കവിത: നീതി സൂര്യൻ | രാജി ബെന്നി
ലോകം മുഴുവനും സമാധാനം തേടി അലഞ്ഞു ഞാൻ;രോഗവേദനയിൽ തകർന്ന എൻ ഹൃദയം കണ്ണീരായി പെയ്തിറങ്ങി.ഏകനായി മരണത്തിന്റെ നിഴൽ പുൽകുവാൻ നിശ്ചലമായി കാത്തുനിന്നു.
ഹൃദയ ഭാരത്താൽ നിശബ്ദമായ മനസിന്റെ തേങ്ങലുകൾ,
പ്രാർത്ഥനയായി ഒഴുകി നിന്നിലേക്കെത്തി.
ദൈവനാമം ഭയപ്പെട്ട് ഞാൻ കാത്തു നിന്നു—
നീതി സൂര്യനായി എന്നിൽ നീ ഉദിക്കുവാൻ.
രാവിന്റെ വേദന കീറി മുറിച്ച്,
നിൻ കിരണങ്ങൾ എന്നെ പുണർന്നപ്പോൾ,
പാപത്തിന്റെ മരുഭൂമിയിൽ പുഷ്പങ്ങൾ വിടർന്നു.
അന്ധകാരത്തിൽ മുങ്ങിയ എന്റെ ഉള്ളിലേക്ക്,
നിന്റെ കിരണങ്ങൾ ആശ്വാസമായി വീണു—
പുനരുജ്ജീവനമെന്ന പ്രതീക്ഷയായി നീ വന്നു.
നീ ഉദിച്ചതും, എൻ കണ്ണുകളിൽ വെളിച്ചം നിറഞ്ഞു;
മുറിവുകൾ മാറി, ശാപങ്ങൾ അകന്നു.
ശാന്തിയുടെ വസന്തം എൻ ഹൃദയത്തിലിറങ്ങി;
സമാധാനം പടർന്നു, പ്രാർത്ഥന ഉയർന്നു.
നിന്റെ സ്പർശനം എൻ ആത്മാവിനെ പുതുക്കി;
പാപമേഘങ്ങൾ മൂടിയ ഹൃദയം
നിന്റെ വെളിച്ചത്തിൽ പ്രകാശിതമായി.
തണലില്ലാത്ത വഴികളിലൂടെ ഞാൻ നടന്നപ്പോൾ,
നീ ഉറവായി ഒഴുകി എന്നെ തണുപ്പിച്ചു—
ആരാധനയുടെ ഉയരത്തിലേക്ക് കൈപിടിച്ചുയർത്തി,
കറപൂരിതമായ ജീവിതത്തെ ശോഭിതമാക്കി.
നീ ചെന്ന ഓരോ വഴിയിലും വെളിച്ചമുണ്ട്;
ആ വെളിച്ചത്തിൽ ഞാൻ മുന്നോട്ടു യാത്രയായി.
എവിടെയൊക്കെയോ ഞാൻ തേടി അലഞ്ഞിരുന്ന
ആ സമാധാനം നീ തന്നെയായിരുന്നു.
നിന്റെ വാക്കുകൾ സത്യമായിത്തീർന്നു;
നിന്റെ സാന്നിധ്യം എൻ ഹൃദയത്തിൽ,
നീതിയും കരുണയും ആശ്വാസമായി പടർന്നു.
നീയെൻ പാതയിലെ സൂര്യനായപ്പോൾ—
ഭയമില്ല എനിക്ക് ഈ മരുയാത്ര.
ഞാൻ അറിഞ്ഞു:
നീതിയുടെ വാഗ്ദത്തം നീ തന്നെയാണ്.
നീതി സൂര്യൻ, രോഗശാന്തിയുമായി,
കരുണയുടെ നിറവായി—
എനിക്കായി ഉദിച്ചുനിൽപ്പൂ.
രാജി ബെന്നി

- Advertisement -



Comments are closed, but trackbacks and pingbacks are open.