ലേഖനം: അംബേദ്കർ – പുനർവായന | പാസ്റ്റർ സണ്ണി പി. സാമുവൽ

ഇന്ത്യൻ ഭരണഘടനാശില്പി അംബേദ്കറുടെ ജീവിതം സമകാലിക ചരിത്രത്തിൽ പുനർവായനയ്ക്കും വിചിന്തനത്തിനും വിമർശനത്തിനും വിധേയമായി കൊണ്ടിരിക്കുകയാണല്ലോ. അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ നിന്നു D.Sc.-യും കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നു Ph.D.-യും നേടിയിട്ടുണ്ട്. സമകാലിക ഇൻഡ്യാചരിത്രത്തിലും ഏറെ പ്രസക്തവിഷയമായ “The Problem of the Rupee:- Its Origin and its Solution” എന്നതായിരുന്നു അദ്ദേഹത്തിൻ്റെ Ph.D. തിസീസ്. അദ്ദേഹം തിസീസ് എഴുതി പ്രസിദ്ധീകരിച്ച 1923-ൽ ഇൻഡ്യൻ രൂപയ്ക്കു അമേരിക്കൻ ഡോളറുമായി നേരിട്ടു വിനിമയം ഇല്ലായിരുന്നു, മറിച്ചു, ബ്രിട്ടീഷ് പൌണ്ടുമായി ബന്ധിപ്പിച്ചായിരുന്നു വിനിമയം. അന്നു 3.21 രൂപയായിരുന്നു നിരക്ക്. ഇന്നു അതു 90 രൂപാ നിരക്കിൽ എത്തിനില്കുമ്പോൾ അംബേദ്കർ ഒരു ദീർഘദർശിയായിരുന്നു എന്നു പറയാതെ വഹിയ.

ദളിത് എഥ്നിക് ഗ്രൂപ്സ് അദ്ദേഹത്തെ മഹാത്മാപട്ടം ചാർത്തി വീരപുരുഷനായി ചിത്രീകരിക്കുന്നുവെങ്കിലും ചരിത്രങ്ങളിലും ചരിത്രഗ്രന്ഥങ്ങളിലും സമകാലിക എഴുത്തുകളിലും അതിനു വേണ്ടത്ര വേരോട്ടം ഉണ്ടാകുന്നില്ല.

ദളിത് ബന്ധു എൻ. കെ. ജോസ് “അംബേദ്കറിസം” ഗവേഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും ദളിത്സമൂഹങ്ങളിൽ ചലനാത്മക അവബോധം സൃഷ്ടിക്കുന്നതിനു കഴിഞ്ഞു. ബ്രാഹ്മണ്യ മേധാവിത്വത്തിനെതിരെയുള്ള നിരന്തര കലഹവും കേരള ക്രൈസ്തവരുടെ ഉത്ഭവം ബ്രാഹ്മണ കുടുംബങ്ങളിൽ നിന്നല്ല എന്ന പൊളിച്ചെഴുത്തും ശ്രദ്ധേയമായി. അദ്ദേഹത്തിന്റെ അംബേദ്കറിസവും ദളിത് സമൂഹങ്ങളിൽ ചനാത്മക അവബോധം സൃഷ്ടിക്കുന്നതിനു കഴിഞ്ഞു. എന്നിരുന്നാലും അവയൊന്നും സാധകാത്മകമായി വിനിയോഗിക്കുവാൻ (Exploit) ദളിത് സമൂഹങ്ങൾക്കു കഴിയുന്നില്ല എന്നതു യാഥാർത്ഥ്യമാണ്.

തന്റെ സമകാലിക ചരിത്രത്തിൽ എന്തുകൊണ്ടു അംബേദ്കർ ദളിത് എഥ്നിക് ഗ്രൂപ്പില്‍ സംഘടിത ചാലകശക്തിയായില്ല? ഈ ചോദ്യം പ്രസക്തമാണ്.

ഇരവിപേരൂരിലെ ശ്രീ കുമാരഗുരു കേരളത്തിലെ വിവിധ ദളിത് വംശങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിൽ വിജയിച്ചു എന്നു പറയാതിരിപ്പാൻ സാദ്ധ്യമല്ല. എന്നാൽ അംബേദ്കറിൻ്റെ സംഘം അദ്ദേഹത്തിൻ്റെ മരണത്തോടെ ക്ഷയിച്ചുപോയി. PRDS നേരെമറിച്ചും.

