ലേഖനം: തടവറയും ഇരുമ്പുവാതിലും | റോജി തോമസ്, ചെറുപുഴ

തടവ് ഒരു ശിക്ഷയോ സ്ഥല-സഞ്ചാര പരിമിതിയോ മാത്രമല്ല; വ്യക്തി സംബന്ധമായി ഇത് ഒരു സമ്പൂർണ്ണ അവസ്ഥാ വ്യതിയാനമാണ്. അതിനർത്ഥം ദൈനംദിന ജീവിതത്തിന്റെ മിക്കവാറും എല്ലാ വശങ്ങളെയും അത് നിയന്ത്രിക്കുന്നു എന്നത്രേ. എപ്പോൾ ഭക്ഷണം കഴിക്കണം, ഉറങ്ങണം, ചലിക്കണം, സംസാരിക്കണം എന്നിവയെക്കുറിച്ചുള്ള തീരുമാനങ്ങൾ ബാഹ്യമായി നിയന്ത്രിക്കപ്പെടുന്നു. നിരന്തരമായി നിരീക്ഷിക്കപ്പെടുകയോ നിയന്ത്രിതമാകയോ ചെയ്യുന്നത് പെരുമാറ്റത്തെയും ചിന്താരീതികളെയും മാറ്റുന്നു. സമയം മന്ദവും ഭാരമുള്ളതും അർത്ഥശൂന്യവും ആയി അനുഭവപ്പെടുന്നു. സ്വകാര്യത, ബഹുമാനം, വാത്സല്യം, അർത്ഥവത്തായ ജോലി, എന്നിവ പരിമിതമാണ്. ജയിൽ സാഹചര്യങ്ങൾ പലപ്പോഴും സ്വഭാവസവിശേഷതകളെ തീവ്രമാക്കുന്നു. ജയിലിൽ പ്രവേശിക്കുമ്പോൾ കടുത്ത ഉത്കണ്ഠ, പരിഭ്രാന്തി, നാണക്കേട്, അപമാനം, ഭയം, ദുഃഖം (കുടുംബം, പദവി, സ്വാതന്ത്ര്യം എന്നിവയുടെ നഷ്ടം), അവിശ്വാസം എന്നിവ വർദ്ധിപ്പിക്കുന്നു. വ്യക്തി “ഒരു തടവുകാരൻ’ ആയിത്തീരുന്നു, മറ്റെല്ലാം രണ്ടാമത്. അങ്ങേയറ്റത്തെ വൈകാരിക അടിച്ചമർത്തൽ സംഭവിക്കുന്നു.

ആത്മീയ ചിന്തയിൽ; ജയിലും തടവും വെറുമൊരു സ്ഥലമല്ല. അത് ഒരു അവസ്ഥയാണ്; അടിമത്തമാണ്. ദൈവത്തിൽ നിന്നുള്ള വേർപിരിയലാണ്. പാപത്തിലുള്ള അടിമത്തം! “അവൻ അവരെ ഇരുട്ടിൽനിന്നും അന്ധതമസ്സിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു’ (സങ്കീർത്തനങ്ങൾ 107:14). ഇത് ആത്മപരമായ തടവിനെ സൂചിപ്പിക്കുന്നു; ഇവിടെയും സ്വാതന്ത്ര്യം, വ്യക്തിത്വം, പ്രതീക്ഷ, ധാർമ്മികത എന്നിവ നഷ്ടപ്പെടുന്നു. തിരുവെഴുത്തുകളിൽ പാപത്തെ ബന്ധനമായി തന്നെ വിശേഷിപ്പിച്ചിരിക്കുന്നു. “അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു’ (യോഹന്നാൻ 8:34). പ്രത്യക്ഷത്തിൽ ജയിൽ ഒരു അദൃശ്യസത്യത്തിന്റെ ദൃശ്യരൂപമായി മാറുന്നു.

“പാപം’ വെറും “തെറ്റ്’ മാത്രമല്ല അത് ഹൃദയത്തിന്റെ ഒരു അവസ്ഥയാണ്. “തടവുകാരൻ’ എന്ന അവസ്ഥ പാപിയുമായി മൂന്ന് പ്രധാന തലങ്ങളിൽ സമാനതപ്പെടുന്നു. ഒന്നാമതായി സ്വാതന്ത്ര്യം നഷ്ടപ്പെടൽ; “ഞാൻ ചെയ്വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നത്’ (റോമാ 7:19). ഇത് തടവിലെ നിസ്സഹായതും നിർബന്ധിത പെരുമാറ്റത്തെയും സൂചിപ്പക്കുന്നു. തടവുകാരൻ “തടവുകാരൻ’ ആകുന്നു

