ലേഖനം: യുദ്ധത്തിന്റെ നിഴലിൽ നിന്ന്, ക്രിസ്തുവിന്റെ സമാധാനത്തിലേക്ക് | സിബി ബാബു, യു. കെ
ഈ ലേഖനത്തിന്റെ പ്രദിപാദ്യ വിഷയം എന്നത് പഴയ നിയമത്തിലെ ഇസ്രായേലിന്റെ യുദ്ധങ്ങളും, പുതിയ നിയമത്തിലെ ക്രിസ്തുവിന്റെ സമാധാനവും എന്നതാണ്. ദൈവം പഴയ നിയമത്തിൽ യുദ്ധം ചെയ്യാൻ അനുവദിച്ചതായാണ് നമ്മൾ പലയിടത്തും കാണുന്നത്. എന്നാൽ പുതിയ നിയമത്തിൽ ദൈവം യുദ്ധമല്ല ആഗ്രഹിക്കുന്നത് മറിച്ചു ക്രിസ്തുവിന്റെ കാൽവരി ക്രൂശിലൂടെ ഉള്ള ഒരു വീണ്ടെടുപ്പാണ് ആഗ്രഹിക്കുന്നത്. ഇത് ഒരു പരസ്പര വിരുദ്ധത ആയി പലർക്കും തോന്നാം, എന്നാൽ അങ്ങനെ ആണോ എന്നാണ് ഇവിടെ നമ്മൾ ചിന്തിക്കാൻ പോകുന്നത്. പഴയ നിയമത്തിലും പുതിയ നിയമത്തിലും ദൈവത്തിന്റെ സ്വഭാവത്തിനു ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന് വളരെ വ്യക്തമായി തന്നെ പറയട്ടെ. അവൻ ആദ്യനും, അന്ത്യനും ആണ്, നമ്മുടെ കർത്താവ് അനന്യനും, മാറ്റമില്ലാത്തവനും ആണ്. എന്നാൽ ദൈവത്തിന്റെ ഇടപെടൽ എന്നത്, സർവ്വ ശക്തനായ ദൈവം വെളിപ്പെടുത്തുന്ന വഴി കാലത്തിനും ഉദ്ദേശത്തിനും അനുസരിച്ച് വളരെ വ്യത്യസ്തമാണ്. ഇസ്രായേൽ ദേശത്തിന്റെ യുദ്ധങ്ങൾ വെറും രാഷ്ട്രങ്ങൾക്കിടയിലെ പോരാട്ടമല്ലായിരുന്നു; അവ ദൈവം തന്റെ ജനത്തിലൂടെ തന്റെ നീതിയും വിശുദ്ധിയും പ്രകടിപ്പിക്കുന്ന ഒരു മാർഗം ആയിരുന്നു.
ദൈവം അന്നത്തെ കാലത്ത് തന്റെ ജനത്തെ ശുദ്ധീകരിക്കാൻ, ദുഷ്ടതയെ ഇല്ലാതാക്കാൻ, തന്റെ വാഗ്ദത്തങ്ങൾ നിറവേറ്റാൻ യുദ്ധങ്ങൾ അനുവദിച്ചു എന്നതാണ് സത്യം. അതു ഒന്ന് രണ്ട് ബൈബിൾ വാക്യങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാം. ന്യായപ്രമാണം മോശെയിലൂടെ ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തുവിലൂടെ വന്നു.” അതായത് മോശയുടെ കാലഘട്ടത്തിൽ മോശയിലൂടെ ദൈവം അവർക്കു ന്യായപ്രമാണം കൊടുത്തു, കൊടുത്ത ന്യായപ്രമാണത്തിലൂടെ വേണമായിരുന്നു അവർക്കു ജീവിക്കാൻ, പക്ഷെ ഇന്ന് ഇപ്പോൾ ഞാനും, നിങ്ങളും ജീവിക്കുന്നത് കൃപയുടെ കാലഘട്ടത്തിൽ ആണ്, യേശു ക്രിസ്തുവിലൂടെ കൃപയും, സത്യവും നമുക്ക് ലഭിച്ചു. അതായത് യേശു ക്രിസ്തു തന്ന കൃപയിലും, സത്യത്തിലും വേണം ഇന്ന് ജീവിക്കാൻ. ന്യായപ്രമാണം എന്ത് ചെയ്യണം, എന്ത് ചെയ്യണ്ടാ എന്ന് ഹൃദയത്തിന് പുറത്തുനിന്നുള്ള നിർദ്ദേശമായിരുന്നു. എന്നാൽ ഈ ന്യായപ്രമണം