ലേഖനം: മറഞ്ഞിരിക്കുന്ന മന്നാ | ടോജോ തോമസ്, ദുബായ്*

മരുഭൂമിയിലെ ദീർഘമായ യാത്രക്കിടയിൽ, വിശപ്പിന്റെ കരച്ചിലിനും അനിശ്ചിതത്വത്തിന്റെ നിശ്വാസങ്ങൾക്കും നടുവിൽ, ദൈവം ഇസ്രായേൽ മക്കൾക്കായി ഒരുക്കിയ സ്വർഗ്ഗീയ ദാനമായിരുന്നു മന്നാ. മിസ്രയീമിന്റെ അടിമത്തത്തിൽ നിന്ന് വിടുതൽ പ്രാപിച്ച നാൾമുതൽ, സീനായി മരുഭൂമിയിലെ നാല്പത് വർഷങ്ങളോളം, മനുഷ്യന്റെ പരിശ്രമമില്ലാതെ, ആകാശത്തിൽ നിന്ന് ദിവസേന വീണ ദൈവപരിപാലനത്തിന്റെ തെളിവായിരുന്നു അത്.

പുറപ്പാട് പതിനാറാം അദ്ധ്യായം മുതൽ യോഹന്നാൻ സുവിശേഷം വരെയുള്ള വേദവാക്യങ്ങളിൽ മന്നായ്ക്ക് ആഴമുള്ള ആത്മീയ പ്രാധാന്യമുള്ളതായി നാം കാണുന്നു, മന്നാ വെറും ആഹാരമല്ല; ദൈവവിശ്വാസത്തിന്റെ ആഴമുള്ള ആത്മീയ പ്രതീകവുമാണ്.

“ഇതാ, ഞാൻ നിങ്ങൾക്കു ആകാശത്തിൽ നിന്നു അപ്പം മഴപോലെ വർഷിപ്പിക്കും.” — പുറപ്പാട് 16:4

മന്നായുടെ സ്വഭാവസവിശേഷതകളും അത്ഭുത ഗുണങ്ങൾഉം അനവധിയാണ് വെളുത്ത ചെറു കണികകൾ (മഞ്ഞുതുള്ളിയുടെ തിളക്കം) പോലുള്ള തേനടയുടെ രുചിയോടുകൂടിയ സ്വർഗ്ഗീയ ഭക്ഷണമാണിത്

മന്നാ ശാരീരിക വിശപ്പിനെ മാത്രമല്ല ശമിപ്പിച്ചത്; ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ച് ജീവിക്കേണ്ടതിന്റെ ദൈവിക പാഠം അതിലൂടെ ദൈവം തന്റെ ജനത്തെ പഠിപ്പിച്ചു. ഓരോ ദിവസത്തേക്കുള്ളത് മാത്രം ശേഖരിക്കണമെന്ന ദൈവാദേശം, മനുഷ്യന്റെ ഭാവി ഭദ്രത സ്വന്തശക്തിയിൽ ഉറപ്പാക്കാനുള്ള ശ്രമങ്ങളെ ചോദ്യം ചെയ്തു. അതിലധികം സൂക്ഷിക്കാൻ ശ്രമിച്ചപ്പോൾ, അതു പുഴുക്കളാൽ നിറഞ്ഞു.

ഇവിടെ വെളിപ്പെട്ടത് ഒരു ശാശ്വത സത്യമായിരുന്നു — മനുഷ്യജീവിതം സ്വന്തം ബുദ്ധിയാലോ ശേഷിയാലോ അല്ല, ദൈവവചനത്തിലും ദൈവപരിപാലനത്തിലുമാണ് നിലനിൽക്കുന്നത്.

പുതിയ നിയമത്തിൽ, വെളിപ്പാട് പുസ്തകത്തിൽ, സഭയോട് ദൈവം നൽകുന്ന വാഗ്ദത്തത്തിൽ ഈ മന്നാ ഒരു പുതിയ അർത്ഥത്തിലേക്ക് ഉയർത്തപ്പെടുന്നു: വെളിപ്പാട് 2:17 “ജയം പ്രാപിക്കുന്നവനു ഞാൻ മറഞ്ഞിരിക്കുന്ന മന്നായിൽ നിന്നു കൊടുക്കും.”

ഇവിടെ പറയുന്ന “മറഞ്ഞിരിക്കുന്ന മന്നാ” ശാരീരിക ആഹാരമല്ല. അത് ലോകം അറിയാത്തതും കാണാത്തതുമായ, ദൈവസന്നിധിയിൽ വിശ്വസ്തതയോടെ നിലകൊള്ളുന്നവർക്കായി സൂക്ഷിച്ചിരിക്കുന്ന ആത്മീയ അനുഭവമാണ്. ദൈവീക സമർപ്പണത്തിലൂടെ മാത്രം അനുഭവപ്പെടുന്ന ദൈവിക പോഷണം.

