ലേഖനം: ആധുനിക കാലത്തെ ബന്ധങ്ങളിലെ വിഷലിപ്തത: വര്‍ദ്ധിച്ചുവരുന്ന സാമൂഹിക ആശങ്ക | റോജി തോമസ്, ചെറുപുഴ
സമീപ വര്‍ഷങ്ങളില്‍, ബന്ധങ്ങളിലെ ഏറ്റവും പ്രശ്നകരമായ അവസ്ഥയിലേക്ക് ക്രിമിനല്‍ മനോഭാവം അപകടകരമായ തലത്തില്‍ കടന്നുകൂടിയിട്ടുണ്ട്. അതിവേഗം ബന്ധങ്ങള്‍ വികസിക്കുമ്പോള്‍, അരക്ഷിതാവസ്ഥ, വ്യക്തികളുടെ സ്വാര്‍ത്ഥ നിയന്ത്രണങ്ങള്‍, പരസ്പര തെറ്റിദ്ധാരണ എന്നിവയാല്‍ ബന്ധങ്ങളിലെ വൈകാരികതയുടെ അമിത സ്വാധീനം പലപ്പോഴും ക്രിമിനല്‍ ചിന്താഗതികളെ രൂപപ്പെടുത്തുന്നു. ആരോഗ്യകരമായ ബന്ധങ്ങള്‍, സൗഹൃദങ്ങള്‍; വളര്‍ച്ചയും പരസ്പര ബഹുമാനവും പരിപോഷിപ്പിക്കുമ്പോള്‍; വിഷലിപ്തമായ വൈകാരിക ബന്ധങ്ങള്‍ ജീവനെയും ജീവിതത്തെയും നിലപാടുകളെയും വ്യക്തിപരമായ ക്ഷേമത്തെയും ദുര്‍ബലപ്പെടുത്തുന്നു; ഇല്ലായ്മ ചെയ്യുന്നു. ഇത്തരം കേസുകളുടെ ഭയാനകമായ വര്‍ദ്ധനവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ള സാമൂഹിക പ്രശ്നങ്ങളാണ്. പരിഹരിക്കപ്പെടാത്ത അഭിപ്രായഭിന്നതകള്‍, വ്യക്തിപ്രാധാന്യമില്ലാത്ത, സാഹചര്യങ്ങളെ മാനിക്കാത്ത, സാമൂഹിക ജീവിത നിലപാടുകളെ നിലവാരങ്ങളെ വകവയ്ക്കാത്ത, കുടുംബ ബന്ധങ്ങള്‍ക്ക് വിലനല്കാതെ വൈകാരികതയ്ക്ക് പ്രാധാന്യം നല്കുന്ന, പരിഹരിക്കാനാവാത്ത ബന്ധങ്ങളും അതിലുള്ള തുടര്‍ന്നുപോക്കും ദുരന്തമായി മാറുമ്പോള്‍; അത്തരം പവണതകള്‍ എത്രത്തോളം ദോഷകരമാകുമെന്നതിന്‍റെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണ് കേരളത്തില്‍ ദൗര്‍ഭാഗ്യകരമായി ഭവിച്ച ദാരുണമായ ചിത്രപ്രിയ വധക്കേസ്.
ഇത്തരം ബന്ധങ്ങളില്‍ സാധാരണയായി ആധിപത്യം, വൈകാരിക അതിഭാവുകത്വം, നിരന്തരമായ സംശയം, വ്യക്തിപരമായ അതിര്‍വരമ്പുകള്‍, കാര്യങ്ങള്‍, കുടുംബ പശ്ചാത്തലങ്ങള്‍ എന്നിവയോടുള്ള വിയോജിപ്പും അനാദരവും ഉരുത്തിരിയുന്നു. ഈ പെരുമാറ്റങ്ങള്‍ ഒരു വ്യക്തിയുടെ സ്വാര്‍ത്ഥതയെ മുറുകെപ്പിടിക്കുവാനും സ്വയചിന്തകളെ സാധുകരിക്കുവാനും തന്‍റെ ഹിതാനുസാരമല്ലാത്ത് ഇല്ലായ്മ ചെയ്യുവാനും തുനിഞ്ഞിറങ്ങുന്നു. അവിടെ സുബുദ്ധിക്കും സദ്ചിന്തയ്ക്കും നീക്കുപോക്കിനും അനുരഞ്ജനത്തിനും വിട്ടുകൊടുക്കലിനും സാധ്യതയില്ലാതാവുന്നു. ഭയത്തിന്‍റെയും അരക്ഷിതത്വത്തിന്‍റെയും അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. വൈകാരിക ദുരുപയോഗം ശാരീരിക അക്രമം പോലെ തന്നെ ദോഷകരമാണ്. ഇത്തരം ബന്ധങ്ങളുടെ ഇരകള്‍ പലപ്പോഴും ഉത്കണ്ഠ, വിഷാദം, വിട്ടുമാറാത്ത സമ്മര്‍ദ്ദം, ഒറ്റപ്പെടല്‍ എന്നിവ അനുഭവിക്കുന്നു. കാലക്രമേണ, അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം വഷളാകുന്നു; താല്‍ക്കാലിക വൈകാരിക പ്രവണതകള്‍ക്ക് അപ്പുറത്തേക്ക് ദോഷകരമായി വ്യാപിക്കുന്നു.
