ലേഖനം: വീണ്ടും ഞങ്ങളെ ഉണർത്തണമേ: ക്ഷീണിത ലോകത്തിന് ആത്മീയ ഉണർവ്വിന്റെ വിളി | ജോൺ കെ. പോൾ

സങ്കീർത്തനം 85:6 – “നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?

ആമുഖം

“നീ വീണ്ടും ഞങ്ങളെ ഉണർത്തുമോ? അങ്ങനെ നിന്റെ ജനങ്ങൾ നിന്നിൽ സന്തോഷിക്കും.”

ഈ വാക്യം ഇസ്രായേൽ ജനങ്ങൾ പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ സമയത്ത് എഴുതപ്പെട്ടതാണ്. അവർ ദൈവത്തിന്റെ കരുണ അനുഭവിച്ചെങ്കിലും, ആത്മീയമായി ക്ഷീണിച്ചിരു ന്നു. അതുകൊണ്ട് അവർ ദൈവത്തോട് നിലവിളിച്ചു: “വീണ്ടും ഞങ്ങളെ ഉണർത്തണമേ.” ഇന്നത്തെ ലോകവും ഇതുപോലെ തന്നെയാണ്—ആത്മീയമായ ക്ഷീണം, ധാർമ്മിക ആശയക്കുഴപ്പം, മാനസിക ശൂന്യത. ഈ സാഹചര്യത്തിൽ, ഈ പ്രാർത്ഥന നമ്മെ ഉണർത്തുന്നു.

 

1. ഉണർവിന്റെ അർത്ഥവും ആവശ്യകതയും:-

ഉണർവ് ഒരു പരിപാടിയോ ചടങ്ങോ അല്ല. അത് ദൈവത്തിന്റെ ശക്തി നമ്മുടെ ഹൃദയത്തിൽ പ്രവർത്തിക്കുന്നതാണ്. ഹോശേയ 6:2 പറയുന്നു: രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവൻ നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും.

പ്രവൃത്തികൾ 3:19,20 പറയുന്നു: “ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സമ്മുഖത്തുനിന്നു

ആശ്വാസകാലങ്ങൾ വരികയും നിങ്ങൾക്കു മുൻനിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ അവൻ അയക്കയും ചെയ്യും”

യഥാർത്ഥ ഉദാഹരണം: വെൽഷ് ഉണർവ് (1904)

വെൽസിൽ 1904-ൽ നടന്ന ഉണർവ് ലോകത്തെ മാറ്റി. യുവാവായ എവാൻ റോബർട്ട്സ് പ്രാർത്ഥനയിൽ മുഴുകി. തൽഫലമായി, ആയിരങ്ങൾ ദൈവത്തിലേക്ക് തിരിഞ്ഞു. മദ്യശാലകൾ അടഞ്ഞു, ജയിലുകൾ ശൂന്യമായി. പ്രാർത്ഥനയുടെ ശക്തി സമൂഹത്തെ മാറ്റി.

 

2. ഉണർവിന്റെ ലക്ഷ്യം: ദൈവത്തിൽ സന്തോഷം:

നെഹമ്യാവ് 8:10 ൽ ഇങ്ങനെ വായിക്കുന്നു: അനന്തരം അവർ അവരോടു: നിങ്ങൾ ചെന്നു മൃഷ്ടാന്നഭോജനവും മധുരപാനീയവും കഴിച്ചു തങ്ങൾക്കായി വട്ടംകൂട്ടീട്ടില്ലാത്തവർക്കു പകർച്ച കൊടുത്തയപ്പിൻ; ഈ ദിവസം നമ്മുടെ കർത്താവിന്നു വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുതു; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ എന്നു പറഞ്ഞു.

യഥാർത്ഥ ഉണർവ് പ്രശ്നങ്ങൾ മാറുന്നതല്ല, ദൈവത്തിൽ സന്തോഷം കണ്ടെത്തുന്നതാണ്. ഹബക്കൂക്ക് 3:2 പറയുന്നു: “യഹോവേ, ഞാൻ നിന്റെ കേൾവി കേട്ടു ഭയപ്പെട്ടുപോയി; യഹോവേ, ആണ്ടുകൾ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകൾ കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ; ക്രോധത്തിങ്കൽ കരുണ ഓർക്കേണമേ.

ഉദാഹരണം:

ഒരു വിശ്വാസി രോഗത്തിലും നഷ്ടത്തിലും ദൈവത്തിൽ സന്തോഷം കണ്ടെത്തി. അവന്റെ ജീവിതം മറ്റുള്ളവർക്കും പ്രചോദനമായി.

 

3. വ്യക്തിപരമായ ഉണർവ്

സങ്കീർത്തനം 51:10: “ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.

ഉണർവ് ഹൃദയത്തിൽ തുടങ്ങുന്നു. പ്രാർത്ഥന, ബൈബിൾ വായന, വിനയം—ഇവയാണ് വഴികൾ.

പ്രായോഗിക ചുവടുകൾ

ദിവസേന പ്രാർത്ഥിക്കുക.

ബൈബിൾ വായിക്കുക.

വിനയത്തോടെ ജീവിക്കുക.

