ലേഖനം: ദാനിയേൽ എന്ന പ്രാർത്ഥനാ മനുഷ്യൻ | സിബി ബാബു, (യു. കെ)

ദാനിയേലിന്റെ പ്രാർത്ഥന ബൈബിളിൽ കാണുന്ന ഏറ്റവും ആഴമുള്ള ആത്മീയ അനുഭവങ്ങളിലൊന്നാണ്. ബാബിലോൻ പ്രവാസത്തിന്റെ നടുവിൽ, അധികാരത്തിലും ബഹുമാനത്തിലും ഇരുന്ന ഒരു മനുഷ്യൻ, ദൈവസന്നിധിയിൽ പൂർണ്ണ വിനയത്തോടെ മുട്ട് മടക്കുന്ന ഒരു കാഴ്ച ആണ് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത്. ദാനിയേലിന്റെ ഈ പ്രാർത്ഥന നമ്മെ പഠിപ്പിക്കുന്നത് വാക്കുകളുടെ സൗന്ദര്യമല്ല, ഹൃദയത്തിന്റെ അവസ്ഥയെയാണ് ദൈവം കാണുന്നത് എന്ന സത്യമാണ്. ദാനിയേലിന്റെ ജീവിതം പഠിപ്പിക്കുന്ന ഏറ്റവും വലിയ സത്യം ഇതാണ്: പ്രാർത്ഥന അവന്റെ ജീവിതശൈലിയായിരുന്നു എന്നതാണ്. പ്രശ്നങ്ങൾ വന്നപ്പോൾ മാത്രം ദൈവത്തെ അന്വേഷിക്കുന്ന ഒരാളായിരുന്നില്ല ദാനിയേൽ. അവനെതിരെ രാജകീയ കല്പന വന്നപ്പോഴും, സിംഹക്കുഴി മുന്നിലുണ്ടായപ്പോഴും,അവൻ തന്റെ പ്രാർത്ഥന എന്ന പതിവ് മാറ്റിയില്ല. ബൈബിൾ പറയുന്നു മുപ്പതു ദിവസത്തേക്ക് രാജാവിനോടല്ലാതെ വേറൊരു ദേവാനോടോ, മനുഷ്യനോട് പ്രാർത്ഥന കഴിക്കരുത് എന്ന രാജകല്പന ഉണ്ടായിട്ടും ദാനിയേൽ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്ന് താൻ മുമ്പെ ചെയ്തു വന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു. (ദാനിയേൽ 6:7-10). അതായത് രാജകല്പന ദാനിയേൽ എന്ന പ്രാർത്ഥനാ മനുഷ്യനെ ഭയപ്പെടുത്തിയില്ല.

ഇവിടെ “മുമ്പെ ചെയ്തുവന്നതുപോലെ“ എന്ന വാക്ക് വളരെ പ്രസക്തമാണ്. അത് നമ്മോട് പറയുന്നത്, ദാനിയേൽ പ്രാർത്ഥനയെ ഒരു ഓപ്ഷനാക്കി കണ്ടില്ല എന്നതാണ്, പ്രാർത്ഥന എന്നത് അവന്റെ ദിനചര്യയുടെ ഭാഗമായിരുന്നു, അത് അവന്റെ ജീവിത ശൈലിയുടെ ഭാഗമായിരുന്നു. പ്രാർത്ഥന അവന്റെ ദിവസേനയുടെ ശ്വസനമായിരുന്നു. പ്രാർത്ഥന അവന്റെ ആശ്രയവും, ശക്തിയും, ശീലവും ആയിരുന്നു. ഭയമോ, അവനു എതിരെയുള്ള രാജകല്പനയോ, മനുഷ്യരുടെ ഭീഷണിയോ, ഒന്നും അവന്റെ പ്രാർത്ഥനയെ തടസ്സപ്പെടുത്തിയില്ല. ദാനിയേൽ പ്രശ്നം വന്നപ്പോൾ പ്രാർത്ഥിച്ചു എന്നല്ല, അവൻ പ്രാർത്ഥനയിൽ ദൈവത്തോട് കൂടെ ജീവിച്ചു എന്ന് വേണം പറയാൻ. അതുകൊണ്ട് ദൈവം അവനെ സിംഹക്കുഴിയിൽ കാത്തു, രാജാക്കന്മാരുടെ മുമ്പിൽ ഉയർത്തി, മനുഷ്യരുടെ മുമ്പിൽ ദൈവത്തിന്റെ ഒരു സാക്ഷി ആയി ദൈവം ദാനിയേലിനെ നിലനിർത്തി.

