ലേഖനം: മാതൃസഭ | രാജൻ പെണ്ണുക്കര
പലപ്പോഴും നാം വലിയ അഭിമാനത്തോടും ഗർവ്വത്തോടും അവകാശത്തോടും കൂടി പറയുന്ന പദമാണ് എന്റെ “മാതൃസഭ”. യഥാർത്ഥത്തിൽ മാതൃസഭ എന്നത് മാതൃതുല്യമായി സ്നേഹിക്കുന്ന, നമ്മെ മാതൃതുല്യമായി കരുതുന്ന, നാം ആത്മീയ ജീവിതത്തിൽ പിറന്നുവീണ, ഓടിക്കളിച്ച, നമ്മുടെ ആത്മീയ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും നമ്മെ കൈപിടിച്ച് നടത്തിയ, പിച്ചവെച്ചു നടക്കാൻ അഭ്യസിപ്പിച്ച, നമ്മെ പ്രാർത്ഥിക്കാനും സാക്ഷ്യം പറയാനും പഠിപ്പിച്ച, നാം വീഴുന്ന സാഹചര്യങ്ങൾ വന്നപ്പോൾ കൈപിടിച്ച് നേരെ നിർത്തിയ സഭ എന്നൊക്കെയുള്ള അർത്ഥവും കൂടി ഇല്ലേ? അല്പം കൂടി വ്യക്തമായി പറഞ്ഞാൽ നമ്മെ കരുതി നമ്മുടെ സുഖങ്ങളും ദുഃഖങ്ങളും ഒരുപോലെ പങ്കുവെച്ച, നമ്മെ ഓർത്ത് നെടുവീർപ്പോടെ നിരന്തരം പ്രാർത്ഥിക്കുന്ന സഭയെന്ന കാര്യവും കൂടി പറയാൻ മറക്കരുത്.
എന്നാൽ പലരും വലിയ വികാരത്തോടും വീരവാദത്തോടെയും “എന്റെ മാതൃസഭ” എന്ന അവകാശവും അധികാരവും പറയുമെങ്കിലും, പലപ്പോഴും ഒരു കൂറും കാണിക്കാതെ തഴഞ്ഞും മറന്നും പോകുന്നത് മാതൃസഭയെയാണെന്ന് പറഞ്ഞാൽ വിരോധം തോന്നരുത്. ഭൗതിക കാര്യങ്ങൾക്ക് വേണ്ടി സഭയിൽ നിന്ന് ദൂരെയായി നന്മകൾ വർദ്ധിക്കുമ്പോൾ, പലരും മാതൃസഭയെ ഓർക്കാതെ പോകുന്നു എന്ന സത്യം വേദനയോടെ പറയാതെ വയ്യ.
ചിലപ്പോൾ ഇപ്പോഴത്തെ സാഹചര്യത്തിനും സ്ഥാനമാനത്തിനും നിലവാരത്തിനും പദവികൾക്കും പഠനത്തിനും അനുസരിച്ചുള്ള പുത്തൻ തലമുറ (ന്യൂജൻ) സഭകൾ ലഭിച്ചു എന്ന് വരാം. ഭാഷയും സംസ്കാരവും രീതിയും മാറി സമ്പത്ത് വർദ്ധിച്ചപ്പോൾ പുതിയ ബന്ധങ്ങളും ബന്ധുക്കളും സുലഭമാകുന്നു. അപ്പോൾ മാതൃസഭയുടെ സ്ഥാനവും പ്രാധാന്യവും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുന്നു എന്നതാണ് സത്യം. പക്ഷേ പിതാമഹന്മാർ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിനെയും, അവർ ഇരുന്ന് നിലവിളിച്ച് കണ്ണീർ വീണു കുതിർന്ന പായയെയും, സഭയെയും ആരും ഒരിക്കലും മറക്കരുത്. വചനം പറയുന്നു: നീ നടന്ന വഴികളും നിന്നെ നടത്തിയ വിധങ്ങളും ഒരിക്കലും മറക്കരുത്. അത് വല്ലപ്പോഴും നന്ദിയുള്ള ഹൃദയത്തോടെ സ്മരിക്കണം.
