ലേഖനം: ദ്വന്ദ്വ വ്യക്തിത്യം | സുബിൻ ഡേവിഡ്, അജ്മാൻ

ഇത് എന്താണ് ഈ കടിച്ചാപൊട്ടാത്ത വാക്ക്?? വാക്കുപോലെ ആ വാക്കിന്റെ അർത്ഥതലങ്ങളും അല്പം കട്ടിയുള്ളതാണ്. അതിന്റെ ഒരു ചെറുതരി ഞാൻ നിങ്ങൾക്ക് പൊടിച്ചുതരാം. ഒരു വ്യക്തി, അവർ വിശ്വാസിയോ അവിശ്വാസിയോ ആരോ ആയിക്കോട്ടെ. അവിശ്വാസികളോട് നമ്മൾ സുവിശേഷം പറഞ്ഞു അവരെ ബുദ്ധിമുട്ടിക്കാത്തതു കൊണ്ടും , ദൈവരാജ്യത്തിന്റെ ഏഴ് അയലത്തുപോലും എത്തുവാൻ അവരെ നമ്മൾ സഹായിക്കാത്തതുകൊണ്ടും തൽകാലം അവരെ വിട്ടേക്കാം. എന്നിട്ട് നമുക്ക് ഒരു വിശ്വാസിയെ പിടിക്കാം. ഒരു ഒന്നാന്തരം വിശ്വാസി, ആവശ്യത്തിന് ഭാഷാവരങ്ങളും കൃപാവരങ്ങളും ഉള്ള ഒരാൾ. വേണമെങ്കിൽ ഒരു കസേരകൂടി നിങ്ങൾ അദ്ദേഹത്തിന് കൊടുത്തുകൊള്ളുക. ഈ വിശ്വാസിയെ നമുക്ക് ഒന്ന് പഠിക്കാം. വിശ്വാസി എന്ന് പേരുംവെച്ച് വെറുതെയങ്ങു നടന്നാൽ പറ്റില്ലല്ലോ വിശ്വാസി ഒരു തുറന്ന പുസ്തകം ആകണ്ടേ ??? മേൽപറഞ്ഞ ഈ വിശ്വാസി വരും ദിവസങ്ങളിൽ താൻ ഒരു ക്രിസ്തു ശിഷ്യനാണെന്ന് സ്വയം പരിചയപെടുത്താതെ വിശ്വാസികളാൽ ഉപേക്ഷിക്കപ്പെട്ട അവിശ്വാസികളോട് ക്രിസ്തുവിനെ പരിചയപെടുത്തട്ടെ. അതെങ്ങാനാണ് പാസ്റ്ററും , കമ്മിറ്റിക്കാരും ഇതൊക്കെ ആദ്യം ചെയ്യട്ടെ എന്നാണോ ??? എന്താണ് വിശ്വാസി നിങ്ങൾ ഇങ്ങനെ ??? ഇനി സുവിശേഷം പറയാതെ എങ്ങനാണ് സുവിശേഷം പറയുക എന്നാണോ ??? ജീവിച്ചുകാണിക്കണം ഹെ… അതിലും വലിയ സാക്ഷ്യം ഉണ്ടോ ??? സംസാരത്തിലൂടെയോ , പ്രവർത്തികളിലൂടെയോ , നടപ്പിലോ , ഇരുപ്പിലോ, ഓ ഇനി ഇതൊന്നും പറ്റില്ല എങ്കിൽ അവസാനത്തെ അടവ് അല്പം വേർപാട് പിടിച്ചോളൂ. എത്ര ദിവസമെടുക്കും ഒരാളെ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ ??? അല്ല ഇതുവരെ എത്രപേരെ കൊണ്ടുവന്നു??? ദേ ദിതാണ് ദിത്രേയുള്ളൂ , ദ്വന്ദ്വ വെക്തിത്യം. വെളിപ്പാടു 3:15,16 ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു. ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽനിന്നു ഉമിണ്ണുകളയും.

