സമകാലികം | സഭകളിൽ നിന്നും അകലുന്ന ഇന്നത്തെ യുവത്വം: വെല്ലുവിളികളും പരിഹാരവും | ഫിന്നി കാഞ്ഞങ്ങാട്
ഇന്നത്തെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ആശങ്കാജനകമായ, വേദനാജനകമായ മാറ്റങ്ങളിൽ ഒന്നാണ് യുവത്വം സഭകളിൽ നിന്നും അകലുന്നു എന്നത്. ഒരിക്കൽ ആത്മീയതയോടും വിശ്വാസജീവിതത്തോടും താൽപര്യം പുലർത്തിയിരുന്ന യുവാക്കൾ ഇന്ന് സഭാ പ്രവർത്തനങ്ങളിൽ നിന്നും ആത്മീയതയിൽ നിന്നും പിന്മാറുകയാണ്. ഈ പ്രവണത വെറും വ്യക്തിപരമായതല്ല; അത് സഭയുടെ ഭാവിയെയും നിലനിൽപ്പിനേയും സമൂഹത്തിന്റെ മൂല്യങ്ങളെയും ആഴത്തിൽ ബാധിക്കുന്നതാണ്.
❤️ വെല്ലുവിളികൾ
⭐സങ്കേതിക വിദ്യയുടെ വളർച്ച
കാലത്തിന്റെ വേഗതയും സാങ്കേതികതയുടെ വ്യാപനവും മനുഷ്യന്റെ ജീവിതം മുഴുവനായി പിടിമുറുക്കിയിരിക്കുന്നു. മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയയും ഇന്ന് യുവാക്കളുടെ ചിന്തകളെയും ജീവിതശൈലിയെയും നയിക്കുന്നു. അതിനാൽ, ആത്മീയ വിഷയങ്ങൾ അവരിൽ നിന്നും പിന്നോട്ട് പോകുന്നു. ഒരിക്കൽ ആരാധനയും കൂട്ടായ്മയും വിശ്വാസജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായിരുന്ന സാഹചര്യത്തിൽ ഇന്ന് വിനോദവും വ്യക്തിപരമായ ആനന്ദാന്വേഷണവുമാണ് മുൻതൂക്കം നേടുന്നത്.
⭐കാലഹരണപ്പെട്ട ആരാധന രീതികൾ
സഭകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ പലപ്പോഴും യുവാക്കളുടെ മനസ്സിലേക്കെത്തുന്ന രീതിയിലല്ല അവതരിപ്പിക്കപ്പെടുന്നത്. പുരാതനമായ പല രീതികളും വിരസമായ പ്രസംഗങ്ങളും ആരാധനയും അവരുടെ ചിന്തയിലും ഭാഷയിലും അകലം സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിൽ സഭയ്ക്ക് തന്നെ ഒരു ആത്മപരിശോധന അനിവാര്യമാണ്. യുവാക്കൾക്കായി ആധുനിക മാധ്യമങ്ങൾ ഉപയോഗിച്ചുള്ള ആശയവിനിമയം, സംഗീതം, കല, സേവനപ്രവർത്തനം തുടങ്ങിയവ മുഖേന ആത്മീയതയെ പുതുമയോടെ അവതരിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
⭐കുടുംബങ്ങളിലെ ആത്മീയ ശോഷണം
കുടുംബങ്ങൾക്കും ഇവിടെ വലിയ പങ്കുണ്ട്. വീട്ടിൽ നിന്നും ആരംഭിക്കുന്ന പ്രാർത്ഥനയും ആത്മീയ പാഠവുമാണ് സഭയുടെ അടിത്തറ. മാതാപിതാക്കളുടെ ആത്മീയ തണലാണ് മക്കളുടെ വിശ്വാസത്തിന്റെ വിത്ത് വളരാൻ സാഹചര്യം ഒരുക്കുന്നത്. എന്നാൽ ആ ബന്ധം തന്നെ ക്ഷയിച്ചപ്പോൾ യുവാക്കളും സഭയുമായി അകന്നു പോകുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് കുടുംബങ്ങൾ ആത്മീയമായി ബലപ്പെടുന്നിടത്ത് നിന്നാണ് സഭയുടെ നവോത്ഥാനം ആരംഭിക്കേണ്ടത്.
