ലേഖനം: പഴയ മനുഷ്യനിൽ നിന്ന് ക്രിസ്തുവിന്റെ സ്വരൂപത്തിലേക്ക് | സിബി ബാബു, യു. കെ
ഒരു പുതിയ വർഷത്തിലേക്ക് നാം കടക്കുമ്പോൾ, നമ്മുടെ പഴയ മനുഷ്യനിൽ നിന്ന് ക്രിസ്തുവിന്റെ സ്വരൂപത്തിലേക്ക് ദിനംതോറുമുള്ള രൂപാന്തരമായിരിക്കട്ടെ ക്രിസ്തുവിൽ നമ്മുടെ തീരുമാനങ്ങളും ആഗ്രഹങ്ങളും. അത് കർത്താവിനെ, പരിശുദ്ധത്മാവിനെ എത്രത്തോളം നമ്മൾ അനുസരിക്കുന്നോ അത്രത്തോളം നമ്മൾ ക്രിസ്തുവിൽ ദിനംതോറും, രൂപന്തരപ്പെട്ടുകൊണ്ടേയിരിക്കും. ഒരു വർഷം പിന്നിലാക്കി നമ്മെ കടന്നു പോകുമ്പോൾ ആയിരിക്കും ഒരു മനുഷ്യൻ സ്വാഭാവികമായി തന്റെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ സന്തോഷങ്ങളും വേദനകളും, നേട്ടങ്ങളും നഷ്ടങ്ങളും എല്ലാം മനസ്സിലൂടെ കടന്നുപോകും. എന്നാൽ ഒരു വിശ്വാസിയുടെ ജീവിതത്തിൽ പുതിയ വർഷം എന്നത് വെറും കുറെ നാളുകൾ നമ്മെ കടന്നുപോകുന്നു എന്നുള്ളതല്ല ; അത് ദൈവം നമ്മുടെ അകത്തെ ആത്മാവിനെ പുതുക്കാൻ, ദൈവവുംആയിട്ടുള്ള ബന്ധത്തിൽ കടന്നു വരാൻ നൽകുന്ന ഒരു വിശുദ്ധ അവസരമാണ്. അത് ഈ വർഷം മാത്രമല്ല, തുടർന്നുള്ള എല്ലാ വർഷങ്ങളും, ദിവസങ്ങളും അങ്ങനെ ആയിരിക്കണം എന്നാണ് ഞാൻ ക്രിസ്തുവിൽ ആഗ്രഹിക്കുന്നത്. സമയം ദൈവത്തിന്റെ കരങ്ങളിലാണെന്ന് മനസ്സിലാക്കുമ്പോൾ, പുതിയ വർഷം ഭയത്തോടെയല്ല, വിശ്വാസത്തോടെയാണ് നാം സ്വീകരിക്കേണ്ടത് .
പഴയ വർഷത്തിൽ നമ്മൾ ചെയ്ത തെറ്റുകളും വീഴ്ചകളും കുറ്റബോധങ്ങളും പുതു വർഷത്തിലേക്കു ചുമക്കാൻ ദൈവം നമ്മോട് ആവശ്യപ്പെടുന്നില്ല, ആഗ്രഹിക്കുന്നുമില്ല. മനസാന്തരത്തിലൂടെ അവയെല്ലാം കർത്താവിന്റെ കാൽവരി ക്രൂശിൽ വെക്കുമ്പോൾ, ദൈവത്തിന്റെ കൃപ നമ്മെ പുതിയൊരു യാത്രയിലേക്ക് ആയിരിക്കും നയിക്കുന്നത്. അതെ ക്രിസ്തുവിനോട് കൂടെ ഉള്ള യാത്ര ആയിരിക്കും അത്. ദൈവത്തിന്റെ ആഗ്രഹം വളരെ വ്യക്തമാണ്, പഴയ മനുഷ്യനെ ഉപേക്ഷിച്ച്, ക്രിസ്തുവിൽ പുതിയ സൃഷ്ടിയായി നടക്കുക. അതുകൊണ്ടുതന്നെ ഈ പുതിയ വർഷത്തിന്റെ യഥാർത്ഥ തുടക്കം പുറമേയുള്ള മാറ്റങ്ങളല്ല, ഹൃദയത്തിന്റെ ആഴത്തിലുള്ള പുതുക്കവും, മനസന്തരവും ആണ് നമുക്ക് ആവശ്യം.
“ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല, ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു” (ഗലാത്യർ 2:20).