അംബേദ്കർ ജീവിച്ചിരിക്കുമ്പോൾ 1924 ജൂലായിൽ ബഹിഷ്കൃത ഹിത്കാരിണി സഭ എന്ന പേരിൽ ഒരു സംഘടന സ്ഥാപിച്ചിരുന്നു. തുടർന്നു ചിലർ ചേർന്നു അംബേദ്കർ സേവാദൾ സ്ഥാപിച്ചു (ഭീം സേവക് ദൾ) അതിനെ അംബേദ്കർ അംഗീകരിച്ചതിനാൽ BSD ബഹിഷ്കൃത ഹിതകാരി സഭയുടെ യൂത്ത് വിങ് ആയി പ്രവർത്തിച്ചു. തുടർന്നു, ബ്രിട്ടീഷ് പട്ടാളത്തിൽ നിന്നു വിരമിച്ച ദളിത് സൈനികർ ചേർന്നു 1972 ഡിസംബറിൽ സമതാ സൈനിക് ദൾ (ssd) എന്ന യുവജന രണോൽസുക സംഘം (militant squad) സ്ഥാപിച്ചു. 1936- ൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നു വേറിട്ടു ഇൻഡിപെൻഡെന്റ് ലേബർ പാർട്ടി (IPL) സ്ഥാപിച്ചപ്പോൾ ഈ സംഘങ്ങൾ എല്ലാം അതിനുകീഴിൽ ഒന്നായി അണിനിരന്നു. 1938 നവംബർ 8-നു നടന്ന ലേബർ സ്ട്രൈക്കിൽ SSD ഗുണ്ടായിസം കാട്ടുകയും തെരുവുതെമ്മാടികളെപ്പോലെ വർത്തിക്കുകയും (Hooliganism) ചെയ്തു അഥവാ അങ്ങനെ കാട്ടിയെന്ന ആരോപണം ഉയർന്നു. അംബേദ്കർ അതു നിഷേധിച്ചു. ഇൻഡ്യ സ്വതന്ത്രയായാൽ ‘power would fall into the hands of rascals, rogues, freebooters or hooligans.” All Indian leaders will be low calibre and men of straw.’ എന്ന Winston Churchill -ന്റെ വിശ്രുതമായ പ്രസ്താവന ചേർത്തുവായിക്കുമ്പോൾ ILP യുടെ മേൽ വീണ ആരോപണം കഠിനമായിരുന്നു. Hooliganism എന്നതു ഗാന്ധിയുടെ അഹിംസ, അക്രമരാഹിത്യം എന്നിവക്കു കടകവിരുദ്ധം ആയിരുന്നുവെന്നു പ്രത്യേകം പറയേണ്ടല്ലോ. ആരോപണം SSD യുടെ മനോവീര്യം കെടുത്തി. അംബേദ്കർ SSD യുടെ വീര്യം ഉയർത്തുവാൻ ശ്രമിച്ചു എങ്കിലും വേണ്ടത്ര വിജയിച്ചില്ല. 1942 ജൂലൈ 22-നു അദ്ദേഹം SSD വോളണ്ടിയേഴ്സ്നെ അഭിസംബോധന ചെയ്ത് നടത്തിയ കോൺഗ്രസ് വിരുദ്ധപ്രസംഗം അംബേദ്കറിനെയും സംഘടനയെയും സംശയത്തിന്റെ നിഴലിൽ കൊണ്ടുവന്നു. കോൺഗ്രസിന്റെ സിവിൽ നിയമലംഘന പ്രസ്ഥാനത്തെ അംബേദ്കർ തള്ളിപ്പറഞ്ഞു. ആനി ബെസന്റും ഉപ്പുസത്യഗ്രഹത്തിനു എതിരായിരുന്നു. എന്നാൽ അവർ അനഭിമതയായില്ല; അംബേദ്കർ അവഗണിക്കപ്പെട്ടു തമസ്കരിക്കപ്പെട്ടു. 1956-ൽ അംബേദ്കറിന്റെ മരണത്തോടെ SDD ഊർദ്ധശ്വാസം വലിച്ചു അപ്രത്യക്ഷമായി. ഇതിൻറെ പിന്നോടിയായി 1970-’80 കാലയളവിൽ റിപ്പബ്ലിക്കൻ കൾച്ചറിൽ ഊന്നി ദളിത് പാന്തർ മൂവ്മെന്റ് സ്ഥാപിച്ചുവെങ്കിലും നിർണ്ണായക സ്വാധീനശക്തിയായില്ല.