ദാനിയേൽ തന്റെ പ്രാർത്ഥന ആരംഭിക്കുന്നത് ദൈവത്തിന്റെ മഹത്വം അംഗീകരിച്ചുകൊണ്ടാണ്. “ശക്തനും ഭയങ്കരനും, ഉടമ്പടി പാലിക്കുന്ന ദൈവമേ” എന്ന അവന്റെ നിലവിളി, ദൈവം ആരാണ് എന്നതിന്റെ ശരിയായ തിരിച്ചറിവാണ് ദാനിയേലിന്റെ പ്രാർത്ഥനയിൽ നമുക്ക് വെളിവാകുന്നത് . ദൈവത്തെ ശരിയായി അറിയാത്ത ഒരു മനുഷ്യന് സ്വയം തിരിച്ചറിയാൻ കഴിയില്ല എന്നതാണ് വാസ്തവം. ദൈവത്തിന്റെ വിശുദ്ധിയുടെ പ്രകാശനത്തിന്റെ ആഴങ്ങളിൽ ആണ് മനുഷ്യന്റെ പാപാവസ്ഥ വെളിപ്പെടുന്നത്.

ഈ പ്രാർത്ഥനയിൽ നമുക്ക് കാണാൻ കഴിയുന്ന ശ്രദ്ധേയമായ ഒന്നാണ്, ദാനിയേൽ സ്വയം നീതിമാനെന്ന നിലയിൽ നിന്ന് മാറി, തന്റെ ജനത്തോടൊപ്പം ചേർന്ന് പാപം സമ്മതിക്കുന്നത്. ഞാൻ പാപം ചെയ്തു എന്നല്ല “ഞങ്ങൾ പാപം ചെയ്തു” എന്ന വാക്കുകൾ, അവന്റെ ആത്മീയ പക്വതയുടെ ശക്തമായ ഒരു അടയാളമാണ്. അവൻ തന്റെ ജനത്തിന്റെ പാപഭാരം തന്റെ ഹൃദയത്തിലേക്ക് എടുത്ത് ദൈവസന്നിധിയിൽ നിൽക്കുന്നു.

ദൈവം അനുവദിച്ച ശിക്ഷ ന്യായമാണെന്ന് ദാനിയേൽ തുറന്ന് സമ്മതിക്കുന്നു. എന്നാൽ അവിടെ ദാനിയേലിന്റെ പ്രാർത്ഥന അവസാനിക്കുന്നില്ല. കാരണം അവന്റെ പ്രതീക്ഷ മനുഷ്യന്റെ പശ്ചാത്താപത്തിന്റെ ശക്തിയിൽ അല്ല, ദൈവത്തിന്റെ കരുണയുടെ ആഴത്തിലാണ്. കരുണ എന്നത് താൻ പ്രിയം വെച്ച കർത്താവിൽ നിന്ന് ആണ് എന്ന അവന്റെ ഉറച്ച വിശ്വാസം, അന്ധകാരത്തിന്റെ കാലത്തും പ്രതീക്ഷയുടെ വെളിച്ചമായി നിലകൊള്ളുന്നു എന്ന് നാം മനസിലാക്കണം.

