ലേഖനം: തന്നാൽ കഴിയുന്നത് ചെയ്യുക — ദൈവത്തിന് പ്രസാദകരമായ ജീവിതം | കെ. മീനാക്ഷി

ജീവിതത്തിൽ ദൈവം ഓരോ മനുഷ്യനെയും വ്യത്യസ്ത കഴിവുകളോടും സാഹചര്യങ്ങളോടും കൂടി സൃഷ്ടിച്ചിരിക്കുന്നു.ഒരാളിന് ലഭിച്ചിരിക്കുന്ന കഴിവുകൾ മറ്റൊരാളിന് ലഭിക്കണമെന്നില്ല. എന്നാൽ ദൈവം നമ്മോട് ആവശ്യപ്പെടുന്നത് മറ്റുള്ളവരുടെ കഴിവോ പ്രാപ്തിയോ വെച്ച് നമ്മെ താരതമ്യം ചെയ്യുകയല്ല, മറിച്ച് നമുക്ക് ലഭിച്ചിരിക്കുന്നത് കൊണ്ട് ഏറ്റവും നല്ലത് ചെയ്യുക എന്നതാണ്. ഇതാണ് “തന്നാലായത് ചെയ്യുക” എന്ന ക്രിസ്തീയ ജീവിത മൂല്യം.

ബഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശീമോൻ ഉണ്ടായിരുന്നു. അവൻ വളരെ സമ്പന്നനായിരുന്നു. കർത്താവ് അവനെ സൗഖ്യമാക്കിയതിന്റെ നന്ദിയായി ഒരിക്കൽ കർത്താവിനും ശിഷ്യന്മാർക്കുമായി ഒരു വിരുന്നൊരുക്കി. കർത്താവും ശിഷ്യന്മാരും ശീമോന്റെ വീട്ടിൽ പന്തിയിലിരിക്കുമ്പോൾ ഒരു സ്ത്രീ ഒരു വെങ്കൽ ഭരണി വിലയേറിയ സ്വച്ഛജടമാംസി തൈലവുമായി വന്ന് ഭരണി പൊട്ടിച്ച് കർത്താവിന്റെ തലയിൽ ഒഴിച്ചു. അവിടെ ഉണ്ടായിരുന്നവർ ഇത് മുന്നൂറിൽ അധികം വെള്ളിക്കാശ് വില വരുന്നതാണെന്നും, ഇത് വിറ്റ് ദരിദ്രന്മാർക്ക് കൊടുക്കാൻ കഴിയുമായിരുന്നുവല്ലോ എന്നു പറഞ്ഞ് സ്ത്രീയെ കുറ്റപ്പെടുത്തി. എന്നാൽ യേശു, അവളെ അസഹ്യപ്പെടുത്തുന്നത് എന്ത്? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തത്, ഞാനോ നിങ്ങളോടുകൂടെ ഇരിക്കുകയില്ല, അവൾ തന്നാലാവതു ചെയ്തു. കല്ലറയിലെ അടക്കത്തിനായി എൻ്റെ ദേഹത്തിനു മുമ്പുകൂട്ടി തൈലം തേച്ചു, സുവിശേഷം ലോകത്തിൽ പ്രസംഗിക്കുന്നിടത്തെല്ലാം അവൾ ചെയ്തതും അവളുടെ ഓർമ്മയ്ക്കായി പ്രസ്താവിക്കും എന്നു കർത്താവ് പറഞ്ഞു.

