ലേഖനം: ശൂന്യതകളിലും നമ്മെ നിറക്കുന്ന ദൈവത്തിന്റെ നിറവ് | സിബി ബാബു, യു.കെ

ലേഖനം: ബൈബിളിൽ നമുക്ക് കാണാൻ കഴിയുന്നത് ദൈവം ശൂന്യതകളെ വെറുതെ വിടുന്നില്ല എന്നുള്ളതാണ്. അവൻ ഒഴിഞ്ഞ പാത്രങ്ങളെയും, ശൂന്യഹൃദയങ്ങളെയും, തകർന്ന ജീവിതങ്ങളെയും നിറയ്ക്കുന്ന ദൈവമാണ്. ഈ ലേഖനം വായിക്കുന്ന ആരെങ്കിലും തകർന്ന ജീവിതങ്ങൾ, ശൂന്യതകൾ, ഒറ്റപ്പെടലുകൾ ഇങ്ങനെയുള്ള അവസ്ഥകളിലൂടെ കടന്നു പോകുന്നുണ്ടെങ്കിൽ പ്രിയ സഹോദരാ, പ്രിയ സഹോദരി, ഇത് നിങ്ങൾക്കുള്ള ലേഖനം ആണ്. 2 രാജാക്കന്മാർ 4:1-7 ൽ  ഒരു വിധവയ്ക്ക് തന്റെ വീട്ടിൽ ഒരു ഭരണി എണ്ണ അല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു, ദൈവ ഭക്തൻ ആയ എലീശ പറഞ്ഞു: “ ഒഴിഞ്ഞ പാത്രങ്ങൾ എല്ലാം അടുക്കി കൊണ്ടു നിന്റെ വീട്ടിൽ വരിക; അവൾ എലീശ പറഞ്ഞത് പോലെ പാത്രങ്ങൾ കൊണ്ടുവന്നു, അവൾ എലിശ പറഞ്ഞത് അനുസരിച്ചു പാത്രങ്ങളിൽ എണ്ണ ഒഴിക്കാൻ തുടങ്ങി. ദൈവം ഒഴിഞ്ഞു കിടന്ന എല്ലാ പാത്രങ്ങളേയും നിറച്ചു! അതെ ഇത് നമ്മെ ഓർമ്മിപ്പിക്കുന്നത്: ദൈവം നിറയ്ക്കുന്നത് ഒഴിഞ്ഞ പാത്രങ്ങളെയാണ് എന്നതാണ്. അതായതു അവൻ പ്രവർത്തിക്കുന്നത് സ്വയം നിറഞ്ഞിരിക്കുന്നവർക്കല്ല, സ്വയം ദൈവത്തിന് മുമ്പിൽ ഒഴിഞ്ഞിരിക്കുന്നവർക്കാണ്. നമ്മൾ സ്വയം തകർന്നാൽ മാത്രമേ ദൈവം നമ്മെ പണിയുകയുള്ളൂ എന്ന വസ്തുത നമ്മൾ മറന്നു പോകരുത്. അതെ താഴ്മ ഉള്ളവർക്ക് അവൻ കൃപ നൽകുന്നു. അവൻ തകർന്നവരെ പുനർജ്ജീവിപ്പിക്കുന്നു, ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കുന്നു, കാത്തിരിക്കുന്നവരെ നിറയ്ക്കുന്നു. നമ്മുടെ ഹൃദയം അഹങ്കാരം, ലോകമോഹം  എന്നിവകൊണ്ട് നിറഞ്ഞിരിക്കുമ്പോൾ, ദൈവം നമ്മുടെ ഹൃദയത്തിൽ നിറയാൻ ഒരു സാധ്യതകളും ഇല്ല. പക്ഷേ, നമ്മുടെ ഹൃദയം ദൈവത്തിനു വേണ്ടി ഒഴിച്ച് കൊടുത്താൽ, പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കും, നിശ്ചയം. ചില സാഹചര്യങ്ങളിൽ ദൈവം നമുക്ക് നമ്മളിൽ നിന്ന് എല്ലാം എടുത്തുകളയുന്നതുപോലെ തോന്നിയേക്കാം; മറന്നു പോകരുത് അവൻ ശൂന്യമാക്കുന്നത്, നിറയ്ക്കാനുള്ള ഒരുക്കത്തിനായിരിക്കും. പ്രിയ സഹോദരാ, സഹോദരി“ദൈവം നിറയ്ക്കുന്നത് ഒഴിഞ്ഞ പാത്രങ്ങളെയാണ്; ദൈവം ഉപയോഗിക്കുന്നത് തകർന്ന ഹൃദയങ്ങളെയാണ്.” നിങ്ങൾ ഇന്ന് ആർക്കും വേണ്ടാത്ത ഒഴിഞ്ഞ പാത്രങ്ങൾ ആയിരിക്കാം, തകർന്ന ഹൃദയങ്ങൾ ആയിരിക്കാം എന്നാൽ ഒന്ന് ഓർക്കുക, ദൈവത്തിനു നിങ്ങളെ കൊണ്ട് ആവശ്യം ഉണ്ട്, ദൈവം നിങ്ങളെ അവന്റെ മഹത്വത്തിനായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുക.“ഉല്പത്തി 1:2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.
