ലേഖനം: സ്വർഗത്തിലേക്കുള്ള പാസ്‌പോർട്ട് | റ്റോജോ തോമസ്, ദുബായ്
മനുഷ്യജീവിതം ഒരു യാത്രയാണ്. ജനനമെന്ന വിസയോടെ ഈ ലോകത്തിലേക്ക് കടന്നുവരുന്ന മനുഷ്യൻ, മരണമെന്ന അതിർത്തി കടന്ന് നിത്യതയിലേക്ക് പ്രവേശിക്കുന്ന ഒരു തീർത്ഥാടകനാണ്.
ഓരോ യാത്രക്കും ഒരു ലക്ഷ്യമുണ്ട്; ഓരോ ലക്ഷ്യത്തിലേക്കും പ്രവേശിക്കാൻ ഒരു യോഗ്യതാപത്രവും ആവശ്യമാണ്. രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാൻ പാസ്‌പോർട്ട് അനിവാര്യമാകുന്നതുപോലെ, ദൈവരാജ്യമായ സ്വർഗത്തിലേക്ക് പ്രവേശിക്കാനും ഒരു പാസ്‌പോർട്ട് ആവശ്യമാണ്. എന്നാൽ അത് കയ്യിൽ പിടിച്ചു നടക്കാവുന്ന ഒരു രേഖയല്ല; മറിച്ച് ഹൃദയത്തിൽ ദൈവം തന്നെ മുദ്രകുത്തുന്ന ദൈവിക യോഗ്യതയാണ്. മനുഷ്യൻ എന്തെല്ലാം നേടിയാലും, എത്ര ഉയരങ്ങളിൽ എത്തിയാലും, അവന്റെ ഉള്ളിൽ ഒരു അപൂർണ്ണതയുടെ ശൂന്യത നിലനിൽക്കുന്നു. ആ ശൂന്യത പണമാലും പദവിയാലും പ്രശസ്തിയാലും നിറയ്ക്കാൻ കഴിയില്ല. കാരണം മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് ഭൂമിക്കുവേണ്ടി മാത്രമല്ല നിത്യതക്കുവേണ്ടിയാണ്.
“നിത്യത മനുഷ്യരുടെ ഹൃദയങ്ങളിൽ വെച്ചിരിക്കുന്നു” (സഭാപ്രസംഗി 3:11) എന്ന വചനത്തിൽ, മനുഷ്യന്റെ ഉള്ളിലിട്ടിരിക്കുന്ന സ്വർഗ്ഗാഗ്രഹം ദൈവം തന്നെ വെളിപ്പെടുത്തുന്നു.
സ്വർഗം ഒരു കഥയോ കവിതാസങ്കൽപ്പമോ അല്ല. അത് ദൈവസാന്നിധ്യത്തിന്റെ പൂർണ്ണതയാണ്; കണ്ണീരും ദുഃഖവും വേദനയും ഇല്ലാത്ത അവസ്ഥയാണ്; നീതിയും സമാധാനവും വാഴുന്ന നിത്യഭവനമാണ്. എന്നാൽ അവിടെ പ്രവേശിക്കാൻ സ്വാഭാവിക മനുഷ്യനു കഴിയില്ല. കാരണം പാപം മനുഷ്യനെ ദൈവത്തിൽ നിന്ന് വേർതിരിച്ചിരിക്കുന്നു. ഓരോ രാജ്യത്തിനും അതിർത്തികളുണ്ട്; അവിടെ പരിശോധനയുണ്ട്. അതുപോലെ സ്വർഗത്തിനും ഒരു അതിർത്തിയുണ്ട്. ആ അതിർത്തിയിൽ മനുഷ്യനെ തടയുന്നത് പാപമാണ്. “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സില്ലാത്തവരായിത്തീർന്നു” (റോമർ 3:23). നന്മകൾ, ദാനങ്ങൾ, ആചാരങ്ങൾ ഇവയൊന്നും സ്വർഗത്തിലേക്കുള്ള പാസ്‌പോർട്ടായി കണക്കാക്കപ്പെടുന്നില്ല. കാരണം പാപം നീക്കാതെ ദൈവസന്നിധിയിൽ നിൽക്കാൻ മനുഷ്യനാകില്ല. ഇവിടെയാണ് ദൈവത്തിന്റെ കരുണയുടെ മഹത്വം വെളിപ്പെടുന്നത്. മനുഷ്യൻ സ്വർഗത്തിലേക്കുയരാൻ കഴിയാതിരുന്നപ്പോൾ, സ്വർഗം തന്നെ മനുഷ്യന്റെ അടുക്കൽ ഇറങ്ങി വന്നു — യേശുക്രിസ്തുവിലൂടെ. യേശു പറഞ്ഞു:“ഞാൻ തന്നേ വഴി, സത്യം, ജീവൻ; എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ വരികയില്ല”(യോഹന്നാൻ 14:6).