കർത്താവിൻ്റെ ശിഷ്യന്മാരിൽ ഒരുവനായ യൂദാ യേശുവിനിട്ട വിലയും മുപ്പത് വെള്ളിക്കാശാണ്. എന്നാൽ ആ സ്ത്രീ ഏറ്റവും മേന്മ ഏറിയതും രാജാക്കന്മാർ മരിക്കുമ്പോൾ പൂശുന്നതും വിശേഷത ഏറിയതും 300 വെള്ളിക്കാശ് വിലയുള്ളതുമായ സ്വച്ഛജട മാംസിതൈലമായിരുന്നു കർത്താവിന് കൊടുത്തത്. കർത്താവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവമക്കൾ ദൈവത്തിന് കൊടുക്കുന്നത് ഏറ്റവും നല്ലതും, വിലയേറിയതും ആയിരിക്കണം. നന്മ ചെയ്യുവാൻ പ്രാപ്തി ഉള്ളപ്പോൾ ചെയ്യാതിരിക്കരുത്.

ഒരിക്കൽ യേശു ആലയത്തിലെ ശ്രീഭണ്ഡാരത്തിനു നേരെ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണമിടുന്നത് നോക്കിക്കൊണ്ടിരുന്നു. ധനവാന്മാർ പലരും വളരെ ഇട്ടു. ഒരു ദരിദ്രയായ വിധവ വന്ന് ഒരു പൈസയ്ക്ക് ശരിയായ രണ്ടു കാശിട്ടു. അപ്പോൾ യേശു ശിഷ്യന്മാരെ വിളിച്ച് ഭണ്ഡാരത്തിലിട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്ന് പറഞ്ഞു. എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ ഇട്ടപ്പോൾ ആ ദരിദ്രയായ വിധവ തന്റെ ഇല്ലായ്മയിൽ നിന്നും തനിക്കുള്ളതൊക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്ന് ശിഷ്യന്മാരോട് പറഞ്ഞു. വീണ്ടെടുക്കപ്പെട്ട ദൈവമക്കൾ നിത്യതയ്ക്കായി ഒരുങ്ങിയിരിക്കുന്നവർ ഏതു രീതിയിലാണ് ദൈവത്തിനു കൊടുക്കുന്നത് എന്ന് തന്നെത്താൻ ശോധന ചെയ്യണം. ദരിദ്രയായ വിധവ ചെയ്ത പ്രവൃത്തി വേദപുസ്തകത്തിൽ ചേർക്കപ്പെടുകയും, അത് ദൈവജനം വായിക്കുകയും പ്രസംഗിക്കപ്പെടുകയും ചെയ്യുന്നു.

ധനവാൻ കൊടുത്തതു പോലെയാണോ? ദരിദ്രയായ വിധവ കൊടുത്തതു പോലെയാണോ? മറിയ കർത്താവിനു വേണ്ടി ചെയ്തതു പോലെയാണോ നാം ദൈവത്തിനു വേണ്ടി ചെയ്യുന്നത് എന്നു നാം നമ്മെ തന്നെ ശോധന ചെയ്യണം. പേരിനും പ്രശസ്തിക്കും വേണ്ടി ചെയ്യുന്നതൊന്നും ദൈവം അംഗീകരിക്കുന്നില്ല. മറിച്ച് ഓരോ ദിവസവും ദൈവം നമുക്ക് നൽകുന്ന സമയവും കഴിവും അവസരവും ശരിയായ രീതിയിൽ ഉപയോഗിച്ച് ജീവിക്കുമ്പോൾ നമ്മുടെ ജീവിതം ദൈവത്തിന് പ്രസാദകരമായ സാക്ഷ്യമായി മാറും. ചെറിയ കാര്യങ്ങളിൽ വിശ്വസ്തരായി നിലകൊള്ളുന്നവർ, ദൈവത്തിൻ്റെ കൃപയാൽ വലിയ അനുഗ്രഹങ്ങൾ അനുഭവിക്കും. ആയതിനാൽ, നമ്മുടെ ജീവിത യാത്രയിൽ ഏത് സാഹചര്യത്തിലായാലും ആത്മവിശ്വാസത്തോടെയും വിശ്വാസത്തോടെയും തന്നാൽ കഴിയുന്നത് ചെയ്യുക. അതാണ് ദൈവം നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്ന യഥാർത്ഥ ആരാധന.

 

കെ. മീനാക്ഷി

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.