ആധുനിക പ്രണയബന്ധങ്ങളുടെ പശ്ചാത്തലത്തില്‍, സാങ്കേതികവിദ്യ ഈ പ്രശ്നം കൂടുതല്‍ വഷളാക്കി. സോഷ്യല്‍ മീഡിയയും നിരന്തരമായ ആശയവിനിമയവും അസൂയയ്ക്കും, വ്യക്തിജീവിതങ്ങളുടെ സ്വാകാര്യതയും മറ്റും നിരീക്ഷിക്കുന്നതിനും പുതിയ വഴികള്‍ സൃഷ്ടിച്ചു. വ്യക്തികള്‍ പരസ്പരം ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയോ, സമ്മതമില്ലാതെ സന്ദേശങ്ങള്‍ വായിക്കുകയോ പാസ്വേര്‍ഡുകള്‍ പങ്കിടാന്‍ നിര്‍ബന്ധിക്കുകയോ ചെയ്തേക്കാം. ഈ പെരുമാറ്റങ്ങള്‍ അവിശ്വാസത്തിന് ആക്കം കൂട്ടുകയും സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, അവശ്യമില്ലാത്തതും അസ്വസ്തകരവുമായതും തെറ്റായ ദിശകളിലേക്ക് നയിക്കുന്നതുമായ സന്ദേശങ്ങള്‍ക്ക് മറുപടി നല്കുന്നതും പ്രതികരിക്കുന്നതും യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രതീക്ഷകള്‍ സൃഷ്ടിക്കുന്നു. കാലതാമസം വരുത്തിയ മറുപടികളോ അവ്യക്തമായ ഓണ്‍ലൈന്‍ ഇടപെടലുകളോ അനാവശ്യമായ തെറ്റിദ്ധാരണകള്‍ക്ക് കാരണമാകും. അമിതമായ ഫോണ്‍ ഉപയോഗം കാരണം ഒരാള്‍ മറ്റൊരാളെ അവഗണിക്കുന്നതും പതുക്കെ വൈകാരിക ബന്ധം ദുര്‍ബലപ്പെടുത്തുകയും നീരസത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. അങ്ങനെ, ഡിജിറ്റല്‍ ആഭിമുഖ്യം മുന്‍ തലമുറകള്‍ അഭിമുഖീകരിക്കാത്ത സമ്മര്‍ദ്ദത്തിന്‍റെയും സ്വകാര്യമോ സാമൂഹികമോ ആയ അതിക്രമത്തിലേക്കോ പരാജയങ്ങളിലേക്കോ തകര്‍ച്ചകളിലേക്കോ നയിക്കുന്നു.
ടോക്സിക് റിലേഷന്‍ഷിപ്പിന്‍റെ അതിദ്രുതവും പത്യാഘാതപരവുമായ യഥാര്‍ത്ഥവും ഹൃദയഭേദക ഉദാഹരണവുമാണ് കേരളത്തിലെ പത്തൊന്‍പതുകാരിയായ വിദ്യാര്‍ത്ഥിനി ചിത്രപ്രിയയുടെ കൊലപാതകം. പോലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, അവര്‍ തമ്മിലുള്ള തര്‍ക്കം നിയന്ത്രണാതീതമായി, കടുത്ത കോപത്തില്‍ ഒരു നിമിഷംകൊണ്ട് കല്ലുകൊണ്ട് അവളെ ആക്രമിക്കാന്‍ അവനെ പ്രേരിപ്പിച്ചു. അനിയന്ത്രിതമായ വൈകാരിക അസ്ഥിരത, അരക്ഷിതാവസ്ഥ, ആരോഗ്യകരമായ ആശയവിനിമയത്തിന്‍റെ അഭാവം എന്നിവ മാരകമായ അക്രമത്തിലേക്ക് എങ്ങനെ നീങ്ങുമെന്ന് ഈ സംഭവം തുറന്നുകാട്ടുന്നു. ഒരു വിയോജിപ്പായി ആരംഭിച്ചത് ക്രൂരമായ കുറ്റകൃത്യമായി മാറിയിരിക്കാം, ഇത് പരിഹരിക്കാനാവാത്ത ദോഷം വരുത്തുന്നതിനുമുമ്പ് തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യേണ്ടതിന്‍റെ അടിയന്തിര ആവശ്യകത എടുത്തുകാണിക്കുന്നു.
