ലേഖനം: ആത്മാവിനെ ദുഷിപ്പിക്കുന്ന പുളിമാവ് | റോജി തോമസ്, ചെറുപുഴ

പുളിച്ച മാവ് ഒരളവു മാവിനെ പുളിപ്പിക്കുമ്പോൾ, അത് മാവിനെ രൂപാന്തരപ്പെടുത്തുകയും ചുടുമ്പോൾ ജീവന് പോഷണ കാരണമായ രുചിയുളള അപ്പമായി മാറ്റുകയും ചെയ്യുന്നു. പുളിച്ച ബാക്കിയുള്ള മാവ് ഒരു പരിധി കഴിയുമ്പോൾ ചീത്തയായി പോകുകയും ചെയ്യുന്നു. യഹൂദന്മാരെ സംബന്ധിച്ചിടത്തോളം പുളിമാവ് ദുഷിച്ച സ്വാധീനത്തിന്റെ അടയാളമോ പ്രതീകമോ ആയിരുന്നു. ശാരീരികമായി മാത്രമല്ല, ആത്മീയമായും ധാർമ്മികമായും നശിപ്പിക്കുകയും ദുഷിപ്പിക്കുകയും ചെയ്യുന്ന എന്തിനെയും അത് സൂചിപ്പിക്കുന്നു. മനസിനെയും ശരീരത്തെയും ആത്മാവിനെയും ദുഷിപ്പിക്കുന്ന “പരീശന്മാരുടെയും സദൂക്യരുടെയും പുളിമാവ്” സൂക്ഷിക്കുക, ജാഗ്രത പാലിക്കുക എന്ന് യേശു ശിഷ്യന്മാർക്ക് മുന്നറിയിപ്പ് നൽകി.

“പുളിമാവ് സൂക്ഷിക്കുക” എന്ന് യേശു തന്റെ ശിഷ്യന്മാർക്ക് മുന്നറിയിപ്പ് നൽകിയപ്പോൾ, അദ്ദേഹം സംസാരിച്ചത് പാചക രീതികളെക്കുറിച്ചല്ല, മറിച്ച് അദൃശ്യവും സൂഷ്മവും പരിവർത്തനം വരുത്തുന്നതും സ്വാധീനിക്കുന്നതുമായ ശക്തിയെക്കുറിച്ച് ആകുന്നു. ഭൗതികമായ ആഹാരത്തിനപ്പുറം ആത്മീയ അപകടത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് സുവിശേഷങ്ങളിൽ “പരീശന്മാരുടെയും സദൂക്യരുടെയും പുളിമാവിൽ” നിന്ന് സൂക്ഷ്മതയുള്ളവരാകാൻ യേശു അവർക്ക് മുന്നറിയിപ്പ് നൽകുന്നു. പുളിമാവ് നിശബ്ദമായും അദൃശ്യമായും സമഗ്രമായും പ്രവർത്തിക്കുന്നതിനാൽ ഈ ഉപമ ആത്മീയതലത്തിലും ശ്രദ്ധേയമാണ്. ഒരു ചെറിയ പുളിമാവ് ചേരുന്ന മാവിനെ മുഴുവൻ പുളിപ്പിക്കുന്നു; അതുപോലെ തന്നെ ഒരു ചെറിയ ഒത്തുതീർപ്പ് ആത്മീയ ജീവിതത്തെ ആകമാനം ബാധിക്കും.

മത്തായി സുവിശേഷം 16:6-ലും മർക്കോസ് സുവിശേഷം 8:15-ലും യേശു ഇങ്ങനെ മുന്നറിയിപ്പ് നൽകുന്നു: “പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചു കൊൾവിൻ”. അദ്ദേഹം അക്ഷരാർത്ഥത്തിൽ അപ്പത്തെക്കുറിച്ചാണ് പരാമർശിക്കുന്നതെന്ന് കരുതി ശിഷ്യന്മാർ ആദ്യം തെറ്റിദ്ധരിച്ചു. എന്നാൽ താൻ ആത്മീയ തലങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് യേശു വ്യക്തമാക്കി.  പ്രത്യേകിച്ച്, കാപട്യത്തിന്റെയും അവിശ്വാസത്തിന്റെയും ദുഷിപ്പിക്കുന്ന സ്വാധീനത്തെക്കുറിച്ച്.

