
ഇവ എല്ലാം നിഗളത്തിന്റെ ലക്ഷണങ്ങളാണ്.
2. അനുസരണക്കേട് (Disobedience)
ദൈവത്തോടും ദൈവീക കൂട്ടായ്മയോടും ചേർന്ന് നിൽക്കുവാൻ ആഗ്രഹിക്കുന്ന ഓരോ ദൈവപൈതലും ദൈവത്തോടും ദൈവം ആക്കിവെച്ചിട്ടുള്ളതുമായ നേതൃത്വത്തോടും കാട്ടുന്ന അനുസരണക്കേട് നമ്മെ ദൈവകൃപയിൽ നിന്ന് അകറ്റി കളയുന്ന, വീഴ്ത്തിക്കളയുന്ന ഒരു വിഷയമാണെന്നത് തിരിച്ചറിയുക.
ഉദാഹരണം: അബ്രഹാം ദൈവത്തെ അനുസരിച്ചു, സ്വന്തം മകനെ സ്നേഹിക്കുന്ന ഏകജാതനായ തൻറെ മകനെ യാഗം കഴിക്കുവാൻ പറഞ്ഞപ്പോൾ, ദൈവത്തിൻറെ വാക്ക് വിശ്വസിച്ച് അനുസരിച്ച് ഉത്തമമായ മാതൃക നമ്മുടെ മുമ്പിൽ കാട്ടിത്തന്നു .അനുസരണം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമായ ഒരു കാര്യമാണ്. നമ്മളിൽ ദൈവകൃപ ഉണ്ട് എന്നുള്ളതിന്റെ ലക്ഷണമാണ് അനുസരണം .ദൈവം വെച്ചിട്ടുള്ള ദൈവീക നിയോഗത്തിനും ദൈവീക അധികാരങ്ങൾക്കും കീഴ്പ്പെട്ട് അനുസരണയോടെ മുൻപോട്ടു പോകുക എന്നുള്ളത് കൃപയിൽ വളരുന്ന ദൈവപൈതലിന് മാത്രമേ കഴിയൂ. യെരിഹോവിൻറെ മുന്നിൽ ജനം യോശുവയെ അനുസരിച്ചതുപോലെ, പുതിയ നിയമത്തിലെ ദൈവസഭയ്ക്കും ദൈവ കുടുംബങ്ങൾക്കും ദൈവം വെച്ചിരിക്കുന്ന വ്യവസ്ഥ അതാണ്,ദൈവം ആക്കിവെച്ചിരിക്കുന്ന ദൈവീക നിയോഗത്തിലുള്ള ദൈവീക നേതൃത്വത്തെ അനുസരിക്കുക എന്നുള്ളത് കൃപയിൽ വളരുന്ന ദൈവപൈതലിന്റെ ലക്ഷണമാണ്. കാരണം, ദൈവദാസന്മാർ സ്വന്തം ഹിതപ്രകാരം ശുശ്രൂഷിക്കുന്നവർ അല്ല മറിച്ച്, യോശുവ 6:2 ൽ നമ്മൾ വ്യക്തമായി കാണുന്നതുപോലെ, ദൈവം യോശുവയോട് അറിയിച്ചതുപോലെ, അറിയിച്ച കാര്യം ജനത്തോട് അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അറിയിക്കുന്നവർ ആയതുകൊണ്ട് അവരെ അനുസരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അല്ലാത്തപക്ഷം, കൃപയിൽ നിന്ന് നമ്മൾ അന്യപ്പെട്ടു പോകാൻ, കൃപ ചോർന്നു പോകാൻ സാധ്യതയുണ്ട്.
കൃപ നഷ്ടപ്പെട്ടതിന്റെ അടയാളങ്ങൾ:
1. പിന്മാറ്റം
ദൈവീക നിയോഗത്തിൽ നിന്നും, ദൈവീക സാന്നിധ്യത്തിൽ നിന്നും പിന്മാറുക അല്ലെങ്കിൽ ഉൾവലിയുക .പിന്മാറ്റം നമ്മളിൽ ഉണ്ടെങ്കിൽ, കൃപ നഷ്ടപ്പെട്ടതിന്റെ ഒന്നാമത്തെ അടയാളമാണ്.