അതെ ഭൂമി പാഴും, ശൂന്യവും ആയിരിക്കുന്നിടത്തു മാത്രമേ പരിശുദ്ധത്മാവിന് പരിവർത്തിക്കേണ്ട ആവശ്യകത ഉള്ളൂ. ദൈവത്തിന്റെ മഹത്വം, ശൂന്യമായി കിടന്നിരുന്ന ഭൂമിയിൽ ദൈവം പ്രകാശം ഉണ്ടാക്കി, പുതിയ ജീവൻ ഉണ്ടാക്കി അതുപോലെ നിങ്ങളുടെ ശൂന്യമായ ജീവിതത്തിലും അവൻ പുതിയ പ്രകാശവും, പുതിയ ജീവനും പകരും. ഈ വചനത്തിൽ മറഞ്ഞു കിടക്കുന്നതു ദൈവം ശൂന്യതയിൽ നിന്നാണ് സൃഷ്ടി ആരംഭിച്ചത് എന്നാണ്. ആദിമകാലത്ത് ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. പക്ഷേ, ദൈവാത്മാവിന്റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. പിന്നെ ദൈവം പറഞ്ഞു: “പ്രകാശം ഉണ്ടാകട്ടെ.”
അതായത്, ശൂന്യതയുടെ ഇടയിലേക്ക് ദൈവവചനം കടന്നു വന്നു, ഒരൊറ്റ വാക്കിൽ ഇരുട്ട് മാഞ്ഞു, പ്രകാശം പിറന്നു. പലപ്പോഴും നമ്മളുടെ ഹൃദയം ശൂന്യമായിരിക്കും പ്രതീക്ഷകൾ ഇല്ല, സന്തോഷങ്ങൾ ഇല്ല, ലക്ഷ്യങ്ങൾ ഇല്ല എന്നാൽ അതാണ് ദൈവത്തിന് പ്രവർത്തിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മുടെ ജീവിതത്തിൽ പ്രകാശം വരുന്നത് ദൈവ വചനം കടന്നുവരുമ്പോഴാണ്. വചനം ഹൃദയത്തിൽ പ്രകാശിയ്ക്കുമ്പോൾ, മനസ്സിന് രൂപന്തരം വരും, ചിന്തകൾക്ക്‌ പുതുക്കം പ്രാപിയ്ക്കും, വഴികൾ വ്യക്തമാകും. അതെ “ദൈവം ശൂന്യതകളെ വെറുത വിടുന്നില്ല, അവൻ അതിൽ നിന്ന് തന്റെ മഹത്വത്തെ സൃഷ്ടിക്കുന്നു.” ശൂന്യതകളിലും
ദൈവസാന്നിധ്യം ഉണ്ട്. അവിടെ നിന്നാണ് ദൈവം പുതിയൊരു സൃഷ്ടി ആരംഭിക്കുന്നത്. ശൂന്യതകളിലും അവൻ തന്റെ മഹത്വം വെളിപ്പെടുത്തും. സങ്കീർത്തനക്കാരൻ പറയുന്നു, കൂരിരുൾതാഴ്വവരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. നിന്റെ ജീവിതം ഇപ്പോൾ ശൂന്യമായിരിക്കാം, ഒരു പ്രതീക്ഷയും ഇല്ലാത്ത അവസ്ഥ ആയിരിക്കാം, ഇരുട്ട്, നിരാശ, തകർച്ച ഇവയൊക്കെ ഉള്ളതായിരിക്കാം, പക്ഷേ ഓർക്കുക ദൈവാത്മാവ് നിന്നോടൊപ്പം ഉണ്ട്, അവൻ നിന്നിൽ തന്റെ മഹത്വത്തിനായി പരിവർത്തിച്ചുകൊണ്ട് ഇരിക്കുന്നു. അവൻ പറയുന്ന ഒരു വാക്ക് മതി “പ്രകാശം ഉണ്ടാകട്ടെ.” അപ്പോൾ നിന്റെ ഇരുട്ട് മറയും, പുതിയ ഒരു ദിനം പിറക്കും. അതെ കർത്താവായ യേശു ക്രിസ്തു തന്നെ നിങ്ങളുടെ ഹൃദയത്തിൽ ജനിയ്ക്കട്ടെ.