പാപി “കുറ്റക്കാരൻ’ ആയി മാറുന്നു. ര−ാമതായി; പാപം സ്വത്വത്തെ ഇല്ലാതാക്കുന്നു. പാപം ചെയ്ത ആദം ഒളിക്കുന്നു; കയീൻ മുദ്രയാൽ അടയാളപ്പെടുന്നു. ദാവീദ് തകർന്നിരിക്കുന്നു; പത്രൊസ് കഠിനമായി കരയുന്നു. ലജ്ജ വ്യക്തിത്വത്തെ മാറ്റിസ്ഥാപിക്കുന്നു. മൂന്നാമതായി; വേർതിരിക്കപ്പെടുന്നു; പാപി ദൈവത്തിൽ നിന്നും ദൈവജനത്തിൽ നിന്നും വേർപെടുന്നു. “നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങൾക്കു മറെക്കുമാറാക്കിയതു’ (യെശയ്യാ 59:2). ദൈവത്തിന്റെ “നീതി’ ശിക്ഷ നൽകുന്നതു മാത്രമല്ല പുനഃസ്ഥാപനം നൽകുന്നതാണ്.

“യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു’ (ഹോശേയ 6:6). പെരുമാറ്റത്തെ നിയന്ത്രിക്കാൻ നിയമത്തിന് കഴിയും എന്നാൽ അതിന് ഹൃദയത്തെ മനസ്സിനെ സുഖപ്പെടുത്താൻ കഴിയില്ല. നിയന്ത്രണത്തിന് പ്രവർത്തനങ്ങളെ അടിച്ചമർത്താൻ കഴിയും; എന്നാൽ പരിവർത്തനത്തിന് ആന്തരിക മാറ്റം ആവശ്യമാണ്. പശ്ചാത്താപം എന്നാൽ; അകവാതിൽ തുറക്കൽ, മനസ്സിന്റെ പുനഃക്രമീകരണം, സ്വയവഞ്ചനയുടെ തകർച്ച, ദൈവത്തിന്റെ മുമ്പിൽ സത്യസന്ധമായി നിലകൊള്ളുക എന്നിവ ആകുന്നു.

കുറ്റവാളി എന്നപോൽ ക്രിസ്തു പിടിക്കപ്പെട്ടു. അവിടുത്തെ പരിഹസിച്ചു; അടിച്ചു; കുറ്റവാളി എന്നപോൽ കുരിശിലേറ്റി. “അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർക്കുവേണ്ടി ഇടനിന്നും കൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ’ (യെശയ്യാ 53:12).

തിരുവെഴുത്തിലെ ഏറ്റവും തീവ്രമായ “ശിക്ഷാ രംഗം’ ആണ് “കാൽവരി കുരിശ്’. കുറ്റക്കാരെ മോചിപ്പിച്ചു (ബരബ്ബാസ്); നിരപരാധിയായ മനുഷ്യൻ അവിടെ ശിക്ഷിക്കപ്പെട്ടു. നിയമം ഒരു സമൂഹത്തെ തൃപ്തിപ്പെടുത്തി. ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി. “അങ്ങനെ എങ്കിൽ ക്രൂശിന്റെ ഇടർച്ച നീങ്ങിപ്പോയല്ലോ’ (ഗലാത്യർ 5:1). സ്വാതന്ത്ര്യം ലഭ്യമാകുകയും ചെയ്തു. ആത്മാവ് ഉള്ളിടത്ത് സ്വാതന്ത്ര്യമുണ്ട്. “ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോൾ ഉത്ഭവിക്കും; നിങ്ങൾ അതു അറിയുന്നില്ലയോ?’ (യെശയ്യാ 43:19).

ലോക നിയമം മനുഷ്യരോട് എന്തുചെയ്യുന്നുവെന്ന് ജയിൽവാസം കാണിക്കുന്നു. അനുതാപം മനുഷ്യർക്ക് പാപത്തിൽ നിന്ന് നീതിയാവുന്നു. മോചനം തടവറയിൽ നിന്നല്ല, പാപത്തിന്റെ ചങ്ങലകളിൽ നിന്നാണ് വേ−ത്. ശരീരത്തിന്റെ മോചനമല്ല ആത്മരക്ഷ ആണ് പ്രധാനം. “അതു അറിയിക്കുന്നതിൽ ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങലധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിന്നോ ബന്ധനം ഇല്ല’ (2 തിമൊഥെയൊസ് 2:9).