ഈയിടെ ഇങ്ങനെ ഒരു വിഷയം ചർച്ചയായപ്പോൾ ഒരാളിൽ നിന്ന് കേട്ട മറുപടിയിൽ വളരെ കൗതുകം തോന്നി. “ഞങ്ങൾ ഇവിടെ കൂടി നടക്കുന്ന ഒരു സഭ ഉണ്ട്. ഇവിടെ ഒത്തിരി കടപ്പാടുകളും ബാധ്യതകളും ഉണ്ട്. മാത്രവുമല്ല, ഇതിനാണ് ഇപ്പോൾ മുൻഗണന. അതുകൊണ്ട് എല്ലാം കൂടി നടക്കില്ല.” അപ്പോൾ സാധു വിധവ ഭണ്ഡാരത്തിൽ ഇല്ലായ്മയിൽ നിന്ന് മനസ്സോടെ ഇട്ട രണ്ട് കാശിന്റെ ഉപമ ഓർമ്മവന്നു. ഒന്നിന്റെയും വലുപ്പമോ തോതോ അല്ല, മറിച്ച് ഉള്ളത് മനസ്സോടെ ആയാൽ, കൃത്യമായ കണക്കുകൾ എഴുതി വെച്ച് കടം ഇടാതെ അമർത്തി കുലുക്കി അനുഗ്രഹിക്കുന്ന സ്വർഗ്ഗം ഉണ്ടെന്ന് ഓർക്കണം.
പലരും സ്വന്തം നാട്ടിൽ വന്നാൽ പോലും സ്വന്തം മാതൃസഭയിൽ ഒന്ന് കൂട്ടായ്മ കൂടാൻ മനസ്സില്ലാതെ മടങ്ങുന്നവരും, രജിസ്റ്ററിൽ പേരുള്ള കാരണത്താൽ ശവസംസ്കാര ശുശ്രൂഷയോ വിവാഹമോ മറ്റു സർട്ടിഫിക്കറ്റുകളോ ആവശ്യമായി വരുമ്പോൾ മാത്രം കാര്യസിദ്ധിക്കുവേണ്ടി മാതൃസഭയെ ആശ്രയിച്ച്, പേരിനൊരു സാക്ഷ്യവും വഴിപാട് പോലെ എന്തെങ്കിലും കൊടുത്തിട്ട് കാര്യം സാധിച്ച് മടങ്ങിപ്പോയി പിന്നീടൊരിക്കലും തിരിഞ്ഞു നോക്കാത്തവരും അനേകരാണ്. സർക്കാർ സ്ഥാപനങ്ങളിൽ നാം സേവനങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടി മാത്രം പോകുന്നതുപോലെ മാതൃസഭയും ആയോ എന്ന് ചിന്തിച്ചാൽ കുറ്റം പറയുവാൻ കഴിയുമോ?
“വഴിപാട്” എന്ന പദം വേദപുസ്തകത്തിൽ നൂറ്റിയറുപത്തിയൊൻപതിലധികം (169) തവണ പ്രതിപാദിച്ചിരിക്കുന്നു. വഴിപാട് എന്ന പദത്തിന്റെ പാവനമായ അർത്ഥം മനസ്സോടെ, ആദരവോടെ ദൈവപ്രസാദത്തിനായി ദൈവത്തിന് സമർപ്പിക്കുന്നത് എന്നതാണ്. എന്നാൽ അതിന്റെ അർത്ഥത്തിന് ഇന്ന് മനുഷ്യന്റെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലും സ്വാർത്ഥ മനോഭാവം മൂലവും മാറ്റം വന്നിരിക്കുന്നു എന്ന് ഭാഷാപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഇന്നത് ഉപകാരസ്മരണയായോ, എന്തെങ്കിലും ആഗ്രഹങ്ങളും ആവശ്യങ്ങളും നേടിക്കിട്ടുവാൻ, അഥവാ കാര്യസിദ്ധിക്കുവേണ്ടി കൈകൂലി കൊടുക്കുന്ന രീതിയിലേക്കോ മാറുമ്പോൾ സംഭവിക്കുന്ന അപചയമാണ് അർത്ഥമാറ്റത്തിന് കാരണം. മാത്രമല്ല, കുറുക്കുവഴികളും ചതിയും വഞ്ചനയും ഒക്കെ മനുഷ്യപ്രവൃത്തിയാണ്. അപ്പോൾ നമ്മുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും പ്രാർത്ഥനയുടെ ഫലമായി കിട്ടിയതാണെന്ന് വരുത്തിത്തീർക്കാനും, അങ്ങനെ വിചാരിച്ചും “ഇനിയും ദൈവകോപം വരരുതല്ലോ” എന്നൊക്കെ ചിന്തിച്ച് എന്തെങ്കിലും പേരിന് വേണ്ടി ചെയ്യുമ്പോൾ അർത്ഥതലം മാറുന്നു എന്ന സത്യം കൂടി മറക്കരുത്.
