രാജസ്ഥാനിൽ ക്രൈസ്തവ സഭകൾ പ്രതിഷേധ ധർണ്ണ നടത്തി
ജയ്പൂർ: ക്രൈസ്തവർക്കെതിരായ വർധിച്ചു വരുന്ന പീഡനങ്ങൾക്കും ആൻറി-കൺവേഴ്ഷൻ ബില്ലിനുമെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് ഞായറാഴ്ച ജയ്പൂർ പോലീസ് കമ്മീഷണറേറ്റിന് മുന്നിൽ ക്രൈസ്തവ സമൂഹം ധർണ്ണ നടത്തി. ജയ്പൂരിനോടൊപ്പം രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 1000-ൽ അധികം വിശ്വാസികൾ പങ്കെടുത്തു. വിവിധ മതനേതാക്കളും വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രതിനിധികളും ഐക്യദാർഢ്യ പ്രകടിപ്പിച്ച് ധർണ്ണയിൽ പങ്കുചേർന്നു. ധർണ്ണയിൽ ക്രൈസ്തവ സമൂഹം, രാജസ്ഥാനിലെയും പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലെയും സഭകളും വിശ്വാസികളും നേരിടുന്ന വെല്ലുവിളികളെ ഒന്നിച്ചു നേരിടേണ്ടതുണ്ടെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു. കൂടാതെ ബിൽ പാസാകാതെ തടയപ്പെടേണ്ടതിനായും ദൈവത്തിന്റെ ഇടപെടലുണ്ടാകേണ്ടതിനായും പ്രാർത്ഥിക്കണമെന്ന് അവർ പ്രസ്താവിച്ചു. ഇത് മുന്നറിയിപ്പായ ധർണ്ണ മാത്രമാണെന്നും, ബിൽ പിൻവലിക്കപ്പെടാത്ത പക്ഷം കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ധർണ്ണയിൽ സമാധാനത്തിനും മതസ്വാതന്ത്ര്യത്തിനുമായി മുദ്രാവാക്യങ്ങൾ ഉയർത്തുകയും, ഐക്യദാർഢ്യ പ്രഖ്യാപനങ്ങളോടൊപ്പം സമാധാനപരമായ പ്രതിഷേധം നടത്തുകയും ചെയ്തു. സഭാ നേതാക്കൾ ഭരണകൂടത്തോട് ക്രൈസ്തവരുടെ സ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.

- Advertisement -

Comments are closed, but trackbacks and pingbacks are open.