പുസ്തക പരിചയം: പാസ്റ്റർ കെ. ജി. മാത്യു – കർത്തൃശുശ്രൂഷയിലെ സജീവ സാനിധ്യം | ഫിന്നി കാഞ്ഞങ്ങാട്

ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ജനറൽ സെക്രട്ടറി, റീജിയൻ പാസ്റ്റർ, സെന്റെർ മിനിസ്റ്റർ, കൗൺസിൽ മെംബർ എന്നി നിലകളിൽ സേവനം അനുഷ്ടിച്ച പാസ്റ്റർ. കെ.ജി. മാത്യുവിന്റെ ആത്മീയ ജീവിതവും ശുശ്രൂഷാനുഭവങ്ങളും അവതരിപ്പിക്കുന്ന ഈ ജീവചരിത്രഗ്രന്ഥം, ഒരു വ്യക്തിയുടെ ജീവിതത്തേക്കാൾ ഉപരി ഇടയശുശ്രൂഷയുടെയും നേതൃത്വ പാഠവത്തിന്റെയും നേർസാക്ഷ്യമായി വായനക്കാരന് പ്രചോദനം നൽകുന്നു..

1999 മുതൽ അടുത്ത് അറിയുന്ന ദൈവദാസനാണ് പാസ്റ്റർ.കെ. ജി മാത്യൂ. ശാരോൻ സഭയുടെ നേതൃത്വനിരയിൽ മാത്രമല്ല സഭാ ശുശ്രൂഷയോടുള്ള ബന്ധത്തിൽ വിവിധ സഭകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകനായ ഫിന്നി മാത്യൂവുമായി വർഷങ്ങൾ തുടരുന്ന ജേഷ്ഠസഹോദരതുല്യമായ ബന്ധം നിലനിർത്തുവാൻ എനിക്ക് ഇടയായിട്ടുണ്ട്. ഒപ്പം പ്രിയ സുഹൃത്ത് പ്രകാശ് പി കോശിയും ഈ ഗ്രന്ഥരചനയിൽ വളരെ സംഭാവന നൽകിയിടുണ്ട്..

ശുശ്രൂഷയുടെയും വിശ്വാസത്തിന്റെയും വഴികൾ എത്രയോ വെല്ലുവിളികളും ത്യാഗങ്ങളും നിറഞ്ഞതാണെന്നും, ദൈവവിളിക്ക് അനുസരിച്ച് ജീവിച്ച ഒരാളുടെ ജീവിതം എങ്ങനെ അനേകർക്ക് പ്രചോദനമാകുന്നുവെന്നും ഈ ഗ്രന്ഥം ശക്തമായി വ്യക്തമാക്കുന്നു.

ഗ്രന്ഥത്തിന്റെ പ്രധാന സവിശേഷത അതിന്റെ ലാളിത്യമാണ്. അലങ്കാരഭാഷകളോ അതിശയോക്തികളോ ഇല്ലാതെ, സംഭവങ്ങളെ സ്വാഭാവികമായ രീതിയിൽ അവതരിപ്പിക്കുന്നു.

1970-കളിൽ ആരംഭിച്ച ശുശ്രൂഷ, ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ള തന്റെ ജീവിത – ശുശ്രൂഷ വളർച്ച, വിശ്വാസജീവിതത്തിലെ പരീക്ഷണങ്ങൾ, സഭാവളർച്ചയ്ക്കായുള്ള അധ്വാനം എന്നിവ ക്രമീകൃതമായി അവതരിപ്പിച്ചിരിക്കുന്നു. ഇത് വായനക്കാരന് ഒരു കാലഘട്ടത്തിന്റെ സാമൂഹിക-ആത്മീയ സാഹചര്യങ്ങളും മനസ്സിലാക്കാൻ സഹായിക്കുന്നു.