നമ്മുടെ മാതൃഭാഷയിലെ “കൂറ്” എന്ന പദം മമത, ചായവ്, അടുപ്പം, പക്ഷം, ഇഷ്ടം, നന്ദി, കടപ്പാട്, പങ്ക്, ഓഹരി എന്നിങ്ങനെയുള്ള അർത്ഥങ്ങളോടെയാണ് സാധാരണ നാം ഉപയോഗിക്കാറുള്ളത്. നമ്മുടെ മാതൃഭൂമിയോടും മാതൃഭാഷയോടും മാതൃസഭയോടും കൂറ് വേണം; ഒരിക്കലും ചോറ് ഇവിടെയും കൂറ് അവിടെയും ആകരുത്. കാരണം മാതൃത്വത്തിന്റെ മാറ്റ് ഉരച്ചുനോക്കാനോ, മാതൃസ്നേഹത്തിന്റെ ഊഷ്മാവും മൂല്യവും അളന്നുനോക്കാനോ, അതിന് പകരം വെക്കാനോ ലോകത്ത് മറ്റൊന്നുമില്ല. മാത്രവുമല്ല, മാതാവിന്റെ വേദന ബന്ധുക്കൾക്ക് ഒരിക്കലും ഉണ്ടാകില്ല. അപ്പോൾ മാതൃസഭയുടെ വേദന എത്രയധികമായിരിക്കും എന്ന് നിങ്ങൾ ചിന്തിക്കുക.
വാനോളം വളർന്നു പന്തലിച്ചു കായ്ഫലങ്ങളും പുഷ്പങ്ങളും നിറഞ്ഞ വൻവൃക്ഷവും അതിന്റെ തായ്‌വേരുമായുള്ള ബന്ധം ഒന്ന് അറ്റുപോയാൽ, പിന്നെ അതിന്റെ ഇലകളും ഫലങ്ങളും പൂക്കളും ക്രമേണ പൊഴിഞ്ഞുപോകും എന്നത് പ്രകൃതി പഠിപ്പിക്കുന്ന ഗുണപാഠമാണ്. അതുകൊണ്ട് നമ്മുടെ തായ്‌വേര് അറ്റുപോകാതെ സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വവും കടമയും ചുമതലയും ആകുന്നു. അങ്ങനെയിരിക്കെയാണ് എന്റെ വീട്ടിലെ ഒരു ചെടിയുടെ വിചിത്രമായ സ്വഭാവം ശ്രദ്ധയിൽ പെട്ടത്. വളരെ കൗതുകത്തോടെയും ആശയോടെയും വിശ്വാസത്തോടെയും ഞാൻ നട്ട മത്തന്റെ മൂട് എന്റെ വസ്തുവിലും വള്ളി പടരുന്നതും, മത്തങ്ങ ഉണ്ടാകുന്നതും അയൽവാസിയുടെ പുരയിടത്തിലും…
രാജൻ പെണ്ണുക്കര

- Advertisement -



Comments are closed, but trackbacks and pingbacks are open.