ഒരു വ്യക്തി ശാരീരികമായി സ്വതന്ത്രനും ആത്മീയമായി തടവിലാക്കപ്പെട്ടവനും ആവാം. കുരിശിലെ കള്ളൻ (ലൂക്കോസ് 23:39-43) ഒരു തടവിലല്ല; പക്ഷേ അവൻ പൂർണ്ണമായും മറ്റൊന്നിന്റെ തടവിലാണ്. കുരിശ് (അഥവാ മരണശിക്ഷ) അന്നത്തെ നീതിന്യായ വ്യവസ്ഥയുടെ അന്തിമവും തിരുത്താനാവാത്തതുമായ തീരുമാനം ആണ്. ഒരിക്കൽ നടപ്പിലാക്കിയാൽ, പിന്നീട് തെറ്റുകൾ തിരുത്താനുള്ള നിയമപരമോ, നൈതികമോ ആയ ഏതൊരു വഴിയും അവശേഷിക്കുന്നില്ല. “തിരുത്തലുകൾ വരുത്താൻ’ സമയമില്ല; അനുവദിക്കുന്നില്ല. അവിടെ നല്ല പെരുമാറ്റമില്ല.

മനുഷ്യനീതി പിഴവുകൾക്കും പഴുതുകൾക്കും ഇടയിലുള്ള സംവിധാനമാണ്. തെറ്റായ സാക്ഷികൾ, അപൂർണ്ണമായ അനേ്വഷണം, ചില പക്ഷപാതങ്ങൾ, സാമൂഹിക-അധികാര കയ്യാളലുകൾ എന്നിവ മൂലം തെറ്റായ വിധികൾ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നു. കുരിശ് മരണ ശിക്ഷാവിധി ഈ പിഴവുകൾക്ക് തിരുത്തൽ നൽകാനുള്ള അവസരമോ സാവകാശമോ ഇല്ലാതാക്കുന്നു.

ശിക്ഷയുടെ ലക്ഷ്യം പ്രതികാരം മാത്രമാകരുത്; പരിഷ്കാരവും പുനഃരധിവാസവും ആയിരിക്കണം. എന്നാൽ മരണശിക്ഷ വ്യക്തിക്ക് തന്റെ തെറ്റുകൾ തിരിച്ചറിയാനും മാറാനും ഉള്ള ഒരു സാധ്യതയും നൽകുന്നില്ല. “നല്ല പെരുമാറ്റം’ എന്ന ആശയം തന്നെ ഇവിടെ അസാധുവാകുന്നു. ശിക്ഷ അനുഭവിക്കുമ്പോൾ വ്യക്തിക്ക് സമൂഹത്തിന് അനുകൂലമായ മാറ്റങ്ങൾ കാണിക്കാനുള്ള അവസരം തന്നെ നിഷേധിക്കപ്പെടുന്നു. സമയം നീതിയുടെ ഒരു പ്രധാന ഘടകമാണ്. കാലം കടന്നുപോകുമ്പോൾ പുതിയ തെളിവുകൾ, സാക്ഷ്യങ്ങൾ, അല്ലെങ്കിൽ ശാസ്ത്രീയ പുരോഗതികൾ, സ്വാധീനശക്തികളുടെ സാന്നിധ്യരാഹിത്യം എന്നിവ സത്യം വെളിപ്പെടുത്താൻ കഴിയും. കുരിശ് മരണ ശിക്ഷ കാലത്തിന്റെ ഈ സാധ്യതയെ ഇല്ലാതാക്കുന്നു.

പാപിയെ സംബന്ധിച്ചു അനുതാപ രഹിതമായതും രക്ഷ പ്രാപിക്കാത്തതുമായ മരണം; കുരിശുമരണത്തിനു തുല്യമാണ്. കാരണം മരണാനന്തരം രക്ഷയ്ക്ക് സാധ്യതയെ ഇല്ല. “അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു’ (2 കൊരിന്ത്യർ 5:10) എന്നാൽ ഇതേ കുരിശിലത്രേ ക്രിസ്തു പാപിയായ മനുഷന്റെ രക്ഷ സാധ്യമാക്കിയത്. ഇവിടെ രക്ഷ സംഭവിക്കാമെങ്കിൽ അത് എവിടെയും സംഭവിക്കാം.

അനുതാപമില്ലാത്ത കാൽരിയിലെ കള്ളൻ “നിങ്ങൾ മിശിഹായല്ലേ? നിങ്ങളെയും ഞങ്ങളെയും രക്ഷിക്കുക! എന്ന് പരിഹസിക്കുമ്പോൾ (എന്നെ സഹായിക്കുക അല്ലെങ്കിൽ നിങ്ങൾ പ്രയോജനരഹിതനാണ്), പരിവർത്തനമില്ലാതെ, പരിശ്രമമില്ലാതെ രക്ഷപ്പെടാൻ അവൻ ആഗ്രഹിക്കുന്നു. കുരിശിലും അവൻ അഹങ്കാരത്താൽ തടവിലാണ്.