അംബേദ്കർ ഇന്ത്യൻ ചരിത്രത്തിൽ തമസ്കരിക്കപ്പെടുന്നതിനുണ്ടായ കാരണങ്ങൾ പലതാണ്. അവയിൽ പ്രധാനമായും സാംസ്കാരിക-രാഷ്ട്രീയ-മതപരമായ പശ്ചാത്തലങ്ങൾ ഉണ്ട്. അവ ഏവയെന്നു നോക്കാം.

1) ദളിത് പശ്ചാത്തലവും പേരുമാറ്റവും

അംബേദ്കറിൻ്റെ പിതാവ് റാംജി മലോജി സക്പാൽ ബ്രിട്ടീഷ് ആർമി സുബൈദാർ ആയിരുന്നു. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും 23 കിലോമീറ്റർ ദൂരെ മൗ M.H.O.W (military headquarters of warfare എന്നതിന്റെ ചുരുക്കെഴുത്ത്) എന്ന സ്ഥലത്താണു (ഞാൻ ഈ പ്രദേശത്ത് താമസിച്ചിട്ടുണ്ട്) 1891 ഏപ്രിൽ 14ന് ഭീംറാവു റാംജി അംബവഡേകർ ജനിക്കുന്നത്. ഇവർ ദളിത് എഥനിഖ് ഗ്രൂപ്പായ ‘മഹർ’ വംശത്തിലെപട്ടവർ ആയിരുന്നു. പഠിക്കുവാൻ മിടുമിടുക്കൻ ആയിരുന്ന അംബവഡേക്കറുടെ സർ നെയ്ം അദ്ദേഹത്തിന്റെ ബ്രാഹ്മണനായിരുന്ന ഗുരു കൃഷ്ണൻജി കേശവ് അംബേദ്കർ മാറ്റിയിട്ടു അദ്ദേഹത്തിൻ്റെ സർനെയ്ം ആയിരുന്ന അംബേദ്കർ എന്നാക്കി. ഇവിടം മുതൽ അദ്ദേഹത്തിന്റെ സംക്രമണകാലം (transition) ആരംഭിക്കുകയായി. മികച്ച വിദ്യാർത്ഥിയായിരുന്ന അംബേദ്കറെ ഉന്നത വിദ്യാഭ്യാസത്തിനായി ബറോഡ രാജാവ്, മഹാരാജ സയജിറാവു ഗായ്ക്കുവാഡ് മൂന്നാമൻ സ്പോൺസർ ചെയ്തു വിദേശത്തേക്ക് അയക്കുന്നു. അംബേദ്കർ ക്രമേണ പാശ്ചാത്യ സംസ്കാരത്തിലേക്കു ചേക്കേറുകയായിരുന്നു. കോലാപ്പൂരിലെ മഹാരാജ ഷാഹു ചത്രപതിയും പില്കലത്ത് തുടർവിദ്യാഭ്യാസത്തിനായി സഹായിച്ചു.