ഇത് ഒരു മതപരമായ അവകാശവാദമല്ല; ഇത് നിത്യസത്യമാണ്. ക്രിസ്തുവിന്റെ ക്രൂശ് തന്നെയാണ് സ്വർഗത്തിലേക്കുള്ള പാസ്‌പോർട്ട്. നമ്മുടെ പാപങ്ങൾ അവൻ ചുമന്നെടുത്തു, തന്റെ രക്തംകൊണ്ട് നമ്മുടെ കുറ്റപത്രം മായിച്ചു. മനുഷ്യൻ നേടാൻ കഴിയാത്ത യോഗ്യത, ക്രിസ്തു ദാനമായി നൽകി. കൃപയാൽ, വിശ്വാസത്തിലൂടെ ലഭിക്കുന്ന രക്ഷ അതുതന്നെയാണ് ഈ പാസ്‌പോർട്ട്.ഒരു പാസ്‌പോർട്ട് ലഭിക്കാൻ
അപേക്ഷയും പരിശോധനയും ഉണ്ടാകുന്നതുപോലെ, സ്വർഗത്തിലേക്കുള്ള പാസ്‌പോർട്ടിനും ഒരു ആത്മീയ പ്രക്രിയയുണ്ട്.
ഒന്ന്: മനസ്സാന്തരം – മനസ്സാന്തരം ഒരു ആത്മീയ വിപ്ലവത്തിന്റെ തുടക്കമാണ്. പാപത്തെ തിരിച്ചറിഞ്ഞ് ദൈവത്തോട് തിരിയുന്ന ഹൃദയാവസ്ഥ. പാപത്തിന്റെ ഇരുണ്ട തടാകത്തിൽ നിന്ന് ദൈവത്തിന്റെ വെളിച്ചത്തിലേക്കുള്ള ഒരു സ്വമേധയാ നടത്തം. ഇത് ഹൃദയത്തിലെ ഒരു സൂക്ഷ്മശസ്ത്രക്രിയപോലെയാണ്. വെറും അനുതാപമല്ല പാപത്തെ മുറിവായി കാണാതെ, മൃത്യുവായി തിരിച്ചറിയുകയും അതിൽ നിന്നുള്ള പൂർണ്ണമായ വിട്ടുനിൽപ്പും ദൈവത്തോടുള്ള തിരിച്ചുവരവും ആഗ്രഹിക്കുകയും ചെയ്യുന്നതാണ്. മനസ്സാന്തരം ദൈവത്തിന്റെ ഏറ്റവും വലിയ കൃപയാണ് സ്വയം നശിപ്പിക്കുന്ന വഴിയിൽ നിന്ന് തിരിയാനുള്ള അവസരം. അത് ഒരു അവസാനമല്ല; മരണത്തിൽ നിന്നുള്ള ജീവിതത്തിന്റെ ആരംഭമാണ്.
രണ്ട്: വിശ്വാസം – വിശ്വാസം യേശുക്രിസ്തുവിനെ വ്യക്തിപരമായ രക്ഷകനായി സ്വീകരിക്കലാണ്. അത് ഒരു ജീവനുള്ള ബന്ധത്തിന്റെ തുടക്കമാണ്. “എന്റെ പാപങ്ങൾക്കുവേണ്ടി മരിച്ചവനും, എനിക്കായി ഉയിർത്തെഴുന്നേറ്റവനും”എന്ന നിലയിൽ യേശുവിനെ സ്വീകരിക്കുന്നതാണ് വിശ്വാസം. ഇത് ഒരു ദിവസത്തെ തീരുമാനം മാത്രമല്ല; ദിവസേന ആശ്രയിക്കുന്ന ഒരു ജീവിതരീതിയാണ്. ക്രിസ്തുവിനോടൊപ്പം നടക്കുന്ന ഒരു യാത്ര. “ക്രിസ്തുവിനോടുകൂടെ ഞാൻ ക്രൂശിക്കപ്പെട്ടിരിക്കുന്നു”(ഗലാത്യർ 2:20). വിശ്വാസം ഒരു സംഭവത്തിൽ ആരംഭിച്ച്, ഒരു നടത്തത്തിൽ തുടരുന്നു.
