ലേഖനം: ദൈവസഭയെ ഒരുങ്ങിക്കൊൾക ഈ മഹാ ദൈവത്തെ എതിരേൽപ്പാൻ | സിബി ബാബു, യു. കെ

ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന് തുടങ്ങുന്ന വിശുദ്ധ വേദവാക്യം, വിശുദ്ധ വേദപുസ്തകത്തിൽ അല്ലാതെ വേറെ ഒരു ഗ്രന്ഥവും ഇന്ന് ഈ പ്രപഞ്ചത്തിൽ ഇല്ല, മനുഷ്യബുദ്ധിക്ക് അതീതമായ ഒരു ദൈവീക വെളിപ്പാട് ആണ് ഈ ബൈബിൾ വാക്യം. വിശുദ്ധ വേദപുസ്തകത്തിന് മാത്രമാണ് മഹനീയവും, ശക്തവും, ആധികാരികവും ആയ ഈ വിശുദ്ധ വേദവാക്യത്തിൽ നിന്ന് ആരംഭിയ്ക്കാൻ കഴിയുന്നത്. അതായതു മഹത്വവും ശക്തിയും ആധികാരികതയും നിറഞ്ഞ ഈ വാക്യത്തിൽ ആരംഭിക്കാൻ കഴിവുള്ളത് ദൈവവചനത്തിന് മാത്രമാണ് എന്ന് അർഥം. കാരണം ഈ പ്രപഞ്ചത്തിൻ്റെ ആദിയും, അന്ത്യവും എന്തെന്ന് അറിയാവുന്ന ഒരാൾക്ക് മാത്രമേ , ഈ വാക്യത്തിൽ നിന്ന് തുടങ്ങാൻ പറ്റുകയുള്ളു. അതായത് ഈ പ്രപഞ്ചത്തിൻ്റെ ആദിയും അന്ത്യവും അറിയുന്ന ഒരേയൊരു ദൈവം വിശുദ്ധ വേദപുസ്തകത്തിൽ പറയുന്ന ദൈവം തന്നെയാണ് എന്നാണ് ഈ വാക്യത്തിലൂടെ നമുക്ക് വ്യക്തമാകുന്നത്. ഈ ഒരൊറ്റ വാക്യം മതി, ഈ മഹാ പ്രപഞ്ചത്തിൻ്റെ മഹാസ്രഷ്ടാവ് ബൈബിളിൽ പറയുന്ന സർവ്വശക്തനായ ദൈവം തന്നെ ആണെന്ന് തെളിയിക്കാൻ, . ഈ വാക്യത്തിൻ്റെ അർത്ഥം ആകാശവും, അതിന് മുകളിൽ ഉള്ള സകലവും, ആകാശത്തിന് താഴെ ഭൂമിയിൽ ഉള്ള സകലവും സർവ്വശക്തനായ ദൈവത്തിൻ്റെ സൃഷ്ടിപ്പിന് കീഴിൽ വരുന്നു എന്നുള്ളതാണ്. ദൈവത്തിനു മഹത്വം, അതെ “ആകാശവും അതിന് മുകളിലുള്ളതും, ഭൂമിയും അതിന് കീഴിലുള്ളതും എല്ലാം അവന്റെ സൃഷ്ടിയിലാണ്.” അവൻ തന്നെ എല്ലാം സൃഷ്ടിച്ചു, എല്ലാം അവന്റെ അധീനതയിലാണ്, എല്ലാം അവൻ തന്നെയാണ് നിലനിർത്തുന്നത്. ഈ ദൈവം മാത്രം ആണ് ഏകസത്യ ദൈവം. (യോഹന്നാൻ 17:3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.)