എന്നെ ഈ വചനം നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ ഹൃദയസ്പന്ദനമാണ്. ഈ പുതിയവർഷം ദൈവം നമ്മോട് ചോദിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതുതന്നെയാണ്. ഞാൻ ഇപ്പോഴും എന്റെ പഴയ മനുഷ്യനായി ജീവിക്കുകയാണോ, അതോ ക്രിസ്തു എന്നിൽ ജീവിക്കുന്നുണ്ടോ? ക്രിസ്തീയ ജീവിതം എന്നത് നന്നായി ജീവിക്കുന്ന ഒരു ജീവിതമല്ല; ക്രിസ്തുവിൽ, ക്രിസ്തുവിനായി, ക്രിസ്തുവിന് വേണ്ടി ജീവിക്കുന്ന ഒരു സമർപ്പിത ജീവിതമാണ്. പുറമേ നല്ലതായി തോന്നുന്ന പല കാര്യങ്ങളും ക്രിസ്തീയതയാകണമെന്നില്ല; ഉള്ളിൽ ക്രിസ്തു ജീവിക്കുന്നിടത്താണ് യഥാർത്ഥ ക്രിസ്തീയ ജീവിതം ആരംഭിക്കുന്നത്.
ഈ പുതിയവർഷത്തിൽ ദൈവം നമ്മെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നത് യേശു ക്രിസ്തുവിനെ ശ്രദ്ധിച്ചു നോക്കി മുന്നോട്ട് യാത്രചെയ്യുവാനാണ്. നാളെയെന്ത് സംഭവിക്കും എന്ന ആശങ്ക മനുഷ്യനെ അലട്ടുമ്പോഴും, ഭാവിയെ കൈകാര്യം ചെയ്യുന്ന ദൈവം നമ്മുടെ കൂടെയുണ്ടെന്നുള്ള ഉറച്ച വിശ്വാസം നമ്മെ ധൈര്യപ്പെടുത്തുന്നു. നമ്മുടെ വഴികൾ കർത്താവിന് ഏല്പിക്കുമ്പോൾ, അവൻ നമുക്ക് മനസ്സിലാകാത്ത വഴികളിലൂടെയും അതിശയകരമായി നമ്മെ നടത്തും. പ്രതീക്ഷ നഷ്ടപ്പെട്ട ഇടങ്ങളിൽ ദൈവം നമുക്ക് പുതിയ പ്രതീക്ഷകൾ തരും, കാരണം നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം ഇനി നമ്മുടെ കൈകളിലല്ല, തന്റെ സ്വന്ത രക്തത്തിലൂടെ നമ്മെ സ്വന്തമാക്കിയ കർത്താവിന്റെ കൈകളിലാണ്.
ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ട ജീവിതമാണ് ഈ പുതിയ വർഷത്തിന്റെ യഥാർത്ഥ തുടക്കം. പഴയ സ്വഭാവങ്ങൾ, പഴയ ശീലങ്ങൾ, പഴയ ആത്മീയ അലസത ഇവയെല്ലാം ക്രൂശിൽ അടിയറവെക്കാതെ പുതിയ വർഷത്തിലേക്ക് കടക്കാൻ നമുക്ക് കഴിയില്ല. “ഇനി ജീവിക്കുന്നതു ഞാനല്ല” ക്രിസ്തു എന്നിൽ ജീവിക്കുന്നു എന്ന സത്യം അനുഭവമായി മാറുമ്പോഴാണ്, നമ്മുടെ ജീവിതത്തിന്റെ അർഥം തന്നെ മാറുന്നത്. അപ്പോഴാണ് നമ്മുടെ തീരുമാനങ്ങളിലും പ്രതികരണങ്ങളിലും ബന്ധങ്ങളിലും ക്രിസ്തുവിന്റെ സ്വഭാവം പ്രതിഫലിക്കാൻ തുടങ്ങുന്നത്. ആത്മാവിനെ അനുസരിച്ചു നടപ്പിൻ, എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹങ്ങൾ നിവർത്തിക്കുകയില്ല. ഈ വാക്യം നാം മറന്നു പോകരുത്. അതെ ഓരോ ദിവസവും പരിശുദ്ധത്മാവിനെ അനുസരിച്ചു ജഡത്തെ ക്രൂശിക്കാൻ ദൈവം നമ്മെ അനുവദിയ്ക്കട്ടെ.