ദാനിയേലിന്റെ പ്രാർഥനയുടെ കേന്ദ്രം അതീവ പ്രാധാന്യമുള്ളതാണ്. അവൻ തന്റെ സൗഖ്യത്തിനോ സുരക്ഷയ്ക്കോ വേണ്ടി അപേക്ഷിക്കുന്നില്ല. അവൻ അപേക്ഷിക്കുന്നത് ദൈവ ജനത്തിന് വേണ്ടി, ദൈവത്തിന്റെ നാമ മഹത്വത്തിനായി ആണ്. യെരുശലേമും ദൈവാലയവും പുനഃസ്ഥാപിക്കപ്പെടണമെന്ന അവന്റെ നിലവിളി, ദൈവത്തിന്റെ മഹത്വം വീണ്ടും ജനങ്ങളുടെ മദ്ധ്യേ വെളിപ്പെടണമെന്ന അവന്റ ആഗ്രഹമാണ്. സ്വയം കേന്ദ്രീകൃതമല്ലാത്ത ഈ പ്രാർത്ഥനയാണ് ദൈവഹൃദയത്തെ സ്പർശിക്കുന്നത്. നമ്മുടെ പല പ്രാർത്ഥനകളും സ്വയം കേന്ദ്രീകൃതമായി പോകൂന്നുണ്ടോ എന്ന് നാം പരിശോധിയ്‌ക്കേണ്ടത് വളരെ അത്യാവശ്യം ആണ്.

ഇന്നത്തെ വിശ്വാസജീവിതത്തിൽ ദാനിയേലിന്റെ പ്രാർത്ഥന നമ്മെ ആത്മപരിശോധനയ്ക്ക് ഒരു കാരണം ആകട്ടെ. നമ്മുടെ പ്രാർത്ഥനകൾ ആവശ്യങ്ങളുടെ പട്ടികകളായി ചുരുങ്ങിയോ? അതോ ദൈവത്തിന്റെ ഇഷ്ടം അന്വേഷിക്കുന്ന വിനയമുള്ള, താഴ്മ ഉള്ള ഹൃദയത്തിന്റെ നിലവിളിയാണോ നമ്മിൽ നിന്ന് ഉയരുന്നത്? പ്രിയ ദൈവ ജനമേ, ദൈവം ഇന്നും അന്വേഷിക്കുന്നത് മനോഹരമായ വാക്കുകളല്ല, പരമാർത്ഥയും താഴ്മയുള്ളതുമായ ഹൃദയമാണ്.

ദാനിയേലിന്റെ പ്രാർത്ഥന നമ്മെ പഠിപ്പിക്കുന്നത് ഇതാണ്: ദൈവത്തിന്റെ മുമ്പിൽ താഴ്മയോടെ നിൽക്കുന്നവർക്ക് പ്രതീക്ഷ ഒരിക്കലും നഷ്ടമാകില്ല. ശിക്ഷയ്ക്കപ്പുറവും ഒരു കരുണയുണ്ട്; ഇരുട്ടിനപ്പുറവും ഒരു വെളിച്ചമുണ്ട്. അത് ദൈവത്തിന്റെ സമയത്ത്, അവൻ തന്റെ നാമത്തിനായി, തന്റെ മഹത്വത്തിനായി പ്രവർത്തിക്കും.