2) വസ്ത്രധാരണം

വസ്ത്രധാരണരീതി അംബേദ്കറെ ദളിതർക്ക് പൊതുസമ്മതൻ ആകുന്നതിനു വിഘാതമായോ എന്നു ശരിക്കും വിശകലനം ചെയ്തു പഠിക്കേണ്ടിയിരിക്കുന്നു. ഞാൻ അങ്ങനെ കരുതുന്നു. പാശ്ചാത്യരീതിയിലുള്ള അദ്ദേഹത്തിന്റെ വേഷവിധാനം മാത്രമല്ല, അന്നത്തെ സവർണ്ണവേഷമായ മുണ്ടും ഷർട്ടും സ്വർണ്ണക്കരയുള്ള വേഷ്ടിയും ധരിച്ചതുവരെ വലിയ വിമർശനം വിളിച്ചു വരുത്തിയിരുന്നു. (ഫോട്ടോ ചേർക്കുന്നു). ദളിതൻ അല്ലാതിരുന്നിട്ടും വെറും അരയാട മാത്രം ധരിച്ചു ഫക്കീറായി മാറിയ ഗാന്ധിയുടെ ദളിത്പ്രേമവും അവരെ ദേവജനം എന്നർത്ഥം വരുന്ന ‘ഹരിജൻ’ എന്ന ഓമനപ്പേർ നല്കി ചേർത്തുപിടിച്ചതും ഗാന്ധിജിയെ അവർണ്ണർക്കിടയിൽ സർവ്വസമ്മതനാക്കി. അതു കോൺഗ്രസിന്റെ സംസ്കാരമായും മാറി. എന്നാൽ അങ്ങനെ ഒരു ആനുകൂല്യം അംബേദ്കരിനു ലഭിച്ചില്ല. അതിന്റെ തെളിവാണു, പില്കാലത്തു, 1959 ഡിസംബർ 6-നു ദാമോദർവാലി പ്രോജക്റ്റിന്റെ ഭാഗമായി നിർമ്മിച്ച പൻച്ചെത്ത് ഹിൽ ഡാം വെറും പതിനഞ്ചു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ട്രൈബൽ പെൺകുട്ടിയെക്കൊണ്ടു നെഹ്രു ഉദ്ഘാടനം ചെയ്യിച്ചത്. പാശ്ചാത്യവേഷം ധരിച്ച നെഹ്രുവും അവർണ്ണർക്കു അഭിമതൻ ആയിരുന്നു. പേരുമാറ്റവും വസ്ത്രധാരണരീതിയും

അംബേദ്കറെ ‘ഇല്ലത്തുനിന്നു ഇറങ്ങുകയും ചെയ്തു അമ്മാത്തു എത്തിയതോമില്ല’ എന്ന ദുഃസ്ഥിതിയിൽ ആക്കിയോ എന്നു സംശയം.

വേഷം സംസ്കാരം അംഗീകാരം എന്നിവയെക്കുറിച്ചു പറയുമ്പോൾ, ഏകദേശം 75 വർഷംങ്ങൾക്കുമുമ്പു ഞങ്ങളുടെ നാട്ടിൽ ഉണ്ടായ ഒരു സംഭവം ഓർമ്മയിൽ വരുന്നു. റാന്നി ഇടമണ്ണിലെ മലപ്രദേശത്തു ദളിത് സമൂഹത്തിന്റെ വസ്തുക്കൾ സവർണ്ണജന്മി കയ്യേറിയതു ലഹളകും കലാപത്തിനും കാരണമായി. ഒടുവിൽ സർക്കാർ ഒരു ജഡ്ജിയെ അന്വേഷണ കമ്മീഷൻ ആയി വച്ചു. ജഡ്ജി (പേരും വീട്ടുപേരും പറയുന്നില്ല) കമ്മ്യൂണിസ്റ്റ് അനുഭാവിയും ദളിതരോടു താല്പര്യം ഉള്ളവനും ആയിരുന്നു. സ്യൂട്ടും കോട്ടും ധരിച്ചു വന്ന അദ്ദേഹം ദളിതർ പാർത്തിരുന്ന മലമ്പ്രദേശത്തേക്കു ഒറ്റയടിപ്പാതയിലൂടെ നടന്നു കയറുമ്പോൾ ഒരു ചെറുമൻ പയ്യൻ അദ്ദേഹത്തെ മറികടന്നു ഓടിപ്പോയി ഒരു അടയാള ശബ്ദം പുറപ്പെടുവിച്ചു. മലമുകളിൽ അനേകം കണ്ഠങ്ങൾ അതേറ്റുപാടി പ്രതിധ്വനിച്ചു. നിമിഷനേരം കൊണ്ട് മലമുകളിൽ നിന്നു വലിയ ഉരുളൻ കല്ലുകളും ഉരുൾതടികളും ജഡ്ജിക്ക് നേരെ ഉരുണ്ടു ഹുങ്കാരശബ്ദത്തോടെ വന്നു. ഭയന്നുപോയ അദ്ദേഹം പ്രാണരക്ഷാർത്ഥം കുടവയറും താങ്ങി ഓടി താഴെ റബ്ബർതോട്ടത്തിൽ ഉണ്ടായിരുന്ന ഒരു പുകപ്പുരയിൽ ചെന്നു കയറി. ദളിതർ പിന്നാലെ. അവിടെയുണ്ടായിരുന്ന എസ്റ്റേറ്റു റൈറ്റർ അദ്ദേഹത്തെ പുകപ്പുരയോടു ചേർന്നുണ്ടായിരുന്ന ഓഫീസിൽ കയറ്റി അടച്ചു. പിന്നെ കൂകിവിളിച്ചു ആൾക്കാരെ കൂട്ടി ജഡ്ജിയെ രക്ഷിച്ചു.