മൂന്ന്: പുതുജീവിതം – പുതുജീവിതം ഒരു നല്ല മാറ്റം മാത്രമല്ല അതൊരു പുനർസൃഷ്ടിയാണ്. ക്രിസ്തുവിൽ ജനിക്കുന്നവൻ പഴയ മനുഷ്യനെ അടക്കം ചെയ്ത്, പുതിയ മനുഷ്യനായി ഉയിർത്തെഴുന്നേൽക്കുന്നു. രക്ഷ മോചനം മാത്രമല്ല അത് ഒരു തുടക്കമാണ്. പുതുജീവിതം പാപത്തിലേക്കുള്ള നടത്തമല്ല; പരിശുദ്ധിയിലേക്കുള്ള ജീവിതയാത്രയാണ്. ക്രിസ്തുവിൽ തുടങ്ങി, അവനോടൊപ്പം നടക്കുകയും, അവനിൽ പൂർത്തിയാക്കപ്പെടുകയും ചെയ്യുന്ന ഒരു ദൈവിക യാത്ര (ഫിലിപ്പിയർ 1:6).
ഈ പാസ്‌പോർട്ട് കാലാവധി കഴിഞ്ഞുപോകുന്നതല്ല; അത് നിത്യതക്കുള്ളതാണ്. എന്നാൽ അതുള്ളവന്റെ ജീവിതം തന്നെ അതിന്റെ സാക്ഷ്യപത്രമാകണം. സ്വർഗത്തിലേക്കുള്ള പാസ്‌പോർട്ട് ലഭിച്ചവൻ ഭൂമിയിൽ ഒരു വിദേശിയാണ്. “നമ്മുടെ പൗരത്വം സ്വർഗത്തിലാണ്”(ഫിലിപ്പിയർ 3:20). അവന്റെ ഭാഷ പ്രാർത്ഥനയുടെ ഭാഷയായി മാറുന്നു; അവന്റെ ലക്ഷ്യം ദൈവഹിതമായി മാറുന്നു; അവന്റെ മൂല്യങ്ങൾ സ്നേഹം, ക്ഷമ, വിശുദ്ധി എന്നിവയാകുന്നു. കഷ്ടതകളും കണ്ണീരും അവനെ തളർത്തുന്നില്ല; കാരണം അവൻ ഒരു ഉറപ്പുള്ള ലക്ഷ്യത്തിലേക്കാണ് യാത്ര ചെയ്യുന്നത്. ഭൂമിയിലെ നഷ്ടങ്ങൾ സ്വർഗീയ ലാഭത്തിന്റെ മുന്നിൽ ചെറുതായി മാറുന്നു.
നമുക്കെല്ലാവർക്കും ഭൂമിയിലെ പാസ്‌പോർട്ടുകൾ ഉണ്ടായിരിക്കാം. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്: സ്വർഗത്തിലേക്കുള്ള പാസ്‌പോർട്ട് നമ്മുടെ കൈവശമുണ്ടോ? ജീവിതയാത്രയുടെ അവസാനം അതിർത്തിയിൽ നിൽക്കുമ്പോൾ, ആ പാസ്‌പോർട്ട് മാത്രമേ അവിടെ പ്രാമാണികതയുള്ളൂ. ഇന്നാണ് അത് സ്വീകരിക്കേണ്ട സമയം. കാരണം നാളെ നമ്മുടേതല്ല.
സ്വർഗത്തിലേക്കുള്ള പാസ്‌പോർട്ട് കൃപയാണ്; അതിന്റെ മുദ്ര ക്രിസ്തുവിന്റെ രക്തമാണ്; അതിന്റെ ഉടമസ്ഥാവകാശം വിശ്വാസിയുടെ ഹൃദയത്തിലാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്നവന് സ്വർഗം ഒരു ലക്ഷ്യം മാത്രമല്ല ഒരു ഉറപ്പാണ്. “നിങ്ങളുടെ ജീവിതം ക്രിസ്തുവോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും”(കൊലൊസ്സ്യർ 3:3–4).
റ്റോജോ തോമസ്, ദുബായ്.

- Advertisement -



Comments are closed, but trackbacks and pingbacks are open.