ലേഖനം: ജീവിത വൈരുദ്ധ്യങ്ങളിൽ ദൈവസാന്നിധ്യം | റെവ. ഡോ. ജിപ്സൺ ലോറൻസ്
“കപ്പല്‍പ്രമാണി അവന്റെ അടുക്കല്‍ വന്നു അവനോടു: നീ ഉറങ്ങുന്നതു എന്തു? എഴുന്നേറ്റു നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്ക; നാം നശിച്ചുപോകാതിരിക്കേണ്ടതിനു ദൈവം പക്ഷേ നമ്മെ കടാക്ഷിക്കും എന്നു പറഞ്ഞു.’ (യോനാ 1:6).”
1. യോനയുടെ പുസ്തകത്തിന്റെ സ്വഭാവം: വേദഗ്രന്ഥത്തിലെ ചെറിയൊരു പുസ്തകമായ യോനയുടെ പുസ്തകം (നാല് അധ്യായങ്ങൾ, 48 വാക്യങ്ങൾ) വെറും പ്രവചനങ്ങളുടെ സമാഹാരമല്ല. യഥാർത്ഥത്തിൽ അത് ഒരു ആത്മകഥാപ്രതിപാദനമാണ്. താൻ ചെയ്ത പിഴവുകളും പരാജയങ്ങളും മറച്ചുവെക്കാതെ, തുറന്നു സമ്മതിച്ചുകൊണ്ടാണ് ഈ പുസ്തകം രൂപപ്പെട്ടത്. ദൈവത്തിന്റെ മഹത്വം മാത്രം മുന്നിൽ കണ്ടു കൊണ്ടുള്ള വ്യക്തിപരമായ ആത്മപരിശോധന തന്നെയാണ് യോനയുടെ എഴുത്ത്.
2. പശ്ചാത്താപത്തിന്റെ പുസ്തകം: ഈ പുസ്തകത്തിന്റെ കേന്ദ്രഭാവം പശ്ചാത്താപം തന്നെയാണ്.
• യോനാ അനുതപിക്കുന്നു.
• നിനവേയുടെ രാജാവ് സിംഹാസനം ഒഴിഞ്ഞ് ചാരുടുത്തു കരഞ്ഞു.
• ജനവും മൃഗങ്ങളും വരെ ഉപവാസം നടത്തി ദൈവത്തെ വിളിച്ചു.
• ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേർ തങ്ങളുടെ തെറ്റുകൾ സമ്മതിച്ച് വഴിമാറി.
ഫലം, ദൈവത്തിന്റെ കോപം ശാന്തമായി, നിനവേ നഗരം രക്ഷിക്കപ്പെട്ടു. കപ്പലിലെ യാത്രക്കാരും, കപ്പിത്താനും, മത്സ്യത്തിന്റെ വയറ്റിൽ കുടുങ്ങിയ യോനായും രക്ഷപ്പെട്ടു. പശ്ചാത്താപം മോചനത്തിന്റെയും വിടുതലിന്റെയും വഴിയായി മാറിയിരിക്കുന്നു.
3. ഉറക്കത്തിൽ നിന്നുണർത്തപ്പെട്ട ദൈവജനങ്ങൾ:
യോനാ കടലിൽ പോകുമ്പോൾ ഉറങ്ങി. അതിശയകരമായി, ഉറങ്ങിക്കിടന്ന പ്രവാചകനിലൂടെ തന്നെ ദൈവം മഹത്തായ കാര്യങ്ങൾ ചെയ്തു.
ഇത് ആദ്യമായല്ല:
• ഏലിയാ നിരാശയിൽ ഉറങ്ങുമ്പോൾ ദൈവദൂതൻ അവനെ ഉണർത്തി പുതുശക്തി നൽകി.
• യാക്കോബ് ഉറങ്ങിക്കിടക്കുമ്പോൾ ദൈവദർശനം ലഭിച്ചു.
• പത്രോസ് തടവറയിൽ ബന്ധിക്കപ്പെട്ടിരിക്കെ ഉറങ്ങിയപ്പോൾ ദൈവദൂതൻ അവനെ മോചിപ്പിച്ചു.
ദൈവത്തിന്റെ പദ്ധതികൾ പലപ്പോഴും ഉറങ്ങിക്കിടക്കുന്നവരിലൂടെയും നടപ്പാകുന്നു.
4. കപ്പലിലെ കപ്പൽപ്രമാണിയുടെ ചോദ്യത്തിന്റെ പ്രസക്തി
“നീ ഉറങ്ങുന്നതെന്തിന്? എഴുന്നേറ്റു നിന്റെ ദൈവത്തെ വിളിക്കു” എന്ന ചോദ്യത്തിൽ, മനുഷ്യഹൃദയത്തിലേക്ക് പരിശുദ്ധാത്മാവ് ചോദിക്കുന്ന ആഴമുള്ള ഉണർത്തുപാട്ട് കേൾക്കാം. ലോകം പലവിധ ദൈവങ്ങളെയും സിദ്ധാന്തങ്ങളെയും പിന്തുടരുന്നു, എങ്കിലും ദൈവം തിരഞ്ഞെടുത്തവർ വഴിയാണ് അവന്റെ ഇഷ്ടം പൂർത്തിയാകുന്നത്.