ക്രിസ്തീയ ജീവിതം കേവലം ഒരു ദിവസത്തെ ജീവിതമല്ല; അത് ക്രിസ്തുവിനോടുകൂടെയുള്ള എല്ലാ ദിവസവും ഉള്ള ഒരു യാത്രയാണ്. ഈ യാത്രയിൽ നമ്മൾ ഒരു ദിവസം കൊണ്ട് പൂർണ്ണരാവുന്നില്ല, എന്നാൽ ദിനംപ്രതി രൂപാന്തരപ്പെടുകയാണ്. ക്രിസ്തുവിനെ കൂടുതൽ അറിയുകയും, അവന്റെ സ്വരൂപത്തിലേക്ക് ദിനംപ്രതി മാറുകയും ചെയ്യുന്ന അനന്തമായ യാത്രയാണ് ക്രിസ്തീയ ജീവിതം. ചില ദിവസങ്ങളിൽ നമുക്ക് തെറ്റുകൾ സംഭവിക്കാം, ചില ദിവസങ്ങളിൽ നമ്മൾ ആത്മീയമായി ഷീണിക്കാം, ചില ദിവസങ്ങളിൽ നമ്മൾ ആത്മീയമായി മുന്നേറാം;. എന്നാൽ ദൈവത്തിന്റെ ആഗ്രഹം നാം വീണിടത്തു തന്നെ കിടക്കാനല്ല, നാം ഏതിൽ വീണിരിക്കുന്നു എന്നോർത്തു മനസാന്തരപ്പെട്ടു ദൈവത്തോട് കൂടെ എല്ലാ ദിവസവും യാത്ര ചെയ്യുക എന്നുള്ളതാണ്.
അതിനാൽ ഈ പുതുവർഷത്തിൽ ഒരു വിശ്വാസിയുടെ തീരുമാനം എന്നത് നമ്മുടെ ആത്മീയ വളർച്ചയുമായി, അതായത് നമ്മുടെ അകത്തെ മനുഷ്യന്റെ വളർച്ചയുമായി ബന്ധപ്പെട്ടതായിരിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. അതായത് നമ്മുടെ എല്ലാ തീരുമാനങ്ങളും ക്രിസ്തുവിൽ ആയിരിക്കണം എന്ന് അർഥം. പ്രാർത്ഥനയിൽ പോരാടാനും , ക്രിസ്തുവിൽ വേരൂന്നാനും, ദൈവവചനത്തോടുള്ള സ്നേഹം വർധിപ്പിക്കാനും, ക്രിസ്തുവിന്റെ സ്വഭാവം നമ്മുടെ ജീവിതത്തിൽ കൂടുതൽ പ്രതിഭലിപ്പിയ്ക്കാനുഉള്ള ആഗ്രഹമായിരിക്കട്ടെ നമ്മുടെ ഈ പുതുവർഷത്തിലെ യഥാർത്ഥ ആഗ്രഹങ്ങൾ. ഭൗതികമായ നേട്ടങ്ങളെക്കാൾ ദൈവരാജ്യത്തെ ആദ്യം അന്വേഷിക്കുമ്പോൾ, ജീവിതത്തിലെ നമ്മുടെ എല്ലാ മേഖലകളും ദൈവിക ക്രമത്തിലേക്ക് അവൻ നമ്മെ എത്തിക്കും, അത് ഭൗതീകമായ മേഖലകൾ ഉൾപ്പെടെ ദൈവം തന്റെ ക്രമത്തിലേക്കു എത്തിക്കും.
കർത്താവിനോടൊപ്പം ആരംഭിക്കുന്ന ഓരോ വർഷവും, ഓരോ ദിവസവും അനുഗ്രഹങ്ങളുടെ യാത്രയായി മാറും എന്നത് വാസ്തവം ആണ്. നമ്മുടെ സമയം, കഴിവുകൾ, തീരുമാനങ്ങൾ എല്ലാം അവന്റെ കൈകളിൽ ഏല്പിക്കുമ്പോൾ, ഓരോ ദിവസവും ദൈവിക ലക്ഷ്യത്തോടെ, ദൈവീക ഹിതത്തോടെ, ദൈവീക സന്തോഷത്തോടെ നിറയും. അപ്പോൾ പുതു വർഷം ആണ്ടുകളുടെ ഒരു മാറ്റമായി മാത്രം മാറാതെ, പഴയ മനുഷ്യനിൽ നിന്ന് ക്രിസ്തുവിന്റെ സ്വരൂപത്തിലേക്ക് നമ്മെ നയിക്കുന്ന ഒരു ആത്മീയ യാത്രയായി അത് മാറും. ഈ സത്യം നമ്മുടെ ഹൃദയത്തിൽ പ്രകാശിക്കുമ്പോൾ, ഈ പുതിയ വർഷം ഒരു സാധാരണ വർഷമല്ല; നമ്മിൽ ജീവിക്കുന്ന ക്രിസ്തുവിന്റെ മഹത്വം നമ്മുടെ ജീവിതത്തിലൂടെ വെളിപ്പെടുന്ന ഒരു വർഷമായി അത് മാറും. അത് ഈ വർഷം മാത്രമല്ല, തുടർന്നുള്ള എല്ലാ വർഷങ്ങളും ക്രിസ്തുവിൽ ജീവിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സിബി ബാബു, യു. കെ

- Advertisement -



Comments are closed, but trackbacks and pingbacks are open.