2. കൈപ്പ്
ജീവിതത്തിലും മറ്റുള്ളവരോടും കൈപ്പിന്റെ അനുഭവം ഉണ്ടെങ്കിൽ, യോജിച്ചു പോകാൻ പറ്റാത്ത കൈപ്പിന്റെ അനുഭവങ്ങൾ ഉണ്ടെങ്കിൽ, അത് നമ്മൾ കൃപ നഷ്ടപ്പെടുത്തി എന്നുള്ളതിന്റെ അടയാളമാണ്.
3. കലക്കം
നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ കലക്കം ഉണ്ടെങ്കിൽ, നാം കലക്കത്തിന് കാരണക്കാർ ആകുന്നുണ്ടെങ്കിൽ, കൃപ നഷ്ടപ്പെടുത്തി കളഞ്ഞു എന്നതിന്റെ ലക്ഷണമാണ്.
4. മലിനത
ഞാൻ മുഖാന്തരം മറ്റൊരാൾ മലിനപ്പെടുന്നുണ്ടെങ്കിൽ, എന്നിൽ ദൈവകൃപ വ്യാപരിക്കുന്നില്ല എന്ന് അത് വെളിവാക്കുകയാണ്.
5. ദുർനടപ്പ്
ദൈവവചനം വിട്ട് ഉള്ള ഏത് നടപ്പും നമ്മളിൽ ഉണ്ടെങ്കിൽ, നാം കൃപയിൽ നിന്ന് അന്യമാണ് എന്നുള്ളത് തിരിച്ചറിയുക.
6. അഭക്തി
താൽക്കാലികമായ സംതൃപ്തിക്ക് വേണ്ടി ദൈവം നൽകിയ അവകാശത്തെ നഷ്ടമാക്കി കളയുന്നതിലൂടെ, നാം അഭക്തരാണ് എന്ന് വെളിവാക്കുകയും, അപ്പോൾ തന്നെ കൃപയിൽ നിന്ന് അന്യരാണ് എന്നുള്ളതും അത് വ്യക്തമാക്കുകയാണ്.
ഈ കാര്യങ്ങളിലൂടെ നമ്മെ തന്നെ ശോധന ചെയ്യുക, അപകടം തിരിച്ചറിയുക കാരണം, മടങ്ങി വരുവാൻ ആഗ്രഹിച്ച് കണ്ണീരോടെ അപേക്ഷിച്ചാലും, മടങ്ങി വരുവാൻ കഴിയാത്തതുപോലെ, തള്ളപ്പെട്ടു പോകാൻ സാധ്യതയുള്ള ഒരു അപകടകരമായ മേഖലയിലാണ് ഞാനും നിങ്ങളും കൃപയിൽ നിന്ന് അന്യപ്പെട്ടുപോയാൽ എന്ന് തിരിച്ചറിയുക.(എബ്രായർ 12: 17) അതുകൊണ്ട്, ദൈവം നൽകിയ കൃപ നഷ്ടമാക്കി കളയാതെ, മേൽക്കുമേൽ കൃപ വർദ്ധിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ട്, ദൈവകരങ്ങളിൽ താണിരിക്കുക.ദൈവം നമ്മെയും നമ്മുടെ തലമുറകളെയും നിശ്ചയമായും ഉയർത്തും.ദൈവകൃപയിൽ വളരുക ,നമ്മുടെ ആത്മീക മനുഷ്യനെ കൃപയിൽ പരിപോഷിപ്പിക്കുക.ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
പാസ്റ്റർ നൈനാൻ പി. മാത്യൂസ്, അബുദാബി

- Advertisement -



Comments are closed, but trackbacks and pingbacks are open.