പഴയ നിയമത്തിൽ ഇസ്രായേൽമക്കൾ മിസ്രയീമിൽ അടിമകളായി ജീവിച്ചു.അവർ ആദ്യം യോസേഫിന്റെ കാലത്ത് മിസ്രയീമിൽ എത്തി. അങ്ങനെ അവരെ ഫറവോൻ പീഡിപ്പിക്കുകയും കഠിന അടിമത്തത്തിൽ നിക്ഷിപ്തരാക്കുകയും ചെയ്തു.(പുറപ്പാട് 1:8–14) ജനങ്ങളുടെ നിലവിളി സ്വർഗ്ഗത്തിലേക്ക് ഉയർന്നു. ദൈവം അബ്രാഹാമിനോടും, യിസ്ഹാക്കിനോടും, യാക്കോബിനോടും ചെയ്ത നിയമം ഓർത്തു.(പുറപ്പാട് 2:23–25). ദൈവം മോശയെ ഹോരേബ് പർവതത്തിൽ, വെന്തു പോകാത്ത മുൾപടർപ്പിന്റെ തീജ്യാലയിൽ നിന്ന് വിളിച്ചു. അവിടെ ദൈവം തന്റെ നാമത്തെ വെളിപ്പെടുത്തി: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” (പുറപ്പാട് 3:14). ദൈവം മോശയോട് പറഞ്ഞു: “എന്റെ ജനത്തിന്റെ നിലവിളി ഞാൻ കേട്ടിരിക്കുന്നു…നീ പോകുക, ഫറവോന്റെ അടുക്കൽ; എന്റെ ജനത്തെ മിസ്രയീമിൽ നിന്നു വിടുവിപ്പാൻ ഞാൻ നിന്നെ അയക്കുന്നു.” (പുറപ്പാട് 3:7–10) ദൈവത്തിന്റെ വാക്ക് അനുസരിച്ചു മോശം കയറി ചെന്നത് ഫറവോൻ്റെ കൊട്ടാരത്തിനു ഉള്ളിലാണ്. അതെ ഫറവോൻ്റെ കൊട്ടാരത്തെ ഇളക്കി മറിച്ച, ഫറവോൻ്റെ അന്തപുരത്തെ സമാധാനം പോലും കെടുത്തി കളഞ്ഞ ആ മഹാശബ്ദം, മോശയുടെ ആയിരുന്നില്ല മറിച്ച് മോശയെ അയച്ച ഈ മഹാ ദൈവത്തിൻ്റെ ആയിരുന്നു, “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എൻ്റെ ജനത്തെ എന്നെ ആരാധിക്കാൻ വിട്ടയക്ക… മോശയുടെ വാക്കുകൾക്കു പിന്നിൽ ദൈവത്തിന്റെ അധികാരം ഉണ്ടായിരുന്നു; ആ ശബ്ദം ഫറവോൻ്റെ കാതുകളിൽ മാത്രം മുഴങ്ങി കടന്നുപോകാതെ, പത്തു ബാധകളായി രാജ്യം മുഴുവൻ നടുങ്ങി, മിസ്രയീമിൽ ഈ ദൈവത്തിന്റെ മഹാ ശബ്ദം മുഴങ്ങി കേട്ടു. ഇന്ന് ദൈവത്താൽ അയക്കപ്പെടുന്നു എന്ന് പറയപ്പെടുന്ന പല പ്രവാചകന്മാരുടെ മാനുഷിക ശബ്ദത്തിന് മുകളിൽ ദൈവത്താൽ അയക്കപ്പെടുന്ന യഥാർഥ പ്രവാചകന്മാരുടെ ദൈവശബ്ദം ഈ കാലഘട്ടത്തിൽ മുഴങ്ങി കേൾക്കട്ടെ. കാലഘട്ടത്തിൻ്റെ പ്രവാചകൻമാർ എഴുന്നെയ്ക്കട്ടെ, സഭയിലും, ദേശത്തിലും, ലോക രാജ്യങ്ങളിലും ദൈവ ശബ്ദം മുഴങ്ങട്ടെ. ഇന്ന് പലരും “ദൈവം എന്നെ അയച്ചു” എന്ന് പറയുന്നു, പക്ഷേ അവരുടെ ശബ്ദം മാനുഷികമായി മാത്രം മുഴങ്ങുന്നു. മനുഷ്യബുദ്ധിയും, വ്യക്തിപ്രാധാന്യവുമാണ് അനേകം ശബ്ദങ്ങളുടെ അടിത്തറ. എന്നാൽ ദൈവത്താൽ അയക്കപ്പെടുന്ന യഥാർത്ഥ പ്രവാചകന്റെ ശബ്ദം മനുഷ്യന്റെ ശബ്ദമല്ല അത് ദൈവത്തിന്റെ ശബ്ദമാണ്. ആ ദൈവ ശബ്ദം മനുഷ്യഹൃദയങ്ങളെ ഭേദിക്കുന്നു, സഭകളെ ഉണർത്തുന്നു, രാജ്യങ്ങളെ നടുക്കുന്നു, പാപത്തിന്റെ വാതിലുകളെ അടയ്ക്കുന്നു. അതെ സഭകളിൽ, ദേശങ്ങളിൽ, രാജ്യങ്ങളിൽ ഈ ദൈവശബ്ദം ആണ് മുഴങ്ങി കേൾക്കേണ്ടത്.