ലേഖനം: ദൈവദൂഷണത്തിന്റെ ഗാനങ്ങൾ സഭയിൽ | പാസ്റ്റർ സണ്ണി പി സാമുവൽ

ബൈബിൾ വിവക്ഷിക്കുന്ന ദൈവിക ആരാധനയിൽ ഗാനങ്ങൾക്കും സംഗീതോപകരണങ്ങൾക്കും നിർണ്ണായകസ്ഥാനം ഉണ്ടെന്നാണു ബൈബിൾ നമ്മെ പഠിപ്പിക്കുന്നത്. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യത്തെ ഗാനശകലം ലാമെക്കിന്റെ പ്രതികാരദാഹം ഗാനമാണ് (ഉല്പത്തി: 4: 23,24). അതു ഏതെങ്കിലും ഒരു ദേവനു (deity) വേണ്ടി ചിട്ടപ്പെടുത്തിയതല്ലായിരുന്നു. കേൾവിക്കാർ അവന്റെ ഭാര്യമാർ ആയിരുന്നു. ഇവിടം മുതൽ വെളിപ്പാടു പുസ്തകംവരെ അനേകം ഗാനങ്ങളും പ്രതിഗാനങ്ങളും സംഗീതങ്ങളും സംഗീതശകലങ്ങളും സങ്കീർത്തനപുസ്തകങ്ങളും ബൈബിളിൽ ഉടനീളം ഉണ്ട്. സ്വർഗ്ഗത്തിൽ ഗാനശുശ്രൂഷ അർപ്പിക്കുന്ന ദൂതസംഘങ്ങൾ ഉണ്ടല്ലോ. തിരുപ്പിറവിസമയത്തു സുവിശേഷദൂതുമായി വന്ന ദൂതനോടു ചേർന്നു സ്വർഗ്ഗീയസൈന്യത്തിന്റെ ഒരു സംഘം, മാലാഖവൃന്ദം, ദൈവത്തെ പുകഴ്ത്തുന്ന ഗാനം ആലപിച്ചിരുന്നു (ലൂക്കോസ്:2:8-14). സ്വർഗ്ഗീയ സൈന്യം എന്ന പ്രയോഗത്തിൽനിന്നു ഇവർ മിലിറ്ററി ബാൻഡ് ആയിരുന്നുവെന്നു വിശ്വസിക്കുന്നതാണു ഉചിതം. രാജാവായി പിറന്നവന്റെ ജനനം സൈന്യവ്യൂഹം വിളംബരം ചെയ്യുകയായിരുന്നു.

തന്ത്രിനാദങ്ങൾ പുറപ്പെടുവിച്ചിരുന്നു നെബെൽ (Psaltery) കിന്നരം (harp) വീണ (Lyre); സുഷിരവാദ്യങ്ങൾ ആയ കാഹളം (trumpet) കുഴൽ (lute) വേണു (flute or pipe); കൊട്ടുവാദ്യങ്ങങ്ങളായ തപ്പു (timbrel) കൈത്താളം (cymbal) തംബുരു (tambourine – നമ്മുടെ റ്റാമറിൻ തന്നെ) കൈമണി (bell) എന്നീ സംഗീതോപകരണങ്ങൾ പുരാതനകാലം മുതലേ യിസ്രായേൽ ആരാധനയ്ക്കായി ഉപയോഗിച്ചിരുന്നു. ആലയത്തിലെ ശുശ്രൂഷയ്ക്കായി നാലായിരം പേർ അടങ്ങുന്ന ഒരു ക്വയർ ടീമിനെ ദാവീദു നിയമിച്ചു. അവർ പാടുവാനും വാദ്യോപകരണങ്ങൾ വായിക്കുവാനും പ്രാപ്തർ ആയിയിരുന്നു (1 ദിന: 23:4,5). 24 സംഘങ്ങളായി തിരിച്ച പ്രത്യേക അഭ്യാസം പ്രാപിച്ച 288 നിപുണന്മാർ വേറെ ഉണ്ടായിരുന്നു (1 ദിന: 25:7-31).
ഇവർക്കെല്ലാം മീതെ സംഗീതപ്രമാണിമാർ ഉണ്ടായിരുന്നു. ഇവർ ഷിഫ്റ്റു വച്ചു 24×7 ആലയത്തിൽ ആരാധനാഗീതികൾ ആലപിച്ചിരുന്നു. ഇവരുടെ ശുശ്രൂഷയ്ക്കൊപ്പം ജനം കൈകൊട്ടി ജയഘോഷത്തോടെ ആർത്തു പാടിയിരുന്നു (സങ്കീ:47:1). ദാവീദു യിസ്രായേലിന്റെ മധുര ഗായകനായിരുന്നു (2 ശാമൂ:23:1).

