ലേഖനം: സത്യത്തിന്റെ പരിജ്ഞാനം ലഭിച്ച ശേഷം നാം തെറ്റി ഒഴിഞ്ഞാൽ | റ്റോജോ തോമസ് ദുബായ്

സത്യം അറിയുന്നത് ഒരു അറിവല്ല മാത്രം, അത് ദൈവത്തിന്റെ ഒരു കൃപയാണ്. ഇരുട്ടിൽ അലഞ്ഞു നടന്ന മനുഷ്യന്റെ കണ്ണിൽ തെളിയുന്ന വെളിച്ചം പോലെ, ആത്മാവിന്റെ ഉള്ളിലേക്ക് ദൈവം വെളിപ്പെടുത്തുന്ന സത്യമാണ് ജീവനെ സ്വതന്ത്രമാക്കുന്നത്.

അതുകൊണ്ടുതന്നെ യേശു പറഞ്ഞു: “നിങ്ങൾ സത്യം അറിയും;സത്യം നിങ്ങളെ സ്വതന്ത്രരാക്കും.” (യോഹന്നാൻ 8:32) എന്നാൽ ഈ വചനത്തിൽ ഒളിഞ്ഞിരിക്കുന്നത് വെറും അറിവിന്റെ സ്വാതന്ത്ര്യമല്ല, അനുസരണത്തിലൂടെ ലഭിക്കുന്ന ആത്മീയ വിമോചനമാണ്. സത്യം അറിയുക ഒരു തുടക്കമാണ്.പക്ഷേ സത്യത്തിൽ നടക്കുക എന്നത് ഒരു ജീവിതമാണ്. അറിവ് വർദ്ധിക്കുമ്പോൾ ഉത്തരവാദിത്വവും വർദ്ധിക്കുന്നു.സത്യം അറിയുന്ന നിമിഷം മുതൽ നമ്മുടെ ആത്മാവിന് ഒരു ഭാരം ചുമത്തപ്പെടുന്നു ദൈവത്തോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാരം. അതുകൊണ്ടാണ് യാക്കോബ് അപ്പൊസ്തലൻ കഠിനമായ സ്നേഹത്തോടെ നമ്മെ ഓർമ്മിപ്പിക്കുന്നത്: “വചനം കേൾക്കുന്നവരായി മാത്രം അല്ല, അതു ചെയ്യുന്നവരായി ഇരിപ്പിൻ.” (യാക്കോബ് 1:22)

വചനം കേൾക്കപ്പെടുമ്പോൾ ജീവിതം മാറുന്നില്ലെങ്കിൽ, അറിവ് അനുഗ്രഹമല്ല, അത് സാക്ഷ്യമായി മാറുന്നു നമ്മെ കുറ്റപ്പെടുത്തുന്ന സാക്ഷ്യം. സത്യം അറിഞ്ഞിട്ടും തെറ്റി ഒഴിയുമ്പോൾ… ബൈബിൾ ഇവിടെ നിശ്ശബ്ദമായി സംസാരിക്കുന്നില്ല.അത് ശക്തമായി മുന്നറിയിപ്പ് നൽകുന്നു. എബ്രായർ 10:26–27: “സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചതിന് ശേഷം നാം മനഃപൂർവമായ പാപം ചെയ്യുകയാണെങ്കിൽ…” ഇവിടെ പറയുന്ന പാപം അജ്ഞതയിൽ സംഭവിക്കുന്ന ഒരു വീഴ്ചയല്ല.അത് ഒരു നിമിഷ ദുർബലതയുമല്ല. ഇത് അറിഞ്ഞിട്ടും, മുന്നറിയിപ്പ് കേട്ടിട്ടും, മനസ്സാക്ഷി കുറ്റപ്പെടുത്തുമ്പോഴും, പരിശുദ്ധാത്മാവിന്റെ ശബ്ദം അവഗണിച്ച് തുടർച്ചയായി പാപത്തിൽ തുടരുന്ന നിലപാടാണ്. ഇതാണ് ബൈബിൾ“ മനഃപൂർവമായ പാപം”എന്ന് വിളിക്കുന്നത്.

ദൈവം കരുണയുള്ള പിതാവാണ്. അവൻ അജ്ഞതയിൽ സംഭവിക്കുന്ന പാപങ്ങളെ ക്ഷമിക്കുന്നവനാണ്. “അജ്ഞതയുടെ കാലങ്ങളെ ദൈവം അവഗണിച്ചു.” (അപ്പൊ. പ്രവൃത്തികൾ 17:30) എന്നാൽ സത്യം അറിഞ്ഞ ശേഷം, വചനം കേട്ട ശേഷം, മുന്നറിയിപ്പ് ലഭിച്ച ശേഷം, അതിനെ അവഗണിച്ച് പാപത്തിൽ തുടരുന്നത് മനഃപൂർവ പാപമായി മാറുന്നു.