ഹൃദയത്തിൽ ഒരു മാറ്റമുണ്ടാക്കിയില്ല എന്നത് വളരെ വ്യക്തമാണ്. ന്യായപ്രമാണം പറയുന്നത്: “ഇങ്ങനെ ചെയ്യുക”, “അങ്ങനെ ചെയ്യരുത്”. ഇത് മനുഷ്യന്റെ പുറമേയുള്ള പെരുമാറ്റത്തെ നിയന്ത്രിച്ചു, പക്ഷെ അവന്റെ ഉള്ളിലെ മനസ്സിനെയോ ഹൃദയത്തെയോ മാറ്റിയില്ല. അതുകൊണ്ട് ന്യായപ്രമാണം ദൈവികമായതും നീതിയുള്ളതുമായിരുന്നു എങ്കിലും മനുഷ്യൻ ദൈവത്തിന്റെ ആത്മാവില്ലാതെ അതിൽ ജീവിക്കാൻ സാധ്യമല്ലായിരുന്നു. യോഹന്നാൻ 1:17, എബ്രായർ1:1-2″ ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു, ഈ അന്ത്യകാലത്തു പുത്രൻമുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു.” അതായത് ദൈവത്തിന്റെ വെളിപ്പാട് ഘട്ടം, ഘട്ടങ്ങളായാണ് എന്ന് ഈ വാക്യത്തുലൂടെ നമുക്ക് വ്യക്തമാകുന്നു. ദൈവം മനുഷ്യരോട് ഒരേ സമയം എല്ലാം വെളിപ്പെടുത്തിയിട്ടില്ല.
പഴയ നിയമം ദൈവത്തിന്റെ നിയമത്തിന്റെ കാലം ആയിരുന്നു, മനുഷ്യൻ പാപത്തിൽ വീഴുന്നതിന് മുമ്പുള്ള കാലം നിഷ്പാപ യുഗം എന്നും, പാപത്തിൽ വീണതിന് ശേഷം മോശവരെ ഉള്ള കാലം മനസാക്ഷി യുഗം എന്നും, മോശയ്ക്ക് ന്യായപ്രമാണം ലഭിച്ച കാലം മുതൽ ക്രിസ്തുവിന്റെ കാലം വരെ ന്യായപ്രമാണ യുഗം എന്നും വിളിക്കപ്പെടുന്നു.
മനുഷ്യൻ പാപത്തിൽ വീണ അവസ്ഥയിൽ, അവന്റെ മനസ്സും ഹൃദയവും ദുഷ്ടതയിലായിരുന്നു. അതിനാൽ ദൈവം അവർക്കു തന്റെ നീതി കാണിക്കാൻ യുദ്ധം പോലെയുള്ള മാർഗങ്ങൾ ഉപയോഗിച്ചു. യുദ്ധം അന്ന് ദൈവത്തിന്റെ വിധിയുടെയും നീതിയുടെയും ഉപകരണം ആയിരുന്നു. പഴയ നിയമത്തിലെ യുദ്ധങ്ങൾ ദൈവീക നീതിയുടെ ഭാഗങ്ങൾ ആയിരുന്നു, പഴയ നിയമത്തിൽ ദൈവം പല സാഹചര്യങ്ങളിലും യിസ്രായേലിനോട് യുദ്ധം ചെയ്യാൻ കല്പിച്ചു. ഉദാഹരണങ്ങൾ ആയിട്ട് നോക്കിയാൽ, കനാൻ ദേശം കൈവശപ്പെടുത്താൻ അവരോടു കല്പിക്കുന്നു (യോശുവ), അമാലേക്ക്യരെ നേരിടാൻ അവരോട് പറയുന്നു (1 ശമൂവേൽ 15) തുടങ്ങിയവ.
പഴയ നിയമം വായിക്കുമ്പോൾ ദൈവം യുദ്ധങ്ങൾക്ക് തയ്യാറെടുക്കാൻ പറയുന്നതും, യിസ്രായേലിനെ ശത്രുക്കളോടു പോരാടാൻ കല്പിച്ചതും കാണാം. എന്നാൽ അവിടെ യുദ്ധം ദൈവത്തിന്റെ വ്യക്തിപരമായ പ്രതികാരം അല്ലായിരുന്നു; ദൈവം തന്റെ നീതിയും ന്യായവും സ്ഥാപിക്കാനായി അനീതിയും ദുഷ്ടതയും നിറഞ്ഞ ജാതികളെ നീക്കുകയായിരുന്നു ഉദ്ദേശം, അതായത് ദൈവത്തിന്റെ നീതി യുദ്ധത്തിലൂടെ പ്രകടമാകുകയായിരുന്നു.
