ലേഖനം: കൗൺസിലർ ഇല്ലാത്ത കൗൺസിലിംഗ് മുറി | നിഖിൽ മാത്യു

ജീവിതം നമ്മോട് നിശബ്ദമായി സംസാരിക്കുന്ന ഇടങ്ങൾ ഉണ്ടെന്ന് അയാൾ മനസ്സിലാക്കുന്നത് ആ മുറിയിൽ വച്ചായിരുന്നു. നിശബ്ദതയുടെ മുറി.. ഏകാന്തതയുടെ ഇരുണ്ട മുറി. ഏകാന്തതയും നിശബ്ദതയെയും ഒരുപോലെ അഭിമുഖീകരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. തന്നിലെ ഉറവുകൾ ഉറഞ്ഞു പോകുന്നു.. ചുവരുകൾക്ക് അയാളെ ആശ്വസിപ്പിക്കുവാനുള്ള ഭാഷ അറിയില്ല കസേരകൾക്ക് വേഗത കൂട്ടാനുള്ള അധികാരവുമില്ല. എന്നിട്ടും ഈ മുറി അയാളെ വലിഞ്ഞുമുറുക്കി. ആദ്യമായി അയാളെ ആക്രമിച്ചത് കോപം അല്ല അത് അസഹിഷ്ണുത ആയിരുന്നു കാരണങ്ങൾ ഇല്ലാത്ത ഉൾകുത്തുകൾ. എന്തിനാണ് ഈ നിശബ്ദ കാത്തിരിപ്പ് എന്ന ചോദ്യം തന്റെ തലയിൽ മുഴങ്ങി മുറി അവിടെയും മൗനം പാലിച്ചു. ഏകാന്തതക്കും ഒറ്റപ്പെടലിനും ഭാഷയില്ല എന്ന് അന്ന് അയാൾ പഠിച്ചു. പകരം ചിന്തകൾ ശബ്ദമുണ്ടാക്കി കേൾപ്പിച്ചു, ഒരു നുറുങ്ങുവെട്ടം, സമയത്തിന്റെ ദൈർഘ്യമാണോ സമയം തന്നെ അനുസരിക്കാത്തതാണോ പ്രശ്നം? ആ ചോദ്യം തന്നെ വല്ലാണ്ട് അസ്വസ്ഥമാക്കി. സമയം തന്നെ അനുസരിക്കണം എന്ന് വാശി പിടിക്കാൻ കഴിയില്ലല്ലോ. ഈ മുറിയിൽ ഒളിച്ചോടാൻ വഴികളില്ല സംസാരിക്കാൻ ആളുകളും ഇല്ല ചെയ്യാൻ ഒന്നും തന്നെയില്ല. “എന്തെങ്കിലുമൊക്കെ ചെയ്യാതെ കാലത്തെ തള്ളിനീക്കുക അസാധ്യമാണ് ” എന്ന് ആരോ പറഞ്ഞത് അയാൾ ഓർത്തു. ആ കാത്തിരിപ്പിൽ അയാൾ കലഹിച്ചത് സമയത്തോടോ ഏകാന്തതയോടെ അല്ല മറിച്ച് അയാളോട് തന്നെയാണ്. ഓരോ കാത്തിരിപ്പും ഏകാന്തതയും ഒരു പുത്തൻ പഠനശാലയാണ്. ഈ കാത്തിരിപ്പ് അയാളുടെ ജീവന്റെ സമൃദ്ധിയെ വല്ലാണ്ട് ദുർബലമാക്കി. ഉള്ളിൽ ഭയം നിറയുകയും ചുറ്റും ഏകാന്തത പൊതിയുകയും ചെയ്തു. എന്നാൽ താൻ പഠിച്ച പാഠങ്ങൾ ജീവിതത്തോളം വലിപ്പമുള്ളതായിരുന്നു. എല്ലാ നിശബ്ദ കാലത്തിനും അപ്പുറം ദൈവപ്രവർത്തിയുടെയും ദൈവ നീതിയുടെ ഒരു കാലഘട്ടം നമുക്കായി തുറക്കപ്പെടും. ഏകാന്തതയുടെ കാലം ഭംഗിയുള്ള ചിലത് സംഭവിക്കുന്ന ദിനങ്ങൾ കൂടിയാണ്. മിണ്ടാതിരുന്ന ഞാൻ ദൈവം എന്നറിഞ്ഞു കൊള്ളുവിൻ എന്നാണ് ദൈവവചനം. ” Biblically waiting is not just something we have to do until we get what we want, waiting is part of the process of becoming what God wants us to be” എന്നാണ് ജോൺ ഓർട്ബെർഗ് പറയുന്നത്. നമ്മിലെ ഏറ്റവും നല്ലതിനെ കർത്താവ് രൂപപ്പെടുത്തി കൊണ്ടിരിക്കുന്നു.

യെശയ്യാവ് 40:31 എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും. ഓരോ കാത്തിരിപ്പിലും നമ്മിൽ ഒരു പുതുക്കം സംഭവിക്കുന്നു.

ജീവിതം നിശബ്ദമായി സംസാരിക്കുന്ന ഇടങ്ങളിൽ ഉപദേശങ്ങൾ ഇല്ല… പരിഹാരങ്ങൾ ഇല്ല… മറിച്ച് നാം നമ്മെ തന്നെ കണ്ടെത്തുന്നു.. ദൈവഹിതത്തെ തിരിച്ചറിയുന്നു. കൗൺസിലർ ഇല്ലാത്ത കൗൺസിലിംഗ് മുറികൾ പോലെ.

സങ്കീർത്തനങ്ങൾ 147:3 മനം തകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.

 

നിഖിൽ മാത്യു

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.