ലേഖനം: നിലവിളിയിൽ വെളിപ്പെടുന്ന ദൈവപ്രവർത്തി | ജിൻസി റോയ്, അയർലൻഡ്

ജീവിതത്തിലെ ചില ഘട്ടങ്ങൾ മനുഷ്യനെ പൂർണ്ണമായും തളർത്തിയേക്കാം. പ്രതീക്ഷകളും ആശ്രയങ്ങളും നഷ്ടപ്പെട്ട് ഹൃദയം തകർന്നുപോകുമ്പോൾ, പ്രാർത്ഥന വാക്കുകൾക്കപ്പുറം ഉയരുന്നത് നിലവിളിയാണ്. അത് ഒരു ആർത്തവിലാപം മാത്രമല്ല, ദൈവസന്നിധിയിൽ മനുഷ്യന്റെ പൂർണ്ണ കീഴടങ്ങലും ആത്മവിശ്വാസത്തിന്റെ പരമാവസ്ഥയും കൂടിയാണ്. അത്തരം നിമിഷങ്ങളിൽ മനുഷ്യൻ ലജ്ജയും ഭയവും മറന്നു ദൈവത്തെ മാത്രം നോക്കുന്നു. അങ്ങനെ നിലവിളിക്കുന്ന ഹൃദയത്തെ ദൈവം ഒരിക്കലും അവഗണിക്കുന്നില്ല.

ലൂക്കോസ് 18:17 ദൈവമോ രാപ്പകൽ തന്നോട് നിലവിളിക്കുന്ന തൻറെ വ്രതന്മാരുടെ കാര്യത്തിൽ ദീർഘ ക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്ക ഇല്ലയോ, വേഗത്തിൽ പ്രതിക്രിയ നടത്തി രക്ഷിക്കും. നിലവിളിയോടുകൂടിയ പ്രാർത്ഥന ദൈവീക വിടുതൽ വേഗത്തിലാക്കുന്നുവെന്ന് ബൈബിളിലെ വിവിധ സംഭവങ്ങൾ തെളിയിക്കുന്നു. ആവശ്യബോധത്തോടെ ദൈവത്തെ അന്വേഷിച്ചവർ വേഗത്തിൽ മറുപടി നേടിയവരാണ്. മനുഷ്യന്റെ ആവശ്യങ്ങൾക്കപ്പുറം, ദൈവം ഹൃദയത്തിന്റെ ആഴം മനസ്സിലാക്കുന്നവനാണ്.

കുരുടനായ ഒരാൾ തന്റെ ദുരവസ്ഥയിൽ നിന്ന് ദൈവത്തോട് നിലവിളിച്ചപ്പോൾ, ജനങ്ങൾ അവനെ മിണ്ടാതിരിപ്പാൻ ശ്രമിച്ചു. എങ്കിലും അവൻ കൂടുതൽ ആർത്തനാദത്തോടെ വിളിച്ചു. ആ നിലവിളിയാണ് യേശുവിനെ നിർത്തിയത്; അവന്റെ ആവശ്യം നിറവേറ്റപ്പെട്ടു. മനുഷ്യരുടെ ശബ്ദം പലപ്പോഴും തടസ്സമാകുമ്പോഴും, നിലവിളിയിലൂടെ ആത്മാവിന്റെ ശബ്ദം ദൈവ സന്നിധിയിൽ നേരിട്ട് എത്തുന്നു.

മരുഭൂമിയിൽ വെള്ളം ഇല്ലാതെ വലഞ്ഞ ഹാഗാറിന്റെയും മകന്റെയും ജീവിതത്തിൽ അമ്മ നിരാശയായി മാറിനിന്നപ്പോൾ, ബാലന്റെ നിലവിളിയാണ് ദൈവത്തെ ചലിപ്പിച്ചത്. ദാഹംകൊണ്ട് മരിക്കാൻ ഇരുന്ന ആ ബാലന്റെ മുന്നിൽ ദൈവം ഒരു നീരുറവ തുറന്നു കൊടുത്തു. മനുഷ്യർ ചിലപ്പോൾ കേൾക്കാതിരിക്കും, ചിലപ്പോൾ തള്ളിക്കളയും. പക്ഷേ ദൈവം നമ്മുടെ നിലവിളിയുടെ യഥാർത്ഥ ആവശ്യം അറിഞ്ഞ്, അതിനനുസരിച്ച് സമയോചിതമായി ഇടപെടുകയും ചെയ്യും.

യേശുവിൻ്റെ വാക്കു കേട്ട് കടലിൻമേൽ നടന്ന പത്രോസ് കാറ്റും കോളും കണ്ട് ഭയപ്പെട്ട് താഴാൻ തുടങ്ങിയപ്പോൾ അവൻ്റെ നിലവിളിയിൽ കർത്താവ് രക്ഷിച്ചു. വിശ്വാസത്തോടെ മുന്നോട്ട് പോകുമ്പോൾ നാം ചിലപ്പോൾ വീഴാം, എന്നാൽ ദൈവത്തെ വിളിച്ചാൽ അവൻ മൗനമായിരിക്കുകയില്ല. അവന്റെ ബലമുള്ള കൈകൾ ഉടനെ നമ്മെ പിടിക്കും.

മറ്റൊരു ഘട്ടത്തിൽ, കടലിന്റെയും ശത്രുസൈന്യത്തിന്റെയും നടുവിൽ കുടുങ്ങി നിൽക്കുന്ന മോശയുടെ ഹൃദയത്തിൽ നിന്ന് നിലവിളി ഉയർന്നു. വാക്കുകൾ ഇല്ലാത്ത ആ നിലവിളി മനുഷ്യർ കേട്ടില്ല, പക്ഷേ ദൈവം കേട്ടു. അവൻ മുന്നോട്ട് പോകുവാൻ വഴികാട്ടി. ദൈവം ഹൃദയത്തിന്റെ ആർത്തനാദം കേൾക്കുന്നവനാണ്; മറ്റാർക്കും നൽകാനാവാത്ത ആശ്വാസം അവന്റെ വാക്കിൽ ഉണ്ട്.

ജീവിതത്തിൽ എത്ര പ്രശ്നങ്ങളുണ്ടായാലും, ദൈവസന്നിധിയിൽ നിലവിളിക്കാൻ നാം തയ്യാറാകണം. മനുഷ്യർ കേൾക്കാതിരുന്നാലും ദൈവം കേൾക്കുന്നു. അവൻ കരുണയോടെ മറുപടിയുമായി വന്ന് പറയുന്നവനാണ് — “ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെ ഉണ്ടു.” നമ്മുടെ പ്രാർത്ഥനകൾ വെറും വാക്കുകളായിരിക്കാതെ, ഹൃദയത്തിന്റെ നിലവിളികളായി മാറട്ടെ. അപ്പോൾ ദൈവത്തിന്റെ കരങ്ങൾ നമുക്കായി പ്രവർത്തിക്കുന്നത് നാം ഉറപ്പായി കാണും.

നമ്മുടെ നിലവിളിയിൽ ദൈവത്തിന്റെ പ്രവർത്തി നമുക്കായ് വെളിപ്പെടും.

 ജിൻസി റോയ്, അയർലൻഡ്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.