⭐ മാതൃകയില്ലാത്ത സഭാ രാഷ്ട്രീയം
ആത്മീയതയേക്കാൾ അധികം രാഷ്ട്രീയത്തിന്റെ ചൂട് അനുഭവപ്പെടുന്ന അവസ്ഥയിലേക്കാണ് ഇന്ന് സഭകൾ വഴുതി വീണിരിക്കുന്നത്. അധികാരത്തിനും സ്ഥാനമാനത്തിനുമുള്ള പോരാട്ടം, വിഭാഗീയത, വ്യക്തിപരമായ സ്വാർത്ഥത എന്നിവ സഭയുടെ ഉദ്ദേശ്യങ്ങളെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാക്കുന്നു. ഇതിന്റെ ദുഷ്‌ഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് യുവത്വം തന്നെയാണ്.യുവാക്കൾ സഭയുടെ ഭാവിയാണ് എന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും, അവർക്കു കാണുന്ന സഭയുടെ ചിത്രം പലപ്പോഴും വിരസമാണ്. പ്രാർത്ഥനയുടെയും സേവനത്തിന്റെയും ഇടമാകേണ്ട സഭ, ചിലപ്പോൾ വാദപ്രതിവാദങ്ങൾക്കും നേതൃപോരാട്ടങ്ങൾക്കും വേദിയാകുമ്പോൾ, യുവാക്കളുടെ മനസ്സിൽ ഒരു നിരാശ പടരുന്നു. അവർ കാണുന്നത് ആത്മീയ നേതൃത്വം അല്ല, അധികാരരംഗം പിടിച്ചെടുക്കാനുള്ള മത്സരം മാത്രമാണ്. അത്തരത്തിലുള്ള അനുഭവങ്ങൾ യുവാക്കളെ സഭയിൽ നിന്ന് അകറ്റുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
സഭയിലെ രാഷ്ട്രീയം ആത്മീയ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്നു. സ്ഥാനാർത്ഥിത്വം, കൂട്ടുകെട്ടുകൾ, വിഭജനങ്ങൾ — ഇവയെല്ലാം സഭയെ ആത്മീയ സമൂഹമെന്നതിൽ നിന്ന് രാഷ്ട്രീയ വേദിയായി മാറ്റുന്നു. ഇതു കാണുന്ന യുവാക്കൾ വിശ്വാസത്തെ സംശയത്തോടെ കാണുന്നു. “ഇതാണോ ദൈവത്തിന്റെ സഭ?” എന്ന ചോദ്യം അവരിൽ ഉണരുന്നു. അങ്ങനെ, അവരുടെ മനസ്സിൽ വിശ്വാസവിമുഖതയും ആത്മീയ നിരാശയും വളരുന്നു.
❤️ പരിഹാരങ്ങൾ
⭐ .പുതുമകൾ വേണം
വിശ്വാസം പഴഞ്ചൻ അനുഷ്ഠാനമല്ല, മറിച്ച് ഓരോ തലമുറക്കും പുതുതായി അനുഭവിക്കാവുന്ന ജീവൻ തന്നെയാണ് എന്ന തിരിച്ചറിവിലേക്ക് യുവത്വത്തെ നയിക്കുമ്പോൾ സഭകൾക്കും സമൂഹത്തിനും മാറ്റങ്ങൾ സംഭവിക്കും.
സഭയുടെ പ്രവർത്തനരീതിയും കാലാനുസൃതമായി പുതുക്കേണ്ടതുണ്ട്. ഇന്ന് യുവാക്കൾ കലയും സംഗീതവും മാധ്യമങ്ങളും മുഖേനയാണ് ലോകവുമായി ബന്ധം പുലർത്തുന്നത്. അതിനാൽ ആത്മീയ സന്ദേശവും അവരുടെ ഭാഷയിൽ തന്നെ എത്തിക്കണം. ക്രൈസ്തവ സംഗീതം, യുവജന കൂട്ടായ്മകൾ, സാമൂഹ്യ സേവനപ്രവർത്തനങ്ങൾ തുടങ്ങിയവയിലൂടെ വിശ്വാസത്തെ പ്രായോഗികമാക്കാൻ ശ്രമിക്കണം.
⭐ ഭവനങ്ങൾ സൗഹൃദപരവും ആത്മീയവുമാകണം
കുടുംബങ്ങൾക്കും ഇവിടെ അതുല്യമായ പങ്കുണ്ട്. വീട്ടിൽ പ്രാർത്ഥനക്കും ആത്മീയ സംഭാഷണങ്ങൾക്കും ഇടമുണ്ടായിരിക്കണം. മാതാപിതാക്കളുടെ വിശ്വാസം മക്കളിൽ സ്വാഭാവികമായി പകർന്നു കിട്ടും. കുട്ടികളോട് ആത്മീയത അടിച്ചേൽപ്പിക്കേണ്ടതല്ല; സ്നേഹത്തോടെ പങ്കുവെക്കേണ്ടത് ആണ്. കുടുംബത്തിൽനിന്നുള്ള ഈ ആത്മീയ ബന്ധം സഭയുടെ അടിത്തറയെ ശക്തമാക്കും.
⭐ യുവത്വത്തെ അറിയണം; അവരെ കേൾക്കണം.
