ജീവിതയാത്രയിൽ തളരാതെ – മോളി ആൻ്റി : ഇവാ.ടൈറ്റസ്, ഇടയാറന്മുള

ഇവിടെ നാം പരിചയപ്പെടുന്നത് നമ്മിൽ പലർക്കും സുപരിചിതയായ, ഇപ്പോൾ അമേരിക്കയിലെ അറ്റ്ലാൻ്റയിൽ താമസിക്കുന്ന ശ്രീ. തമ്പി മാത്യൂ (തമ്പിച്ചായൻ)യുടെ ഭാര്യ മോളി ആൻ്റിയെ കുറിച്ചാണ്. പുല്ലാട് മുണ്ടനിൽക്കുന്നതിൽ വി. വി. ജോർജ് – പെണ്ണമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ മൂന്നാമത്തെ മകളായി മോളി ആൻ്റി ജനിച്ചു.

1977 ഓഗസ്റ്റ് 25ന് പ്രിയപ്പെട്ട തമ്പിച്ചായനുമായി മോളി ആൻ്റിയുടെ വിവാഹം നടന്നു. വിവാഹത്തിനുതന്നെ പിറ്റേദിവസം ഇരുവരും ജബൽപൂരിലേക്ക് യാത്രയായി. അവിടെ മോളി ആൻ്റിക്ക് B.Ed കോഴ്‌സിനുള്ള അഡ്മിഷൻ എടുക്കുന്നതിനായായിരുന്നു യാത്ര. ജബൽപൂരിൽ B.Ed കോഴ്‌സിൽ ചേർത്ത ശേഷം തമ്പിച്ചായൻ ബോംബെയിലേക്ക് മടങ്ങി.

1978ന്റെ അവസാനത്തോടെ കോഴ്‌സ് പൂർത്തിയാക്കിയ മോളി ആൻ്റി ഭർത്താവിനോടൊപ്പം ജീവിക്കുവാൻ മസ്കറ്റിലേക്ക് യാത്രയായി. തുടർന്നുള്ള വർഷങ്ങൾ മസ്കറ്റിൽ രണ്ട് സ്ഥാപനങ്ങളിൽ ജോലി ചെയ്തു—ആദ്യം CMI എന്ന സ്ഥാപനത്തിലും പിന്നീട് ഒമാൻ സ്റ്റേറ്റ് ന്യൂസ് പേപ്പറിലും. 1978 മുതൽ 1989 വരെ, അമേരിക്കയിലേക്ക് കുടിയേറുന്നതുവരെ, കുടുംബം മസ്കറ്റിലായിരുന്നു താമസം.
ഈ കാലയളവിൽ തമ്പി–മോളി ദമ്പതികൾക്ക് ദൈവം മൂന്നു ആൺമക്കളെയും ഒരു മകളെയും ദാനമായി നൽകി. മൂത്തമകൻ ജോൺസൺ, രണ്ടാമൻ പീറ്റർ, മൂന്നാമൻ ഡോ. ജെൻസൺ, നാലാമത്തെ മകൾ പ്രിസില്ല. ഇവരുടെ നാലുപേരുടെയും ജനനം സാധാരണ പ്രസവത്തിലൂടെയായിരുന്നുവെങ്കിലും, ഈ മുഴുവൻ കാലയളവിലും മോളി ആൻ്റിയെ അപസ്മാരം എന്ന രോഗം അലട്ടിക്കൊണ്ടിരുന്നു. വിവാഹദിവസം മുതൽ തന്നെ ഈ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും പലവട്ടം അതുമൂലം പ്രിയപ്പെട്ടവൾ വലിയ പ്രയാസങ്ങൾ അനുഭവിച്ചിരുന്നുവെന്നും തമ്പിച്ചായൻ പറഞ്ഞിട്ടുണ്ട്.
നാല് പ്രസവസമയങ്ങളിലും അപസ്മാരരോഗം കഠിനമായി ശല്യപ്പെടുത്തി. നാലാമത്തെ മകൾ പ്രിസില്ലയുടെ പ്രസവശേഷം മോളി ആൻ്റി ഹോസ്പിറ്റൽ ബെഡിൽ നിന്നു അപസ്മാരത്തെ തുടർന്ന് തറയിൽ വീണ സംഭവവും ഉണ്ടായി. എന്നാൽ വലിയ അപകടങ്ങൾ വരാതെ കർത്താവ് കാത്തു.