രണ്ടാമത്തെ കാരണം മനുഷ്യഹൃദയത്തിന്റെ കാഠിന്യം തന്നെ ആണ്, അതായത് പഴയ നിയമത്തിലെ ജനങ്ങൾ ആത്മാവിൽ ജീവിക്കുന്നവർ അല്ലായിരുന്നു. പാപം മനുഷ്യനെ ഹൃദയ കാഠിന്യം ഉള്ളവർ ആക്കി മാറ്റിയതിനാൽ, ക്ഷമയുടെയും സ്നേഹത്തിന്റെയും പാത അവർക്കു അന്യമായിരുന്നു. പഴയ നിയമത്തിൽ പരിശുദ്ധാത്മാവ് എല്ലാവരിലുമുണ്ടായിരുന്നില്ല; എന്നാൽ അവൻ ചിലരിൽ താൽക്കാലികമായി പ്രവർത്തിച്ചവൻ മാത്രമായിരുന്നു. (ഉദാ: ദാവീദ്, ശിംശോൻ, പഴയ നിയമ പ്രവാചകൻമാർ)അതിനാൽ, ദൈവത്തിന്റെ ഹൃദയം “ക്ഷമിക്കുക, സ്നേഹിക്കുക, ശത്രുവിനെ അനുഗ്രഹിക്കുക, ശത്രുവിനെ സ്നേഹിക്കുക, അവർക്കു വേണ്ടി പ്രാർത്ഥിക്കുക, അവരോടു ക്ഷമിക്കുക ” എന്നത് അവർക്കു മനസ്സിലാക്കാനും ജീവിക്കാനും കഴിയാത്ത ഒരു ആത്മീയ നിലയിലായിരുന്നു. അതിനാൽ ദൈവത്തിന്റെ സ്നേഹം മനുഷ്യർക്ക് ആഴത്തിൽ ഗ്രഹിക്കാനായില്ല. ആത്മാവിൽ ഉള്ള ജീവിതം പൂർണ്ണമായി അനുഭവിക്കാൻ സാധ്യമായിരുന്നില്ല, അതുകൊണ്ടുതന്നെ ദൈവം അന്നത്തെ മനുഷ്യരോടു തങ്ങളുടെ പരിധിയനുസരിച്ചുള്ള മാർഗത്തിൽ ഇടപെട്ടു. ആ കാലത്തു മനുഷ്യരുടെ ഹൃദയം ദുഷ്ടതയിലേക്കാണ് ചായുന്നത്. അത് ഉല്പത്തിയിൽ ഉള്ള ഈ വാക്യത്തിൽ വളരെ വ്യക്തമാണ്. ( ഉല്പത്തി 6:5 ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.) അതായത് ദൈവം അന്നത്തെ ജനങ്ങളെ അവരുടെ പരിമിതമായ മനസ്സിനനുസരിച്ച് നയിച്ചു;. അതുകൊണ്ട് പഴയ നിയമത്തിൽ ദൈവം മനുഷ്യരുടെ മനോഭാവത്തിനും കാലഘട്ടത്തിനും അനുസരിച്ചു പ്രവർത്തിച്ചു എന്ന് വേണം നമുക്ക് മനസ്സിലാക്കാൻ. അത് ദൈവത്തിന്റെ വിദ്വേഷം അല്ല, അത് ദൈവത്തിന്റെ നീതി ആയിരുന്നു. ദുഷ്ടതയെ നിയന്ത്രിക്കാനുള്ള വിധിന്യായമായ ഇടപെടലുകൾ ആയിരുന്നു അവ. എന്നാൽ പുതിയ നിയമത്തിൽ യേശു ക്രിസ്തു പറഞ്ഞു: “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ, നിങ്ങളെ ഉപദ്രവിക്കുന്നവർക്കായി പ്രാർത്ഥിപ്പിൻ.” (മത്തായി 5:44). കർത്താവായ യേശുക്രിസ്തുവിന്റെ മരണ, പുനരുത്ഥാനത്തിനു ശേഷം, ദൈവാത്മാവ് മനുഷ്യഹൃദയത്തിൽ വന്നു വസിച്ചു. ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും. യേഹേസ്കേൽ 36:27. ഇതോടെ ദൈവം പുറത്തു നിന്നു കൽപ്പിക്കുന്നവനല്ല, അകത്ത് നിന്നു രൂപാന്തരം ചെയ്യുന്നവനായി മാറി. പഴയ നിയമത്തിൽ ദൈവം തന്റെ നീതിയെ വാളിലൂടെ വെളിപ്പെടുത്തി; പുതിയ നിയമത്തിൽ ദൈവം അതേ നീതിയെ ക്രൂശിലൂടെ സ്നേഹമായി വെളിപ്പെടുത്തി. പുതിയ നിയമത്തിൽ യേശു പറഞ്ഞു: “വാളെടുക്കുന്നവൻ വാളാൽ നശിച്ചു പോകും.” മത്തായി 26:52. (മത്തായി 5:39 )ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിർക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. ക്രൂശിൽ ദൈവം പ്രതികാരമല്ല, ക്ഷമയുടെ ശക്തി കാണിച്ചു. അവൻ ശത്രുവിനെ കൊല്ലാതെ, അവന്റെ പാപം വഹിച്ച് അവനെ രക്ഷിച്ചു.
