ലേഖനം: Hidden Atheism – യുവത്വത്തിന്റെ ആത്മീയ വെല്ലുവിളി | നിഖിൽ മാത്യു
വിശ്വാസത്തിന്റെ ഏറ്റവും വലിയ ശത്രു നാം തന്നെയാണ്. കാരണം വിശ്വാസത്തിന്റെ അടിസ്ഥാനം ജീവിതാനുഭവങ്ങളാണ് എന്നാൽ ഇന്ന് വിശ്വാസം പലർക്കും കേവലം ഒരു ആശയമായി മാത്രം നിലനിൽക്കുന്നു. ചോദ്യം ചെയ്യലും വിശകലനവും നിറഞ്ഞ ഒരു ബൗദ്ധിക ലോകത്താണ് നമ്മുടെ തലമുറ, ചോദ്യം ചെയ്യേണ്ടത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. എന്നാൽ ഓരോ ചോദ്യങ്ങളും വിശകലനങ്ങളും നമ്മുടെ തലമുറകളുടെ വിശ്വാസത്തിന്റെ ഭാഷയെ നിശബ്ദമാക്കുന്നു. വിശ്വാസത്തിന്റെ ഭാഷ നിശബ്ദമാകുമ്പോൾ നാസ്തികത തലപൊക്കുന്നു എന്നത് പറയാതെ വയ്യ. നമ്മുടെ കുഞ്ഞുങ്ങൾ ആരും തന്നെ ദൈവത്തെ തുറന്നു നിഷേധിക്കുന്നില്ല എന്നാൽ പിതാക്കന്മാരുടെ വിശ്വാസ അനുഭവങ്ങളെ ചോദ്യം ചെയ്യുന്ന മൗഢ്യത പ്രകടമാണ്. സംശയത്തിന്റെ ശബ്ദം ശക്തമാകുമ്പോൾ ദൈവബന്ധത്തിന്റെ വിച്ഛേദനം ഉടലെടുക്കുന്നു, പിന്നീട് ഒരു കാലഘട്ടത്തിനപ്പുറം നാസ്തിക മനോഭാവം അവരിൽ തന്നെ തികട്ടി വരുന്നു എന്നത് വസ്തുതയാണ്.
ഇത്തരത്തിലുള്ള മനോഭാവം ദൈവത്തിന്റെ അസ്തിത്വത്തിനെ നിഷേധിക്കുന്നതോ അതിലേക്കുള്ള വിശ്വാസം ഇല്ലാതാക്കുന്നതോ ആയ ഒരു ബൗദ്ധികവും ആത്മീയവുമായ നിലപാടാണ്. നമ്മുടെ സഭകളിലും സൺഡേ സ്കൂളുകളിലും ഇത് പരസ്യമായി പ്രകടമാകുന്നില്ല എന്നത് ഈ അപകടത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. സമാനതകളില്ലാത്ത വെല്ലുവിളികളിലൂടെ കടന്നുപോകുന്ന നമ്മുടെ യുവത്വം അവരുടേതായ ഒരു ഇടം കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഇത്തരം മനോഭാവമുള്ളവർക്ക് സോഷ്യൽ മീഡിയകളിൽറീച്ച് വർദ്ധിക്കുകയാണ്.
ഈ ഹിഡൻ എത്തിസത്തിനെ (HIDDEN ATHEISM ) സഭയ്ക്ക് എങ്ങനെ നേരിടാൻ സാധിക്കും? പ്രാർത്ഥന ഒരു ആചാരമായും വിശ്വാസം ഒരു ആശയമായി മാത്രം മനസ്സിലാക്കുന്ന ഒരു തലമുറ നമുക്കുചുറ്റും നിൽക്കുമ്പോൾ, നാം നമ്മുടെ കുഞ്ഞുങ്ങൾക്ക് അലക്ഷ്യമായി കൈമാറുന്നത് എന്താണ്??. അറ്റുപോകുന്ന ദൈവബന്ധത്തിൽ പെട്ടുപോകുന്ന ബാല്യ കൗമാരങ്ങൾ ഉണ്ട് എന്നത് വേദനാജനകമാണ്.