1989ൽ ദമ്പതികൾ അമേരിക്കയിലേക്ക് കുടിയേറി. ന്യൂ ജേഴ്സി സ്റ്റേറ്റിലേക്കായിരുന്നു അവരുടെ ആദ്യ താമസം. തമ്പിച്ചായന്റെ മൂത്ത സഹോദരൻ ബാബുവിന്റെ സ്പോൺസർഷിപ്പിലാണ് അവർ അമേരിക്കയിലെത്തിയത്. എന്നാൽ കർത്താവിന്റെ വേല ചെയ്യണമെന്ന ആഗ്രഹം മൂലം അവർ ടെന്നിസി സ്റ്റേറ്റിലേക്ക് മാറി. അവിടെ തമ്പിച്ചായൻ ക്ലീവ്ലാൻഡിലെ Church of God School of Theology സെമിനാരിയിൽ ചേർന്നു. നാലുവർഷംകൊണ്ട് ദൈവശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം സമ്പാദിച്ചു.

ആരോഗ്യപരമായി മോളി ആൻ്റിക്ക് നിരന്തരം അപസ്മാരം ഉണ്ടായിരുന്നുവെങ്കിലും, അതൊന്നും തമ്പിച്ചായന്റെ പഠനത്തെയും ശുശ്രൂഷകളെയും ബാധിക്കാതെ കർത്താവ് സംരക്ഷിച്ചു. 1989 മുതൽ 1999 വരെ ദമ്പതികൾ ടെന്നിസിയിൽ തുടർന്നു. 1999ൽ അവിടെ നിന്ന് അറ്റ്ലാൻ്റയിലേക്ക് മാറി. അതിനുശേഷം ഇതുവരെയും അവിടെയാണ് താമസം.
ടെന്നിസിയിൽ വെച്ചാണ് ആദ്യമായി ഒരു ബുക്ക്‌സ്റ്റാൾ ആരംഭിച്ചത്. അവിടെ വെള്ളക്കാരായ വിശ്വാസികളുടെയിടയിൽ ഒരു പ്രാർത്ഥനാ കൂട്ടായ്മയും ഉണ്ടായിരുന്നു.
2003 മുതൽ മോളി ആൻ്റിക്ക് ആരോഗ്യപരമായ കടുത്ത പ്രയാസങ്ങൾ ആരംഭിച്ചു. ആ വർഷം ഹൃദയം തുറന്ന് mitral valve replacement ശസ്ത്രക്രിയ നടത്തി. 14 വയസ്സിൽ വന്ന റുമാറ്റിക് ഫീവറാണ് ഹൃദ്രോഗത്തിന് കാരണമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. അത്യന്തം പ്രയാസകരമായ ദിവസങ്ങളായിരുന്നു അത്. ഏകദേശം ഒന്നര മാസം ആശുപത്രിയിൽ കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങി, ദീർഘകാലം മരുന്നുകൾ ഉപയോഗിച്ചു. ആരോഗ്യം വീണ്ടെടുത്തതോടെ ബുക്ക്‌സ്റ്റാളിന്റെ നിയന്ത്രണവും നടത്തിപ്പും പൂർണ്ണമായും മോളി ആൻ്റി ഏറ്റെടുത്തു.
അങ്ങനെിരിക്കെ, ഒരു ദിവസം ഒരു കൊള്ളക്കാരൻ കൈയിൽ തോക്കുമായി ബുക്ക്‌സ്റ്റാളിൽ കയറി മോളി ആൻ്റിയെ ഭീഷണിപ്പെടുത്തി. സംസാരിക്കരുതെന്ന് പറഞ്ഞ് അവരെ ബന്ദിയാക്കി. സ്റ്റാളിലുണ്ടായിരുന്ന പണം മുഴുവൻ കവർന്ന ശേഷം സമീപമുറിയിലെ ഒരു ബെഡിൽ കിടത്തിവെച്ച്, ശബ്ദമുണ്ടാക്കിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് അയാൾ മടങ്ങിയത്. പണം നഷ്ടപ്പെട്ടെങ്കിലും, തോക്കിന്റെ മുനയിൽ നിന്ന് ദൈവം അത്ഭുതകരമായി തന്റെ ദാസിയെ രക്ഷിച്ചു. ആ അനുഭവം വിവരിക്കാൻ വാക്കുകൾ പോരാ എന്നാണ് മോളി ആൻ്റി പിന്നീട് പറഞ്ഞത്.
തുടർന്ന് ജീവിതയാത്രയിൽ അനേകം കഠിനമായ തിരമാലകൾ ഈ കുടുംബത്തിന്മേൽ അടിച്ചുകയറി. 2021ൽ ഏകമകൾ പ്രിസില്ല, ഭർത്താവ് ജോസിയെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും വിട്ടു ഈ ലോകം വിടവാങ്ങി. ഇതിനകം ആരോഗ്യപ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരുന്ന മോളി ആൻ്റിക്ക് ഇത് സഹിക്കാനാവാത്ത വേദനയായി. എങ്കിലും ദൈവം അതിജീവിക്കുവാൻ കൃപ നൽകി.