യഹൂദ ധാരണയിൽ, പുളിമാവ് പലപ്പോഴും നീതിനിഷ്ഠ ഇല്ലായ്മയെ പ്രതീകപ്പെടുത്തുന്നു. പെസഹാ സമയത്ത്, എല്ലാ പുളിയും വീടുകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. “ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നേ പുളിച്ച മാവു നിങ്ങളുടെ വീടുകളിൽനിന്നു നീക്കേണം; ഒന്നാം ദിവസം മുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാൽ അവനെ യിസ്രായേലിൽനിന്നു ഛേദിച്ചുകളയേണം” (പുറപ്പാട് 12:15). ഇത് പാപവും അശുദ്ധിയും നീക്കം ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. അങ്ങനെ, പുളിമാവ് അത് ചേരുന്നതിൽ വ്യാപിക്കുകയും മാറ്റുകയും ചെയ്യുന്നു; നന്മയ്ക്കായി. പക്ഷേ, ആത്മീയതലത്തിൽ പലപ്പോഴും ക്ഷയിപ്പിക്കുന്നത് ആയതിനാൽ ജാഗ്രതയുള്ളവർ ആകുക. പരീശന്മാർ ബാഹ്യമായി വിശ്വാസികൾ ആയിരുന്നുവെങ്കിലും ആന്തരികമായി കഠിന ഹൃദയരായിരുന്നു. “പുളിമാവ്’ അവരുടെ മനോഭാവങ്ങളായിരുന്നു. അഹങ്കാരം, നിയമകാഠിന്യം, സ്വാർത്ഥത, ദൈവിക സത്യത്തോടുള്ള ചെറുത്തുനിൽപ്പ് എന്നിങ്ങനെ.

വ്യതിചലിച്ച ചിന്തകളിലൂടെ പുളിപ്പ് മനസ്സിനെ ദുഷിപ്പിക്കുന്നു. തെറ്റായ വിശ്വാസങ്ങൾ, സൂക്ഷ്മമായ യുക്തിബോധങ്ങൾ എന്നിവ ചെറുതായി ആരംഭിക്കുന്നു. അസൂയയെ അഭിലാഷമായും; കോപത്തെ ആവേശമായും; നീതിരാഹിത്യത്തെ ആവശ്യകതയായും നാം ന്യായീകരിച്ചേക്കാം. കാലക്രമേണ, ആവർത്തിച്ചുള്ള വിട്ടുവീഴ്ചകൾ നമ്മുടെ ലോക താല്പര്യത്തെ രൂപപ്പെടുത്തുന്നു. പരീശന്മാർ തങ്ങളുടെ പാരമ്പര്യങ്ങളുമായി വളരെയധികം ബന്ധപ്പെട്ടിരുന്നതിനാൽ തങ്ങൾക്ക് മുന്നിൽ നിൽക്കുന്ന മിശിഹായെ തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞില്ല. ആശയങ്ങൾ പ്രവർത്തനങ്ങളെ രൂപപ്പെടുത്തുന്നതിനാൽ മനസ്സിനെ സംരക്ഷിക്കണം; ചിന്തകളെ സൂക്ഷിക്കണം; സൂക്ഷ്മതികളും ആകണം. തിരുവെഴുത്തുകൾ പഠിപ്പിക്കുന്നതുപോലെ, മനസ്സിന്റെ നവീകരണത്തോടെയാണ് പരിവർത്തനം ആരംഭിക്കുന്നത്. “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ” (റോമർ 12:2). സത്യം അവഗണിക്കപ്പെടുമ്പോൾ അനീതി വളരുന്നു.