സംഭവം തെറ്റിദ്ധാരണ ആയിരുന്നു. അന്നത്തെകാലത്തു ഉടുപ്പിട്ടു വരുന്നവർ ദളിതർക്ക് ശത്രുവായിരുന്നു. പോലീസ് അതിക്രമം ഭയന്നിരുന്ന അവർ വലിയ തടിക്കഷണങ്ങൾ കുറുകെവച്ച ഉരുൾത്തടിയിൽ കയറ്റി നാടൻ മിസൈൽ തയ്യാറാക്കി പ്രതിരോധം തീർത്തിരുന്നു. – ഒപ്പം വലിയ ഉരുളൻ കല്ലുകളും. ക്ഷുഭിതനായ ജഡ്ജി ദളിതർക്കു എതിരായി റിപ്പോർട്ടു സമർപ്പിച്ചു. അവർക്കു കിടപ്പാടം നഷ്ടപ്പെട്ടു. അതിനുശേഷം ഒരു ദളിതൻ തനിക്ക് മുമ്പിൽ നടന്നുപോകുന്നതോ ജഡ്ജിക്ക് അരിശവും പുറകെ വരുന്നതു പേടിയായിരുന്നു എന്നു പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. ജഡ്ജി ഓടികിതച്ചെത്തിയ പുകപ്പുര നിന്നിരുന്ന സ്ഥലത്തിന് അദ്ദേഹം ഒരു പേരിട്ടു -സോവാർ. ഇടമണ്ണിൽ ഇന്നും സോവാർ തോട്ടം ഉണ്ട്.

3) കോൺഗ്രസിൽ നിന്നു അകന്നത്

1936 നെഹ്രു പ്രഖ്യാപിച്ച സോഷ്യലിസമായിരുന്നു കോൺഗ്രസിന്റെ പൊളിറ്റിക്കൽ തിയറിയുടെ അടിത്തറ. (ഗാന്ധിയുടെ അഹിംസ യുദ്ധതന്ത്രമായിരുന്നു – ധാർമ്മികതയായിരുന്നു). നെഹ്രൂവിയൻ സോഷ്യലിസം എന്ന പേരിൽ ഇതു വിശ്വവിഖ്യാതമായി. “നെഹ്രുവിനെപ്പോലെ ഒരു നേതാവും നെഹ്റുവിയൻ തത്വചിന്തയെ പോലെ ഒരു പ്രസ്ഥാനവും ഇല്ലാതെ പോയതാണു പാകിസ്ഥാന്റെ ദുരവസ്ഥയ്ക്കു കാരണം,” എന്നു ബേനസീർ ഭൂട്ടോ ഒരിക്കൽ പറയുകയുണ്ടായി. റിപ്പബ്ലിക്കൻ പ്രസിഡെൻഷ്യൽ സിസ്റ്റം വിശ്വസിച്ചിരിക്കുന്ന സുഭാഷ് ചന്ദ്രബോസും അംബേദ്കറും കൊച്ചുകേരളത്തിലെ ദിവാനായിരുന്ന സർ സി.പി. രാളസ്വാമി അയ്യരും ചരിത്രത്തിൽ അപ്രസക്തമായി. എന്നാൽ കോൺഗ്രസിൽനിന്നു ആകുന്നു സോഷ്യലിസം ഉപേക്ഷിച്ച കമ്മ്യൂണിസ്റ്റുജനാധിപത്യം എന്ന പുതിയ സിദ്ധാന്തം രൂപീകരിച്ച ഇടതുപക്ഷം ദളിതരെ സംഘടിപ്പിക്കുന്നതിലും അവരെ നിർണ്ണായക വോട്ടുബാങ്ക് ആക്കുന്നതിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക ശക്തിയാകുന്നതിലും വിജയിച്ചു. എന്നാൽ ഇങ്ങനെ ഒരു നിർണ്ണായകശക്തിയാകുവാൻ അംബേദ്കറിനും, സ്വാതന്ത്ര്യസമരനായകൻ ആയിട്ടും, അദ്ദേഹത്തിന്റെ പാർട്ടിക്കും ലഭിച്ചില്ല.