ഇവിടെ കരുണയും നീതിയും ഒരുമിച്ച് നിലകൊള്ളുന്നു. അറിഞ്ഞിട്ടും വിട്ടുനടക്കുന്നത് – ആത്മീയ അപകടം 2 പത്രോസ് 2:21 ൽ ഇങ്ങനെ പറയുന്നു “നീതിയുടെ വഴി അറിഞ്ഞ ശേഷം അതിൽ നിന്ന് പിന്മാറുന്നതിനെക്കാൾ, അറിയാതെ ഇരുന്നത് അവർക്കു നല്ലതായിരുന്നു.” സത്യം അറിഞ്ഞിട്ടും അത് ഉപേക്ഷിക്കുന്നത് ആത്മാവിനെ കഠിനമാക്കുന്നു, മനസ്സാക്ഷിയെ മൗനത്തിലാക്കുന്നു.യേശു പറഞ്ഞു:“തന്റെ യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടും തയ്യാറാകാത്ത ദാസന് അധിക ശിക്ഷ ഉണ്ടാകും.”(ലൂക്കോസ് 12:47)

നമ്മൾ കേൾക്കുന്ന ഓരോ പ്രസംഗവും, വായിക്കുന്ന ഓരോ വചനവും നമ്മുടെ ഉള്ളിൽ ഒരു ചോദ്യം ഉണർത്തുന്നു:“ ഇത് അറിഞ്ഞിട്ടും ഞാൻ എന്തുകൊണ്ട് അനുസരിക്കുന്നില്ല?”വചനത്തെ അവഗണിക്കുന്ന ജീവിതം വചനത്തിന്റെ വെളിച്ചത്തിൽ ജീവിക്കാതെ,വചനത്തെ അറിവായി മാത്രം സംഭരിക്കുന്ന ജീവിതം ദൈവത്തെ ദുഃഖിപ്പിക്കുന്നതാണ്.“പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്.” (എഫെസ്യർ 4:30)

സത്യം നമ്മെ മാറ്റേണ്ടതാണ്;നമ്മൾ സത്യത്തെ ന്യായീകരിക്കാനല്ല. എന്നാൽ, പ്രത്യാശയുടെ വാതിൽ അടഞ്ഞിട്ടില്ല പ്രിയരേ, ബൈബിൾ മുന്നറിയിപ്പ് നൽകുമ്പോഴും പ്രത്യാശയുടെ വാതിൽ ഒരിക്കലും അടയ്ക്കുന്നില്ല.“ നാം നമ്മുടെ പാപങ്ങൾ സമ്മതിച്ചാൽ, അവൻ വിശ്വസ്തനും നീതിമാനുമായതിനാൽ അവയെ ക്ഷമിക്കും.”(1 യോഹന്നാൻ 1:9)

മനഃപൂർവ പാപത്തിൽ നിന്ന് വിടുതൽ ലഭിക്കുന്നത് നിഷേധത്തിലൂടെ അല്ല, ന്യായീകരണത്തിലൂടെ അല്ല മനസ്സുതിരിഞ്ഞ് മടങ്ങുന്നതിലൂടെ മാത്രമാണ്. ദൈവം നമ്മെ തള്ളുവാൻ അല്ല, മടങ്ങിവരുവാൻ കാത്തിരിക്കുന്ന പിതാവാണ്.

ഇന്ന് പരിശുദ്ധാത്മാവ് നമ്മോട് ചോദിക്കുന്നു: ഞാൻ അറിഞ്ഞ സത്യത്തിൽ തന്നെ നടക്കുകയാണോ? അല്ലെങ്കിൽ അറിഞ്ഞിട്ടും അവഗണിക്കുകയാണോ? ഇന്ന് തന്നേ, പാപത്തിൽ നിന്ന് മാറി, അനുസരണത്തിലേക്ക് മടങ്ങുവാൻ കർത്താവ് നമ്മെ വിളിക്കുന്നു.

പ്രിയരേ, സത്യം അറിഞ്ഞവർ വിശുദ്ധിയിൽ നടക്കണം. തെറ്റിയാൽ വേഗം കർത്താവിന്റെ അടുക്കൽ മടങ്ങണം. പൗലോസ് അപ്പൊസ്തലൻ പറയുന്നതുപോലെ:“ നാം സത്യത്തിൽ സ്നേഹത്തോടെ ജീവിച്ച് എല്ലാറ്റിലും ക്രിസ്തുവിലേക്കു വളരുക.” (എഫെസ്യർ 4:15) മനഃപൂർവ പാപം ദൈവത്തിൽ നിന്ന് നമ്മെ അകറ്റുന്നു, എന്നാൽ മനസ്സുതിരിഞ്ഞ് മടങ്ങുന്നവരെ ദൈവം ഒരിക്കലും തള്ളുന്നില്ല.“ ഇന്ന് നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ, നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.”(എബ്രായർ 3:15)

നാം സത്യം അറിഞ്ഞവരായി,സത്യത്തിൽ നടക്കുവാൻ ദൈവകൃപ തേടാം. നമ്മുടെ ജീവിതം കർത്താവിന് പ്രസാദകരമാകട്ടെ. നാം സത്യത്തിന്റെ ജീവിക്കുന്ന സാക്ഷികളായി മാറട്ടെ.

 

റ്റോജോ തോമസ് ദുബായ്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.