പുളിപ്പ് അഥവാ വ്യതിരിക്തത; ശീലങ്ങളോടും പെരുമാറ്റങ്ങളോടും സംവാദിക്കുന്നു. നിരുപദ്രവകരമായി തോന്നുന്ന ഒരു ആസക്തിയായി ആരംഭിക്കുന്നത് അടിമത്തമായി വളരുന്നു. ധാർമ്മിക ക്ഷയം സംഭവിക്കുന്നു; അത് ക്രമേണ വ്യാപിക്കുന്നു. അരിമാവിൽ പുളിപ്പ് നിശബ്ദമായി പ്രവർത്തിക്കുന്നതുപോലെ തന്നെ. പാപപരമായ ശൈലികൾ നമ്മുടെ ശാരീരിക ജീവിതത്തെ നിശബ്ദമായി പരുവപ്പെടുത്തുന്നു; നമ്മുടെ സംസാരം, പ്രവൃത്തി, ബന്ധങ്ങൾ ആദിയായവയെ.

ആത്മീയ ജാഗ്രതയിൽ പ്രായോഗിക അച്ചടക്കം ഉൾപ്പെടുന്നുവെന്ന് യേശു നമ്മെ ഓർമ്മിപ്പിക്കുന്നു. മാധ്യമങ്ങൾ, സൗഹൃദങ്ങൾ, അഭിലാഷങ്ങൾ എന്നിവയിലൂടെ നാം നമ്മുടെ ജീവിതത്തിൽ അനുവദിക്കുന്നവ നമ്മെ സ്വാധീനിക്കും. നാം അനുവദിക്കുന്ന “പുളിമാവ്’ അനുസരിച്ച് ശരീരം ഒന്നുകിൽ നീതിയുടെയോ അനീതിയുടെയോ പാപത്തിന്റെയോ ഉപകരണമായി മാറുന്നു. ഏറ്റവും ഗുരുതരമായത് ആത്മാവിന്റെ വ്യതിരിക്തതയാണ്. വഞ്ചന മറഞ്ഞിരിക്കുന്ന പാപത്തിന് അഭയം നൽകിക്കൊണ്ട്; വിശുദ്ധി നടിക്കുന്നത് സമഗ്ര നന്മയെ നശിപ്പിക്കുന്നു. പരീശന്മാർ ബാഹ്യമായി നീതിമാന്മാരായി പ്രത്യക്ഷപ്പെട്ടെങ്കിലും; നീതിയും കരുണയും വിശ്വസ്തതയും അവഗണിച്ചു. അവരുടെ “പുളിമാവ്’ അപകടകരമായിരുന്നു. കാരണം, അത് ഭക്തിപ്രകടനമായി ക്ഷയിച്ചിരുന്നു.

ദുഷിച്ച ഒരു ആത്മാവിന് ദൈവക ശബ്ദത്തോടുള്ള സംവേദനക്ഷമത നഷ്ടപ്പെടുന്നു. ജ്ഞാനരാഹിത്യം അവിശ്വാസത്തെയും, അഹങ്കാരം താഴ്മഇല്ലായ്മയെയും, പാപസാന്നദ്ധ്യം ദൈവികബന്ധത്തെയും മാറ്റിസ്ഥാപിക്കുന്നു. യേശുവിന്റെ മുന്നറിയിപ്പ് സ്നേഹ നിർഭരമായിരുന്നു, അപലപിക്കുന്നതായിരുന്നില്ല. തന്റെ ശിഷ്യന്മാർ ഹൃദയത്തിൽ ശുദ്ധരും, സത്യത്തിൽ അചഞ്ചലരുമായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു; നിഷ്കർഷിച്ചു.

പുളിമാവ് വ്യതിരിക്തതയെ അഥവാ എതിർപ്പിനെ പ്രതീകപ്പെടുത്തുന്നുവെങ്കിൽ, എന്താണ് നമ്മെ സംരക്ഷിക്കുന്നത്? സത്യത്തിന്റെയും സ്വച്ഛതയുടെയും പുളിപ്പില്ലാത്ത അപ്പംകൊണ്ട് ഉത്സവം ആചരിക്കാൻ പൗലോസ് ആഹ്വാനം ചെയ്യുന്നു. “ആകയാൽ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നേ ഉത്സവം ആചരിക്ക” (1 കൊരിന്ത്യൻസ് 5:8). ആത്മാർത്ഥത എന്നാൽ ദൈവത്തിന് മുന്നിൽ സുതാര്യത എന്നാണ് അർത്ഥമാക്കുന്നത്; അവിടെ മറഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളൊന്നുമില്ല. സത്യം എന്നാൽ മനുഷ്യ പാരമ്പര്യത്തേക്കാൾ ദൈവവചനവുമായി യോജിക്കുക എന്നാണ് അർത്ഥമാക്കുന്നത്.