4) മതവിശ്വാസത്തിലെ സ്ഥിരതയില്ലായ്മ. 

ഇൻഡ്യൻ രാഷ്ട്രീയത്തിൽ സോഷ്യോ-റിലീജിയസ് മൂവ്മെൻ്റിനു വലിയ പ്രാധാന്യവും സ്വാധീനവും ഉണ്ട്. അമിതമായാൽ അതു സോഷ്യൽ പോളറൈസേഷനും കാരണമാകുന്നു എന്നതു അതിന്റെ മറുപുറം. “ഹിന്ദുവായി ഞാൻ ജനിച്ചെങ്കിലും, ഞാനൊരിക്കലും ഹിന്ദുവായി മരിക്കുകയില്ല,” എന്നു 1956 -ൽ അദ്ദേഹം പ്രഖ്യാപിച്ചു. പല മതങ്ങളെക്കുറിച്ചും പഠിച്ചും അനുഭവിച്ചും ഒടുവിൽ 1956 ഒക്ടോബർ 14-൹ ഒരുകൂട്ടം ദളിതരുമായി അദ്ദേഹം ബുദ്ധമതം സ്വീകരിച്ചു.

എന്നിരുന്നാലും അടിസ്ഥാനപരമായി അദ്ദേഹം യുക്തിവാദിയും (Rationalist) നിരീശ്വരനും (Atheist) ആയിരുന്നു എന്നാണു വിലയിരുത്തപ്പെടുന്നത്. ശ്രീനാരായണ ധർമ്മസംഘം പ്രഥമ ജനറൽ സെക്രട്ടറിയായിരുന്ന സ്വാമി ധർമ്മതീർത്ഥർ പിൽക്കാലത്തു ക്രിസ്തുമതം സ്വീകരിച്ചു സ്വാമി ജോൺ ധർമ്മ തീർത്ഥർ അംബേദ്കർ ക്രിസ്ത്യാനിത്വത്തിലേക്കു ക്ഷണിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് മനസ്സായില്ല. ഹിന്ദുമഹാസഭ പ്രസിഡന്റായിരുന്ന ബി.എസ്. മുൻജെ (B.S. Moonje) അദ്ദേഹത്തെ അതിൽ നിന്നും വിലക്കി എന്നു പറയപ്പെടുന്നു. പിന്നെ സോഷ്യോ പൊളിറ്റിക്കൽ സമ്മർദ്ദവും. അംബേദ്കർ ക്രിസ്ത്യാനിത്വം സ്വീകരിച്ചിരുന്നുവെങ്കിൽ അതു ദളിതരുടെ ഇടയിൽ വലിയ ആന്തോളനം സൃഷ്ടിക്കുമായിരുന്നുവെന്നും, ഹിന്ദുയിസം അർത്ഥാൽ ക്ഷയിച്ചു പോകുമായിരുന്നു എന്നും വാദിക്കുന്ന നിരീക്ഷകർ ഉണ്ട്. എന്തോ എനിക്കു അതു പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ പരിവർത്തനം ഹിന്ദുയിസത്തിൽ കോളിളക്കം സൃഷ്ടിക്കുകയോ, ബുദ്ധമതത്തിനു ഗുണം ചെയ്യുകയോ ചെയ്തില്ലല്ലോ. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽപ്പോലും അദ്ദേഹം ഒരു crowd puller ആവുകയില്ലായിരുന്നു. അംബേദ്കറിസത്തിനു ഇന്നത്തെ ഇൻഡ്യയിൽ വലിയ പ്രസക്തിയില്ല, ഉണ്ടാവുകയുമില്ല. ഇൻഡ്യൻ ഭരണഘടനയുടെ സ്വത്വത്തിൽ മാത്രം അംബേദ്കറിസം ഒതുങ്ങി നില്കുന്നു. അതും ഇല്ലാതെയാക്കുവാനാണല്ലോ ഭൂരിപക്ഷവർഗ്ഗീയത ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 2019 ഒക്ടോബർ 1-നു സ്ഥാപിതമായി ഹരിയാനയിലെ ഗുരുഗാവു ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന

ഭീംസേന അംബേദ്കറിസത്തെ ഉയർത്തിക്കൊണ്ടുവരുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്വാധീനം ചെലുത്തുവാൻ കഴിയുന്നില്ല.

 

പാസ്റ്റർ സണ്ണി പി. സാമുവൽ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.