സീസൺ അനുസരിച്ച് തെക്കൻ മരുഭൂമിയിൽ നിന്നും പടിഞ്ഞാറ് മെഡിറ്ററേനിയൻ കടലിൽ നിന്നും വീശിയടിച്ചിരുന്ന കാറ്റ് ദാവീദിന്റെ കൊട്ടാരത്തിൽ കിടപ്പുമുറിയിൽ മുകളിൽ തൂക്കിയിട്ടിരുന്ന കിന്നരത്തിലും വീണയിലും തട്ടുമ്പോൾ ഉതിർക്കുന്ന തന്ത്രിനാദം ദാവീദിന്റെ ഉറക്കം കെടുത്തുകയും പുതിയൊരു സംഗീതം പിറക്കുകയും ചെയ്യും ആയിരുന്നുവെന്നാണു സങ്കീർത്തനം 57:8;108:2 എന്നീ വാക്യങ്ങൾ വ്യാഖ്യാനിച്ചു ചില രേഖകളിൽ കാണുന്നത്.

കാഹളം (Cornet) കുഴൽ (flute) തംബുരു (Zither) കിന്നരം (trigon) നാഗസ്വരം (sackbut) തടികൊണ്ട് നിർമ്മിച്ച പെട്ടിയിൽ കമ്പികൾ ഘടിപ്പിച്ചു വടികൊണ്ടുതട്ടി ശബ്ദമുണ്ടാക്കുന്ന വാദ്യോപകരണമായ ദുൽസിമർ (dulcimer) എന്നിവ വിഗ്രഹാരാധനക്കായി ഉപയോഗിച്ചിരുന്നതായി ദാനിയേൽ പ്രവചനത്തിൽ കാണുന്നു (3:5,10,15).

പുതിയനിയമത്തിലേക്കു വരുമ്പോൾ അർദ്ധരാത്രിക്കു പൗലോസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു എന്നു കാണുന്നു (അ.പ്രവൃ:16:25). “ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളും ആത്മീയഗീതങ്ങളാലും തമ്മിൽ സംസാരിച്ചും പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ ഹൃദയങ്ങളിൽ ദൈവത്തിനു പാടിയും കീർത്തനം ചെയ്തു ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി നിങ്ങൾ വസിക്കട്ടെ (എഫേ:5:18,19; കൊലോ:3:16) എന്നതായിരിക്കണം പുതിയനിയമ ആരാധനയുടെ ചിട്ട. സ്വർഗ്ഗത്തിലും ഭൂമിയിലും ഭാവിയിൽ നടക്കുന്ന ഗാനശുശ്രൂഷകളുടെ നീണ്ടനിര വെളിപ്പാടുപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. “പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” (4:8) “കർത്താവേ നീ യോഗ്യൻ” (4:11) “കുഞ്ഞാടെ നീ യോഗ്യൻ” (5:9,10,12) മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും (15:3,4) “ഹല്ലേലൂയ്യാ രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളതു (19:1-4) “ഹല്ലേലൂയ്യ സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു” (19:7) എന്നിവയാണു ആ ഗീതങ്ങളുടെ തന്തു!