പശ്ചാത്തപിച്ച കള്ളൻ; “നീ ദൈവത്തെ ഭയപ്പെടുന്നില്ലേ..? നമ്മൾ നീതിപൂർവം ശിക്ഷിക്കപ്പെടുന്നു… പക്ഷേ ഈ മനുഷ്യൻ ഒരു തെറ്റും ചെയ്തിട്ടില്ല; നാം ഇത് അർഹിക്കുന്നു’ എന്ന് പശ്ചാത്തപിച്ച് പരിതപിക്കുന്നു; വിലപിക്കുന്നു; അനുതപിക്കുന്നു. വ്യക്തിപരമായ ഉത്തരവാദിത്തം ഒഴിവുകഴിവുകളല്ല. അവന്റെ അപരാധബോധം; തിരിച്ചറിവ് യേശുവിനെ വ്യക്തമായി കാണുന്നതിന് സഹായകമായി. ദൈവഭയം ഭീതിതമല്ല, മറിച്ച് ആദരവും വിധേയത്വവും ആണ്. ആത്മപരിവർത്തനം അവന്റെ സ്വയം കേന്ദ്രീകരിണത്തെ, നീതീകരണത്തെ ഇല്ലാതാക്കി. ഇതാണ് യഥാർത്ഥ അനുതാപം. ഒരു സമ്പൂർണ്ണ ആന്തരിക പുനഃക്രമീകരണം. പെരുമാറ്റ പരിഷ്ക്കരണമല്ല; മറിച്ച് അത്യന്തവും അടിസ്ഥാനപരവുമായ പരിവർത്തനമാണത്.

“എന്നെ ഒാർക്കുക’ എന്ന അഭ്യർത്ഥനയുടെ മനഃശാസ്ത്രം കാരുണ്യ പ്രാപണമാണ്. ആ കള്ളൻ താഴെയിറക്കാൻ ആവശ്യപ്പെടുന്നില്ല. മരണശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ, നിരപരാധിത്വം തെളിയിക്കാൻ പരിശ്രമിക്കുന്നില്ല. അദ്ദേഹം ആഗ്രഹിക്കുന്നു; “യേശുവേ, നീ നിന്റെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നെയും ഒാർക്കണമേ…’ എന്ന്. മാനസികമായി അവൻ മരണം സ്വീകരിക്കുന്നു. അവൻ കുറ്റം സമ്മതിക്കുന്നു. ശിക്ഷയിൽ പരിതാപമില്ല; അനുതാപം ഉ−്താനും. അവൻ യേശുവിന്റെ അധികാരവും രാജത്വവും അംഗീകരിക്കുന്നു; സ്വീകരിക്കുന്നു. സ്വന്തം മൂല്യത്തിനപ്പുറം അവൻ പ്രതീക്ഷിക്കുന്നു. ഇത് നിരാശയാലല്ല; വിലപേശൽ കൂടാതെയുള്ള കീഴടങ്ങലാണ്. അദ്ദേഹം ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നു; ശേഷം മരിക്കുന്നു. എന്നാൽ അവൻ ഇതിനകം മരണത്തിന് മുന്നമേ ക്രിസ്തുവിൽ സ്വതന്ത്രനാവുന്നു.

യേശുവിന്റെ പ്രതികരണം; കാലതാമസമില്ലാതെ അവനു രക്ഷ പ്രദാനം ചെയ്യുന്നു. യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു’ (ലൂക്കോസ് 23:43). എന്തുകൊണ്ട്? കാരണം; ആ കള്ളൻ ഇതിനകം തന്നെ യഥാർത്ഥ അതിർത്തി കടന്നു. സ്വയം ന്യായീകരണത്തിൽ നിന്ന് സത്യത്തിലേക്ക് തന്നെ. പൂർണ്ണമായും ദുരിതമനുഭവിക്കുന്നു, പൂർണ്ണമായും പ്രത്യാഘാതങ്ങൾ നേരിടുന്നു, പൂർണ്ണമായും മരിക്കുന്നു.

രക്ഷ നീതിയെ മായ്ച്ചുകളയില്ല; അതിനെ പുനഃസ്ഥാപിക്കുന്നു. യേശു പാപത്തിന്റെ ആത്യന്തിക വില വഹിക്കുന്നു. കള്ളൻ താൽക്കാലിക ശിക്ഷ, ശാരീരിക മരണം ചുമക്കുന്നു.

ജയിലിന് പശ്ചാത്താപം നിർബന്ധമാക്കാൻ കഴിയില്ല, കാലത്തിന് മാറ്റം ഉറപ്പുനൽകാനും കഴിയില്ല. രക്ഷാവാതിൽ അത് ഉള്ളിൽ നിന്ന് തുറക്കുന്നു. എല്ലാം നഷ്ടപ്പെടുകയും എന്നിട്ടും രക്ഷിക്കപ്പെടുകയും ചെയ്യാം. കുറ്റക്കാരനാകാം എന്നിട്ടും അനുതാപത്താൽ സ്വീകരിക്കപ്പെടാം. രക്ഷ ക്രിസ്തുവിലത്രേ.

 

റോജി തോമസ്, ചെറുപുഴ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.