(മീഖാ 7:8 “നിന്റെ ഇരുട്ടിൽ യഹോവ നിന്റെ പ്രകാശമായിരിക്കും.”, സങ്കീർത്തനം 27:1 “യഹോവ എന്റെ വെളിച്ചവും രക്ഷയും ആകുന്നു.”). യോഹന്നാൻ 2:1–11 – കാനയിലെ കല്യാണ വീട്ടിലേക്ക് നമുക്ക് കടന്നുവരാം,
അവിടെ വെള്ളം നിറച്ച ആറു കല്ല് പാത്രങ്ങൾ ഉണ്ടായിരുന്നു. അവ ആർക്കും വേണ്ടാത്ത ഒഴിഞ്ഞ പാത്രങ്ങൾ ഒഴിഞ്ഞിരുന്നതായിരുന്നു, പിന്നെ യേശു പറഞ്ഞു: “പാത്രങ്ങൾ വെള്ളംകൊണ്ട് നിറക്കുവിൻ.” ശിഷ്യൻമാർ അവയെ നിറച്ചു, വക്കോളം നിറച്ചു. അപ്പോൾ യേശു അതിനെ വെള്ളത്തിൽനിന്ന് വീഞ്ഞാക്കി മാറ്റി. കാനയിലെ കല്യാണവീട്ടിൽ നമുക്ക് കാണാൻ കഴിയുന്നത്, മനുഷ്യന് നിറയ്ക്കാനാകാത്ത ശൂന്യത, ദൈവം ഇവിടെ നിറച്ചു എന്നുള്ളതാണ്. നമ്മുടെ ജീവിതത്തലും കർത്താവായ യേശു ക്രിസ്തുവിനെ ക്ഷണിക്കുക., അവൻ ശൂന്യമായ പാത്രങ്ങളെ നിറച്ച്, നമ്മുടെ വെള്ളത്തെ വീഞ്ഞാക്കി മാറ്റും.
ഈ ദിവസങ്ങളിൽ നമ്മുടെ ഹൃദയം ഒഴിഞ്ഞ പാത്രങ്ങൾ ആയി മാറട്ടെ. അഹങ്കാരം, ലോക മോഹം, അശുദ്ധി ഇവയൊക്കെ ഒഴിഞ്ഞ് പോകുമ്പോൾ മാത്രമാണ് ദൈവം നമ്മെ നിറയ്ക്കുന്നത്, അതിനു പരിശുദ്ധത്മാവ് നമ്മേ സഹായിക്കട്ടെ. ദൈവ വചനത്തിൽ, വിശ്വാസത്തിൽ നമ്മൾ നിറയട്ടെ.
ദൈവ വചനം നമ്മുടെ ആത്മാവിൽ നിറയുമ്പോൾ, ദൈവം അതിനെ ജീവന്റെ വീഞ്ഞാക്കി മാറ്റും. നാം നമ്മുടെ ഹൃദയം സ്വയത്തിൽ നിന്ന് ഒഴിഞ്ഞു കർത്താവിന് സമർപ്പിക്കുമ്പോൾ അവൻ നമ്മിൽ പുതിയ വീഞ്ഞ് പകരും. പുതിയ സന്തോഷം, പുതിയ ആത്മശക്തി, പുതിയ സമാധാനം എല്ലാം അവൻ നമ്മിൽ നിറയ്‌ക്കും, അതെ ദൈവം നമ്മുടെ ശൂന്യതകളെ വെറുതെ വിടുന്നില്ല; അവൻ നമ്മുടെ ശുന്യതകളിൽ നിന്ന് തന്റെ മഹത്വത്തെ സൃഷ്ടിക്കുന്നു.”അതെ നമ്മുടെ ശൂന്യതകളിലും നമ്മെ നിറയ്ക്കാൻ നമ്മുടെ ദൈവം ശക്തനാണ്. ദൈവത്തിന് മഹത്വം. ആമേൻ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.