ആത്മീയ ജാഗ്രതയ്ക്ക് ഭയമല്ല, അവബോധമാണ് ആവശ്യം. ശിഷ്യന്മാർ ഒരിക്കൽ “കരുതലിന്റെ അത്ഭുതം’ മറക്കുകയും അപ്പത്തെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്തതുപോലെ, നാമും യേശുവിന്റെ ആഴത്തിലുള്ള പഠനങ്ങൾ തെറ്റിദ്ധരിച്ചേക്കാം. അവൻ നമ്മെ വിവേകത്തിലേക്ക് വിളിക്കുന്നു. നമുക്ക് യുക്തമായി തോന്നുന്നതെല്ലാം ജീവൻ നൽകുന്നവയല്ല. നിസാരമായി തോന്നുന്ന എല്ലാ സ്വാധീനവും നിരുപദ്രവകരമല്ല.

പുളിപ്പിനെ സൂക്ഷിക്കുക എന്നാൽ നമ്മുടെ ഹൃദയങ്ങളെ പതിവായി പരിശോധിക്കുക എന്നതുമാണ്. ക്രിസ്തുവിന്റെ താഴ്മയ്ക്ക് വിരുദ്ധമായ മനോഭാവങ്ങൾ വേരൂന്നുന്നുണ്ടോ? ദൈവവചനത്തേക്കാൾ കൂടുതൽ സ്വാധീനമുള്ള മറ്റുപലതും നമ്മെ രൂപപ്പെടുത്തുന്നുണ്ടോ? നാം ആത്മാർത്ഥതയും സ്നേഹവും വളർത്തിയെടുക്കുകയാണോ അതോ വെറും ഭാവപ്രകടനങ്ങൾ മാത്രമാണോ?

ക്രിസ്തു കേവലം മുന്നറിയിപ്പ് നൽകുക മാത്രമല്ല; അവൻ ശുദ്ധീകരിക്കുകയും ചെയ്യുന്നു. നാം അവന്റെ പ്രകാശത്തിലേക്ക്; നമ്മിൽ മറഞ്ഞിരിക്കുന്ന എതിർപ്പിന്റെ പുളിപ്പിനെ കൊണ്ടുവരുമ്പോൾ, അവിടുന്ന് നമ്മെ ശുദ്ധീകരിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം നൽകാൻ അപ്പം വർദ്ധിപ്പിച്ച അതേ കർത്താവിന് പഴകിയതോ കഠിനമായതോ ആയ ഹൃദയങ്ങളെ പരിവർത്തനം ചെയ്യാനും കഴിയും.

പുളിമാവ് പതിയെ വ്യാപിക്കുന്നു, കൃപ ശാന്തമായി നിറയുന്നു. എതിർപ്പിന്റെ പുളിപ്പിന് ഒരു ജീവിതത്തിൽ വ്യാപിക്കാൻ കഴിയുമെങ്കിൽ; സത്യത്തെ സംബന്ധിച്ചും അപ്രകാരം തന്നെ. പാപത്തിന് ആത്മാവിനെ പരിവർത്തനം ചെയ്യാൻ കഴിയുമെങ്കിൽ; ദൈവാത്മാവിനും ആത്മാവിനെ പുന:സ്ഥാപിക്കാൻ കഴിയും. അതിനാൽ, മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും ദുഷിപ്പിക്കുന്ന എതിർപ്പിന്റെ പുളിപ്പിൽ നിന്ന് നമുക്ക് ജാഗ്രത പാലിക്കുകയും; പകരം ക്രിസ്തുവിന്റെ പുതുക്കുന്ന ജീവദായക വചനത്തിന്റെ സമ്പൂർണ്ണ രുചിഭേദങ്ങളുടെ പരിവർത്തന ശക്തി തേടുകയും ചെയ്യാം.

 

റോജി തോമസ്, ചെറുപുഴ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.