അത് മനുഷ്യബുദ്ധിയിൽ ഉള്ള ശബ്ദം അല്ല, ദൈവാത്മാവിന്റെ ശക്തിയാൽ സംസാരിക്കുന്ന ദൈവ ശബ്ദം ആണ്. ഗത്സമനയിൽ കേട്ട ദൈവ ശബ്ദം ഈ കാലഘട്ടത്തിൽ മുഴങ്ങി കേൾക്കട്ടെ, “പിതാവേ കഴിയുമെങ്കിൽ ഈ പാനപാത്രം എന്നുള്ളിൽ നിന്ന് മാറി പോകട്ടെ, എങ്കിലും എൻ്റെ ഇഷ്ടം അല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ.” അധിവ്യഥയിൽ ആയിട്ടും പിതാവിൻ്റെ ഇഷ്ടം നിറവേറ്റാനുള്ള ആ മഹാ ശബ്ദം! ദൈവ സഭയെ യഥാർഥ ഇടയൻ്റെ ശബ്ദം തിരിച്ചറിയുക. ഗത്സമനയിൽ യേശു നമ്മെ പഠിപ്പിക്കുന്നത് ദൈവത്തിന്റെ ഇഷ്ടം നമ്മുടെ ഇഷ്ടത്തെക്കാൾ ഉന്നതം ആണെന്നും, യഥാർത്ഥ സമർപ്പണം ദൈവത്തിന്റെ ഇഷ്ടത്തിൽ നമ്മൾ ആശ്വാസം കണ്ടെത്തുക എന്നുള്ളതും ആണ്. ( മത്തായി 24:4,5,11) “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും. കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും. ദൈവ സഭയെ, ക്രിസ്തു എന്ന് പേരു പറഞ്ഞു വരുന്ന, പാപത്തിലേക്ക് നയിക്കുന്ന, മണ്ണിൻ്റെ ഭംഗിയിലേക്ക് നയിക്കുന്ന, അത്ഭുതങ്ങളും, അടയാളങ്ങളും, കാണിക്കുന്ന ആ സാത്താന്യ ശബ്ദത്തെ തിരിച്ചറിയുക , കള്ള പ്രവാചകന്മാരുടെ ശബ്ദം തിരിച്ചറിയുക. ഗോൽഗോത്താ മലമുകളിൽ മുഴങ്ങി കേട്ട ദൈവം ശബ്ദം ഇന്ന് മുഴങ്ങി കേൾക്കട്ടെ ” ക്രൂശിൽ തൻ്റെ കൈകാലുകൾ ഇരുമ്പാണികളാൽ തറയ്ക്കപ്പെടുമ്പോഴും, ക്രൂശിൻ്റെ അധിവ്യധയിൽ, കണ്ടാൽ ആളറിയത്ത വിധം ക്രൂശിൽ തൂങ്ങി കിടന്നപ്പോഴും, പലരാലും പരിഹസിക്കപ്പെട്ടപ്പോഴും കേട്ട ആ മഹാ ശബ്ദം ഇന്ന് സഭയിലും, ദേശത്തിലും, ലോകത്തിലും മുഴങ്ങി കേൾക്കട്ടെ.. “പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് അറിയായ്‌കയാൽ ഇവരോട് ക്ഷമിക്കേണമേ”. കൈകാലുകൾ ഇരുമ്പാണികളാൽ തറയ്ക്കപ്പെട്ട അവസ്ഥയിൽ, ശരീരം വേദനയാൽ തളർന്നെങ്കിലും, യേശുവിന്റെ വായിൽ നിന്നു പുറപ്പെട്ടത് ക്ഷമയുടെ വാക്കുകൾ മാത്രം ആയിരുന്നു. അവനെ പരിഹസിച്ചവരോടും, ശിക്ഷിച്ചവരോടും, ക്രൂശിലേറ്റിയവരോടും, അവൻ ക്ഷമിച്ചു എന്നുള്ള ആത്മീയ സന്ദേശം നാം മറന്നു പോകരുത്. യേശുവിന്റെ ആ ശബ്ദം ഇന്നും ലോകം മുഴുവൻ കേൾക്കേണ്ടതാണ്, “പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് അറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ”.