 

4. കുടുംബമായിട്ടുള്ള ഉണർവ്:

വ്യക്തിപരമായി ഉണർവ് ഉണ്ടായി കഴിഞ്ഞാൽ ആ വ്യക്തി ഉൾപ്പെടുന്ന കുടുംബം ഉണരും. യോശുവ പറയുന്നു: ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും. നിങ്ങൾക്ക് എന്തുവേണമെങ്കിലും യിരെഞ്ഞെടുക്കാം. ജീവനുള്ള ദൈവത്തെ സേവിക്കാൻ നിങ്ങൾക്ക് ആഗ്രഹമില്ലെങ്കിൽ നദിക്ക് അക്കരെയുള്ള അന്യദൈവങ്ങളെ സേവിക്കാം. പക്ഷെ ഞാനും എന്റെ കുടുംബവും ഞങ്ങൾ ദൈവത്തെ രുചിച്ചറിഞ്ഞവരാണ്, അനുഭവിവച്ചറിഞ്ഞവരാണ്. തേജോമയനായ ദൈവം ചെയ്ത അൽഭുതങ്ങൾ കണ്ടിട്ടുള്ളവരാണ്. യോശുവ അർത്ഥശങ്കയില്ലാതെ വ്യക്തമാക്കുകയാണ്: യോശുവ 24:15

യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോർയ്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.

 

5. സമൂഹമായിട്ടുള്ള ഉണർവ്: വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു

സകലവും പൊതുവക എന്നു എണ്ണുകയും ജന്മഭൂമികളും വസ്തുക്കളും വിറ്റു അവനവന്നു ആവശ്യം ഉള്ളതുപോലെ എല്ലാവർക്കും പങ്കിടുകയും ചെയ്തു;

Acts 2:44,45

വിശ്വസിച്ചവർ എല്ലാവരും ഒരു സമൂഹമായി ഒരുമിച്ചിരുന്ന് തങ്ങൾക്കുള്ള “സകലവും” പൊതുവക എന്ന് എണ്ണി. ഒരു സമൂഹത്തിനുണ്ടായ ഉണർവ്വ് ആണിവിടെ കാണിക്കുന്നത്.

ഓരോരുത്തരും അവനവന്റെ comfort zone ൽ ആയിരിപ്പാൻ താൽപര്യപ്പെടുമ്പോൾ തങ്ങൾക്കുള്ള സകലവും പൊതുവക എന്ന് പറയുവാൻ കഴിയുന്നത് ചെറിയ കാര്യമല്ല. അവിടെ ഒരു Tremendous Transformatiom തന്നെ നടക്കണ്ടിയതാവശ്യമാണ്. മർക്കോസ് എന്ന് മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ അനേകർ ഒരുമിച്ചിരുന്നു പ്രാർത്ഥിച്ചുകൊണ്ടിരുന്നതായി Acts 12:12 രേഖപ്പെടുത്തുന്നു.

 

6. സഭയ്ക്കുള്ള വിളി

2 ദിനവൃത്താന്തം 7:14 പറയുന്നു: “എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും.

സഭയ്ക്ക് ആവശ്യം വിശുദ്ധിയും വിനയവും. അസൂസാ സ്ട്രീറ്റ് ഉണർവ് (1906) അമേരിക്കയിൽ ആരംഭിച്ചപ്പോൾ, പരിശുദ്ധാത്മാവിന്റെ ശക്തി ആയിരങ്ങളെ മാറ്റി. ഇന്ന് സഭകൾക്ക് അതുപോലെ പ്രാർത്ഥനയും ദാഹവും വേണം.

 

7. ദൈവത്തിന്റെ വാഗ്ദാനം

യേശയ്യാ 57:15 ഉന്നതനും ഉയർ‍ന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതന്യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു.

ദൈവം വിശ്വസ്തനാണ്. കൊറിയൻ പ്രാർത്ഥനാ പ്രസ്ഥാനം ലോകത്തെ പ്രചോദിപ്പിച്ചു. കൂട്ടായ പ്രാർത്ഥന രാജ്യത്തെ മാറ്റി.

 

സമാപനം: പ്രാർത്ഥന

“കർത്താവേ, വീണ്ടും ഞങ്ങളെ ഉണർത്തണമേ. ഞങ്ങളുടെ ഹൃദയങ്ങളെ പുതുക്കൂ. ഞങ്ങളുടെ ആത്മാക്കളെ ഉണർത്തൂ. നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിനു നീ ഞങ്ങളെ വീണ്ടും ഉണർത്തണമേ ആമേൻ. Acts 17:6 ൽ ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അത് KJV translation ൽ ഇങ്ങനെയാണ്: “These men who have turned the world upside down have come here also.” (ലോകത്തെ കീഴ്മേൽ മറിച്ചവർ ഇവിടെയും എത്തി). ഉണർവ് വ്യക്തിപരമായും കുടുംബമായും സമൂഹമായും സഭയായും സംഭവിച്ചുകഴിയുമ്പോൾ അസാധാരണമായ കാര്യങ്ങൾ നടക്കും. ദൈവം അത്ഭുതങ്ങളാലും അടയാളങ്ങളാലും തന്റെ വചനത്തെ ഉറപ്പിക്കും.

ജോൺ കെ. പോൾ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.