ലേഖനം: ഷെക്കെയ്ന | റ്റോജോ തോമസ്, ദുബായ്*
“ഞാൻ അവരുടെ ഇടയിൽ വസിക്കേണ്ടതിന്നു അവർ എനിക്കു ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കട്ടെ” (പുറപ്പാട് 25:8). ഈ വചനത്തിൽ പ്രതിധ്വനിക്കുന്ന ദൈവഹൃദയത്തിന്റെ ആഗ്രഹമാണ് പിന്നീട് യഹൂദപാരമ്പര്യത്തിൽ ‘ഷെക്കെയ്ന’ എന്ന നാമത്തിൽ അറിയപ്പെട്ടത്. എബ്രായഭാഷയിൽ ‘വസിക്കുക’ എന്നർത്ഥമുള്ള ‘ശഖൻ’ എന്ന ധാതുവിൽ നിന്നുദ്ഭവിച്ച ഈ പദം, സർവ്വവ്യാപിയും അഗോചരനുമായ ദൈവം തന്റെ സൃഷ്ടികളോടൊത്തു വസിക്കാനുള്ള ആർദ്രമായ കാംക്ഷയെ നമുക്കു മുന്നിൽ തെളിയിക്കുന്നു. ബൈബിളിൽ ഈ വാക്ക് പ്രയോഗിച്ചു കാണുന്നില്ലെങ്കിലും, അതിന്റെ സാരം തിരുവെഴുത്തുകളിലെല്ലാം വ്യാപരിച്ചു കിടക്കുന്നു; ഷെക്കെയ്ന എന്നത് ആ സാരത്തിനു പിൽക്കാലത്തു ലഭിച്ച ഒരു നാമമാണ് ഷെക്കെയ്ന എന്നത് ഒരു തത്ത്വചിന്തയല്ല, മറിച്ച് ദൈവികസാന്നിധ്യത്തിന്റെ അനുഭവവേദ്യമായ പ്രതീതിയാണ്. ദൈവം തന്റെ ജനത്തോടൊപ്പം ഇറങ്ങി വന്ന്, അവരുടെ യാത്രയിൽ പങ്കുചേരുന്ന സജീവ സാന്നിധ്യം. മരുഭൂമിയിൽ സമാഗമനക്കുടാരത്തിനു മീതെ മേഘത്തൂണിലും അഗ്നിസ്തംഭത്തിലും പ്രത്യക്ഷപ്പെട്ട ദൈവതേജസ്സ് (കാവോദ്) തന്നെയാണ് ഷെക്കെയ്ന . “മേഘം സമാഗമനക്കുടാരത്തെ മൂടി, യഹോവയുടെ തേജസ്സ് നിവാസസ്ഥലത്തെ നിറച്ചു” (പുറപ്പാട് 40:34). ഇവിടെ മേഘം ദൈവസാന്നിധ്യത്തിന്റെ ആവരണമാണ്; തേജസ്സ് ആ സാന്നിധ്യത്തിന്റെ പ്രകാശമാണ്. പിൽക്കാലത്തു ശലോമോൻ രാജാവ് യെരൂശലേമിൽ പണികഴിപ്പിച്ച ആലയത്തിലും ഈ തേജസ്സ് നിറഞ്ഞു. “പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽ നിന്നു പുറത്തു വന്നപ്പോൾ മേഘം യഹോവയുടെ ആലയത്തെ നിറച്ചു. മേഘംനിമിത്തം ശുശ്രൂഷ ചെയ്വാൻ പുരോഹിതന്മാർക്കു നിൽക്കുവാൻ കഴിഞ്ഞില്ല; യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തെ നിറഞ്ഞിരുന്നു” (1 രാജാക്കന്മാർ 8:10-11). ആലയത്തിലെ കൃപാസനത്തിന്മേൽ കെരൂബുകൾക്കിടയിൽ വസിച്ചിരുന്നത് ഈ ഷെക്കെയ്നതന്നെ. എന്നാൽ ഷെക്കെയ്ന എന്നത് ഒരു സ്ഥലത്തോ വസ്തുവിലോ മാത്രം ഒതുങ്ങുന്ന ദൈവസാന്നിധ്യമല്ല; അത് മനുഷ്യരോടൊപ്പം സഞ്ചരിക്കുന്ന ഒരു തണലും വെളിച്ചവുമാണ്.
ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് മോചിതരായ യിസ്രായേൽമക്കൾ മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ, ദൈവം അവരെ ഒറ്റയ്ക്ക് വിട്ടില്ല.
“യഹോവ അവർക്കു പകൽ വഴികാണിപ്പാൻ മേഘസ്തംഭമായും രാത്രി അവർക്കു വെളിച്ചം കൊടുക്കാൻ അഗ്നിസ്ഥംഭമായും അവരുടെ മുമ്പിൽ പോയി” (പുറപ്പാട് 13:21).
ഈ മേഘസ്തംഭവും അഗ്നിത്തൂണും വെറും വഴികാട്ടികളായിരുന്നില്ല; അവ ദൈവത്തിന്റെ ഷെക്കെയ്ന സാന്നിധ്യത്തിന്റെ അടയാളങ്ങളായിരുന്നു. പകൽ അവരെ ചൂടിൽ നിന്ന് മറച്ച മേഘം, രാത്രി ഭയത്തിന്റെ ഇരുട്ടിൽ പ്രകാശമായ അഗ്നി ദൈവം തന്റെ ജനത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് രൂപം മാറി കൂടെയുണ്ടായിരുന്നു.