5. യോനയുടെ മൂന്നു ഉണര്‍വ്വ ദൂതുകൾ
യോനാ പുസ്തകത്തിൽ പ്രവാചകൻ സംസാരിച്ച മാത്രം മൂന്നു വാക്യങ്ങൾ, ആത്മീയ ഉണർവിന്റെ മൂന്ന് തലങ്ങളായി മാറുന്നു.
*(1) സ്വന്തം വ്യക്തിത്വം സമ്മതിക്കുക
“ഞാൻ ഒരു എബ്രായൻ, കരയും കടലും ഉണ്ടാക്കിയ യഹോവയെ ഭജിക്കുന്നു” (1:9).
വൈരുദ്ധ്യങ്ങൾ നിറഞ്ഞ ജീവിതത്തിൽ ആദ്യം ചെയ്യേണ്ടത് ആരാണെന്ന് സമ്മതിക്കുക, ദൈവം ആരാണെന്ന് തിരിച്ചറിയുക എന്നതാണ്. യോനാ തന്റെ തെറ്റുകളും തിരിച്ചറിഞ്ഞു തുറന്നുപറഞ്ഞു.
(2) ഉത്തരവാദിത്തം ഏറ്റെടുക്കുക
“എന്റെ കാരണമാണ് ഈ കൊടുങ്കാറ്റ്” (1:12).
പ്രശ്നങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്താതെ തന്റെ തെറ്റുകൾ ഏറ്റുപറയാനുള്ള ധൈര്യം ആണ് യോനാ കാണിച്ചത്. ഇന്നത്തെ സമൂഹത്തിൽ അപൂർവമായി കാണുന്ന ആത്മീയ മഹത്വമാണിത്.
*(3) അന്യരുടെ രക്ഷയ്ക്കായി സ്വയം ത്യജിക്കുക
“എന്നെ കടലിൽ ഇട്ടുകളവിൻ; അപ്പോൾ സമുദ്രം അടങ്ങും” (1:12).
സ്വജീവിതം നഷ്ടപ്പെടാമെന്നറിഞ്ഞിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി തയ്യാറാവുക. ക്രിസ്തീയ ആത്മീയതയുടെ പരമോന്നത നിലയാണ് ഈ മനോഭാവം.
6. ജീവിതത്തിലെ വൈരുദ്ധ്യങ്ങൾ
മനുഷ്യജീവിതം വൈരുദ്ധ്യങ്ങളുടെ കലവറയാണ്:
• മനുഷ്യൻ ദൈവത്തിന്റെ മകനാണ്, അതേ സമയം പാപിയും.
• അവൻ താൽക്കാലികനും നിത്യനും.
• അവൻ സ്വതന്ത്രനും, പലവിധ ബന്ധനങ്ങളിലുമാണ്.
ഈ വൈരുദ്ധ്യങ്ങളുടെ നടുവിൽ അചഞ്ചലമായി ദൈവസാന്നിധ്യത്തിൽ നിൽക്കുക എന്നതാണ് വിശ്വാസജീവിതത്തിന്റെ ഉന്നതതലം. പൗലോസ് അപ്പോസ്തലന്റെ വാക്കുകൾ ഓർത്തിരിക്കാം:
“നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമായ യാഗമായി സമർപ്പിപ്പിൻ” (റോമർ 12:1).
7. നഷ്ടപ്പെട്ട മകന്റെ സുബോധം
ലൂക്കോസ് സുവിശേഷത്തിലെ നഷ്ടപ്പെട്ട മകന്റെ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു:
• അവൻ “ഞാൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ പോകും” എന്നു പറഞ്ഞു.
• സ്വയം തിരിച്ചറിഞ്ഞു, തെറ്റുകൾ സമ്മതിച്ച് തിരിച്ചുവരുവാനുള്ള കഴിവ് മനുഷ്യനിൽ മാത്രമാണ്.
യോനാ ദൈവത്തെ തിരിച്ചറിഞ്ഞതുപോലെ, നമ്മളും അപ്പന്റെ അടുക്കൽ മടങ്ങി വരേണ്ടവരാണ്.
യോനാ പ്രവാചകന്റെ കഥ വെറും ചരിത്രകഥയല്ല; അത് ആത്മീയ ഉണർവിന്റെ ആഴത്തിലുള്ള സന്ദേശമാണ്.
• സ്വന്തം തിരിച്ചറിവ്
• ഉത്തരവാദിത്തബോധം
• അന്യർക്കുവേണ്ടി ത്യാഗസന്നദ്ധത
ഇതാണ് യോനാ നമുക്ക് പഠിപ്പിക്കുന്ന മൂന്നു ഉണർവിന്റെ ദൂതുകൾ.
ജീവിതത്തിന്റെ കടലിൽ കൊടുങ്കാറ്റുകൾ വീശുമ്പോഴും, വൈരുദ്ധ്യങ്ങളുടെ നടുവിൽ വഴിതെറ്റാതെ, ദൈവസാന്നിധ്യത്തിൽ ഉറച്ചു നിന്നാൽ മോചനവും വിടുതലും നമ്മെ തേടി വരും.

- Advertisement -



Comments are closed, but trackbacks and pingbacks are open.