ഈ പ്രശനം വളരെ സങ്കീർണമായി നേരിടുന്ന ചില വ്യക്തി ജീവിതങ്ങളെ എനിക്കറിയാം. അവർ സഭാമദ്ധ്യേ സഹോദരനോ സഹോദരിയോ ആണ്, വീട്ടിൽ പോയാൽ ആതിഥേയ സിംഹങ്ങൾ ആണ്, സമൂഹത്തിൽ ഇച്ചിരി പിശക് ആണ്, ഇടഞ്ഞാൽ പിന്നെ പറയാൻ നിഘണ്ടുവിൽ വാക്കുകൾ ഇല്ലാത്തവർ ആണ്. നിർഭാഗ്യം എന്ന് പറയട്ടെ ഒരു വ്യക്തിക്കുള്ളിലെ ഈ വ്യക്തിത്വങ്ങളെ ഒരേ സമയം നേരിൽ കാണുവാൻ കഴിയില്ല. ചിലപ്പോൾ ഒന്നു മിന്നിമറഞ്ഞു പോയേക്കാം, പക്ഷെ ഒന്നിച്ചു കിട്ടുവാൻ ബുദ്ധിമുട്ടാണ്. സ്വന്ത വ്യക്തിത്യങ്ങളെ തിരിച്ചറിയാത്തവർ ഉണ്ട്. അല്ല ഇത് ജീവിതമല്ലേ ?? ഈ ഭൂമിയിൽ ജീവിക്കണമെങ്കിൽ ഇങ്ങനെയൊക്കെ നോക്കിയാൽ പറ്റുമോ എന്ന് ചിന്തിക്കുന്നവർ. നാടോടുമ്പോൾ നടുവേ ഓടുന്നവർ. ഇവരാണ് ഈ അസുഖം എറ്റവും കൂടുതൽ ആസ്വദിക്കുന്നവർ. ദൈവരാജ്യത്തിലെ വംശഹത്യക്ക് കാരണമായവർ. രോഗമൂർച്ഛിച്ച ഇവർക്ക് സഹോദരനെയോ സഹോദരിയെയോ തിരിച്ചറിയാൻ കഴിയില്ല, അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ കഴിയില്ല, സഭാ ആരാധനയിൽ ശ്രദ്ധയോടെ പങ്കെടുക്കുവാൻ കഴിയില്ല, വിശുദ്ധ ചുംബനംപോലും നൽകുന്നത് സുഗന്ത തൈലങ്ങളാൽ അഭിഷിക്തരായവർക്ക് മാത്രം. മത്തായി 7:21-23 എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും.

ഇവർ പാവങ്ങളായ അവിശ്വാസികളെ എങ്ങനെ തിരിച്ചറിയാനാണ്. മത്തായി 25:42, 43 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല. അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും.

എന്നാൽ ഈ ദ്വന്ദ്വ വ്യക്തിത്യം ഇല്ലാത്ത ഒരാളെ എനിക്ക് അറിയാം. പുള്ളിക്ക് നിറമോ, ഭാഷയോ, ജോലിയോ, ജാതിയോ ഒന്നും ഒരു പ്രശ്നമല്ല. ഇന്ദ്രിയ ജയം കണ്ടുപിടിച്ച ഒരാൾ, സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരാൾ, സ്വന്ത ജീവൻ നൽകി നമ്മെ സ്നേഹിച്ച ഒരാൾ. ആൺ ഒരുത്തൻ , പതിനായിരം പേർകളിൽ സുന്ദരൻ. പാട്ടുകാരൻ പാടിയതുപോലെ

“ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ്

മാറത്തു പൊൻകച്ചയണിഞ്ഞും കാണുന്നേശുവേ

ആദ്യനും അന്ത്യനും നീ മാത്രമേശുവേ

സ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യനേശുവേ”

ഒരേ ഒരു വ്യക്തി , ഒരൊറ്റ വ്യക്തിത്യം. അപ്പുറത്തും ഇല്ല ഇപ്പുറത്തും ഇല്ല. മത്തായി 5:37 നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.

പാപത്തിന്റെ ദേശീയ പാതയിൽ സ്വയം തിരിച്ചറിവുകൾ ഇല്ലാതെയുള്ള ഈ ഓട്ടം ഇങ്ങനെ ഓടിയാൽ നിങ്ങൾ ചെല്ലാൻപോകുന്നത് മഞ്ഞു വീഴുന്ന തേനും പാലും ഒഴുകുന്ന രാജ്യത്തല്ല. ഓട്ടം തികച്ചു ഒന്നാം സമ്മാനം വാങ്ങി നരകത്തിന്റെ ഒത്ത നടുക്കുള്ള തീചൂളയിൽ ആണ്. ആ സ്നാനം ഒട്ടും സുഖകരം ആയിരിക്കില്ല. ഈ നിറം ഒക്കെ മാറും. ഒരു വാക്കു പറഞ്ഞു നിർത്തട്ടെ, മുകളിൽ എഴുതപെട്ട ഇത്രേം കാര്യങ്ങൾ വായിച്ചപ്പോൾ നിങ്ങള്ക്ക് പരിചയമുള്ള ആരെയും മനസ്സിൽ കാണാതെ ഇത് വായിച്ചു തീർക്കുവാൻ നിങ്ങൾക്ക് കഴിഞ്ഞുവെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ ആണ് ദ്വന്ദ്വ വ്യക്തിത്വം “ചിലപ്പോൾ ” നിങ്ങളിൽ ഉണ്ടാകില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

സുബിൻ ഡേവിഡ്, അജ്മാൻ

 

 

 

 

 

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.