സീനായ്മലയിൽ ദൈവം മോശെയോട് കല്പിച്ചത്, “എനിക്കു ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കുക; ഞാൻ അവരുടെ നടുവിൽ വസിക്കും” (പുറപ്പാട് 25:8) എന്നായിരുന്നു. ആ വചനത്തിൽ ദൈവത്തിന്റെ ഹൃദയാഭിലാഷം തെളിയുന്നു, മനുഷ്യരോടൊപ്പം വസിക്കുക.
കുടാരം പൂർത്തിയായപ്പോൾ, “മേഘം സമാഗമനകുടാരത്തെ മൂടി; യഹോവയുടെ മഹത്വം കൂടാരം നിറഞ്ഞു” (പുറപ്പാട് 40:34).
അത് ഷെക്കെയ്നയുടെ ഉച്ചസ്ഥായിയായിരുന്നു, ദൈവമഹത്വം മനുഷ്യൻ നിർമ്മിച്ച ഒരു ഇടം നിറയ്ക്കുന്നു! അവിടെ ദൈവം വസിച്ചു; അവിടെയായിരുന്നു ദൈവത്തിന്റെ സാന്നിധ്യം.
ശലോമോൻ രാജാവ് ആലയം സമർപ്പിച്ച നിമിഷവും ഷെക്കെയ്നയുടെ മഹത്വം ദൃശ്യമായി വെളിപ്പെട്ടു.
“യഹോവയുടെ മഹത്വം യഹോവയുടെ ആലയത്തെ നിറഞ്ഞതുകൊണ്ട് പുരോഹിതന്മാർ ശുശ്രൂഷ ചെയ്യാൻ നിൽക്കുവാൻ കഴിഞ്ഞില്ല” (1 രാജാക്കന്മാർ 8:10–11).ദൈവസാന്നിധ്യം മനുഷ്യന്റെ പരിശ്രമങ്ങളെ പോലും നിശ്ശബ്ദമാക്കുന്നത്ര ശക്തമായിരുന്നു. ഷെക്കെയ്ന സംസാരിക്കുമ്പോൾ, മനുഷ്യൻ മൗനത്തിലേക്ക് ക്ഷണിക്കപ്പെടുന്നു.പഴയ നിയമത്തിൽ മേഘത്തിലും അഗ്നിയിലും വസിച്ച ദൈവം, പുതുയുക്തിയിൽ മനുഷ്യശരീരം ധരിച്ചു. “വചനം ശരീരമായി നമ്മുടെ ഇടയിൽ പാർത്തു; അവന്റെ മഹത്വം ഞങ്ങൾ കണ്ടു” (യോഹന്നാൻ 1:14).
“പാർത്തു” എന്ന പദം ഇവിടെ കുടാരം അടിച്ചു വസിച്ചു എന്ന അർത്ഥം നൽകുന്നു. യേശുക്രിസ്തുവിൽ ഷെക്കെയ്ന ഏറ്റവും പൂർണ്ണമായി വെളിപ്പെട്ടു. മേഘത്തിനുള്ളിൽ മറഞ്ഞിരുന്ന മഹത്വം, നസറായനായ യേശുവിന്റെ മുഖത്തിൽ തെളിഞ്ഞു. അവൻ ദൈവത്തിന്റെ സാന്നിധ്യം മനുഷ്യരുടെ നടുവിലേക്ക് കൊണ്ടുവന്നു. ഷെക്കെയ്ന ഒരു കുടാരത്തിലോ കല്ലുകെട്ടിടത്തിലോ മാത്രം ഒതുങ്ങുന്നില്ല.
“നിങ്ങൾ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1 കൊരിന്ത്യർ 3:16).
ഇതാണ് ക്രിസ്തീയ വിശ്വാസത്തിന്റെ അത്ഭുതം — ദൈവത്തിന്റെ സാന്നിധ്യം വിശ്വാസിയുടെ ഹൃദയത്തിൽ വസിക്കുന്നു. ഷെക്കെയ്ന ഇനി പുറത്തല്ല; അകത്താണ്. പരിശുദ്ധാത്മാവിലൂടെ ദൈവം നമ്മുടെ ഉള്ളിൽ പാർക്കുന്നു, നമ്മെ നയിക്കുന്നു, ശുദ്ധീകരിക്കുന്നു.
ജീവിതത്തിലെ മരുഭൂമികളിലും, ദുഃഖത്തിന്റെ രാത്രികളിലും, അനിശ്ചിതത്വത്തിന്റെ വഴികളിലും ഷെക്കെയ്ന നമ്മെ വിട്ടുപോകുന്നില്ല.
“ഇതാ, ഞാൻ ലോകാവസാനംവരെ എല്ലായ്പ്പോഴും നിങ്ങളോടുകൂടെ ഇരിക്കുന്നു” (മത്തായി 28:20).
ഷെക്കെയ്ന ഒരു ഓർമ്മയല്ല; ഒരു വർത്തമാനസത്യമാണ്. ദൈവം ഇന്നും മനുഷ്യരുടെ നടുവിൽ വസിക്കുന്നു — വിനയമുള്ള ഹൃദയങ്ങളിൽ, പ്രാർത്ഥനയിൽ, വിശുദ്ധജീവിതത്തിൽ. ഷെക്കെയ്ന നമ്മെ ഓർമ്മിപ്പിക്കുന്നത് ഇതാണ്: ദൈവം നമ്മെ കാണുന്നവൻ മാത്രമല്ല; നമ്മോടൊപ്പം നടക്കുന്നവനാണ്. നമ്മെ വിധിക്കുന്നവൻ മാത്രമല്ല; നമ്മിൽ വസിക്കുന്നവനാണ്. ഷെക്കെയ്ന ഒരേ സന്ദേശം പറയുന്നു “ഞാൻ നിങ്ങളോടുകൂടെ ഉണ്ടു.”
ടോജോ തോമസ്, ദുബായ്

- Advertisement -



Comments are closed, but trackbacks and pingbacks are open.