2023 ഓഗസ്റ്റ് 29ന് നിമോണിയ ബാധിച്ച് മോളി ആൻ്റി വീണ്ടും ആശുപത്രിയിലായി. രോഗാവസ്ഥ ഗുരുതരമായി മാറി; ഹൃദയത്തിന്റെ പമ്പിംഗ് ശരിയാക്കാൻ പേസ്മേക്കർ ഘടിപ്പിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. പേസ്മേക്കർ വെക്കുന്നതിന് മുമ്പ് ഏകദേശം 8 സെക്കന്റ് ഹൃദയം നിലച്ചു. എല്ലാവരും മരണം സംഭവിച്ചതായി കരുതിയെങ്കിലും, ഡോക്ടർമാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഹൃദയം വീണ്ടും മിടിച്ചു. പേസ്മേക്കർ ഘടിപ്പിച്ച ശേഷം സെപ്റ്റംബർ 9ന് വീട്ടിലേക്ക് മടങ്ങി.

മൂന്ന് ദിവസത്തിന് ശേഷം, രാത്രി ഉറങ്ങാൻ പോകുമ്പോൾ കടുത്ത അപസ്മാരം ഉണ്ടായി; തറയിൽ തലയിടിച്ച് വീണു. ഗുരുതരമായ പൊട്ടലും രക്തസ്രാവവും ഉണ്ടായി. ഉടൻ ആശുപത്രിയിൽ എത്തിച്ചു. രക്തസ്രാവം തുടരുന്നതിനിടെ വീണ്ടും അപസ്മാരം ഉണ്ടായി. ഈ ഘട്ടത്തിൽ തിരിച്ചുവരവ് അസാധ്യമെന്ന നിലയിലായിരുന്നു ഡോക്ടർമാരുടെയും കുടുംബത്തിന്റെയും വിലയിരുത്തൽ.
തുടർച്ചയായി മൂന്നു പ്രാവശ്യം അപസ്മാരം ഉണ്ടായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്റർ ഘടിപ്പിച്ച ഉടൻ കാർഡിയാക് അറസ്റ്റ് സംഭവിച്ചു. എല്ലാ പ്രതീക്ഷകളും അസ്തമിച്ച നിമിഷമായിരുന്നുവെങ്കിലും, പ്രതീക്ഷയ്ക്കെതിരെ വിശ്വാസത്തോടെ പ്രാർത്ഥന തുടർന്നു. മൂന്നു മാസത്തോളം ആശുപത്രിവാസം നീണ്ടു. ഈ കാലയളവിൽ ഓർമ്മശക്തി, സംസാരശേഷി, നടക്കാനുള്ള കഴിവ് എന്നിവയിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായി.