ഇത് യുവതലമുറകളുടെ ഒരു പ്രശ്നം എന്നതിലുപരി സഭയുടെ വെല്ലുവിളിയാണ്. ചോദ്യങ്ങളെ ഭയപ്പെടാതെ അതിനെ സ്വീകരിക്കുന്ന ഒരു ആത്മീയ അന്തരീക്ഷം സഭകൾക്കുള്ളിൽ ഉണ്ടാകേണ്ടതുണ്ട്. ഓരോ സംശയങ്ങളും ഓരോ അവസരങ്ങളാണ്. അടിച്ചമർത്തപ്പെടുന്ന ചോദ്യങ്ങളും സംശയങ്ങളും നാസ്തിക മനോഭാവങ്ങളുടെ ഉയർത്തെഴുന്നേൽപ്പ് കൂടിയാണ് എന്നത് നാം മറന്നുകൂടാ.
സോഷ്യൽ മീഡിയ, ശാസ്ത്രീയ ചർച്ചകൾ, ബൗദ്ധിക സംസ്കാരം ഇവയൊക്കെ ചിന്തയെ കൂടുതൽ വിശകലനപരമാക്കുന്നു. അതുകൊണ്ടുതന്നെ. ബൈബിൾ വായനയിൽ ഒരു ക്രിട്ടിക്കൽ റീഡിങ് (CRITICAL READING) രീതി സ്വീകരിച്ചു വരുന്നു.
വിശ്വാസത്തിന്റെ കണ്ണുകളോടൊപ്പം ചിന്തയുടെ കണ്ണു തുറന്നു വചനത്തിന്റെ ചരിത്ര പശ്ചാത്തലം, എഴുത്തുകാരന്റെ ഉദ്ദേശം, വ്യാഖ്യാനങ്ങൾ ഇവയെല്ലാം പരിശോധിച്ചു മനസ്സിലാക്കാൻ ശ്രമിക്കുന്ന ക്രിട്ടിക്കൽ റീഡിങ് പ്രക്രിയയിൽ തെറ്റില്ല എന്നാൽ ആത്മീയ മാർഗനിർദ്ദേശമില്ലാത്ത പക്ഷം നമ്മെ തെറ്റായ ചിന്തകളിലേക്ക് നയിച്ചേക്കാം. മതഗ്രന്ഥം എന്ന നിലയിൽ അല്ല മറിച്ച് ജീവിതത്തിൽ ദിശാബോധം നൽകുന്ന ദൈവീക വെളിപ്പാട് ആയി വചനത്തെ സ്വീകരിക്കേണ്ടതുണ്ട്.
2 തിമൊഥെയൊസ് 3:16 എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്
സങ്കീർത്തനങ്ങൾ 119:105 നിന്റെ വചനം എന്റെ കാലിനു ദീപവും എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു. ക്രിട്ടിക്കൽ റീഡിങ് എന്നത് വചനത്തെ സംശയത്തിന്റെ കണ്ണുകൊണ്ട് തകർക്കുവാൻ ശ്രമിക്കുന്നതല്ല സത്യത്തിന്റെ വെളിച്ചത്തിൽ അതിന്റെ അർത്ഥവും ആധികാരികതയും ആഴത്തിൽ ഗ്രഹിക്കുന്നത് കൂടിയാണ്.
ഓരോ സംശയങ്ങളും സത്യത്തെ കൂടുതൽ ആഴത്തിൽ തേടുവാൻ പ്രേരിപ്പിക്കുന്നു. അത്തരത്തിലുള്ള സത്യന്വേഷണങ്ങളിൽ അധ്യാപകരുടെയും തിയോളജിൻസിന്റെയും സഹായം തേടുന്നത് തെറ്റല്ല.
വിശ്വാസ ജീവിതത്തിന്റെ അടിസ്ഥാനം ദൈവവുമായുള്ള ബന്ധമായിരികെ ദൈവവുമായി ഒരു ബന്ധം സ്ഥാപിച്ചെടുക്കുവാൻ നമ്മളുടെ കുഞ്ഞുങ്ങളെ നാം സഹായിക്കുന്നതിലൂടെ സംശയത്തെയും അവിശ്വാസത്തെയും നാസ്തിക മനോഭാവത്തെയും മാറ്റിക്കൊണ്ട് ദൈവസന്നിധിയിൽ സ്ഥിരത കണ്ടെത്തുവാൻ അവരെ സഹായിക്കാം. അത്തരം അന്തരീക്ഷങ്ങൾ നമ്മുടെ സഭകളിൽ ഉണ്ടാകട്ടെ.
യോഹന്നാൻ 8:32
സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു.
നിഖിൽ മാത്യു

- Advertisement -



Comments are closed, but trackbacks and pingbacks are open.