സംഗീതത്തിന്റെ താക്കോൽ പ്രമേയങ്ങൾ
ആരാധനാഗീതങ്ങൾ വെറും മ്യൂസിക്കൽ ആവിഷ്കാരങ്ങൾ ആകരുത്. അവ ബൈബിളിന്റെ അടിസ്ഥാന ഉപദേശങ്ങൾ വഹിക്കുന്നതും ദൈവവുമായി സാമൂഹ്യതലത്തിൽ സഭ ഒന്നാകെ ആത്മബന്ധം സ്ഥാപിക്കുന്നതിനു ഉതകുന്നതുമായ പ്രാഥമിക മാർഗ്ഗം ആയിരിക്കണം. ഫലപ്രദമായ പരമ്പരാഗത ആരാധന രീതികൾക്കു രണ്ട് തലങ്ങളുണ്ട്, ഉണ്ടായിരിക്കും. ഒരുവനെ ദൈവത്തിലേക്കു നയിക്കുന്ന ലംബമായ പ്രമേയങ്ങളും, വ്യക്തിയെ കൂട്ടായ്മാബന്ധത്തിൽ സഭയോടു അടുപ്പിക്കുന്നതും ഒപ്പം സഭയെ ഒട്ടൊഴിയാതെ ആരാധനയ്ക്കായി പ്രേരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ആയ തിശ്ചീനതലങ്ങളും ആയിരിക്കണം. എങ്കിലേ സന്തുലിതാവസ്ഥ സമന്യയിക്കപ്പെടുകയുള്ളൂ. ബൈബിൾ വീക്ഷണത്തിൽ മികച്ചതും ശക്തവുമായ ആരാധനാഗീതങ്ങളെ നിർവ്വചിക്കുമ്പോൾ അവയിൽ താഴെപ്പറയുന്ന വിഷയങ്ങൾ നിർബ്ബന്ധം ആയും ഉണ്ടായിരിക്കണം.
1) ദൈവിക വിശുദ്ധി, സർവ്വാധികാരം (Sovereignty); ദൈവസ്നേഹം, കരുണ, ദയ ഇത്യാദി ദൈവിക വല്ലഭത്വം ഉൾപ്പെട്ടിരിക്കണം.
2) ക്രിസ്തുവിലൂടെ നമുക്കു ലഭിച്ച രക്ഷക്കു നിദാനമായ ക്രൂശീകരണം, ഉയിർപ്പ്, വീണ്ടെടുപ്പ്, ഏകരക്ഷകന്റെ ഉയർന്നിരിക്കുന്ന നാമം.
3) പ്രതിദിനജീവിതത്തിൽ ഒരുവനെ നന്ദിയുള്ളവനും കൃതജ്ഞതയുള്ളവനും (Thanksgiving and gratitude) സമ്പൂർണ്ണ സമർപ്പണത്തിലേക്കും പ്രതിബദ്ധതയിലേക്കും (surrender and commitment) നയിച്ചു മനഃസ്ഥാപനത്തിലേക്കും മാനസ്സാന്തരത്തിലേക്കും വഴിനടത്തുന്നതും ആയിരിക്കണം. മൂഡിയുടെ പ്രസംഗങ്ങൾ ആണോ സാങ്കെയുടെ (Ira D. Sankey) ഗാനങ്ങൾ ആണോ അമേരിക്കയെയും ബ്രിട്ടനെയും പത്തൊമ്പതാം നൂറ്റാണ്ടിൽ ഇളക്കിമറിച്ചു ഉണർവ്വിലേക്ക് നയിച്ചതു എന്നതു ഇന്നും തർക്കവിഷയമാണ്.
4) പരിശുദ്ധാത്മാവിന്റെ പരിവർത്തനവും സാന്നിധ്യവും ഉറപ്പുവരുത്തുന്നതു ആയിരിക്കണം