ദാനിയേലിന്റെ പ്രാർത്ഥന വാക്കുകളിൽ മാത്രമൊതുങ്ങിയ ആത്മീയതയായിരുന്നില്ല. അത് അവന്റെ ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും പരീക്ഷിക്കപ്പെട്ടതും തെളിയിക്കപ്പെട്ടതുമായ ഒരു ജീവിത ശൈലി ആയിരുന്നു. അവന്റെ മുന്നിലൂടെ കടന്നുപോയ വഴികൾ സുഖത്തിന്റെതായിരുന്നില്ല, മറിച്ച് കരാഗ്രഹവും, സിംഹക്കൂടും അടങ്ങിയ വഴികളായിരുന്നു. ദാനിയേലിന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നത്, പ്രാർത്ഥന ഒരു പ്രത്യേക സമയത്ത് മാത്രം നടത്തുന്ന ആചാരമല്ല; മറിച്ച് എല്ലാ സാഹചര്യങ്ങളിലും ദൈവസന്നിധിയിൽ നിലകൊള്ളുന്ന ജീവിത ശൈലി എന്ന സത്യമാണ്. സിംഹക്കൂട്ടത്തിലേക്കു തന്നെ എറിഞ്ഞപ്പോൾ പോലും അവൻ തന്റെ പ്രാർത്ഥനയിൽ മൗനമായിരുന്നില്ല. ദാനിയേലിന്റെ പ്രാർത്ഥന സിംഹങ്ങളുടെ വായയെ അടച്ചു. മനുഷ്യരുടെ നിയമം ദൈവത്തിന്റെ ഇഷ്ടത്തോട് വിരോധമായി വന്നപ്പോൾ, ദാനിയേൽ തന്റെ പ്രാർത്ഥന അവസാനിപ്പിച്ചില്ല. അവൻ ദൈവത്തോടുള്ള വിശ്വാസം മറച്ചുവെച്ചില്ല; കാരണം അവന്റെ പ്രാർത്ഥന ഒരു ജീവിത ശൈലി ആയിരുന്നു , ദൈവത്തോടുള്ള പ്രാർത്ഥന അവന്റെ ശ്വാസം ആയിരുന്നു. ദൈവത്തിനു മഹത്വം.

ദാനിയേലിന്റെ പുസ്തകം നമ്മേ പഠിപ്പിക്കുന്നത്, ദൈവത്തോട് വിശ്വസ്തനായ മനുഷ്യനെ ദൈവം ഒരിക്കലും മറക്കില്ല, കൈവിടില്ല എന്നതാണ്. സിംഹങ്ങളുടെ വായ അടച്ചത് ദാനിയേലിന്റെ ദൈവത്തോടുള്ള പ്രാർത്ഥനയുടെ ശക്തിയാലും,അവന്റെ ജീവിതത്തിന്റെ വിശുദ്ധിയാലുമാണ്. ഇവിടെ നാം ശ്രദ്ധിക്കേണ്ട മറ്റൊരു സത്യവും ഉണ്ട്. ദാനിയേലിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം ഉടൻ വന്നില്ല എന്നതാണ്. വർഷങ്ങളോളം അവർ പ്രവാസം തുടർന്നു. ദൈവാലയം പുനഃസ്ഥാപിക്കപ്പെടാൻ സമയമെടുത്തു. എന്നാൽ ദൈവം മൗനം പാലിച്ചിരുന്നില്ല; അവൻ തന്റെ സമയത്ത്, തന്റെ പദ്ധതിയനുസരിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്നു. ദൈവ സന്നിധിയിൽ വൈകുന്ന ഉത്തരം ദൈവം നമ്മേ ഉപേക്ഷിച്ചു എന്നല്ല; പലപ്പോഴും അത് നമ്മെ തയ്യാറാക്കുന്ന, നമ്മേ വിശുദ്ധീകരിക്കുന്ന ദൈവത്തിന്റെ പദ്ധതി ആണ് എന്ന് നാം മനസിലാക്കണം.