യേശുക്രിസ്തു തന്നെയാണ് ഈ മന്നായുടെ പൂർണ്ണത. അവൻ ഉറപ്പോടെ പറഞ്ഞു:

“ഞാൻ ജീവന്റെ അപ്പമാണ്; എന്റെ അടുക്കൽ വരുന്നവൻ ഒരിക്കലും വിശക്കുകയില്ല.” യോഹന്നാൻ 6:35

മരുഭൂമിയിലെ മന്നാ ഒരു കാലഘട്ടത്തിനുള്ള താൽക്കാലിക അത്ഭുതമായിരുന്നുവെങ്കിൽ, ക്രിസ്തു നൽകുന്ന മന്നാ നിത്യജീവനിലേക്ക് നയിക്കുന്ന ശാശ്വത അനുഗ്രഹമാണ്. അവന്റെ വചനത്തിൽ ധ്യാനിക്കുമ്പോഴും, അവനോടുള്ള ആത്മ ബന്ധത്തിൽ നിലനിൽക്കുമ്പോഴും, പരിശുദ്ധാത്മാവിന്റെ നിറവിൽ ജീവിക്കുമ്പോഴും, ഈ “മറഞ്ഞിരിക്കുന്ന മന്നാ” നമ്മുടെ ആത്മാവിന്റെ അനുഭവമായി മാറുന്നു.

ലോകത്തോട് അനുരൂപരാകാതെ, ദൈവത്തോട് വിശ്വസ്തരായി നിലകൊള്ളുന്നവരെക്കുറിച്ച് യേശു ഓർമ്മിപ്പിക്കുന്നു:

“നിന്റെ അപ്പനോട് രഹസ്യത്തിൽ പ്രാർത്ഥിക്ക; രഹസ്യം കാണുന്ന നിന്റെ അപ്പൻ നിന്നെ പ്രതിഫലിക്കും.” — മത്തായി 6:6

ഇന്നത്തെ സഭയ്ക്ക് മന്നായുടെ ഈ സന്ദേശം ഏറെ പ്രസക്തമാണ്. പലരും പുറമേ കാണുന്ന അനുഗ്രഹങ്ങളെയും പ്രകടമായ വിജയങ്ങളെയും തേടുമ്പോൾ, ദൈവം തന്റെ മക്കൾക്കായി സൂക്ഷിച്ചിരിക്കുന്ന ആഴമുള്ള ആത്മീയ അനുഭവങ്ങൾ പലപ്പോഴും മറഞ്ഞുകിടക്കുന്നു. ദൈവസന്നിധിയിൽ നിശ്ശബ്ദമായി ഇരിക്കുന്ന ഹൃദയങ്ങളെയാണ് മറഞ്ഞിരിക്കുന്ന മന്നാ സത്യമായി പോഷിപ്പിക്കുന്നത്.

സഭയുടെ ശക്തി ബാഹ്യമായ പരിപാടികളിലോ ആഡംബരത്തിലോ അല്ല; ക്രിസ്തുവുമായുള്ള ബന്ധത്തിൽ നിന്നും ദൈവവചനത്തിൽ നിന്നും ലഭിക്കുന്ന ഈ മറഞ്ഞിരിക്കുന്ന മന്നായിലാണ്.

മരുഭൂമിയിലെ യാത്രയിൽ ഇസ്രായേൽ മക്കൾക്ക് മന്നാ അനിവാര്യമായിരുന്നതുപോലെ, ഈ ലോകയാത്രയിൽ വിശ്വാസികൾക്ക് മറഞ്ഞിരിക്കുന്ന ദൈവവചനം എന്ന മന്നാ അനിവാര്യമാണ്. ലോകം നൽകാൻ കഴിയാത്ത സമാധാനവും, മനുഷ്യബുദ്ധി ഗ്രഹിക്കാനാകാത്ത സന്തോഷവും, ആത്മാവിനെ ബലപ്പെടുത്തുന്ന ജീവന്റെ ആഹാരവുമാണ് അത്.

മന്നാ ഒരു ചരിത്രപരമായ അത്ഭുതം മാത്രമല്ല; എല്ലാ കാലഘട്ടങ്ങളിലെയും വിശ്വാസികൾക്കുള്ള ദൈവത്തിന്റെ ശക്തമായ വിളിയാണ്. ആത്മീയ മന്നയിൽ നിന്ന് പോഷണം നേടാനുള്ള പാഠം ഇത് നമ്മെ പഠിപ്പിക്കുന്നു

“ലോകത്തിന്റെ ജീവൻ” ആയ യേശുക്രിസ്തുവിലൂടെ,മരുഭൂമിയിലെ മന്നായുടെ രുചി നാം ഇന്നും അനുഭവിക്കുന്നു.

 

ടോജോ തോമസ്, ദുബായ്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.