എന്നാൽ ഇന്നു ആകെ തകിടംമറിഞ്ഞിരിക്കുന്നു. ഗാനശുശ്രൂഷകൾ ശുശ്രൂഷകൾ അല്ലാതെ ആയിരിക്കുന്നു, -വെറും മേളകൊഴുപ്പുകൾ (concerts) ആയി മാറിയിരിക്കുന്നു. 1960-കളിൽ ഹിപ്പിസും സഭയുമായി collide ചെയ്തതു മുതലാണു ലോകവ്യാപകമായി ഗാനംശുശ്രൂഷയ്ക്കു അപചയം സംഭവിച്ചതെന്നാണോ നിരീക്ഷകർ വിലയിരുത്തുന്നത്. മയക്കുമരുന്നു സംസ്കാരത്തിലും വീയറ്റ്നാം യുദ്ധക്കെടുതിയിലും തോൽവിയിലും നിരാശരായ വെസ്റ്റ് കോസ്റ്റ് ഹിപ്പികൾക്കിടയിൽ ഉണർവ്വു പൊട്ടിപ്പുറപ്പെട്ടു. ‘ജീസസ് ഫ്രീക്സ്’ എന്നും ‘ജീസസ് പീപ്പ്ൾ’ ഇവർ അറിയപ്പെട്ടു. അവർ മതം മാറിയപ്പോൾ അവരുടെ സംഗീതശൈലിയും സംഗീതോപകരണങ്ങളും സഭയിലേക്കു ചേക്കേറി. വിശുദ്ധസംഗീതത്തെ എങ്ങനെ പുനർനിർവ്വചിക്കാം എന്നു പരമ്പരാഗത സഭകളെ നിർബ്ബന്ധിതരാക്കിയ ഒരു സാംസ്കാരിക കൂട്ടിയിടിയായിരുന്നു അത്. അവർ നാടോടി റോക്ക്/സൈക്കഡലിക്/പോപ്പ് ശൈലികൾ വിശുദ്ധസഭാ കൂടിവരവുകളിലേക്കു കൊണ്ടുവന്നു. ഹാർമോണിയം, ഓർഗൻ, പിയാനോ, പിന്നെ അല്പം വൈക്ലബ്യത്തോടെ ഉപയോഗിച്ചു തുടങ്ങിയ അക്കോർഡിയൻ എന്നിവകൾ മാത്രം ശ്രുതിമീട്ടിയിരുന്ന പരമ്പരാഗത സഭകളിലേക്കു വിപ്ലവാത്മകമായ പ്രതിരോധംതീർത്തു ഹിപ്പിസ്സത്തിന്റെ മുഖമുദ്രയായ വിവിധയിനം ഗിറ്റാറുകളും മറ്റു സംഗീതോപകരണങ്ങളും നുഴഞ്ഞുകയറി. യുവാക്കളായ ഹിപ്പികളെ നയിക്കുവാൻ അവരിൽനിന്നു യൂത്ത് പാസ്റ്റേഴ്സ് വന്നു. പിന്നെ പ്രൈസ് ആൻഡ് വർഷിപ്പ്. ഇതോടെ ഗാനത്തിന്റെ ശബ്ദം കുറയുകയും സംഗീതോപകരണങ്ങളുടെ കലമ്പലും ചിലമ്പലും ഉയർന്നുവരികയും ചെയ്തു. വചനശുശ്രൂഷയുടെ സമയം കവർന്നെടുക്കുന്ന വർഷിപ്പ് ടീം ഇന്നു പലസഭകൾക്കോം ഒരു ബാദ്ധ്യതയായി മാറിയിരിക്കുന്നു. പ്രെയ്സ് ആൻഡ് വർഷിപ്പ് ചുരുങ്ങി മിക്ക ഫ്ലയേഴ്സിലും ഇപ്പോൾ ‘വർഷിപ്പ്’ മാത്രമായി. ഓഡിയോ കാസെറ്റ് സുലഭമായിരുന്ന കാലത്തു ലൂസിഫറിനെ വെച്ചിരുന്ന Reverse audio recording (backmasking) ഉണ്ടായിരുന്നു. ഇപ്പോൾ മൾട്ടിപ്പിൾ ഓഡിയോ റെക്കോർഡിങിൽ ഇതു Hidden channel ആയും ഉണ്ട്. ഇന്നു ധാരാളം ക്രിസ്ത്യൻ പോപ്പ്/റോക്ക്/ സൈക്കഡെലിക് ബാൻഡ്സ് ഉണ്ടല്ലോ. ലക്ഷണമൊത്ത മലയാളം ഹിപ്പി ആരാധനഗീതം ആണ് “ദൈവം നല്ലവൻ എല്ലാവർക്കും വല്ലഭൻ” എന്നത്. അതു Boney-M-ന്റെ റാസ്പുഷിൻ കോപ്പിയും ഇൻസ്പിരേഷനും ആണ്. സങ്കീർത്തനം 22:3 ആധാരമാക്കി You are enthroned upon my praise എന്നർത്ഥം വരുമാറ് ‘നിന്റെ സിംഹാസനം എന്റെ സ്തുതി, എന്ന ഒരു ഗാനം എന്റെ ശ്രദ്ധയിൽ വരികയുണ്ടായി. ആശയം തലതിരിച്ച ഈ പ്രസ്താവന ദൈവദൂഷണവും (Blasphemy) ജുഗുത്സാവാഹവും (Abomination) ആണ്. ‘നിന്റെ തടി എന്റെ ചോറ്’ എന്നുപറഞ്ഞാൽ ഉണ്ടാകുന്ന അതേ അർത്ഥമാണു ഈ പ്രസ്താവനയ്ക്ക് ഉള്ളത്. “എന്റെ സ്തുതിയിൽ മേലാണ് നിന്റെ സിംഹാസനത്തിന് നിലനില്പ്, ഞാൻ സ്തുതിച്ചില്ലെങ്കിൽ നിന്റെ സിംഹാസനം ഇല്ല” എന്നാണ് അർത്ഥം. ഇതു യോജിക്കുന്നതു സാത്താനു ആണ്. ഇത്തരം ഗാനങ്ങൾ ക്രിസ്തീയസ്തുതിഗീതങ്ങൾ ആകരുത്. നാം സ്തുതിച്ചില്ലെങ്കിലും ദൈവത്തിന്റെ സിംഹാസനം നിലനില്ക്കും. “യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു” (സങ്കീർ: 103:19)

 

പാസ്റ്റർ സണ്ണി പി സാമുവൽ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.