സംഘര്‍ഷങ്ങള്‍ ഏതൊരു ബന്ധത്തിന്‍റെയും സാധാരണ ഭാഗമാണ്. സാധാരണ വെല്ലുവിളികളും യാഥാര്‍ത്ഥ്യത്തിന്‍റെ ദോഷകരമായ സാഹചര്യങ്ങളെയും വിവേചിക്കുവാനും തമ്മില്‍ വേര്‍തിരിച്ചറിയുവാനും സമൂഹം പഠിക്കണം. ദുരുപയോഗത്തിന്‍റെ ഗൗരവത്തെ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നത് ജീവിതത്തെയും ജീവനെതന്നെയും അപകടത്തിലാക്കും. അപക്വവും വൈകാരിക പ്രധാന്യത്തിലും അനുഭവജ്ഞാനമില്ലായ്മയിലും തിരഞ്ഞെടുക്കുന്ന വഴികളും ജീവിതവും ദുഃഖശില്പങ്ങളാക്കിയ ജീവിതങ്ങളും; മനോഹരമായി തുടരാവുന്ന ജീവിതത്തെ നിശേഷം തൂത്തെറിഞ്ഞ ക്രിമിനല്‍ സാഹചര്യങ്ങളെയും; ഭാവിയുടെ സുന്ദരദിനങ്ങള്‍ പ്രതീക്ഷിച്ച മാതാപിതാക്കള്‍ക്കോ ബന്ധുമിത്രാധികള്‍ക്കോ സമൂഹത്തിനോ തീരാവ്യസനകാരണമാക്കിയ അബദ്ധജഠില പ്രവൃത്തികളും നമുക്ക് മുന്നില്‍ ഉദാഹരങ്ങളായി വര്‍ത്തിക്കുന്നു.
നാം ആര്‍ജ്ജിച്ചെടുക്കുന്ന വ്യക്തിത്വവും, നാം പരിപാലിക്കുന്ന വ്യക്തിനിയമങ്ങളും സാമൂഹിക ജീവിത സുരക്ഷാചട്ടങ്ങളും നന്മയിലേക്കുള്ള വാതായനങ്ങളാണ്. നമ്മെപ്പോലെ തന്നെ മറ്റൊരുവനും ചിന്തിക്കുവാനും തിരഞ്ഞെടുക്കുവാനും നിഷേധിക്കുവാനും ഈ പാരില്‍ ജീവിക്കുവാനും അവകാശം ഉണ്ടെന്നും മനസിലാക്കി അംഗീകരിച്ച് മുന്നോട്ടു പോകുവാനും ശീലിക്കണം. എല്ലാം സ്വഹിതാനുസരണം കൈവശപ്പെടുത്താനും വളച്ചൊടിക്കുവാനും ശ്രമിക്കുമ്പോള്‍ ക്രമരാഹിത്യം ഉണ്ടാവുന്നു. അത് അക്രമത്തിലേക്കും നശീകരണപ്രവണതയിലേക്കും നയിക്കുന്നു. സ്വയം ബഹുമാനിക്കുക മറ്റുള്ളവരെ മാനിക്കുക; അതുവഴി നല്ലൊരു ജീവിതം തനിക്കും ലോകത്തിനും പകര്‍ന്നു നല്‍കാന്‍ കഴിയും.
വൈകാരികവും മാനസികവുമായ ക്ഷേമത്തെ ബാധിക്കുന്ന അടയാളങ്ങള്‍ തിരിച്ചറിയുക, ആരോഗ്യകരമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കുക, വൈകാരിക പക്വതയെ പ്രോത്സാഹിപ്പിക്കുക എന്നിവ ഇത്തരം ദുരന്തങ്ങള്‍ തടയുന്നതിനുള്ള അനിവാര്യ നടപടികളാണ്. സഹായം തേടാനും അനാരോഗ്യകരമായ ബന്ധങ്ങളില്‍ നിന്ന് പുറത്തുകടക്കാനും അവരുടെ സ്വയംബോധം വീണ്ടെടുക്കുവാനും വ്യക്തികള്‍ക്ക് അധികാരം തോന്നുന്ന അന്തരീക്ഷം സമൂഹം വളര്‍ത്തിയെടുക്കണം. അപ്പോള്‍ മാത്രമേ സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും യഥാര്‍ത്ഥത്തില്‍ ബഹുമാനത്തിന്‍റെയും സുരക്ഷയുടെയും വളര്‍ച്ചയുടെയും ഇടമാകാന്‍ കഴിയൂ.

- Advertisement -



Comments are closed, but trackbacks and pingbacks are open.