മൂന്നു മാസങ്ങൾക്ക് ശേഷം പതുക്കെ ആരോഗ്യം മടങ്ങിത്തുടങ്ങി. എന്നാൽ പിന്നീട് വീണ്ടും നില ഗുരുതരമായി മാറി—അടുത്ത രണ്ടു മാസം ആശുപത്രിയിൽ, തുടർന്ന് രണ്ടു മാസം റീഹാബിലിറ്റേഷൻ സെന്ററിൽ. അവിടെനിന്ന് ചില ചുവടുകൾ മുന്നോട്ട് വയ്ക്കാനും, അല്പമായി സംസാരിക്കാനും കഴിയുന്ന നിലയിൽ വീട്ടിലേക്ക് മടങ്ങി. വോക്കറിന്റെ സഹായത്തോടെയാണ് നടക്കാൻ കഴിഞ്ഞിരുന്നത്.
ഇപ്പോൾ മോളി ആൻ്റിക്ക് 70 വയസ്സാണ്. 2024ൽ വീണ്ടും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായി. എഴുന്നേറ്റുനിൽക്കുവാനോ നടക്കുവാനോ കഴിയാത്ത അവസ്ഥയായി. ദിവസത്തിലെ 24 മണിക്കൂറും പരിചാരകരുടെ സഹായം അനിവാര്യമാണ്. എങ്കിലും മുഖത്ത് ദൈവകൃപയുടെ പ്രകാശവും ഹൃദയത്തിൽ സന്തോഷവും പ്രത്യാശയും നിറഞ്ഞവളായി അവൾ ജീവിക്കുന്നു.
വിവാഹദിവസം മുതൽ ഇന്നുവരെ ശരീരത്തെ വിട്ടുമാറാത്ത അപസ്മാരവും ഹൃദ്രോഗവും ബലഹീനതയും അനുഭവിച്ചിട്ടുണ്ടെങ്കിലും, ഭർത്താവായ തമ്പിച്ചായന്റെ ആത്മീയ ശുശ്രൂഷകൾക്ക് എല്ലാകാലവും പ്രാർത്ഥനയാലും സഹായത്താലും ഒരു ഉത്തമ ഭാര്യയായി അവൾ നട്ടെല്ലായി നിന്നു. 2023ൽ ഇരുവരും ചേർന്ന് ഇന്ത്യയിൽ എത്തി, വെസ്റ്റ് ബംഗാൾ ഉൾപ്പെടെയുള്ള മിഷൻ ഫീൽഡുകൾ സന്ദർശിക്കുകയും വിശ്വാസികളെ ശക്തിപ്പെടുത്തുകയും ചെയ്തു. കുമ്പനാട് എക്സൽ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ചടങ്ങിലും പങ്കെടുത്തു.

പ്രിസില്ലയുടെ മരണത്തിന് ശേഷം പിഞ്ചുകുഞ്ഞുങ്ങളായ അലിയ (7), ആഷ്ലിൻ (5) എന്നിവരും അവരുടെ പിതാവ് ജോസിയും ഈ ദമ്പതികളോടൊപ്പം താമസിക്കുന്നു;
ഇടയ്ക്ക് സംസാരിക്കുമ്പോൾ, “ഈ ശരീരത്തിലെ കഷ്ടങ്ങൾ നിത്യ തേജസ്സിന്റെ വെറും അസംസ്കൃത വസ്തുക്കൾ മാത്രമാണ്; ക്രിസ്തുഭക്തർക്കായി അത്യന്തം മഹത്വമുള്ള ശരീരം ഒരുനാൾ ലഭിക്കും” എന്ന പ്രത്യാശയോടെ അവൾ സംസാരിക്കുന്നത് കേൾക്കുമ്പോൾ ദൈവത്തെ മഹത്വപ്പെടുത്തുവാൻ എനിക്കും ഇടയായിട്ടുണ്ട്…

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.