പുതിയ നിയമത്തിൽ ദൈവത്തിന്റെ യുദ്ധം മനുഷ്യരോടല്ല; പാപത്തോടും ഇരുളിന്റെ ശക്തികളോടുമാണ്. നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.(എഫെസ്യർ 6:12). ഇപ്പോൾ നമ്മുടെ ആയുധം വാളല്ല, പ്രാർത്ഥനയും ക്ഷമയും സ്നേഹവും ആണ്. പ്രിയ ദൈവ ജനമേ ഇതിൽ നിന്ന് നമ്മൾ മനസിലാക്കേണ്ടത്, പഴയ നിയമത്തിലെ യുദ്ധം ദൈവത്തിന്റെ നീതിയെ വെളിപ്പെടുത്തി; എന്നാൽ പുതിയ നിയമത്തിലെ സമാധാനം ദൈവത്തിന്റെ ഹൃദയത്തെ വെളിപ്പെടുത്തി എന്നുള്ളതാണ്. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ, കർത്താവായ യേശു ക്രിസ്തുവിന്റെ വാക്കുകൾ ആണിത്. ഇത് കൃപായുഗത്തിന്റെ കാലം ആണ്, ഈ കാലഘട്ടത്തിൽ യുദ്ധം ഒന്നിനും ഒരു പരിഹാരം അല്ല. “യുദ്ധം മതിയാക്കി, അന്യോന്യം സ്നേഹിക്കുക.” ഇതാണ് ദൈവം ആഗ്രഹിക്കുന്നത്. പഴയ നിയമത്തിലെ മനുഷ്യർ നിയമം അനുസരിച്ച് ജീവിച്ചവരാണ്; പുതിയ നിയമത്തിലെ മനുഷ്യർ കൃപയും ആത്മാവും അനുസരിച്ച് ജീവിക്കുന്നവരാണ്. പഴയ നിയമത്തിൽ ദൈവം തന്റെ നീതിയെ വാളിലൂടെ വെളിപ്പെടുത്തി എങ്കിൽ പുതിയ നിയമത്തിൽ ക്രൂശിന്റെ കൃപയിലൂടെ തന്റെ നിത്യസ്നേഹത്തെ ദൈവം വെളിപ്പെടുത്തി. യേശുവിന്റെ വരവിനു മുമ്പ് ദൈവാത്മാവ് മനുഷ്യരിൽ സ്ഥിരമായി വസിച്ചിരുന്നില്ല എങ്കിൽ യേശു മരിച്ചു ഉയിർത്തെഴുന്നേറ്റതി ന് ശേഷം, പരിശുദ്ധാത്മാവ് വന്നപ്പോൾ, മനുഷ്യഹൃദയങ്ങൾ മാറ്റപ്പെട്ടവരായി. ഞാൻ നിങ്ങളുടെ ഉള്ളിൽ എന്റെ ആത്മാവിനെ നിക്ഷേപിക്കും; നിങ്ങൾ എന്റെ ചട്ടങ്ങൾ അനുസരിക്കും.” (എസെക്കിയേൽ 36:27). കർത്താവായ യേശു ക്രിസ്തു പറയുന്നത്, എന്നാൽ ഞാനോ നിങ്ങളോടു പറയുന്നു നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ.” (മത്തായി 5:38-44). കർത്താവ് ഇങ്ങനെ പറഞ്ഞതിന്റെ അർഥം പഴയ നിയമത്തെ നിഷേധിക്കലല്ല; പഴയ നിയമത്തിന്റെ ആത്മീയ പൂർണ്ണതയിലേക്കുള്ള ഉയർത്തലാണ്. ചുരുക്കി പറഞ്ഞാൽ പഴയ നിയമം നിയമത്തിന്റെ കാലം ആയിരുന്നു എങ്കിൽ പുതിയ നിയമം കൃപയുടെ കാലം ആയിരുന്നു. പഴയ നിയമത്തിൽ ദൈവം നീതിയെ യുദ്ധത്തിലൂടെ നടപ്പാക്കി എങ്കിൽ പുതിയ നിയമത്തിൽ ദൈവം സ്നേഹത്തിലൂടെ നീതി നടപ്പാക്കി. പഴയ നിയമത്തിൽ പരിശുദ്ധത്മാവ് പുറമേയുള്ള പ്രവർത്തനം ആയിരുന്നു എങ്കിൽ പുതിയ നിയമത്തിൽ പരിശുദ്ധത്മാവ് ഹൃദയത്തിൽ വന്നു വസിച്ചു അകമേ യുള്ള പരിവർത്തനം ആയി മാറി. പഴയ നിയമത്തിൽ ശിക്ഷയും വിധിയും ആയിരുന്നു എങ്കിൽ പുതിയ നിയമത്തിൽ ക്ഷമയും വീണ്ടെടുപ്പും ആയിരുന്നു.
യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. യുദ്ധത്തിന്റെ മൂല കാരണം തന്നെ മനുഷ്യൻ ദൈവത്തെ ഉപേക്ഷിച്ചു സ്വയമേ ചെയ്ത പാപം ആണ്. കർത്താവായ യേശുക്രിസ്തു തന്റെ ക്രൂശിൽ മനുഷ്യരുടെ പാപത്തിന്റെ ഫലമായുള്ള യുദ്ധങ്ങൾ അവസാനിപ്പിച്ചു. പക്ഷേ ലോകം ആ ക്രൂശിലേക്കു മടങ്ങിയെത്താതിരിക്കുന്നിടത്തോളം കാലം, യുദ്ധങ്ങൾ നിലനിൽക്കും.
മനുഷ്യരാശിയുടെ ചരിത്രം മുഴുവൻ പരിശോധിച്ചാൽ യുദ്ധങ്ങളുടെ ഭീകരതകൾ നിറഞ്ഞതാണ്. രാജാക്കന്മാർക്കും രാഷ്ട്രങ്ങൾക്കും വാളുകളും, യുദ്ധങ്ങളും വഴി നേടിയ ജയം എത്രയോ ഉണ്ടായി, പക്ഷേ അവയൊന്നും ലോകത്തെ സമാധാനത്തിലേക്കു നയിച്ചിട്ടില്ല. ഓരോ യുദ്ധവും കൂടുതൽ പ്രതികാരത്തിനും വേദനക്കും വഴിയൊരുക്കി. കാരണം, യുദ്ധത്തിന്റെ മൂലകാരണമായ പാപം മനുഷ്യഹൃദയത്തിനുള്ളിലാണ്. ക്രൂശിലേക്കുള്ള മടങ്ങിവരവാണ് ഇതിനു ഏക പരിഹാരം. ക്രൂശിൽ നിന്നു ദൂരെ പോയ ലോകം എന്നും യുദ്ധത്തിൽ തന്നെ ആയിരിക്കും. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ അവസാനിക്കണമെങ്കിൽ, മനുഷ്യർ, രാജ്യങ്ങൾ ക്രൂശിലേക്കു മടങ്ങിവരേണ്ടതുണ്ട്. അവിടെ മാത്രമേ ക്ഷമയുണ്ടാകൂ, അവിടെ മാത്രമേ ഐക്യത ഉണ്ടാകൂ. ക്രൂശിൽ നിന്നുള്ള രക്തം മനുഷ്യന്റെ ഹൃദയത്തെ ശാന്തമാക്കും, ആ ശാന്തതയാണ് യഥാർത്ഥ സമാധാനം, ക്രിസ്തുവിന്റെ സമാധാനം.
അതെ ഈ ലോകജനത മുഴുവൻ കർത്താവായ യേശു ക്രിസ്തുവിന്റെ കാൽവരി ക്രൂശിലേക്ക് മടങ്ങി വരട്ടെ. യുദ്ധങ്ങൾ ഇല്ലാത്ത നല്ല കാലങ്ങൾക്കായി, നല്ല നാളെക്കായി നമുക്ക് പ്രാർത്ഥിക്കാം.
സിബി ബാബു, യു. കെ

- Advertisement -



Comments are closed, but trackbacks and pingbacks are open.