പാസ്റ്റർ കെ.ജി. മാത്യുവിന്റെ ജീവിതത്തിൽ ദൈവവിശ്വാസം ഒരു ആശയമല്ല, അനുഭവമായിരുന്നുവെന്നത് ഓരോ അധ്യായത്തിലൂടെയും വ്യക്തമാകുന്നു. സുവിശേഷവത്കരണത്തിനായി നടത്തിയ യാത്രകൾ, സാമ്പത്തികപ്രതിസന്ധികൾ, വ്യക്തിപരമായ ത്യാഗങ്ങൾ എന്നിവ പുസ്തകത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ, അത് വായനക്കാരനെ ആത്മപരിശോധനയിലേക്ക് നയിക്കുന്നു. ശുശ്രൂഷയിൽ വിജയത്തിന്റെ രഹസ്യം സ്ഥാനമോ പ്രശസ്തിയോ അല്ല, സമർപ്പണവും വിനയവുമാണെന്ന സന്ദേശം ഈ ഗ്രന്ഥത്തിന്റെ ഹൃദയമാണ്.

കുടുംബജീവിതത്തെയും ശുശ്രൂഷയെയും സമന്വയിപ്പിച്ച മാതൃകാപരമായ ജീവിതം ഈ പുസ്തകത്തിന്റെ മറ്റൊരു ശക്തിയാണ്. ഭാര്യയും മക്കളും നൽകിയ പിന്തുണയും സഹകരണവും വ്യക്തമാക്കുന്ന ഭാഗങ്ങൾ ശുശ്രൂഷയുടെ പിന്നിലെ മറഞ്ഞിരിക്കുന്ന ത്യാഗങ്ങളെ വായനക്കാരന് ബോധ്യപ്പെടുത്തുന്നു. അതുവഴി ഒരു ദൈവദാസന്റെ ജീവിതം വ്യക്തിപരമല്ല, കുടുംബവും സഭയും ചേർന്നുള്ള സംയുക്തസാക്ഷ്യമാണെന്ന് ഗ്രന്ഥം സൂചിപ്പിക്കുന്നു.

ഒരേസമയം, ശുശ്രൂഷയിലുള്ളവർക്ക് മാർഗ്ഗദർശകമായും വിശ്വാസികൾക്ക് പ്രചോദനമായും ഈ ഗ്രന്ഥം പ്രവർത്തിക്കുന്നു.

ചില ഭാഗങ്ങളിൽ കൂടുതൽ വിശദീകരണങ്ങൾ ഉണ്ടായിരുന്നെങ്കിൽ ചരിത്രപരമായ മൂല്യം കൂടുതൽ ഉയർന്നേനെയെന്ന തോന്നൽ ഉണ്ടാകാം. എങ്കിലും, പുസ്തകത്തിന്റെ ഉദ്ദേശം ആത്മീയസാക്ഷ്യം പങ്കിടുന്നതായതിനാൽ അതിന്റെ ലാളിത്യമാണ് പ്രധാന ശക്തി.

മൊത്തത്തിൽ, പാസ്റ്റർ കെ.ജി. മാത്യു: കർത്തൃശുശ്രൂഷയിലെ സേവനാനുഭവം ഒരു ജീവചരിത്രമാത്രമല്ല; ദൈവവിളിയോട് പ്രതിബദ്ധതയോടെ ജീവിക്കാനുള്ള ആഹ്വാനമാണ്. ശുശ്രൂഷയിൽ ഉള്ളവർക്കും, ദൈവികവിളിയെ തിരിച്ചറിയാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്കും, വിശ്വാസജീവിതത്തിൽ ഉറച്ചുനിൽക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും ഈ പുസ്തകം പ്രചോദനമാകുന്നു. ആത്മീയവളർച്ചയ്ക്കും സമർപ്പിതജീവിതത്തിനും വഴികാട്ടിയായ ഒരു മൂല്യമുള്ള കൃതി എന്ന നിലയിൽ ഈ ഗ്രന്ഥം ശ്രദ്ധേയമാണ്.

ഈ ഗ്രന്ഥത്തിന്റെ ആദ്യ പതിപ്പ് മുഴുവൻ വയനക്കാരിൽ എത്തി. ഇപ്പോൾ രണ്ടാം പതിപ്പ് വീണ്ടും ആവേശത്തോടെ പുറത്തിറങ്ങിയത് വലീയ സ്വീകാര്യത നേടുന്നു.

ഈ ഗ്രന്ഥം ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക. പ്രകാശ് കോശി: +91 70219 31158

 

ഫിന്നി കാഞ്ഞങ്ങാട്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.