ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്റർ അറസ്റ്റിൽ

ദില്ലി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിൽ മലയാളി പാസ്റ്റർ അറസ്റ്റിലായി. ഉത്തർപ്രദേശിലെ സിക്കന്തർപൂരിലാണ് പാസ്റ്റർ ജോസ് തോമസ് അറസ്റ്റിലായത്. ആളുകൾക്ക് പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവർത്തനം നടത്തിയെന്നാണ് കേസ്. മതപരിവർത്തന നിരോധന നിയമപ്രകാരമാണ് യുപി പൊലീസ് പാസ്റ്റർക്കെതിരെ കേസെടുത്തത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്നും പരാതിയിലുണ്ട്.

അഞ്ചാം നമ്പർ വാർഡിൽ താമസിക്കുകയായിരുന്ന പാസ്റ്റർ കുറച്ചുദിവസങ്ങളായി ആളുകളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ബജ്റംഗ്ദളിന്റെ ജില്ലാ കോഓർഡിനേറ്ററാണ് പൊലീസിൽ പരാതി നൽകിയത്. ഇന്നലെയാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. താമസിച്ചിരുന്ന മുറിയിൽ നിന്ന് മതപരമായ പുസ്‌തകങ്ങളടക്കം പിടിച്ചെടുത്തു. കുറച്ചുദിവസം മുമ്പാണ് പാസ്റ്റർ സിക്കന്തർപൂരിലെത്തിയതെന്നാണ് പറയുന്നത്. ബിഹാറിൽ പട്‌നയിലായിരുന്നു നേരത്തെ താമസിച്ചിരുന്നതെന്നുമാണ് വിവരം. കേരളത്തിൽ തിരുവനന്തപുരം സ്വദേശിയാണ് ജോസ് തോമസ്.

കഴിഞ്ഞമാസം കാൺപൂരിനടുത്ത് ഘാട്ടംപൂരിൽനിന്നും ബജ്രംഗദൾ പ്രവർത്തകരുടെ സമാന പരാതിയിൽ മലയാളിയായ പാസ്റ്റർ ആൽബിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ജനുവരി 13നാണ് ബജ്റംഗ്ദ‌ൾ ജില്ലാ കൺവീനർ ശുഭംശൗര്യ അഗ്നിഹോത്രിയുടെ പരാതിയിൽ തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ പാസ്റ്ററെയും കുടുംബത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് കുടുംബാംഗങ്ങളെ വിട്ടയച്ചു. ഒരാഴ്‌ചയ്ക്ക് ശേഷമാണ് ആൽബിന് ജാമ്യം ലഭിച്ചത്.

സമാന രീതിയിൽ മഹാരാഷ്ട്രയിൽ മതപരിവർത്തനം ആരോപിച്ച് സിഎസ്ഐ സഭ നാഗ്‌പുർ മിഷനിലെ വൈദികൻ സുധീറിനെയും കുടുംബത്തെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്‌തിരുന്നു. പിന്നീട് വൈദികനും ഭാര്യയ്ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. സുധീർ, ഭാര്യ ജാസ്‌മിൻ ഉൾപ്പെടെ 11 പേർക്കാണ് വറൂട് കോടതി ജാമ്യം അനുവദിച്ചത്. ക്രിസ്‌മസ് പ്രാർഥന യോഗത്തിനിടെ നാഗ്‌പുർ ഷിംഗോഡിയിൽ വച്ചാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്. ബംജ്റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയിലായിരുന്നു നടപടി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.