വെളിപ്പാടു22:11,12,13 “അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാകട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു”. മനുഷ്യചരിത്രത്തിൻ്റെ അന്തിമഘട്ടത്തിൽ മുഴങ്ങാൻ പോകുന്ന ന്യായവിധിയുടെയും പ്രതിഫല വിഭജനത്തിന്റെയും ദൈവശബ്ദം ആണ് ഈ വചനം. ഈ വചനത്തിലൂടെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്, ഇത് ദൈവത്തിന്റെ വരാനിരിക്കുന്ന ഒരു മഹാന്യായവിധി ശബ്ദം ആണ്. ഓരോരുത്തനും തന്റെ പ്രവൃത്തികൾക്കനുസരിച്ച് പ്രതിഫലം ലഭിക്കും നിശ്ചയം. മനുഷ്യരുടെ ദൃശ്യവും അദൃശ്യവുമായ പ്രവൃത്തികൾ എല്ലാം ദൈവത്തിൻ്റെ കണക്കു പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. നമ്മൾ മറന്നതുപോയത് പോലും ദൈവം മറക്കുന്നില്ല. നമ്മുടെ ജീവിതം, വാക്കുകൾ, വിശ്വാസം, അനുസരണം എല്ലാം അവന്റെ സിംഹാസനത്തിന് മുമ്പിൽ ഒരു ദിവസം വെളിപ്പെട്ട് വരും, “ഞാൻ അല്ഫയും ഓമേഗയും, ഒന്നാമനും ഒടുക്കത്തവനും, ആദിയും അന്തവും ആകുന്നു.” (വെളി. 22:13) ഈ വാക്യത്തിന്റെ അർഥം, ദൈവം മാത്രമാണ് എല്ലാറ്റിന്റെയും ആരംഭവും അന്ത്യവും എന്നാണ്. സൃഷ്ടിയുടെ ആരംഭത്തിലും അവൻ ഉണ്ടായിരുന്നു, അവസാന ന്യായവിധിയിലും അവൻ തന്നെയായിരിക്കും ഉണ്ടാകുന്നത്. അതായത് കാലത്തിന് ഇപ്പുറവും, അപ്പുറവും നിലനിൽക്കുന്നവൻ,( കാലത്തിനു മുന്പും, കാലം കഴിഞ്ഞും നിലനിൽക്കുന്നവൻ), കാലത്തിന്റെയും നിത്യതയുടെയും കർത്താവ് എന്നാണ് ഇവിടെ വ്യക്തമാകുന്നത്. സഭയുടെ ദൗത്യം എന്നത് ആരാധനയിൽ മാത്രം ഒതുങ്ങുന്നതല്ല, കർത്താവിന്റെ വരവിനായി ആത്മീയമായി, ദേഹത്തിലും, ദേഹിയിലും, ആത്മാവിലും, വിശുദ്ധിയിലും, വേർപാടിലും ഒരുങ്ങുക എന്നതാണ്. ആരാധന എന്നത് ദൈവസാന്നിധ്യത്തിൽ പ്രവേശിക്കാനുള്ള ആദ്യപടി മാത്രമാണ്; എന്നാൽ ദൈവസഭ ക്രിസ്തുവിൽ ഒരുങ്ങുക എന്നുള്ളത്, ദൈവവസാന്നിധ്യത്തിൽ നിത്യമായി അവനോടു കൂടെ വസിക്കാൻ ഉള്ള ഒരു പരമമായ വിളിയാണ്. ദിനം തോറും ക്രിസ്തുവിനോട് കൂടെ ജീവിക്കുന്നവർക്ക് മാത്രമേ, കർത്താവിന്റെ വരവിൽ ഒരുങ്ങാനും, അവന്റ വരവിൽ മേഘങ്ങളിൽ എടുക്കപ്പെടാനും പറ്റുകയുള്ളു. ഇതിന് നമ്മെ സഹായിക്കുന്നത് പരിശുദ്ധത്മാവാണ്. പഴയ നിയമത്തിൽ യിസ്രായേൽ ജനത്തെ ദൈവം ഓർമ്മിപ്പിച്ചത് നമ്മൾ മറന്നു പോകരുത്. “യോശുവ ജനത്തോടു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യഹോവ നാളെ നിങ്ങളുടെ ഇടയിൽ അതിശയം പ്രവർത്തിക്കും എന്നു പറഞ്ഞു.” (യോശുവ 3:5). അതെ വിശുദ്ധീകരണം കൂടാതെ ആർക്കും ദൈവത്തെ കാണാൻ കഴിയില്ല. അതുപോലെ തന്നെയാണ് ഇപ്പോഴത്തെ ദൈവസഭയ്ക്കുള്ള വിളിയും “ക്രിസ്തുവിന്റെ വരവിനായി നിങ്ങളെ തന്നെ വിശുദ്ധീകരിപ്പിൻ.” എന്ന് തന്നെ ആണ്. ക്രിസ്തുവിൽ, പരിശുദ്ധത്മാവിൽ തങ്ങളെ തന്നെ വിശുദ്ധീകരിയ്ക്കുന്നവർക്ക് മാത്രമേ, കർത്താവ്‌ വാനന്മേഘങ്ങളിൽ വെളിപ്പെടുമ്പോൾ, കർത്താവിന്റെ കൂടെ എടുക്കപ്പെടാൻ സാധിക്കുകയുള്ളു. ദൈവ ജനമേ, പരിശുദ്ധത്മാവ് ഇന്നും തന്റെ സഭയെ ക്രിസ്തുവിൽ വിശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. കറ, ചുളുക്കം, വാട്ടം, മാലിന്യം ഇവയൊന്നും ഇല്ലാത്ത ഒരു നിർമല കന്യകയെ ഈ ഭൂമിയിൽ വെച്ച് കർത്താവിനു വേണ്ടി പരിശുദ്ധത്മാവ് ഒരുക്കി കൊണ്ടിരിക്കുന്നു. (എഫെസ്യർ 4:3) ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു. അതെ ദൈവത്തിന്റെ പരിശുദ്ധത്മാവിനെ ദുഃഖിപ്പിയ്ക്കാതെ ക്രിസ്തുവിനോട് ചേർന്ന് നിന്നു പരിശുദ്ധത്മാവിൽ നമുക്കും ഒരുങ്ങാം. കാലങ്ങൾ മാറുന്നു, ലോകം അതിവേഗം കർത്താവിന്റെ വരവിന്റെ അടയാളങ്ങൾ കാണിക്കുന്നു. രാജ്യം, രാജ്യങ്ങളോട് എതിർക്കുന്നു, സത്യത്തിന്റെ ശബ്ദം നിശ്ശബ്ദമാകുന്നു, വിശ്വാസം ചിലരുടെ ഹൃദയങ്ങളിൽ നിന്ന് മങ്ങി പോകുന്നു. എങ്കിലും, ഈ ദൈവത്തിന്റെ ശബ്ദം ഇന്നും സഭയിൽ മുഴങ്ങുന്നു. ദൈവ സഭയെ ഒരുങ്ങി കൊൾക ഈ മഹാ ദൈവത്തെ, ഈ മഹാ ശബ്ദത്തെ എതിരേൽപ്പാൻ. ഇതാ അവൻ മേഖരൂഡനായി വരുന്നു. സകല കണ്ണുകളും അവനെ കുത്തിതുളച്ചു കാണും.

“ദൈവ സഭയെ ഒരുങ്ങി കൊൾക ഈ മഹാ ദൈവത്തെ, ഈ മഹാ ശബ്ദത്തെ എതിരേൽപ്പാൻ”.

✍️ SIBI BABU (U. K)

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.