ഇന്നത്തെ ലോകത്ത് ജീവിക്കുന്ന നമുക്കും ദാനിയേലിന്റെ ഈ പ്രാർത്ഥന വളരെ പ്രസക്തമാണ്. അധികാരവും സ്ഥാനവും ഉത്തരവാദിത്തങ്ങളും ഉള്ള ജീവിതത്തിന്റെ നടുവിൽ, നാം ദൈവസന്നിധിയിൽ എങ്ങനെ നിൽക്കുന്നു എന്ന് നാം നമ്മെത്തന്നെ ശോധന ചെയ്യണം? നമുക്ക് ദൈവത്തിലുള്ള വിശ്വാസം കുറഞ്ഞു പോകുന്നുണ്ടോ? നമ്മുടെ ജീവിതത്തിൽ വെല്ലുവിളികൾ കടന്ന് വന്നാൽ, പ്രതിസന്ധികൾ കടന്ന് വന്നാൽ, നാം ദൈവത്തിൽ നിന്ന് പിന്മാറ്റത്തിലേക്ക് മടങ്ങുന്നുണ്ടോ? ദാനിയേലിന്റെ പ്രാർത്ഥന നമ്മെ പഠിപ്പിയ്ക്കുന്നത്, നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ പ്രതിസന്ധികൾ വരുമ്പോൾ നാം ദൈവത്തിൽ നിന്ന് ഒളിച്ചോടാനോ, പിന്മാറാനോ അല്ല, ധൈര്യത്തോടെ ദൈവത്തിന്റെ സന്നിധിയിൽ നിലകൊള്ളാനാണ്, ദൈവ സന്നിധിയിൽ പ്രാർത്ഥിക്കാനാണ്. കാരണം രാജാവിന്റെ അരമനയിൽ വെളിപ്പെട്ട കൈയെഴുത്ത്

അവിടത്തെ ജ്ഞാനികൾക്കും മന്ത്രവാദികൾക്കും അത് വായിക്കാൻ സാധിച്ചില്ല. അത് അവർക്കു മറഞ്ഞിരുന്നു. എന്നാൽ ഒരു പ്രാർത്ഥനാ മനുഷ്യനായ ദാനിയേലിനു ദൈവം അതിന്റെ അർത്ഥം വെളിപ്പെടുത്തി. (ദാനിയേൽ 5:5–28)

അരമനകളിൽ മറഞ്ഞുകിടക്കുന്ന രഹസ്യങ്ങൾ പ്രാർത്ഥനാ മനുഷ്യന്റെ മുറിയിൽ വെളിപ്പെടുത്തുന്ന ദൈവമാണ് നമ്മുടെ ദൈവം. അത് കൊണ്ടു പ്രാർത്ഥിക്കുക, ആർക്കും വെളിപ്പെടാതെ കിടക്കുന്ന, നാളുകളായി ഉത്തരം ലഭിയ്ക്കാതെ കിടക്കുന്ന നിന്റെ വിഷയത്തിന് ഒരു പരിഹാരം ഉണ്ടാകും. ദാനിയേലിന്റെ പ്രാർത്ഥന നമ്മിൽ ഉറച്ച ഒരു പ്രത്യാശ ആണ് വിതയ്ക്കുന്നത്. ദൈവത്തിന്റെ ഇഷ്ടത്തിൽ നിൽക്കുന്നവരുടെ ജീവിതം എത്ര കഠിനമായാലും, അതിന്റെ അന്ത്യം മഹത്വത്തിലേക്കാണ് എന്ന പ്രത്യാശ.

ഓർക്കുക പ്രവാസത്തിനപ്പുറവും ഒരു വാഗ്ദത്തമുണ്ട്;

സിംഹക്കൂട്ടത്തിനപ്പുറവും ഒരു രക്ഷയുണ്ട്; നമ്മുടെ ദൈവം ആരെയും മറക്കുന്നില്ല. എല്ലാം അവന്റെ കണക്കു പുസ്തകത്തിൽ വളരെ വ്യക്തമാണ്.

പ്രാർത്ഥനയോടെ കാത്തിരിക്കുന്നവർക്കായി ദൈവത്തിന്റെ സമയത്ത് അവന്റെ പ്രവർത്തി ഉറപ്പായും ഉണ്ടാകും.