മറ്റൊരു പ്രധാന ഘടകം യുവാക്കളുടെ പ്രശ്നങ്ങൾ കേൾക്കുക എന്നതാണ്. പലപ്പോഴും അവർക്ക് സഭയിൽ പറയാനുള്ളത് പറയാനുള്ള വേദി ഇല്ല. സഭയോട് വിമർശനമോ സംശയമോ പ്രകടിപ്പിക്കുന്നവർക്ക് അവഗണന ലഭിക്കുന്നത് അവരെ അകറ്റുന്നു. സഭ യുവാക്കളുടെ ചോദ്യങ്ങൾ കേൾക്കുന്ന ഇടമാകണം — അവരെ കുറ്റപ്പെടുത്താതെ, മനസ്സിലാക്കണം.
⭐ ആധുനിക സങ്കേതിക വിദ്യകൾ ക്രിയാത്മകമായി ഉപയോഗിക്കപ്പെടണം.
സാങ്കേതിക വിദ്യ സഭയ്ക്ക് ശത്രുവല്ല, ശക്തിയാണ് — ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ. ഓൺലൈൻ ബൈബിൾ പഠനങ്ങൾ, ക്രൈസ്തവ പോഡ്കാസ്റ്റുകൾ, വീഡിയോ പ്രോഗ്രാമുകൾ , സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ എന്നിവയിലൂടെ യുവാക്കളെ ആത്മീയമായി പങ്കാളികളാക്കാൻ കഴിയും. വിശ്വാസം ഇന്നത്തെ ലോകത്തിനും പ്രസക്തമാണെന്ന് അവർ തിരിച്ചറിയേണ്ടത് സഭയുടെ ഉത്തരവാദിത്വമാണ്.
യുവാക്കളെ കുറ്റപ്പെടുത്താതെ, അവർക്കുവേണ്ടി പ്രാർത്ഥിക്കുന്ന സഭയാണ് യഥാർത്ഥ ആത്മീയ സഭ. പ്രാർത്ഥനയുടെ ശക്തിയിലൂടെ ദൈവം തലമുറകളെ പുതുക്കുന്നു.
❤️ ഉപസംഹാരം
ഇന്നത്തെ യുവത്വം സഭയുടെ പ്രശ്നമല്ല; അത് സഭയുടെ പ്രത്യാശയാണ്. അവരെ മനസ്സിലാക്കുകയും, അവരുടെ ഭാഷയിൽ വിശ്വാസം പ്രകടിപ്പിക്കാനുള്ള അവസരം നൽകുകയും ചെയ്യുമ്പോഴാണ് അവർ ആത്മീയമായി വളരുന്നത്.
യുവാക്കൾ അകന്നു പോകുന്നത് സഭയ്ക്ക് വെല്ലുവിളിയാണെങ്കിലും അതേ സമയം അത് ഒരു നവീകരണത്തിനും ആത്മീയ പുനരുജ്ജീവനത്തിനും അവസരമാണ്. യുവത്വം സഭയുടെ ഭാവി മാത്രമല്ല, ഇന്നത്തെ ശക്തിയാണ്. അവരുടെ കഴിവുകളും ആശയങ്ങളും ഉൾക്കൊള്ളുന്ന തരത്തിൽ സഭയുടെ പ്രവർത്തനരീതി മാറണം. തീരുമാനങ്ങളിലേക്കും സേവനത്തിലേക്കും അവർക്ക് പങ്കാളിത്തം നൽകേണ്ടത് അത്യാവശ്യമാണ്.
സഭകൾക്ക് യുവ സമൂഹത്തെ നന്നായി നിലനിർത്താനാകണമെങ്കിൽ അവരുടെ പ്രശ്നങ്ങളും വെല്ലുവിളികളും “കേൾക്കുന്ന ”സാഹചര്യം ലഭിക്കണം. അവരെ കുറ്റപ്പെടുത്താതെ സ്നേഹത്തോടെയും മനസ്സിലാക്കലോടെയും സമീപിക്കുമ്പോഴാണ് വിശ്വാസം പുതുക്കപ്പെടുന്നത്. യുവാക്കളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുന്ന വേദികൾ ഒരുക്കുമ്പോൾ അവർ വിശ്വാസത്തെ കൂടുതൽ ആഴത്തിൽ തിരിച്ചറിയും.
അവസാനമായി, സഭയുടെ ആത്മീയ ശക്തി പ്രാർത്ഥനയിലാണ്. പ്രാർത്ഥനയിലൂടെ പുതുമയുള്ള ആത്മീയ ഉണർവ് സൃഷ്ടിക്കാനാകും. സഭയും കുടുംബവും ചേർന്ന് യുവാക്കളെ ആത്മീയതയിലേക്കു തിരിച്ചുകൊണ്ടുവരുമ്പോഴാണ് വിശ്വാസത്തിന്റെ അർത്ഥം വീണ്ടും ശക്തി നേടുന്നത്.
ഫിന്നി കാഞ്ഞങ്ങാട്

- Advertisement -



Comments are closed, but trackbacks and pingbacks are open.