ദാനിയേൽ പറഞ്ഞത് “രാജാവിന്റെ ഭോജനം കൊണ്ടു തന്നെതന്നെ അശുദ്ധമാക്കില്ല” എന്നാണ്. ദാനിയേലിന്റെ പുസ്തകം 1-ാം അധ്യായത്തിൽ, ദാനിയേൽ രാജാവിന്റെ ഭോജനം നിരസിച്ചത് ഭക്ഷണം മോശമായതിനാലല്ല; അത് ദൈവത്തോടുള്ള വിശ്വസ്തതയെ ബാധിക്കുന്ന ഒന്നായതിനാലാണ്. ഈ ഒരു ചെറിയ കാര്യത്തിൽ പോലും ദൈവത്തിന്റെ പ്രിയ പുരുഷനായ ദാനിയേൽ വിശ്വാസ്തനായിരുന്നു. ആ കാലത്ത് ദാനിയേലിനു കിട്ടാകുന്നതിൽ വെച്ച് ഏറ്റവും വിഭവ സമൃദ്ധവും, സ്വാദും ഉള്ള ഭക്ഷണം ആണ് ദാനിയേലിനു കിട്ടിയത്, എന്നാൽ എത്ര വലിയ ഭക്ഷണം ആയാലും, രാജ സന്നിധിയിൽ കിട്ടുന്ന ഭക്ഷണം കൊണ്ടു തന്നെ തന്നെ ആശുദ്ധമാക്കില്ല എന്ന അവന്റെ ഈ ചെറിയ കാര്യത്തിൽ പോലും ദൈവത്തോട് ഉള്ള വിശ്വാസ്ത ആണ് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത്. ഇന്നത്തെ കാലത്ത് “രാജാവിന്റെ ഭോജനം” എന്നത് ദൈവത്തെ മറക്കുന്ന ജീവിതശൈലി, പാപത്തെ സാരമില്ല എന്ന് ആക്കുന്ന മനോഭാവം, ഇതൊക്ക എല്ലാവരും ചെയ്യുന്നതല്ലേ എന്ന ചിന്ത, സത്യം വിട്ട് ലാഭത്തിന്റെ വഴിയേ പൊയി നേടുന്ന അംഗീകാരങ്ങൾ, ഇവയെല്ലാം ആത്മീയമായി നമ്മെ ആശുദ്ധമാക്കുന്ന ഭോജനങ്ങൾ ആണ്. ദാനിയേലിന്റെ പുസ്തകം നമ്മേ പഠിപ്പിക്കുന്നത്, ഇത് എനിക്ക് അനുകൂലമാണോ എന്നല്ല,

ഇത് ദൈവത്തെ പ്രസാദിപ്പിക്കുന്നുണ്ടോ എന്നതാണ്. ദാനിയേൽ രാജാവിന്റെ ഭോജനം എന്ന ചെറിയ കാര്യത്തിൽ പോലും വിശ്വസ്തനായിരുന്നു.

അതിനാൽ ദൈവം അവനെ സിംഹക്കൂട്ട് എന്ന വലിയ പരീക്ഷയിൽ സംരക്ഷിച്ചു. ദൈവസന്നിധി എന്നത് പ്രശ്നങ്ങളില്ലാത്ത ജീവിതമല്ല,

പ്രശ്നങ്ങളുടെ നടുവിൽ ദൈവം കൂടെയുണ്ടെന്നുള്ള ഉറപ്പാണ്, അതൊരു വിശാസം ആണ്. അതെ ദൈവത്തിന്റെ പ്രിയ പുരുഷനായ ദാനിയേലിന്റെ പ്രാർത്ഥന നമ്മുടെ ജീവിതത്തിലും അത് ഒരു ജീവിത ശൈലി ആയി മാറട്ടെ. പ്രാർത്ഥനയും, ദൈവീക വിശുദ്ധിയും, ജീവിത ശൈലി ആക്കിയ ഒരുവനോട് ദൈവത്തിന്റെ വാക്ക് ഇങ്ങനെ ആയിരിക്കും,

“നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും.

 

സിബി ബാബു (യു. കെ)

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.